കൊവിഡ് കാലത്തു നിന്നുള്ള രണ്ട് പാഠങ്ങൾ
പുതിയ ഒരു സാംക്രമിക രോഗം മൂലം ചൈനയിലെ വുഹാനിൽ ആയിരക്കണക്കിന് പേർ മരണമടയുന്ന വാർത്ത കേൾക്കുമ്പോൾ, ഇങ്ങ് കേരളത്തില്‍ നാളെ പുറത്തിറങ്ങുവാൻ കയ്യിൽ സാക്ഷ്യപത്രം കരുതേണ്ടി വരുമെന്ന് ആരെങ്കിലും കരുതിയോ? എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. വീടുകൾക്കുള്ളിൽ മാത്രമായി ഒരു മാസംത്തോളം നീണ്ട അടച്ചിരിക്കൽ നമുക്ക് ആദ്യാനുഭവമാണ്. പഴയ ശീലങ്ങൾ മാറ്റിനിർത്തി അപരിചിതമായ പുതിയ ശീലങ്ങൾ അനുവർത്തിക്കേണ്ടി വന്നു. ശാരീരിക അകലം, ഹാൻഡ് സാനിറ്റൈസർ, ക്വാറന്റൈൻ, ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നിങ്ങനെ വേണ്ടതും വേണ്ടാത്തതുമായ സാങ്കേതിക പദങ്ങൾ മിക്കവരും പഠിച്ചിരിക്കുന്നു. പ്രത്യക്ഷത്തിലുള്ള ഇവയെക്കാൾ ദീർഘകാലത്തേക്ക് ഉപകാരപ്രദമായ ചിലത് കൂടി നാം പരോക്ഷമായി അറിയുന്നുണ്ട്. അവ തിരിച്ചറിയുകയും സ്വായത്തമാക്കുകയും ചെയ്യുന്നതിലൂടെയാവും അപ്രതീക്ഷിതമായ ഇത്തരം മഹാവ്യാധികളെ ചെറുക്കുവാൻ നമുക്ക് കെല്പുണ്ടാവുക. കൊവിഡ് ഉടനെ കഴിയുമല്ലോ, പിന്നെന്തിനാണീ തയ്യാറെടുപ്പുകൾ എന്ന് ചോദിച്ചേക്കാം.
##ഇങ്ങനെ ഒരു സൂക്ഷ്മാണുവിനെ നാം വീണ്ടും പ്രതീക്ഷിക്കുന്നുവോ? തീർച്ചയായും. വസൂരിയ്ക്കെതിരെ മാത്രമാണ് മനുഷ്യകുലം പൂർണ്ണമായ മുക്തി നേടി എന്ന് പറയാവുന്നത്. ലോകത്തെ പല തവണ കിടുകിടെ വിറപ്പിച്ച പ്ലേഗ് ഇപ്പോഴും ഒറ്റപ്പെട്ട നിലയിൽ മനുഷ്യരെ ആക്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു വർഷം ഇരുന്നൂറിലധികം പേർ പ്ലേഗ് മൂലം മരണമടയുന്നു. എച്ച് ഐ വി, സാർസ് ഫ്ലൂ, എബോള, നിപാ തുടങ്ങിയവയുടെ വ്യാപനം മറക്കാറായിട്ടില്ല. അലാസ്കയിലെ ഹിമതടാകത്തിൽ ഉറഞ്ഞ് കിടന്നിരുന്ന 32000 വർഷം പഴക്കമുള്ള ഒരു ബാക്ടീരിയയെ (Carnobacterium pleistocenium) 2005 ൽ നാസയിലെ ഗവേഷകർക്ക് പുനർജ്ജീവിപ്പിക്കാനായി. സൈബീരിയയിലെ മഞ്ഞുറകളിൽ നിന്നും മനുഷ്യർക്ക് അപരിചിതമായ 30000 വർഷം മുൻപുള്ള രണ്ട് വൈറസുകളെയും (Pithovirus sibericum and Mollivirus sibericum) പിന്നീട് ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ഏതെങ്കിലും തരത്തിൽ ഇവയുമായി സമ്പർക്കമുണ്ടായാൽ കടുത്ത രോഗബാധയാവാം ഫലം. മനുഷ്യകുലത്തെ അപായപ്പെടുത്താവുന്ന ഒട്ടനവധി സൂക്ഷ്മജീവികൾ ഇങ്ങനെ ഭൂമിയിലെ വിവിധ തലങ്ങളിൽ വ്യാപരിക്കുന്നുണ്ട്. ഏത് നിമിഷവും അവ നമ്മെത്തേടിയെത്താം.
അതേ സമയം, കൊവിഡ് പോലൊരു മഹാമാരിയെക്കുറിച്ചുള്ള ഭീതി നിലനിർത്തുന്നതിൽ ചില അപകടങ്ങൾ പതുങ്ങിയിരിപ്പുണ്ട് എന്ന് യുവാൽ നോവ ഹരാരി (Yuval Noah Harari) നിരീക്ഷിക്കുന്നു. കൊവിഡ് വ്യാപനത്തെക്കുറിച്ച് മനസ്സിലാക്കാൻ ചൈനീസ് ഭരണകൂടം പ്രയോജനപ്പെടുത്തിയത് ഓരൊ പൗരന്മാരുടേയും മൊബൈൽ ഫോണുകളെയാണ്. അതിലുള്ള ഒരു ബയോമെട്രിക് ആപ്പിലൂടെ പൗരന്മാരുടെ ശരീരോഷ്മാവ്, യാത്ര, ബന്ധങ്ങൾ തുടങ്ങിയവ സർക്കാർ വിശകലനം ചെയ്യുന്നു. ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിന് സഹായകരം തന്നെ. ഇതിന്റെ മറുവശമാണ് ഹരാരി സൂചിപ്പിക്കുന്നത്. ‘അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കുന്ന ഒരു താൽക്കാലിക ഉപാധിയാണ് ബയോമെട്രിക് നിരീക്ഷണമെന്ന് വേണമെങ്കിൽ വാദത്തിനായി പറയാം. അടിയന്തരാവസ്ഥ നീങ്ങുമ്പോൾ അത് നീക്കുകയും ചെയ്യും. പക്ഷേ അടിയന്തരഘട്ടം കഴിഞ്ഞാലും നിലനിൽക്കാനുള്ള ഒരു മോശം പ്രവണത ഇത്തരം താൽക്കാലിക ഉപാധികൾക്കുണ്ട്, അടുത്ത ഒരു അടിയന്തരാവസ്ഥക്കാലം ചാടിവീഴാൻ പാകത്തിന് ചക്രവാളസീമയിൽ പതുങ്ങിയിരിപ്പുണ്ട് എന്ന തോന്നലുള്ളിടത്തോളം കാലം പ്രത്യേകിച്ചും. എന്‍റെ ജൻമദേശമായ ഇസ്രായേലിൽ 1948ലെ സ്വാതന്ത്ര്യയുദ്ധകാലത്ത് ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെൻസർഷിപ്പ് അടക്കമുള്ള പത്രമാരണ നിർദ്ദേശങ്ങൾ, ഭൂമി പിടിച്ചെടുക്കൽ.. അങ്ങനെ ഒരുപറ്റം താൽക്കാലിക നിയന്ത്രണങ്ങൾ അന്ന് ഏർപ്പെടുത്തി. മധുരപലഹാരം (pudding) ഉണ്ടാക്കുന്നത് എങ്ങനെ വേണം എന്നത് സംബന്ധിച്ച ചില നിർദ്ദേശങ്ങൾ പോലും അന്നുണ്ടായിരുന്നു! (അതെ, ഇത് സത്യം തന്നെയാണ്). സ്വാതന്ത്ര്യയുദ്ധം വിജയിച്ചു. പക്ഷേ അടിയന്തരാവസ്ഥ നീക്കിയതായി ഇസ്രായേൽ ഒരിക്കലും പ്രഖ്യാപിച്ചില്ല, 1948ലെ പല ‘താൽക്കാലിക’ ഉപാധികളും പിൻവലിച്ചതുമില്ല. ‘അടിയന്തരാവസ്ഥാ മധുരപലഹാര ഉത്തരവ്’ 2011ൽ പിന്നീട് ദയാപൂർവം പിൻവലിക്കുകയുണ്ടായി.’
‘കൊറോണ വൈറസ് ബാധിതരുടെ എണ്ണം പൂജ്യത്തിലേക്ക് താഴ്ന്നതിന് ശേഷവും, ചില ‘വിവരദാഹി’കളായ സർക്കാരുകൾ ബയോമെട്രിക് നിരീക്ഷണം തുടരുക തന്നെ ചെയ്യും. അതിനവർ പറയുന്ന ന്യായം കൊറോണ വൈറസിന്‍റെ ഒരു രണ്ടാം വരവിനെ ഭയക്കേണ്ടതുണ്ട് എന്നാവും. അതല്ലെങ്കിൽ മധ്യ ആഫ്രിക്കയിൽ ഒരു എബോള ബാധ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട് എന്നാവും. അതുമല്ലെങ്കിൽ… വേണ്ട, അതിനൊരാശയം നിങ്ങളും കണ്ടെത്തിക്കോളൂ, അത് എന്തുമാകാം!’, ഹരാരി കോവിഡ് അനന്തര ലോകം എന്ന ലേഖനത്തിൽ എഴുതുന്നു.
ഹരാരി നിരീക്ഷിക്കുന്നത് പോലെ, സൂക്ഷ്മാണുക്കളുടെ പൊട്ടിപ്പുറപ്പെടലുകളെക്കുറിച്ചുള്ള ഭീതി നിലനിർത്തുന്നതിന് അനവധി സാമൂഹ്യ പ്രത്യാഘാതങ്ങളും അധികാര ദുരുപയോഗവും ഉണ്ടാകാം. എങ്കിലും ഇത്തരം പൊട്ടിപ്പുറപ്പെടലുകൾ ഒരു സാധ്യത മാത്രമല്ല. അവഗണിക്കാനാവാത്ത ഒരു യാഥാർത്ഥ്യം തന്നെയാണ്. അതിനാൽ കൊവിഡ് കാലം ലോകത്തിന് നൽകുന്ന അദൃശ്യമായ പാഠങ്ങൾ നിരീക്ഷിക്കുകയും ഭാവിയിലേക്ക് അത് നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്.
