ലഹരിവസ്തുക്കൾ സർഗ്ഗാത്മകചിന്തകളെ പ്രചോദിപ്പിക്കുമോ?
അങ്ങനെയങ്ങ് വിശ്വസിക്കാൻ തോമസ് തയാറായില്ല. ക്രിസ്തു ഉയർത്തെഴുന്നേറ്റ് ജീവനോടെ തങ്ങളെ കണ്ടു എന്ന് ശിഷ്യന്മാർ പറഞ്ഞതാണ് തോമസ് സംശയത്തോടെ കണ്ടത്. ക്രിസ്തുവിന്റെ എല്ലാ അത്ഭുതങ്ങളെയും അംഗീകരിച്ച് ഒപ്പമുണ്ടായിരുന്ന ശിഷ്യന്മാരിൽ ഒരാളായിരുന്നു തോമസും. എന്നാൽ ക്രിസ്തുവിന്റെ ഉയർത്തേഴ്ന്നുക്കൽ വിശ്വസിക്കാൻ തോമസ് കൂട്ടാക്കിയില്ല. പത്ത് ദിവസത്തിന് ശേഷം ക്രിസ്തു അയാൾക്ക് മുന്നിലും എത്തി. നേരിട്ട് കണ്ടിട്ടും തോമസ് കുലുങ്ങിയില്ല. ക്രിസ്തു മരിക്കുന്നതിന് മുൻപ് ക്രൂശിലേറ്റിയപ്പോൾ തറച്ച ആണികളുടെ പാടുകൾ കാണണം. കണ്ടാൽ മാത്രം പോരാ. ക്രിസ്തുവിന്റെ പള്ളയിലുണ്ടായ മുറിവിലേക്ക് തന്റെ വിരൽ കടത്തി പരിശോധിച്ച ശേഷമേ തോമസിന്റെ സംശയം മാറിയുള്ളു. 16-ആം നൂറ്റാണ്ടിലെ പ്രതിഭാധനനായ കരവാജ്ജ്യോ എന്ന ചിത്രകാരന്റെ **’The incredulity of St Thomas’ **എന്ന മനോഹരചിത്രം ബൈബിളിലെ ഈ സന്ദർഭത്തെയാണ് ചിത്രീകരിക്കുന്നത്.
സംശയം ചിലപ്പോൾ ഒരു രോഗത്തോളം ചെന്നിത്തിയേക്കാം. നിഷ്കളങ്കരായ സുഹൃത്തുക്കളെയോ പങ്കാളികളെയോ നിരന്തരം സംശയിച്ച് ജീവിക്കുന്ന മനോരോഗങ്ങളുണ്ട്. എന്നാൽ, രോഗാവസ്ഥയോളം തീഷ്ണമല്ലാത്ത സംശയം ബൗദ്ധികതയുടെയും സർഗ്ഗാത്മകതയുടെയും അടയാളവുമാണ്. ഭൂമിക്കു ചുറ്റും സൂര്യൻ തിരിയുന്നുവെന്ന് ലോകം മുഴുവൻ കരുതിയെങ്കിലും ഈ ഉത്തരത്തെ സംശയത്തോടെ പരിശോധിച്ചവരുണ്ട്.
16-ആം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന സയൻസ് ചിന്തകനായിരുന്ന ഗലീലിയോ ഇങ്ങനെയുള്ളവരിൽപ്പെടുന്നു. സൂര്യൻ ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ടോ എന്ന് ഗലീലിയോ സംശയിച്ചു. പകരം നൂറു വർഷം മുൻപ് കോപ്പർനിക്കസ് എഴുതിയത് പോലെ കേന്ദ്രത്തിൽ നിൽക്കുന്ന സൂര്യനെ ഭൂമിയാണ് വലം വയ്ക്കുന്നത് എന്ന ചിന്തയാണ് ഗലീലിയോ അംഗീകരിക്കുന്നത്. സൂര്യകേന്ദ്രീകൃതമായ ആശയം പ്രചരിപ്പിച്ചത് അന്നത്തെ ചർച്ച് അധികൃതരെ ചൊടിപ്പിച്ചു. അവരെ സംബന്ധിച്ചിടത്തോളം മനുഷ്യർക്ക് വേണ്ടിയാണ് പ്രപഞ്ച നിർമ്മിതി. അതിനാൽ മനുഷ്യൻ ജീവിക്കുന്ന ഭൂമിക്ക് ചുറ്റും ഭൂമിക്ക് വേണ്ടി കറങ്ങുവാൻ നിർമ്മിക്കപ്പെട്ടവയാണ് എല്ലാം. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഈ പ്രപഞ്ചസത്യത്തെയാണ് ഗലീലിയോ സംശയിക്കുന്നത്. ഗലീലിയോയ്ക്ക് അജീവനാന്തം വരെ വീട്ടുതടങ്കൽ ശിക്ഷ അനുഭവിക്കേണ്ടതായി വന്നു.
ചിത്രകാരനായ കരവാജ്ജ്യോയുടെ സമകാലീനനായിരുന്നു ഗലീലിയോ. രണ്ടു പേരും ഇറ്റലിക്കാർ. ഒരാൾ കലയിലും മറ്റേയാൾ സയൻസിലും അക്കാലത്ത് തന്നെ പ്രശസ്തി നേടിയവർ. സാധാരണക്കാരിൽ നിന്നും വ്യത്യസ്തമായുള്ള സർഗ്ഗാത്മകതയും ബുദ്ധിവൈഭവവും ഇവർ പ്രകാശിപ്പിക്കുന്നു. മനോഹരമായ ചിത്രങ്ങളും ശില്പങ്ങളും നിർമ്മിക്കുന്ന കലാകാരർ, എഴുത്തുകാർ, കവികൾ, പാട്ടുകാർ, ശാസ്ത്രജ്ഞർ എന്നിങ്ങനെയുള്ളവരുടെ സർഗ്ഗശേഷിക്ക് കാരണം ലഹരിപദാർത്ഥങ്ങളാണെന്ന് പരക്കെ ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ഇത് എത്രത്തോളം ശരിയാണ്? മദ്യമോ മയക്കുമരുന്നുകളോ ഇങ്ങനെയുള്ളവരുടെ ചിന്തകൾക്ക് പ്രേരണയായിത്തീരുന്നുണ്ടോ?