##ഒന്ന്: കപടസിദ്ധാന്തങ്ങളോ ശാസ്ത്രാവബോധമോ? അത്ഭുതങ്ങൾ നിറഞ്ഞ കഥകൾ ഇഷ്ടമില്ലാത്തവരില്ല. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന മിറക്കിളുകളാണ് ഇങ്ങനെയുള്ള കഥകളെ ആവേശഭരിതമാക്കുന്നത്. പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം അമ്പരപ്പിക്കുന്ന സംഭവങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. ഒരു പർവതത്തെ കൈയിലെടുക്കുന്നത് തന്നെ അത്ഭുതമാണ്. എന്നാലതിനെ എടുത്തുയർത്തി സമുദ്രത്തിന് കുറുകെ പറക്കുക കൂടി ചെയ്താലോ? മരണത്തിന് വിധിക്കപ്പെട്ട ഒരു സ്ത്രീ ഓരോ രാത്രിയും തുടർന്ന് പറയുന്ന കഥയുടെ ജിജ്ഞാസയിൽ രാജാവിനെ കുരുക്കി മരണത്തിൽ നിന്ന് രക്ഷപ്പെട്ടാലോ? പുരാണങ്ങൾ മാത്രമല്ല, ആധുനിക കാലത്തെ പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവലിൽ കൊള്ളക്കാരുടെ മുന്നിൽ പെട്ട സാന്റിയാഗോ രക്ഷപ്പെടുന്നത് പ്രാർത്ഥനയിലൂടെയാണ്. ഉടൻ ഒരു വലിയ മണൽക്കാറ്റ് ആഞ്ഞ് വീശുകയും അതിൽപ്പെട്ട് കൊള്ളക്കാർ മാഞ്ഞു പോകുകയും ചെയ്യുന്നു. ഇങ്ങനെ പറഞ്ഞും എഴുതിയും ചരിത്രസത്യമെന്ന പോലെയോ യാഥാർത്ഥ്യമെന്ന പോലെയോ അത്ഭുതകഥകൾ പ്രചരിക്കുന്നു. യാഥാർത്ഥ്യങ്ങളെക്കാൾ വേഗത്തിൽ അവ പടരും, സ്വീകരിക്കപ്പെടും. മിറക്കിളുകളോടുള്ള നമ്മുടെ അടങ്ങാത്ത അഭിനിവേശമാകാം ഇതിന് പിന്നിലെ രഹസ്യം.
കൊവിഡിന്റെ ആരംഭകാലത്ത് ഒട്ടനവധി കപടസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ആർക്കും അംഗീകരിക്കുന്ന ചില ശാസ്ത്രീയ വസ്തുതകൾക്കോ അല്ലെങ്കിൽ യുക്തവിചാരങ്ങൾക്കോ ഇടയിൽ കെട്ടുകഥകളും അടിസ്ഥാനരഹിതമായ നിലപാടുകളും സാൻഡ്‌വിച്ച് ചെയ്ത് അവതരിപ്പിക്കുകയാണ് കപടസിദ്ധാന്തങ്ങളുടെ പൊതുരീതി. ഈ വൈരുദ്ധ്യത്തെ ഇഴപിരിക്കുവാൻ ശേഷിയില്ലെങ്കിൽ സാമൂഹികമായ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ഇവയ്ക് ശേഷിയുണ്ടാകും.
വൈറസ് എന്ന ഒരു ജീവി തന്നെ ഇല്ല എന്നുള്ള ആരോപണമായിരുന്നു അടുത്ത കാലത്ത് പ്രചരിക്കപ്പെട്ടിരുന്ന ഒരു വാദം. വൈറസ് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നവയല്ല. സൂക്ഷ്മജീവികളെ നാം അറിയുന്നത് മനുഷ്യൻ കണ്ടെത്തിയ ഒരു കൃത്രിമ ഇന്ദ്രിയത്തിലൂടെയാണ്. മൈക്രോസ്കോപ്പ്. സൂക്ഷ്മജീവിയായ ബാക്ടീരിയയുടെ ആയിരത്തിൽ ഒരംശം മാത്രമേ വൈറസുകൾക്ക് വലിപ്പമുള്ളു. അതിനാൽ അവയെ സാധാരണ മൈക്രോസ്കോപ്പിലൂടെയും കാണാനാവില്ല. എന്നാൽ അത്യാധുനികമായ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ വൈറസുകളെ നേരിട്ട് കാണാൻ ഇന്ന് സാധ്യമാണ്.
വൈറസുകളും ബാക്ടീരിയകളും ഉണ്ടാക്കുന്ന വസൂരി, പ്ലേഗ്, കുഷ്ഠം, ക്ഷയം, കോളറ എന്നിങ്ങനെയുള്ള മഹാവ്യാധികൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന്, മുൻപ് ഊഹാപോഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈവകോപമായാണ് ആയിരക്കണക്കിന് വർഷങ്ങളോളം ഇതിനെ കരുതിപ്പോന്നത്. വായുവിലൂടെ വരുന്ന ഭീമാകാരമായ ഒരു ദുർഭൂതമായാണ് കോളറയ്ക്കുള്ള കാരണത്തെ മനുഷ്യൻ ഊഹിച്ചത്. 1854ൽ ലണ്ടനിൽ ഉണ്ടായ കോളറ എപിഡെമിക്കിലാണ് ഇത് വെള്ളത്തിലൂടെ പകരുന്നുവെന്ന് ആദ്യമായി സങ്കൽപ്പിക്കുന്നത് പോലും. അണുവാഹിനിയായ വെള്ളത്തിന്റെ ഉറവിടമാണെന്ന് ഊഹിച്ച് ജോൺ സ്നോ എന്ന ശാസ്ത്രജ്ഞൻ ലണ്ടനിലെ ഒരു പൈപ്പ് അടച്ചതിനെത്തുടർന്നാണ് കോളറ അന്ന് നിയന്ത്രിക്കുന്നത്. നിലനിൽക്കുന്ന തെറ്റിദ്ധാരണകൾക്കെതിരെയുള്ള സമാനമായ ശാസ്ത്രചിന്തകളുടെ ധൈര്യമാണ് മനുഷ്യനെ നയിക്കുന്നത്. അപ്പോഴും കാലഹരണപ്പെട്ട (കപട)സിദ്ധാന്തങ്ങൾ ചിലർ സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
മറ്റൊന്ന്, തണുത്ത കാലാവസ്ഥയുള്ളയിടങ്ങളിൽ മാത്രമേ വൈറസ് ജീവിക്കുകയുള്ളുവെന്നും അതിനാൽ ഇൻഡ്യ ഭയപ്പെടേണ്ടെന്നുമുള്ള അഭിപ്രായവുമാണ്. കൊവിഡ് വൈറസ് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുകയല്ല ചെയ്യുന്നത്. രോഗബാധയുള്ളയാൾ തുമ്മുകയൊ ചുമയ്ക്കുകയോ ചെയ്യുമ്പോൾ അതിനൊപ്പം വൈറസ് സഞ്ചരിക്കുകയും തൊട്ടടുത്തുള്ള ആളിന്റെ ശ്വാസത്തിലൂടെ അകത്ത് കടക്കുകയും ചെയ്യും. അതല്ലെങ്കിൽ തുമ്മലിന്റെയോ ചുമയുടെയോ സ്രവം പറ്റിയിരിക്കുന്ന വസ്തുക്കളുമായി ഉണ്ടാക്കുന്ന സമ്പർക്കത്തിലൂടെ പകരും. അതായത്, വായുവിലൂടെ ‘അനലോഗ്’ രൂപത്തിലല്ല, മനുഷ്യനിൽ നിന്നു മനുഷ്യലിലേക്ക് ‘ഡിജിറ്റലായി’ ചാടി ചാടിയാണ് അവ സഞ്ചരിക്കുന്നത്. അതിനാൽ അന്തരീക്ഷ താപനിലയിൽ പെട്ട് ഈ വൈറസ് നശിച്ചു പോകണമെന്നില്ല.
കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്ന ഒറ്റമൂലികളും രംഗത്ത് വന്നു. വൈറ്റമിൻ സി കഴിച്ചാൽ രോഗം വരില്ലെന്നും അത് നൽകാത്തത് വിലകൂടിയ മറ്റ് മരുന്നുകൾ വിറ്റുപോകുന്നതിനുള്ള വാണിജ്യ താല്പര്യം കൊണ്ടാണെന്നും ആരോപിക്കപ്പെട്ടു. പലയിടത്തും കൊവിഡിനുള്ള പ്രതിരോധമരുന്ന് എന്ന പേരിൽ തെളിവില്ലാത്ത വസ്തുക്കൾ പ്രചരിപ്പിക്കുന്നതിന് ഇപ്പോഴും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്നു. കൊവിഡെനെതിരെ ഗോമൂത്രം പോലും മരുന്നെന്ന പേരിൽ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു. ഇറാനിൽ കൊറോണയ്ക്കെതിരെ വ്യാവസായിക ഉപയോഗത്തിനുള്ള മദ്യം (മെഥനോൾ) കുടിച്ച് മുന്നൂറിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മദ്യം കൊവിഡിനെതിരെയുള്ള മരുന്നാണെന്ന വ്യാജപ്രചരണമാണ് ഈ ദുരന്തത്തിന് വഴിവെച്ചത്. ആധുനിക വൈദ്യശാസ്ത്രത്തോടുള്ള സംശയവും ശാസ്ത്രീയരീതിയെക്കുറിച്ചുള്ള അജ്ഞതയുമാണ് ഇത്തരം ചിന്തകളെയും പ്രവർത്തനങ്ങളെയും പ്രോൽസാഹിപ്പിക്കുന്നത്.
കൊവിഡ് വൈറസ് മനുഷ്യകുലവുമായി ഇടപഴകുന്നത് ആദ്യമായാണ്. ഇത് മനുഷ്യകോശങ്ങളെ എങ്ങനെയാണ് കീഴടക്കുന്നതൊക്കെ കണ്ടു പിടിക്കുന്നതേയുള്ളു. ചില മരുന്നുകൾ പരീക്ഷിച്ച് നോക്കുന്നതേയുള്ളു. പ്രതിരോധത്തിനുള്ള വാക്സിൻ കണ്ടെത്താൻ പരിശ്രമിക്കുന്നതേയുള്ളൂ. അതിനിടെയാണ് പ്രതിരോധ മരുന്ന് എന്ന പേരിലുള്ളവ വിതരണം ചെയ്യുന്നത്. മുൻപ് നിപാ വൈറസ്, ചിക്കുൻഗുന്യ എന്നിവയുടെ വ്യാപനകാലത്തും ഇതേ മരുന്നുകൾ തന്നെ വിതരണം ചെയ്തിരുന്നു. കൊവിഡിനെ പ്രതിരോധിച്ചില്ലെങ്കിൽ പോലും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള പുതിയ വാദങ്ങൾ. ഈ രാസവസ്തുക്കൾക്ക് പ്രതിരോധശേഷിയുണ്ടെന്ന് ആര്, എവിടെ, എപ്പോൾ, എങ്ങനെ കണ്ടു പിടിച്ചു എന്ന് ഇതിന്റെ പിന്നിലുള്ളവരോ പ്രചരിപ്പിക്കുന്നവരോ വിശദീകരിക്കുന്നില്ല.
ആധുനിക വൈദ്യശാസ്ത്രത്തിൽ ഒരു മരുന്നിന് എന്തെങ്കിലും തരത്തിലുള്ള ഗുണമുണ്ടെങ്കിൽ അതിന് തെളിവ് ആവശ്യമാണ്. മരുന്നു പരീക്ഷണങ്ങൾ ആദ്യം മറ്റ് ജീവികളിൽ പരീക്ഷിച്ച്, അപകടം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മനുഷ്യരിൽ ട്രയൽ നടത്തുന്നത്. പരിഗണനയിലുള്ള രോഗം ബാധിച്ച ഒരു കൂട്ടം ആളുകൾക്ക് ഈ മരുന്ന് നൽകും. സമാനരായ മറ്റൊരു കൂട്ടം ആളുകളിൽ മരുന്ന് നൽകാതെ, അല്ലെങ്കിൽ മരുന്നല്ലാത്ത വസ്തു നൽകി (Controlled Trials) നിരീക്ഷിക്കും. മരുന്ന് കഴിച്ചവരിലെ മാത്രം ഭൂരിഭാഗത്തിന്റെയും അസുഖം ഭേദമായി എങ്കിൽ മരുന്നിന് പ്രയോജനമുണ്ട് എന്ന് കരുതാം. മരുന്ന് കഴിച്ചവരും മരുന്ന് കഴിക്കാത്തവരും ഒരുപോലെ ഭേദമായി എങ്കിൽ മരുന്നിന് പ്രത്യേകിച്ച് ഗുണമില്ല. ഇങ്ങനെയുള്ള പഠനങ്ങൾ പല ഗ്രൂപ്പുകളിൽ ആവർത്തിച്ച ശേഷമാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. ഇപ്പോൾ ഏവർക്കും പരിചയമുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ ശാസ്ത്രീയമായ രീതിയിൽ കൊവിഡിനെതിരായ മരുന്ന് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തിയ ഒന്നാണ്.
ഹൈഡ്രോക്സി ക്ലോറോക്വിൻ മനുഷ്യരിൽ നേരിട്ട് പരീക്ഷണം നടത്തുന്നതിന് തടസ്സമില്ല. പുതിയ മരുന്നല്ല എന്നതാണ് കാരണം. മലേറിയയ്ക്കെതിരെയും റുമറ്റോയിഡ് ആർത്രൈറ്റിസിനെതിരെയുമെല്ലാം ഇത് ഇപ്പോൾ തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. മിതമായ അളവിൽ ദീർഘനാളേക്ക് ഉപയോഗിച്ചാൽ പോലും കാര്യമായ പാർശ്വഫലങ്ങൾ ഇല്ല എന്ന് ഇങ്ങനെ തെളിയിക്കപ്പെട്ടിട്ടുണ്ട്. സാർസ് എന്ന പകർച്ചവ്യാധിക്ക് കാരണമായ കൊറോണ വിഭാഗത്തിൽപ്പെട്ട SARS Cov- 1 എന്ന വൈറസിനെതിരെ ചില പ്രവർത്തനം ഈ മരുന്നിനുണ്ടെന്ന് മുൻപ് കണ്ടെത്തിയിരുന്നു. ഇതിനോട് വളരെ സാദൃശ്യമുള്ളതാണ് SARS Cov- 2 എന്ന കൊവിഡ് രോഗകാരി. ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയ കൊവിഡ് രോഗികളിൽ ചിലർക്ക് ന്യുമോണിയയുടെ ആഘാതം കുറയുന്നതായി തുടക്കത്തിലെ ചില പഠനങ്ങൾ സൂചിപ്പിച്ചു. എന്നാൽ കൂടുതൽ പേരിൽ നടന്ന പരീക്ഷണങ്ങൾ ഇത് ശരിവയ്ക്കുന്നില്ല. അതിനാൽ ഇത് രോഗം വന്നവർക്കോ വരാനിടയുള്ളവർക്കോ നൽകുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമുണ്ട് എന്നത് സർവ്വസമ്മതമായി അംഗീകരിക്കപ്പെട്ടിട്ടില്ല. കൂടുതൽ പരീക്ഷണങ്ങൾ നടക്കുകയും ചെയ്യുന്നു.
ശാസ്ത്രത്തിന്റെ രീതി ഇങ്ങനെയാണ്. ഒരു പരീക്ഷണഫലവും വിമർശനങ്ങൾക്ക് അതീതമല്ല. അതുകൊണ്ട് അതേ പരീക്ഷണം ആർക്കും ആവർത്തിക്കുകയും മുൻഫലം തെറ്റാണെന്ന് തെളിയിക്കുകയോ ചെയ്യാം. ആർക്കും സ്വതന്ത്രമായി അഭിപ്രായങ്ങൾ അവതരിപ്പിക്കാം. വിമർശനങ്ങളുടെ പേരിൽ ആരെയും ശിക്ഷിക്കുകയോ അയോഗ്യത കൽപ്പിക്കുകയോ ചെയ്യുന്നില്ല. ശാസ്ത്രം പാരസ്പര്യത്തിന്റേയും വിശ്വാസത്തിന്റേയും അന്തരീക്ഷത്തിലൂടെ അറിവുകൾ സമാഹരിക്കുകയും മുൻ ധാരണകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. കൂടുതൽ യുക്തിഭദ്രമായവ പൊതുവിൽ സ്വീകരിക്കപ്പെടുന്നു എന്ന് മാത്രം.
ആധുനിക വൈദ്യശാസ്തം, പലരും അലോപ്പതി എന്ന് വിളിക്കുന്ന വൈദ്യശാസ്ത്രത്തിന് മറ്റ് വിഭാഗങ്ങളിൽ നിന്നു പ്രകടമായ ഒരു പ്രത്യേകതയുണ്ട്. അത് മറ്റ് രീതികളെ അപേക്ഷിച്ച് വളരെ സുതാര്യമാണ്. അതിലെ മരുന്ന് എന്താണെന്ന് രോഗിക്ക് അറിയാനാകും. അതിന്റെ അളവ് അറിയാനാകും. മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നും അറിയാനാവും. ഈ തുറന്ന സമീപനത്തിന് ചില ദോഷങ്ങളുമുണ്ട്. ഫലങ്ങളും പാർശ്വഫലങ്ങളുടെ സാധ്യതയും ഒക്കെ കൃത്യമായ അനുപാതത്തിൽ മനസ്സിലാക്കിയില്ലെങ്കിൽ ഈ വിവരങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാം. ഇതു മൂലം ആധുനിക വൈദ്യശാസ്ത്രത്തോട് സാധാരണക്കാർക്ക് അകൽച്ച ഉണ്ടാകാം. ഇങ്ങനെയുള്ളവരെയാണ് പലപ്പോഴും കപടശാസ്ത്രമേഖലകൾ സ്വാധീനിക്കുന്നത്. മിക്ക ഇതര വൈദ്യവിഭാഗങ്ങളിലും മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ഗോപ്യമാണ്. അവ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചോ അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചോ തക്കതായ പഠനങ്ങൾ ഇല്ലാത്തതിനാൽ, പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്ന് ജനം വിശ്വസിക്കുന്നു. മാത്രവുമല്ല, പ്രഖ്യാപിതമല്ലാത്തവയിലാണ് മനുഷ്യൻ മിറക്കിളുകൾ പ്രതീക്ഷിക്കുന്നതും! കപടസിദ്ധാന്തങ്ങളുടെ ആഘാതം ഇൻഡ്യയിലെ ഇതരസ്ഥലങ്ങളിൽ ഇതിലും വിചിത്രമായിരുന്നു. കൊവിഡ് പ്രതിരോധത്തിനായി ഇൻഡ്യയിൽ തീർത്ത ഒരു ദിവസത്തെ ജനതാ കർഫ്യൂ അവസാനിക്കുന്ന വൈകുന്നേരം പാത്രങ്ങൾ തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുവാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. രോഗവ്യാപനം ചെറുക്കാൻ വീട്ടിൽ അടച്ചിരുന്നവർ വൈകുന്നേരത്തോടെ പുറത്ത് ഇറങ്ങുകയും സംഘം ചേർന്ന് പാത്രങ്ങൾ ചേർത്തടിച്ച് ശബ്ദായമാനമാക്കുകയും ചെയ്തു. സാമൂഹ്യവ്യാപനം തടയുക എന്ന അടച്ചിരിക്കിലിലൂടെ ലഭിക്കുമായിരുന്ന ഗുണം കൂട്ടത്തോടെ പുറത്തിറങ്ങി ഇടപഴകിയതോടെ തന്നെ അപ്രസക്തമായി. ഒപ്പം ‘ഗൊ കൊറോണാ ഗോ’ എന്ന് അവർ ആർത്തുവിളിച്ചു. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുക എന്നതിനപ്പുറം ഈ ശബ്ദകോലാഹലം കേട്ട് കോവിഡ് വൈറസ് ഓടിപ്പോകുമെന്നാണ് പലരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്!
മത -ദൈവ വിശ്വാസങ്ങളിൽ പെട്ട് പലരും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുകയുണ്ടായി. ദൈവസംബന്ധമായ പരിപാടി ആയതിനാൽ കൊവിഡ് സ്പർശിക്കില്ല എന്നാവും കരുതിയിട്ടുണ്ടാവുക. കൊവിഡ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം തിരുവനന്തപുരത്ത് നടന്ന മതാചാരത്തിൽ ലക്ഷക്കണക്കിന് പേർ വിവിധ പ്രദേശത്ത് നിന്നുമായി പങ്കെടുക്കുകയുണ്ടായി. സാമൂഹിക അകലം പാലിക്കണമെന്ന് ആഗോള തലത്തിൽ നിർദ്ദേശം വന്നതിന് ശേഷം നടന്ന ഈ സംഗമം അശാസ്ത്രീയമാണെന്ന് പറയുവാൻ ആരോഗ്യമേഖലയിലെ വിദഗ്ദ്ധ സംഘങ്ങളോ സർക്കാരോ ധൈര്യപ്പെട്ടില്ല. ഈ ചടങ്ങിൽ ഒന്നോ രണ്ടോ രോഗബാധയുള്ളവർ ഉണ്ടായിരുന്നെങ്കിൽ പോലും കേരളത്തിലെ സ്ഥിതി ദയനീയമായിരുന്നേനെ. തലനാരിഴയ്ക്ക് കേരളീയർ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സമാനമായി ഡൽഹിയിലെ നിസ്സാമുദ്ദീനിൽ നടന്ന മതസംഗമം കൊവിഡ് വ്യാപനത്തിന് തന്നെ ഇടയാക്കി.
ദുരന്തമുനയിൽ നിൽക്കുന്ന സമൂഹത്തിന് മുന്നിൽ അശാസ്ത്രീയ സമീപനങ്ങൾക്ക് അധികമൊന്നും പിടിച്ചു നിൽക്കാനായില്ല. കൊവിഡിന്റെ തുടക്കകാലത്ത് പ്രത്യക്ഷപ്പെട്ട അശാസ്ത്രീയ വാദങ്ങളും ആചാരങ്ങളുമെല്ലാം രോഗ വ്യാപനം പെരുകുന്നതിനനുസൃതമായി അപ്രസക്തമാകാൻ തുടങ്ങി. കൊവിഡിനെ നേരിടുവാൻ ആഗോളമായ നിലവാരത്തിലുള്ള തികച്ചും ശാസ്ത്രീയമായ രീതിയിലേക്ക് കേരളം ഉൾപ്പെടെയുള്ള സമൂഹങ്ങൾ ചുവടുറപ്പിക്കുവാൻ തുടങ്ങി.
ഫലപ്രദമായ മരുന്നോ വാക്സിനോ ലഭ്യമല്ലാത്ത ഒരു പകർച്ചവ്യാധിയെ നേരിടുന്നതിനുള്ള ഏകമാർഗ്ഗം രോഗം പകരാതിരിക്കുക എന്നുള്ളത് മാത്രമാണ്. കൊവിഡിന്റെ വ്യാപനരീതി അഭംഗുരം തുടർന്നാൽ ലക്ഷക്കണക്കിന് പേരിലേക്ക് രോഗം എത്തുന്നതിന് ആഴ്ചകൾ മതിയാകും. ഒരു സമൂഹത്തിൽ രോഗവ്യാപനം ഉണ്ടാകുന്നതിനെക്കുറിച്ചും അത് പ്രതിരോധിക്കുന്നതിനെക്കുറിച്ചുമെല്ലാം ശാസ്ത്രീയ വിജ്ഞാനം നൽകുന്ന കമ്മ്യൂണിറ്റി മെഡിസിൻ, എപിഡെമോളജി എന്നിങ്ങനെയുള്ള ശാസ്ത്രവ്യവഹാരത്തെക്കുറിച്ച് നാം കൂടുതൽ മനസ്സിലാക്കിയത് ഈ കൊവിഡ് കാലത്താണ്. വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ രോഗം ചൈനയ്ക്ക് നൽകിയ ആദ്യ വെല്ലുവിളി ഇത്രയധികം രോഗികളെ ഒരുമിച്ച് ചികിൽസിക്കുന്നതെങ്ങനെ എന്നതാണ്. രോഗവ്യാപനത്തിന്റെ പ്രഹരശേഷി മനസ്സിലാക്കിയ ഉടൻ ആയിരം പേരെ കിടത്താവുന്ന പുതിയ ആശുപത്രി പത്ത് ദിവസം കൊണ്ട് അവർ പൂർത്തിയാക്കി. ഇത് തന്നെയായിരുന്നു മറ്റ് രാഷ്ട്രങ്ങളും നേരിട്ട പ്രധാന വെല്ലുവിളിയും. ഒരു സമൂഹത്തിൽ ലഭ്യമായ ആരോഗ്യസംവിധാനത്തിനതീതമായി (ആശുപത്രി കിടക്കകൾ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, വെന്റിലേറ്റർ, മരുന്നുകൾ എന്നിവയുടെ ലഭ്യതയ്ക്കും എണ്ണത്തിനും) ഒറ്റയടിക്ക് കൊവിഡ് രോഗികൾ ഉണ്ടാകുന്നത് ഇതിന്റെ നിയന്ത്രണം പിടിവിട്ടുപോകുന്നതിനും കൂട്ടമരണങ്ങൾക്കും കാരണമായി. അതേസമയം, രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കാനായാൽ (Flattening the curve) കൂടുതൽ സമയം ലഭിക്കുന്നതിനും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും എല്ലാ രോഗികളെയും ചികിൽസിക്കുന്നതിനും സാധ്യമാവും. സാമൂഹിക അകലം, വ്യക്തിശുചിത്വ രീതികൾ, കുറെക്കൂടി ഫലപ്രദമായ സമ്പൂർണ്ണ ലോക്ക് ഡൗൺ എന്നിവയിലൂടെയാണ് ഇത് സാധിച്ചെടുത്തത്. കുത്തനെ രോഗികളുടെ എണ്ണം കൂടുന്നതിന് പകരം അതിന്റെ ഗ്രാഫ് കൂടുതൽ താഴ്ന്നും പരന്നും സഞ്ചരിക്കും. ആകെ ബാധിക്കുന്ന രോഗികളുടെ എണ്ണം തുല്യമായാൽപ്പോലും കൂടുതൽ സമയം കിട്ടുന്നതിലൂടെ എല്ലാവർക്കും ചികിൽസ നൽകുവാൻ ഈ രീതിയിലൂടെ സാധ്യമാകും.
കേരളത്തിലെ ബ്രേക്ക് ദ ചെയിൻ എന്ന പേരിൽ തുടക്കം മുതലുള്ള ബോധവൽക്കരണം, പൊതു ഇടങ്ങൾ, ബസ് സ്റ്റോപ്പുകൾ, കടകൾ എന്നിവിടങ്ങളിലെ ഹാൻഡ് വാഷ് സൗകര്യങ്ങൾ, മാസ്കും തൂവാലയും ഉപയോഗിക്കൽ, പ്രാദേശിക തലത്തിൽ തന്നെ ഉണ്ടാക്കിയ നിരീക്ഷണ സംവിധാനങ്ങൾ, വ്യാപകമായി നടത്തിയ കൊവിഡ് പരിശോധന, രോഗബാധിതരുടെ കോണ്ടാക്ട് ട്രേസിംഗ്, സംശയമുള്ളവർക്ക് ഏർപ്പെടുത്തിയ ഹോം ക്വാറന്റൈൻ, കർശനമായ ലോക്ക് ഡൗൺ, ഭക്ഷണവിതരണം, സർക്കാരിന്റെ സ്ഥിരം അവലോകന യോഗങ്ങളും പത്രസമ്മേളനങ്ങളും തുടങ്ങിയവ സുസംഘടിതമായി കൊവിഡിനെ നേരിടുവാൻ കേരളത്തെ സഹായിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത ആദ്യഘട്ടത്തിൽ തന്നെ ലോക്ക് ഡൗണിലേക്ക് പോയത് മൂലമാണ് അമേരിക്ക, ഇറ്റലി, ബ്രിട്ടൺ, ജർമ്മനി, സ്പെയിൻ തുടങ്ങിയ വികസിതരാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട രോഗനിയന്ത്രണം ഇൻഡ്യയ്ക്ക് സാധ്യമായത്. ഇവയിൽ ശാസ്ത്രീയമായ ചികിൽസയെപ്പോലെ തന്നെ ശരിയായ സോഷ്യൽ എഞ്ചിനീയറിംഗും ഗണ്യമായ പങ്ക് വഹിച്ചു.
കൊവിഡിനെ നേരിടുന്നതിന് ഏർപ്പെടുത്തിയ ശാസ്ത്രീയ രീതികളെ പിന്തുടരുന്നതിനും പാലിക്കുന്നതിനും ജനങ്ങളും വിമുഖരായില്ല. വ്യാജവാർത്തകളിലും മിത്തുകളിലും പ്രതീക്ഷയർപ്പിച്ചില്ല. ആരാധനാലയങ്ങൾ അടച്ചിട്ടു. ഈസ്റ്ററും വിഷുവും പൂരവുമെല്ലാം മാറ്റിവച്ചു. എത്ര വേഗത്തിലാണ് നാം ശാസ്ത്രരീതിയെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടത്. ഈ മാറ്റം താൽക്കാലികമായിരിക്കാം. കൊവിഡ് കഴിയുമ്പോൾ അന്ധവിശ്വാസങ്ങളും ശാസ്ത്രത്തോടുള്ള വിമുഖതയുമെല്ലാം തിരികെ വന്നേക്കാം. എങ്കിലും ഇപ്പോൾ നാം ശാസ്ത്രത്തോട് പ്രകടിപ്പിച്ച പ്രതിബദ്ധത നിലനിർത്താനായാൽ അതായിരിക്കും കൊവിഡിലൂടെ നമ്മുടെ സമൂഹം നേടുന്ന സുസ്ഥിരമായ പുരോഗതിയുടെ ആണിക്കല്ല്.
ശാസ്ത്രം വസ്തുനിഷ്ഠമായ അറിവിന്റെ അന്വേഷണമാണ്. അല്ലെങ്കിൽ വസ്തുനിഷ്ഠമായ മാർഗ്ഗത്തിലൂടെ അറിവിനെ വികസിപ്പിക്കലാണ്. വസ്തുനിഷ്ഠത എന്നത് ശാസ്ത്രത്തെക്കുറിച്ച് അറിയുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഉൽപ്പന്നമാകാം; അല്ലെങ്കിൽ അന്വേഷണത്തിനായി ആശ്രയിക്കുന്ന ഒരു മാർഗ്ഗവും ആകാം. രണ്ടിലും വസ്തുനിഷ്ഠത എന്നത് അവിഭാജ്യ ഘടകമാണ് (Alvin Goldman). കൊവിഡ് കാലത്ത് നമുക്ക് തുണയായത് ലോകമാസകലം പങ്ക് വച്ചുകൊണ്ടിരിക്കുന്ന ഇത്തരം വസ്തുനിഷ്ഠമായ അറിവുകളുടെ സഞ്ചയത്തിലൂടെയാണ്.
മിത്തുകളും കഥകളും ആസ്വദിക്കേണ്ടവ തന്നെയാണ്. എന്നാൽ കപടസിദ്ധാന്തങ്ങൾ ഭാവിയിലേക്ക് കരുതിവയ്ക്കേണ്ടവയല്ല. അവ തിരസ്കരിക്കപ്പെടണം. മിറക്കളുകളല്ല, നമ്മുടെ അതിജീവനം തീരുമാനിക്കപ്പെടുന്നത് ശാസ്ത്രത്തിന്റെ പ്രായോഗികതയിലൂടെയാണ് എന്നതാണ് ഈ ദുരിത കാലം നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു പാഠം. കൊവിഡ് കാലത്ത് നാം അദൃശ്യമായി അനുവർത്തിച്ച ഈ അവബോധം അനുദിനം നിലനിർത്തുകയും ഭാവിയിലേക്ക് കരുതിവയ്ക്കുകയും ചെയ്യേണ്ടതുണ്ട്.
##രണ്ട്: സ്വാർത്ഥതാല്പര്യമോ സഹകരണമോ? റിച്ചാർഡ് ഡോക്കിൻസിന്റെ സെൽഫിഷ് ജീൻ എന്ന കൃതി എല്ലാ ജീവികളിലുമുള്ള സ്വാർത്ഥതാല്പര്യത്തെയാണ് വിശദീകരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു ജീവിയുടെ ബാഹ്യശരീരരൂപവും അതിന്റെ വൈകാരിക താല്പര്യങ്ങളുമല്ല, അതിജീവനത്തെ നിർണ്ണയിക്കുന്നത്. അതിജീവനമെന്നത്, ജീവിയുടെ ആന്തരിക ഘടനയായ ജീനുകളുടെ (genetic structure) ‘താല്പര്യമാണ്’. ബഹുകോശജീവികളിൽ ഓരോ കോശങ്ങളിലുമുള്ള ന്യൂക്ലിയസിനുള്ളിലെ ഡി എൻ എ (Deoxy Ribo Nucleic Acid) യിലാണ് ജനിതകവിവരം (ജീനുകൾ) ശേഖരിച്ചിരിക്കുന്നത്. ജീനുകൾക്ക് മറ്റൊരു തലമുറയിലേക്ക് അതിജീവിക്കണമെന്ന സ്വാർത്ഥ താല്പര്യം മാത്രമേയുള്ളു. ജീവി മരിക്കുന്നതിന് മുൻപ് തന്നെ പ്രത്യുല്പാദനത്തിലൂടെ ജീനുകൾ അടുത്ത ശരീരത്തിലേക്ക് കടക്കും. ജീവിവർഗ്ഗങ്ങളും പ്രകൃതിനിർദ്ധാരണവുമെല്ലാം ജീനുകൾക്ക് നിൽനിൽക്കാനുള്ള ഉപാധികൾ മാത്രമാണ്. അതിനാൽ കേവലമായ ശരീരത്തിന്റെ ഏതെങ്കിലും തരത്തിലുള്ള നിലനില്പിനെക്കുറിച്ച് ജീനുകൾക്ക് ആധിയില്ല. ജീനുകൾ ചിന്തിക്കുന്നുണ്ടെന്നോ ആലോചിക്കുന്നുണ്ടെന്നോ താല്പര്യപൂർവം പെരുമാറുന്നുവെന്നോ ഇതിനർത്ഥമില്ല. അവ അങ്ങനെയാണ് എന്ന് മാത്രം.
ഈ അർത്ഥത്തിൽ ജീവിതത്തിന്റെ തന്നെ രീതി സ്വാർത്ഥതയ്ക്ക് മുൻതൂക്കമുള്ള ഒന്നാണെന്നുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അടുത്ത കാലത്ത് ജീനുകളുടെ സ്വാർത്ഥത മാത്രമല്ല, ജീവികളുടെ സഹകരണപൂർവമായ രീതികളും ജീനുകളുടെ നിലനില്പിന് സഹായകരമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വാർത്ഥതാല്പര്യവും സഹകരണരീതിയും തമ്മിലുള്ള ബലാബലത്തിന് ബില്ല്യണുകൾ തന്നെ വർഷം പഴക്കമുണ്ട്.
ജീവജാലങ്ങളിലെ കോശങ്ങളിലുള്ള മൈറ്റോകോണ്ട്രിയകളുടെ (Mitochondria) കഥ അതീവ വിചിത്രമായ ഒന്നാണ്. മനുഷ്യശരീരത്തിൽ ഉൾപ്പെടെ, മൈറ്റോകോണ്ട്രിയകൾ കോശത്തിന്റെ തനത് ഭാഗമായാണ് അടുത്തകാലം വരെ കരുതിയിരുന്നത്. കോശദ്രവത്തിലുള്ള റൈബോസോമുകൾ, എൻഡോപ്ലാസ്മിക് റെട്ടിക്കുലം, ലൈസോസോമുകൾ എന്നിവ പോലെ ഒരു കോശാവയവം (organelle). എന്നാൽ മൈറ്റോകോണ്ട്രിയ കോശഭാഗമായി പരിണമിച്ചുണ്ടായതല്ല എന്നതാണ് പുതിയ വെളിപ്പെടൂത്തൽ. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ബഹുകോശജീവികൾ ഉണ്ടാകുന്നതിനും മുൻപ്, കോശത്തിലേക്ക് കടന്നുകയറിയ മറ്റൊരു ഏകകോശജീവിയാണത്രേ ഇത്. മൈറ്റോകോണ്ട്രീയകൾക്ക് അതിരിക്കുന്ന കോശത്തിലെ ന്യൂക്ലിയസിനെക്കൂടാതെ സ്വന്തമായ ഡി എൻ എ ജനിതകഘടനയുണ്ട്. മൈറ്റോകോണ്ട്രിയ അതിനഭയം നൽകുന്ന കോശത്തെ ആക്രമിക്കുന്നില്ല, കോശം മൈറ്റോകോണ്ട്രീയയേയും ആക്രമിക്കുന്നില്ല. ജീനുകൾ തമ്മിൽ സ്വാർത്ഥമായ മൽസരം ഇവിടെയില്ല. പകരം പരസ്പര സഹകരണമെന്ന അതിജീവനരീതിയാണ്. കോശത്തിന് ആവശ്യമായ മുഴുവൻ ഊർജ്ജവും ഉത്പാദിപ്പിച്ച് നൽകുന്നത് മൈറ്റോകോണ്ട്രീയയാണ്. മൈറ്റോകോണ്ട്രിയയ്ക് ജീവിക്കുവാനാവശ്യമായ സാഹചര്യം കോശവും നൽകുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് രണ്ട് ഏകകോശജീവികൾ തമ്മിലാരംഭിച്ച സഹവർത്തിത്വമാണ് ഇത്. മനുഷ്യശരീരത്തിലെ കോശങ്ങളോരോന്നിലും 100 മുതൽ 10000 വരെ മൈറ്റോകോണ്ട്രിയകളുണ്ട്. അതായത്, നമ്മുടെ ശരീരത്തിലെ ആകെ കോശങ്ങളെക്കാൾ നൂറ് മടങ്ങെങ്കിലും അളവിൽ മറ്റൊരു സൂക്ഷ്മജീവിയെ നാം പാർപ്പിച്ചുപോരുന്നു.
വൈറസുകളുടെ കഥയും വ്യത്യസ്തമല്ല. ബാക്ടീരിയ പോലുള്ളവ സ്വതന്ത്രമായി നിലനില്ക്കുമെങ്കിലും വൈറസുകൾ അങ്ങനെയല്ല. വൈറസുകൾക്ക് പരാശ്രയമില്ലാതെ ജീവിക്കുന്നതിനോ പെരുകുന്നതിനോ ശേഷിയുള്ളവയല്ല. വൈറസുകൾ ജീവനുള്ളവയാണോ എന്ന തർക്കം പോലുമുണ്ട്. ഒട്ടനവധി ജീവിവർഗ്ഗങ്ങളോടൊപ്പം സമാന്തരമായി സഹവർത്തിത്തത്തിലൂടെയാണ് വൈറസുകൾ നിലനിൽക്കുകയോ പരിണമിക്കുകയോ ചെയ്യുന്നത്.
ജൈവപരിണാമത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് വൈറസുകളുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങൾ അന്വേഷിക്കുന്നത്. ജീവികളിലെ കോശങ്ങൾ വിഘടിക്കുന്നതിന് ആനുപാതികമായി ജീനുകളിൽ ഉൾപ്പരിവർത്തനങ്ങൾ (mutation) ഉണ്ടാകുന്നത് മൂലം ജനിതകവ്യത്യാസമുണ്ടാകും. കാലക്രമേണ ഈ മാറ്റങ്ങൾ മറ്റൊരു ജീവിവർഗ്ഗമായി വേർതിരിയുന്നതിലേക്ക് നയിക്കാം. എന്നാൽ ഇത് കൂടാതെ വൈറസുകളുടെ ജീനുകൾ ജീവികളുടേതുമായി ഉൾച്ചേരുന്നുണ്ടെന്നും ഇതുമൂലം ജനിതകഘടനയിൽ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്നുമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇതര ജീവികളിൽ നിന്നും മനുഷ്യൻ ഉൾപ്പെടുന്ന ഹോമിനിഡ് വംശം വേർപിരിയുന്നതിന് കാരണമായ ജനിതകമാറ്റങ്ങൾക്ക് വൈറസുകൾക്കും ( HERV-K എന്ന വൈറസുകൾ) പങ്കുണ്ട് എന്ന് റഷ്യൻ ജനിറ്റിസിസ്റ്റ് യൂജീൻ ഡി സ്വെർദ്‌ലോവ് (Eugene D Sverdlov) നിരീക്ഷിക്കുന്നു.
വൈറസ് ജീനുകൾ മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നതിന്റെ സ്പഷ്ടമായ ഉദാഹരണമാണ് പ്ലാസെന്റയുടെ (placenta) നിർമ്മിതി. ഭ്രൂണാവസ്ഥയിലെ കുഞ്ഞ് വളരുന്നതിന് അമ്മയുടെ രക്തത്തിലെ പോഷകങ്ങൾ മാത്രമാണ് സഹായം. അമ്മയുടെ രക്തവുമായി ബന്ധം സ്ഥാപിക്കുന്ന പ്ലാസെന്റയിലൂടെയാണ് ഇവ കുഞ്ഞിന് ലഭ്യമാകുന്നത്. പകുതി ജീനുകൾ പിതാവിൽ നിന്ന് ആയതിനാൽ, കുഞ്ഞിന്റെ ശരീരത്തിൽ വ്യത്യസ്തമായ പ്രോട്ടിനുകൾ കൂടി ഉണ്ടാവും. ഇവ പ്ലാസെന്റ വഴി അമ്മയുടെ ശരീരത്തിൽ എത്തിയാൽ ആന്റിജൻ- ആന്റിബോഡി പ്രവർത്തനത്തിലൂടെ അമ്മയ്ക് അപകടവും ഉണ്ടാകാൻ ഇടയുണ്ട് (eg; ABO incompatibility). ഇങ്ങനെയുള്ള അപകടമായ പ്രോട്ടീനുകളുടെ കൈമാറ്റം തടയുന്നത് പ്ലാസെന്റയിലെ സിൻസിഷ്യം (Syncytium) എന്ന സൂക്ഷ്മ ഭിത്തിയാണ്. ഇതിലെ സവിശേഷമായ വസ്തുത, മനുഷ്യപൂർവികരായ കശേരു വർഗ്ഗത്തിലൊന്നും(vertebrates) സിൻസിഷ്യത്തിന്റെ നിർമ്മിതിയ്കാവശ്യമായ ജീനുകൾ കണ്ടെത്താനായില്ല എന്നതാണ്. പകരം മനുഷ്യകുലത്തോടൊപ്പം സഹവർത്തിത്വത്തിൽ ഉണ്ടായിരുന്ന HERV-W എന്ന വൈറസിന്റെ എൻവെലപ്പ് ജീനിലൂടെയാണ് സിൻസിഷ്യത്തിന്റെ നിർമ്മാണം സാധ്യമായതത്രേ! മറ്റ് ചില വൈറസ് ജീനുകൾ കൂടി സിൻസിഷ്യത്തിന്റെ നിർമ്മിതിയ്ക്ക് കാരണമാകുന്നതായി കൂടുതൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ശരീരത്തിനുള്ളിലും ത്വക്കിലുമൊക്കെയായി ഏതാണ്ട് 10 മുതൽ 100 ട്രില്ല്യൺ വരെ സൂക്ഷ്മജീവികൾ മനുഷ്യരുമായി സഹവർത്തിത്വത്തിൽ കഴിയുന്നുണ്ട്. മുഖ്യമായും ദഹനവ്യവസ്ഥയിൽ. മനുഷ്യശരീരത്തിലെ ആകെ കോശങ്ങളുടെ എണ്ണം ഏതാണ്ട് 30 ട്രില്ല്യൺ മാത്രമേയുള്ളു. അതിനൊപ്പം ജീവിക്കുന്ന സൂക്ഷ്മാണുക്കൾ അത്രയും തന്നെയോ അതിലധികമോ വരും! പലപ്പോഴും ഇവ അപകടകാരികളല്ല. അവയ്ക് മനുഷ്യനോടുള്ള സ്നേഹമല്ല ഇതിന് കാരണം. മനുഷ്യന് അവയോടുള്ള ദീനാനുകമ്പയുമല്ല. മറിച്ച് നീണ്ട കാലങ്ങളിലൂടെ മനുഷ്യരിൽ രോഗം ഉണ്ടാക്കാതെ സഹവർത്തിത്വത്തില്‍ കഴിയുന്ന സൂക്ഷ്മജീവികൾക്ക് മാത്രം അഭയം തുടരുന്നു. മനുഷ്യനും ഇതിനാൽ ചില ഗുണങ്ങളുണ്ട്. മനുഷ്യന്റെ ദഹനപ്രവർത്തനം പല സൂക്ഷ്മാണുക്കളും കൂടി പങ്കെടുക്കുന്ന ഒന്നാണ്. രോഗകാരികളായ പുതിയ അണുക്കൾ ശരീരത്തിലെത്തുമ്പോൾ നിലവിലുള്ളവ മൽസരിച്ച് അവയെ നശിപ്പിച്ചും മനുഷ്യന് ‘പ്രത്യുപകാരം’ നൽകുന്നു.
വിപരീതമായി, സ്വാർത്ഥതാല്പര്യത്തിൽ അധിഷ്ഠിതമായ മൽസരം പലപ്പോഴും വിനാശകരമായിത്തീരാം. അമിതമായ സ്വാർത്ഥതാല്പര്യങ്ങൾ നാശത്തിലേക്ക് നയിക്കുന്നതിന്റെ ഉദാഹരണമാണ് ക്യാൻസർ. സാധാരണ ഗതിയിൽ, കേടായ കോശങ്ങൾ നശിക്കുകയും പകരം പുതിയ കോശങ്ങൾ വളരുകയുമാണ് ചെയ്യുന്നത്. അപൂർവ്വമായി, പ്രവർത്തനം തകരാറിലായ കോശം നശിക്കുന്നതിന് പകരം നിലനിൽക്കുന്നതിനായി മൽസരിക്കാം. ഇങ്ങനെ അനിയന്ത്രിതമായി കോശങ്ങൾ വളരുന്ന പ്രവണതയെയാണ് ക്യാൻസർ എന്ന് വിളിക്കുന്നത്. ക്യാൻസർ കോശങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ പെരുകൽ അതിജീവനമാണ്. അതേ സമയം ഈ കോശങ്ങളെ ഉൾക്കൊള്ളുന്ന ശരീരത്തിന് ഇത് അനിഹിതവും ജീവിയ്ക്ക് ആപത്തുമാണ്. ഒടുവിൽ ശരീരത്തിന് നാശമുണ്ടാകുന്നതോടെ ക്യാൻസർ കോശങ്ങളും ഒപ്പം അസ്തമിക്കും. അനിയന്ത്രിതമായ സ്വാർത്ഥതയ്ക്, ജൈവികമായ, കോശതലത്തിൽ തന്നെയുള്ള തിരിച്ചടിയാണിത്.
മൈറ്റോകോണ്ട്രിയയുടെ പരിണാമവും HERV വൈറസുകളുമായുള്ള സഹവർത്തിത്വവും അവ ജീനുകളിൽ ഉണ്ടാക്കുന്ന മാറ്റവും ക്യാന്‍സർ ഉണ്ടാക്കുന്ന ദുരന്തവും സൂചിപ്പിക്കുന്നത് സ്വാർത്ഥതാല്പര്യങ്ങൾ അമർത്തി സഹകരണത്തിലൂടെ ജീവിവർഗ്ഗങ്ങൾ നിലനിൽക്കുന്നുവെന്നും അതിജീവിക്കുന്നുവെന്നുമാണ്. സൂക്ഷ്മാവസ്ഥയിൽ മാത്രമല്ല, സമൂഹമായി ജീവിക്കുന്ന ജീവികളിൽ ഇത്തരം സഹകരണരീതി പ്രത്യക്ഷമായി തന്നെ കാണാം. മനുഷ്യൻ അത്തരത്തിലുള്ളവയിൽപ്പെടുന്നു. സ്വാർത്ഥതാല്പര്യങ്ങളും സഹകരണവും തമ്മിലുള്ള ഒത്തുതീർപ്പിലൂടെയാണ് സമൂഹജീവികൾ തങ്ങളുടെ അതിജീവനം സാധ്യമാക്കുന്നത്.
സഹകരണത്തിന് ഒട്ടനവധി കടമ്പകളുണ്ടാകാം. പൊതുവായ സഹകരണം ഉറപ്പിക്കുന്നതിനും സ്വരൂപിപ്പിക്കപ്പെട്ട ആശയം നടപ്പിലാക്കുന്നതിനും മൂന്നാമതൊരാൾ വേണ്ടി വന്നേക്കാം. ഹോമിനിഡ് സ്പീഷീസിന്റെ ആദ്യ കാലഘട്ടങ്ങളിൽ ഇരകളുടെ മാംസത്തെ ഓരോരുത്തര്‍ തങ്ങളുടെ ഇഷ്ടാനുസരണമാണ് ശേഖരിച്ചിരുന്നത്. നാല് ലക്ഷം വർഷം മുൻപുള്ള, മൃഗങ്ങളിൽ നിന്ന് മാസം ശേഖരിച്ചതിന്റെ ഭാഗമായി ഉണ്ടാകുന്ന അസ്ഥികളിലെ പോറലുകൾ (Qesem Cave and Üçağızlı Caves) പഠനവിധേയമാക്കിയിട്ടുണ്ട് . അക്കാലത്തുള്ളവയിൽ തലങ്ങും വിലങ്ങുമായി പ്രത്യേക ദിശയിലോ അനുപാതത്തിലോ അല്ലാതെയുള്ള പോറലുകൾ കാണാം. സ്വതന്ത്രമായി എല്ലാവരും അവരവരുടെ ആവശ്യാനുസരണം മാംസം മുറിച്ചെടുത്തതിന്റെ അടയാളങ്ങളാണ് ഇവ എന്ന് കരുതപ്പെടുന്നു. എന്നാൽ പിന്നീട്, രണ്ട് ലക്ഷം വർഷം മുൻപുള്ളവയിലെത്തുമ്പോൾ ഏതാണ്ട് കൃത്യമായ അളവിലും അനുപാതത്തിലും സമാന്തരവും ആയി പോറലുകൾ മാറുന്നത് കാണാം. അതായത് മാംസം കൃത്യമായി വീതിച്ചെടുക്കുന്നു. വാസ്തവത്തിൽ തനിക്ക് കൂടുതൽ കിട്ടുന്നത് തന്നെയാണ് ഒരാളുടെ അതിജീവനത്തിന് കൂടുതൽ ഫലപ്രദമാകുന്നത്. എന്നിരുന്നാലും ഒപ്പമുള്ളവന്റെ അതിജീവനത്തിന് സഹായിക്കുന്നതിലൂടെ മറ്റൊരു പ്രയാസകരമായ അവസരത്തിൽ പകരം സഹായം ലഭിക്കുന്നത് ഒരു വ്യക്തി ഉറപ്പിക്കുന്നു (Reciprocal Altruism). മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരാൾ തന്റെ ജീവിതത്തിൽ, സുഭിക്ഷവും സുരക്ഷിതവുമായ ഘട്ടങ്ങൾ മാത്രമല്ല, അപകടകരവും സ്വയം തരണം ചെയ്യാൻ കഴിയാത്തതുമായ പ്രതിസന്ധികളെയും മുൻകൂട്ടി കാണുന്നു എന്നർത്ഥം. അതുകൊണ്ടാണ്, താൻ വേട്ടയാടിയ ഭക്ഷണം, അല്ലെങ്കിൽ താൻ കൂടുതൽ അദ്ധ്വാനിച്ച ആഹാരം, അദ്ധ്വാനത്തിന് ആനുപാതികമായല്ലാതെ, മറ്റൊരാള്‍ക്ക് കൂടി തുല്യമായി പങ്കുവെക്കുവാൻ തീരുമാനിക്കുന്നത്. പ്രതിസന്ധികളിൽ താൻ സഹായിക്കപ്പെടണമെങ്കിൽ ഇങ്ങനെയൊരു വിട്ടുവീഴ്ച ആവശ്യമാണെന്ന ദീർഘവീക്ഷണമാണ് സമൂഹജീവികളുടെ സവിശേഷമായ സഹകരണത്തിന് ആധാരം.
മൂന്നാമതൊരാൾ ആയിരിക്കണം ഇങ്ങനെ ഇത് വീതിച്ച് നൽകുന്നത്. അതായത്, സഹകരണം ഉറപ്പിക്കുവാൻ, ഒരു അംഗം പോലും തന്റെ സ്വാർത്ഥതയ്ക്കായി ദുർവിനിയോഗം ചെയ്യില്ലെന്ന് ഉറപ്പിക്കുവാൻ നാം മൂന്നാമതൊരാളെ നിയമിക്കുന്നു. അയാൾ ഓരോരുത്തരെയും തുല്യമായി പ്രതിനിധീകരിക്കുന്നു. അവർ പക്ഷപാതത്തിന് വഴങ്ങില്ലെന്ന് വിശ്വസിക്കുന്നു. ഇന്ന് ജനാധിപത്യത്തിൽ നാം സ്വരുക്കൂട്ടുന്ന പ്രതിനിധി എന്നത് സഹകരണത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വരുന്ന മൂന്നാമനാണ്. ഈ മൂന്നാമന്, എല്ലാ വ്യക്തികളെയും പ്രതിനിധീകരിക്കുന്നതിലാൽ ഒരു വ്യക്തിയെക്കാൾ അധികാരം സഹജമായി ഉണ്ടാകും. അപ്രതീക്ഷിതമായി, നിഷ്പക്ഷത കൈവെടിഞ്ഞ് പക്ഷപാതപരമായി ഒരാളോട് അനുകൂലമായും മറ്റൊരാളോട് ശത്രുതാപരമായും പെരുമാറാം. ചിലപ്പോൾ മുഴുവൻ സമൂഹത്തിന്റെയും താല്പര്യങ്ങൾക്ക് വിരുദ്ധമായിപ്പോലും പെരുമാറാം. ഇൻഡ്യയിലുൾപ്പെടെ പല രാജ്യങ്ങളിലും പല അവസരങ്ങളിലും ഇത്തരം അമിതാധികാരപ്രയോഗത്തിന് സമൂഹം സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. എങ്കിലും സഹവർത്തിത്വമല്ലാതെ സമൂഹത്തെ മുന്നോട്ട് നയിക്കാൻ മറ്റ് വഴികളില്ല എന്ന് യുവാൽ നോവ ഹരാരിയെപ്പോലുള്ളവർ ആവർത്തിക്കുന്നു.
സഹവർത്തിത്വത്തിലേക്ക് നാം ഒരുമിക്കുന്നതിന് അനവധി കടമ്പകളുണ്ട്. കേരളീയരായോ ഇൻഡ്യാക്കാരായോ ഏഷ്യാക്കാരായോ അങ്ങനെ പല തരത്തിൽ അന്യരെ സൃഷ്ടിക്കുന്നതിലാണ് നാം അനുദിനം വ്യാപൃതരാകുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളും പലപ്പോഴും സമാനതകളെ നിരുൽസാഹപ്പെടുത്തുകയും അഭിപ്രായവ്യത്യാസങ്ങളെ പൊലിപ്പിക്കുകയും ചെയ്യുന്നു. അത് വഴി, നാമും – അന്യരും (Us Vs Them) എന്ന വേർതിരിവിന്റെ വിരുദ്ധചേരികളിലായാണ് മനുഷ്യൻ ജീവിച്ചുപോരുന്നത്.
ന്യൂനപക്ഷങ്ങളെയും വിമതശബ്ദങ്ങളെയും അന്യരാക്കുവാൻ നടന്ന രാഷ്ട്രീയ പരിസരമാണ് സമകാലീന ഇൻഡ്യിലുള്ളത്. കൊറോണ കാലത്ത് നാം 21 ദിവസം വീട്ടിൽ അടച്ചിരിക്കുന്നതിന്റെ വീർപ്പുമുട്ടലുകൾ അനുഭവിക്കവേയാണ് എട്ട് മാസമായി വീടിനുള്ളിൽ തടവിലാക്കപ്പെട്ട മുൻ കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ള ആകാശം കാണുവാൻ അനുവദിക്കപ്പെട്ടത്. ഇന്നും കശ്മീരി ജനതയുടെ തടവ് തുടരുന്നു. പൗരത്വബില്ലിലൂടെ അഭയാർത്ഥികളിൽ ഒരു വിഭാഗത്തെ അയോഗ്യരാക്കിയതും ഒരു രാഷ്ട്രത്തിനുള്ളിൽ തന്നെ വിവേചനം നിലനിർത്തുന്നതിന്റെ തെളിവുകളാണ്. ഒരുമിക്കുക എന്നതിനെക്കാൾ വിഘടിപ്പിക്കുക എന്ന പ്രത്യക്ഷത ഊട്ടി ഉറപ്പിക്കുന്ന രാഷ്ട്രീയപ്രവർത്തനത്തിനിടെയാണ് കൊവിഡ് വന്നെത്തിയത്. കൊവിഡ് കാലത്തെ സന്ദേശം വിഭിന്നമായിരുന്നു. ഏപ്രിൽ 5 ന് രാജ്യമാസകലം 9 മിനുട്ട് നേരത്തേക്ക് വൈദ്യുത വിളക്കുകൾ അണക്കുകയും പകരം ദീപം തെളിക്കുകയും ചെയ്യുവാൻ ഇൻഡ്യയിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ ‘ഐക്യം’ സ്ഥാപിക്കുന്നതിനുള്ള സന്ദേശമായിട്ടാണ് ഇങ്ങനെ ഒരു നിർദ്ദേശം ഉണ്ടായത്. എത്ര പെട്ടെന്നാണ് ഐക്യമെന്ന ബോധത്തിലേക്ക് ആഹ്വാനം ഉണ്ടാകുന്നത്. ‘ചൈനാ വൈറസ്’ എന്ന് കൊവിഡിനെ തുടക്കത്തിൽ അഭിസംബോധന ചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഉദ്ദേശിച്ചത്, വിഘടനപരവും വിവേചനപരവും ആയ നിലപാടായിരുന്നു. ചൈനയെക്കാൾ രോഗവ്യാപനവും ആളപായവും അമേരിക്കയിൽ ഉണ്ടായതോടെ ‘ചൈനാ വൈറസ്’ എന്ന പദത്തെ ഉപേക്ഷിക്കുന്നതിന് അദ്ദേഹം നിർബന്ധിതനാകുന്നത് കാണാം.
ലോക ആരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെദ്രോസ് അഥനോം ഗെബ്രിയെസൂസ് നടത്തിയ പ്രസ്താവന ഇപ്രകാരമാണ്. “COVID-19 does not discriminate between rich nations and poor, large nations and small. It does not discriminate between nationalities, ethnicities or ideologies….This is a time for all of us to be united in our common struggle against a common threat, a dangerous enemy.” അതെ. ഒറ്റപ്പെട്ട ചേരികളായി നിന്നുകൊണ്ട് ഒരു വലിയ ശത്രുവിനെ അതിജീവിക്കുവാനാവില്ല എന്ന ബോധ്യമാണ് ഐക്യത്തിലേക്കും സഹകരണത്തിലേക്കുമായി രാഷ്ട്രനേതാക്കളുടെ മനോഭാവ വ്യതിയാനം ഉരുത്തിരിയുന്നതിന് കാരണം.
കൊവിഡ് വൈറസിന് രാഷ്ട്രീയമോ സാമൂഹികമോ മതപരമോ സാമ്പത്തികമോ ആയ വിവേചനമില്ല. അത് ഏവരെയും ഒരുപോലെ ആക്രമിക്കുന്നു. അതിസമ്പന്നമായ ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസണുപോലും കൊവിഡ് ബാധയേറ്റു എന്നത് ഈ വൈറസിന്റെ വിവേചനരാഹിത്യത്തിന്റെ അടയാളമാണ്. (വൈറസിന് വിവേചനമില്ലെങ്കിലും കാലങ്ങളായി മനുഷ്യർ ഏർപ്പെടുത്തിയ വിവേചനത്തിന്റെ ഇരകൾ തന്നെയാണ് മറ്റേത് രോഗം പോലെയും കൊവിഡിന്റെ ദുരിതഭാരത്തിൽ വലിയ ശതമാനവും പേറേണ്ടത്.)
അഭയാർത്ഥികളെക്കുറിച്ചും ഒരു ജനതയെ വിഘടിപ്പിക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ചും കശ്മീർ പോലുള്ള പ്രദേശത്തോടുള്ള വിവേചനത്തെക്കുറിച്ചുമെല്ലാം അനുതാപപൂർവം പുനർവിചിന്തനം ചെയ്യുന്നതിന് കൊവിഡ് കാലത്തെ അനുഭവങ്ങൾ സഹായിക്കുമോ? നമുക്ക് ഉറപ്പിക്കാനാവില്ല. ആപത്‌ഘട്ടങ്ങളിൽ നാം നടിക്കുന്ന സാഹോദര്യവും സഹകരണവുമെല്ലാം അവ തരണം ചെയ്യുന്നതോടെ നാം ഉപേക്ഷിച്ചേക്കാം. വീണ്ടും വിദ്വേഷത്തിന്റെയും മൽസരത്തിന്റെയും രോഗപൂർവകാലത്തേക്ക് നാം തിരിച്ചുപോകാം. ആൾക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ വിവേചനവും അഭയാർത്ഥികളോടുള്ള വെറുപ്പും, നിറത്തോടും ജാതിയോടും നിലനിർത്തിപ്പോരുന്ന അറപ്പും വിവേചനവും പുനരാരംഭിക്കാം. അതേ സമയം, കൊവിഡ് കാലം നൽകുന്ന പാഠം ഉൾക്കൊള്ളാനായാൽ സഹവർത്തിത്വം മൂലം തർക്കങ്ങളിൽ ഇരു ദ്വന്ദ്വങ്ങളും ഗുണഭോക്താക്കളാകുന്ന പുതിയ ഒരു ഇൻഡ്യയെ സ്വപ്നം കാണുവാൻ നമുക്ക് സാധ്യവുമാണ്.
അപ്രതീക്ഷിതമായ ദുരന്തമുഖങ്ങളിലൂടെയാണ് കേരളം അടുത്ത കാലത്ത് കടന്നുപോയത്. ഓഖി, മഹാപ്രളയം, നിപാ വൈറസ് എന്നിങ്ങനെ സാമൂഹ്യമായും സാമ്പത്തികമായും തകർന്ന് നിൽക്കുന്ന വേളയിലാണ് കൊവിഡ് കടന്നുവരുന്നത്. കൊവിഡ് എത്തിയതോടെ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി വച്ച് ഒരുമിച്ച് നിൽക്കുവാൻ കേരളജനതയ്ക്ക് കഴിഞ്ഞിരിക്കുന്നു. വ്യക്തികൾ എന്ന നിലയിൽ ഓരോ കേരളീയരും അനുവർത്തിച്ച സഹകരണത്തിന്റെ മാതൃകയാണ് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് ഏറ്റവും വലിയ കരുത്തായത്. ജീവിതത്തിൽ ആദ്യമായി ഒരു മാസത്തോളം നീണ്ട കാലയളവിൽ വീടിനുള്ളിൽ അടച്ചിരിക്കുകയും അവരവരുടെ താല്‍പര്യങ്ങൾക്കൊപ്പം പൊതുസമൂഹത്തിന്റെ താല്പര്യത്തെ പ്രാധാന്യത്തോടെ അംഗീകരിക്കുകയും ചെയ്ത മറ്റൊരു സമയം കേരളീയർക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
കോവിഡെനിതിരായ പോരാട്ടത്തിൽ മരവിച്ച് നിൽക്കുമ്പോഴാണ് പരസ്പര സഹായമെന്ന രീതീ ലോകരാഷ്ട്രങ്ങൾക്ക് പ്രതീക്ഷയായി മാറിയത്. ക്യൂബ സാമ്പത്തികഭദ്രതയുള്ള ഒരു രാഷ്ട്രമല്ല. എന്നിട്ടും കൊവിഡ് കാലത്ത് ഇറ്റലിയിൽ ആരോഗ്യപ്രവർത്തകരുടെ അഭാവമുണ്ടായപ്പോൾ സഹായം നൽകാൻ ക്യൂബയ്ക്ക് വൈമനസ്യമുണ്ടായില്ല. ഇറ്റലിയടക്കം 14 രാജ്യങ്ങളിലേക്ക് 593 പേരുടെ മെഡിക്കൽ സംഘത്തെയാണ് (179 doctors, 399 nurses and 15 health technologists) അവർ അയച്ചത്. ക്യൂബയിൽ രോഗബാധ ഇല്ലാത്ത കാലത്തല്ല ഇത് ചെയ്യുന്നതെന്നും ഓർക്കേണ്ടതുണ്ട്. മാർച്ച് 21 ന് ഇറ്റലിയിലേക്ക് ഈ സംഘങ്ങളെ അയക്കുമ്പോൾ 170 കൊവിഡ് രോഗികൾ ക്യൂബയിലുണ്ടായിരുന്നു. ഇതിന് തൊട്ട് മുൻപ്, കൊവിഡ് ബാധിതരുള്ള ഇംഗ്ലണ്ടിന്റെ കപ്പൽ കരീബിയൻ തുറമുഖങ്ങളിൽ നിന്നും അകറ്റിയപ്പോൾ ക്യൂബയാണ് സഹായഹസ്തവുമായി വന്നത്. കപ്പൽ തുറമുഖത്ത് പ്രവേശിപ്പിക്കുന്നതിനും അതിലെ 680 ഓളം യാത്രക്കാരെ പിന്നീട് വിമാനമാർഗ്ഗം ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനും ക്യൂബ മുന്നോട്ടു വന്നു.
ഉത്തരേന്ത്യയിലെ സ്ഥിരം പകർച്ചവ്യാധികളിലൊന്നാണ് മലേറിയ. അതിനാൽ മലേറിയയുടെ മരുന്നുകളായ ക്ലോറോക്വിൻ, ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നിവയുടെ ഉല്പാദനം കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇൻഡ്യ. അമേരിക്കയിലും കാനഡയിലും കൊവിഡ് എത്തിച്ചേർന്നതോടെ ഇതിനെ പ്രതിരോധിക്കുവാൻ നിരവധി മരുന്നു പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. Remdesivir പോലുള്ള ആന്റിവൈറൽ മരുന്നുകൾ, ശ്വാസകോശാക്രമണത്തെ തടയാൻ ശേഷിയുണ്ട് എന്ന നിലയിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ, 17 ഓളം വാക്സിനുകൾ, രോഗം ഭേദമായവരിൽ നിന്നുള്ള ആന്റിബോഡികൾ ഉള്ള രക്തദാനം എന്നിവ പഠനവിധേയമായി (clinical trials) പരീക്ഷിക്കുന്നുണ്ട്. ഇതിൽ ഹൈഡ്രോക്സി ക്ലോറോക്വിന്റെ നിന്നുള്ള കയറ്റുമതി താൽക്കാലികമായി ഇൻഡ്യ തടഞ്ഞുവച്ചിരുന്നു. കൊവിഡ് കാലത്ത് അമേരിക്കയുടെ ആവശ്യത്തെത്തുടർന്ന് നിരോധനം നീക്കി ആവശ്യമായ അളവിൽ മരുന്ന് നൽകുന്നതിന് ഇൻഡ്യ തയ്യാറായി.
കാലങ്ങളായി അതിർത്തികളുടെ പേരിൽ തർക്കങ്ങൾ തുടരുന്ന രാജ്യങ്ങളാണ് ഇൻഡ്യയും ചൈനയും. ഇൻഡ്യയിലേക്ക് കൊവിഡ് രോഗവ്യാപനമുണ്ടായപ്പോൾ ഇതിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യയും, ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ കരുതൽ ഉപാധികളും (personal protection equipment (PPE) kits), മാസ്ക്കുകളും, കയ്യുറകളും, കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റ് കിറ്റുകളും, വെന്റിലേറ്ററുകളും ഇൻഡ്യക്ക് നൽകുവാൻ ചൈനയ്ക്ക് പക്ഷേ മടിയുണ്ടായില്ല. ഏപ്രിൽ 7 നുള്ളിൽ 170,000 PPE കിറ്റുകളാണ് ചൈന ഇൻഡ്യക്ക് സംഭാവന നൽകിയത്. അതിന് മുൻപ് ചൈനയിലേക്ക് 15 ടൺ മെഡിക്കൽ ഉപകരണങ്ങൾ കൊവിഡിനെ പ്രതിരോധിക്കുവാൻ ഇൻഡ്യയും നൽകിയിട്ടുണ്ട്. ലോകമാസകലം നടക്കുന്ന മരുന്ന് / പ്രതിരോധ പ്രവർത്തനങ്ങളുടെ വിജ്ഞാനം പരസ്പരം പങ്കു വയ്ക്കുന്നതിനും കൊവിഡ് കാലത്ത് ലോകരാജ്യങ്ങൾ തയ്യാറായി.
ലോകത്ത് പലയിടങ്ങളിലും സ്വാർത്ഥതാപൽര്യങ്ങൾക്കും മൽസരങ്ങൾക്കും സഹകരണത്തെക്കാൾ മുൻഗണന കൊടുക്കുന്ന രാഷ്ട്രീയസ്ഥിതി നിലനിൽക്കുന്ന കാലത്താണ് കൊവിഡ് പടർന്നത്. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ബ്രസീൽ, ആസ്ട്രേലിയ, ഇൻഡ്യ, ജപ്പാൻ, റഷ്യ , ഇസ്രയേൽ, ഹംഗറി, പോളണ്ട്, ബ്രിട്ടൺ, ജർമ്മനി തുടങ്ങിയ ലോകശക്തികളിലെല്ലാം വലത് പക്ഷ ആശയങ്ങൾക്ക് മുൻതൂക്കമുള്ള സർക്കാരുകളാണ്. ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രീയ താല്പര്യം ഭൂരിപക്ഷ ജനതയുടെ പ്രാതിനിധ്യം ആയതിനാൽ ഈ രാഷ്ട്രങ്ങളിലെ വ്യക്തികളിൽ സ്വാർത്ഥതയ്ക്കും മൽസരപ്രവണതയ്ക്കും മുൻതൂക്കം ഉണ്ടായിരിക്കുന്നു എന്നതാണ് വാസ്തവം. ചൈനയും ഉത്തരകൊറിയയും പോലുള്ളവയും ആഗോളമായ മൽസര വിജയത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എങ്ങനെയോ മനുഷ്യൻ മൽസരത്തിന്റെ ഗുണഫലങ്ങള്‍ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന് ശീലിച്ചിരിക്കണം. ഈ പാഠത്തെ തിരസ്കരിക്കുവാൻ (unlearn) കൂടി കൊവിഡ് കാലത്തെ സഹകരണത്തിന് മുൻതൂക്കമുള്ള അതിജീവന രീതി അവസരമൊരുക്കുന്നു.
അന്തർദേശീയവും ദേശീയവും പ്രാദേശികവുമായ തർക്കങ്ങളെല്ലാം കൊവിഡിനു മുന്നിൽ അപ്രസക്തമായി. കടുത്ത യാഥാർത്ഥ്യമായി കരുതിപ്പോന്ന രാഷ്ട്രങ്ങളുടെ അതിർത്തി വരകൾ കൊവിഡ് കാലത്ത് അലിയുവാൻ തുടങ്ങിയിരിക്കുന്നു. ഒരു പ്രദേശത്തിന്റെ ദുരന്തം അതിരു കടന്ന് വിരലിലെണ്ണാവുന്ന രാജ്യങ്ങളൊഴികെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയും പെരുകുന്നു. മറ്റുള്ളവരിൽ നിന്ന് കൂടുതൽ മികവുള്ളവരെന്ന് സ്വയം കരുതിപ്പോന്ന അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾക്ക് പോലും പിടിച്ചു നിൽക്കാനായില്ല. ഒരുപക്ഷേ കൊവിഡ് കാലം മുൻപെന്നത്തെക്കാളും കൂടുതൽ മാനവികമായി ചിന്തിക്കുവാൻ ലോകത്തെ ഒന്നടങ്കം പ്രേരിപ്പിക്കുന്നു. മാനവികമായ സ്നേഹമെന്നത് നിരുപാധികം എന്ന അർത്ഥത്തിലല്ല. മറ്റൊരിക്കൽ നിശ്ചയമായും തിരികെ ലഭിക്കാമെന്ന ആഗ്രഹത്തിന്റെ ഉപാധിയോടെ തന്നെ സഹകരണമനോഭാവത്തിന് പ്രാധാന്യമുണ്ട്. അതിര്‍ത്തി പ്രശ്നങ്ങൾ, വാണിജ്യമൽസരങ്ങൾ, നയതന്ത്രപ്രതിസന്ധികൾ, കുടിയേറ്റ തർക്കങ്ങൾ എന്നിവയെല്ലാം അവഗണിച്ച് സ്വാർത്ഥതാല്പര്യങ്ങൾ അതിരുകടക്കാതെയും സാധ്യമായ സഹകരണം ഉറപ്പിച്ചുകൊണ്ടുമുള്ള സാമൂഹ്യ രാഷ്ട്രീയ രീതിയാവും മാനവരാശിയുടെ അതിജീവനത്തിന് നിർണ്ണായകമാകുന്നതെന്ന് കൊവിഡ് സന്ദേശം നൽകുന്നു.
##കരുതിവെയ്ക്കാം ശാസ്ത്രാവബോധവും സഹകരണമനോഭാവവും. രാഷ്ട്രീയ സാമൂഹ്യ വർണ്ണ വർഗ്ഗ സാമ്പത്തിക ഭേദമന്യേ, മനുഷ്യനെന്ന ജീവിവർഗ്ഗത്തിന് വിനാശകാരിയായ കൊവിഡ് ദശലക്ഷങ്ങളെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ആക്രമിച്ചത്. അങ്ങേയറ്റം അബലരായവർ മുതൽ രാഷ്ട്രത്തലവർ വരെ. ലക്ഷത്തിൽപ്പരം പേർ കൊവിഡാക്രമണത്താൽ മരണത്തിന് കീഴടങ്ങി. രോഗികൾക്ക് തണലായി നിന്ന ഡോക്ടർമാരുൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകരും ശാസ്ത്രജ്ഞരും ഇതിൽ അകപ്പെട്ടു. ഈ കാലത്തെ നാം അതിജീവിക്കുന്നതിന് എന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ അത് ശാസ്ത്രവും സഹകരണവും മാത്രമാണ്. അവയ്ക്കെതിരെ നിലനിൽക്കുന്ന എല്ലാ അനുശീലനങ്ങളും വിസ്മൃതമാക്കി നേടിയ മനുഷ്യപ്രയത്നത്തിന്റെ ഉദാഹരണമാണ് കൊവിഡിനെതിരായ അതിജീവനം.
ശാസ്ത്രാവബോധം, സഹകരണം എന്നിവ ജീവിതത്തിലുടനീളവും സമൂഹത്തിലും നിലനിർത്തുക എന്നതാവും മനുഷ്യരാശിയുടെ അതിജീവനത്തിന് കരുത്തേകുന്നത് എന്ന കൊവിഡ് പാഠങ്ങൾ നമുക്ക് ഓർത്തു കരുതി വയ്ക്കാം. വരും തലമുറയ്ക്കായി.
അജിത് കുമാർ ജി
References
- Ryan, Frank. Virolution . HarperCollins Publishers. 2009.
- Robert Sapolsky, Behave, the biology of humans at our best and worst, Penguin, 2017.
- Nick Lane, Power, Sex and Suicide: Mitochondria and the meaning of Life.
- Yuval Noah Harari: the world after coronavirus, Translation by. Sujith Chandran.
- There are diseases hidden in ice, BBC Future.
- Cuba has a history of sending medical teams to nations in crisis, Al Jazeera.
- Interim Clinical Guidance for Management of Patients with Confirmed Coronavirus Disease (COVID-19), Centre for Disease Control.
ajitkumarg
Proudly powered by WordPress