കരവാജ്ജ്യോ വേറിട്ട രീതിയിൽ ജീവിതം നയിച്ചിരുന്ന കലാകാരനായിരുന്നു. നിരവധി കുറ്റകൃത്യങ്ങളിൽ അദ്ദേഹത്തെ സംശയിച്ചിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ രചനകളാകട്ടെ അത്യാകർഷകവും വളരെ മൗലികവും ആയിരുന്നു. ഗ്രീക്ക് പുരാണിങ്ങളിൽ വൈനിന്റെ ദേവനായി കണക്കാക്കപ്പെടൂന്ന ‘ബാക്കസ്’ ന്റെ വ്യത്യസ്തവും മനോഹരവുമായ രണ്ട് ചിത്രങ്ങൾ കരവാജ്ജ്യോ വരച്ചിട്ടുണ്ട്. വൈനിനെ ആരാധിക്കുന്നതോടൊപ്പം തന്നെ വൈനിനോടുള്ള ആസക്തി സൃഷ്ടിക്കുന്ന പ്രയാസങ്ങളെയും ഈ രണ്ടു ചിത്രങ്ങളിലും കരവാജ്ജ്യോ പ്രതിഫലിപ്പിക്കുന്നുണ്ട്. പിൽക്കാല ചിത്രകാർമാർ മദ്യത്തോടുള്ള സ്നേഹത്തിനപ്പുറത്തേക്ക് അവ സർഗ്ഗാത്മകതയെ പോഷിപ്പിക്കുന്നതിനായിത്തന്നെ പരീക്ഷിക്കാറുണ്ടായിരുന്നു.
20- ആം നൂറ്റാണ്ടിൽ സാല്വദോർ ദാലി ഉൾപ്പെടെയുള്ള ഒട്ടനവധി സറിയിലിസ്റ്റ് ചിത്രകാരർ വിശ്വസിച്ചിരുന്നത് സ്വപ്നാടനങ്ങളിലെ അനുഭവങ്ങളാണ് ഭാവനയുടെ പാരമ്യം എന്നാണ്. മനുഷ്യന് ഏറ്റവും അയഥാർത്ഥവും ആവിഷ്കാരപരവും ആയ സൃഷ്ടികളുടെ അടിസ്ഥാനം സ്വപ്നാനുഭങ്ങളത്രേ. സ്വപ്നങ്ങളെക്കുറിച്ച് അക്കാലത്തെ പ്രശസ്ത സൈക്കോളസ്റ്റ് സിഗ്‌മണ്ട് ഫ്രോയിഡിന്റെ നിരീക്ഷണങ്ങളായിരുന്നു ഇതിന്റെ മുഖ്യപ്രേരണകളിൽ ഒന്ന്. കൃത്രിമായി ഉറക്കം സൃഷ്ടിച്ചും ഉറക്കത്തിൽ നിന്ന് പൊടുന്നനെ ഉണർത്തുന്ന വിദ്യകൾ പരിശീലിച്ചും കലാകാരർ സ്വപ്നാനുഭവങ്ങളെ ദൃശ്യവൽക്കരിക്കാൻ ശ്രമിച്ചിരുന്നു. ഇതിനോടൊപ്പം മിതമായ അളവിൽ മദ്യവും വീഞ്ഞും കൂടി പരീക്ഷിച്ചിരുന്നു. ബോധമണ്ഡലത്തിലല്ല, അബോധമണ്ഡലത്തിലാണ് ഭാവനാലോകം ഉണ്ടാകുന്നതെന്നും അബോധമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴികൾ ഉറക്കവും ലഹരിയുമാണെന്നും മനസ്സിലാക്കിയായൈരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ആൻഡി വാർഹോൾ (Andy Warhol), പാബ്ലോ പികാസ്സൊ ( Pablo Picasso), എഡ്‌വർഡ് മാനെ (Edouard Manet) , ബാസ്കിയാ(Jean-Michel Basquiat), ഡാമിയൻ ഹേസ്റ്റ് (Damien Hirst) തുടങ്ങിയ പല കലാകാരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരോ പരീക്ഷിച്ചവരോ ആയിരുന്നു. അവരുടെ തന്നെ നിരീക്ഷണങ്ങളിൽ ഇവയുടെ നിരന്തര ഉപയോഗം ധിഷണയെയും മനോനിലയെയും ജീവിതത്തെത്തന്നെയും അസ്ഥിരപ്പെടുത്തുന്നതാണ് എന്നായിരുന്നു. കരവാജ്ജ്യോയ്ക്ക് പല തവണ ലഹരിയിൽ നിന്നുള്ള മുക്തിയ്ക്കായി ആശുപത്രികളിൽ അഭയം തേടിയിട്ടുമുണ്ട്.
മദ്യവും വീഞ്ഞും എല്ലാ ലഹരിവസ്തുക്കളും മനുഷ്യമസ്തിഷ്കത്തിൽ ഒരേ തരത്തിലല്ല പ്രവർത്തിക്കുന്നത്. മദ്യവും വീഞ്ഞും അടിസ്ഥാനപരമായി നാഡിവ്യവസ്ഥയെ തളർത്തുകയാണ് ചെയ്യുന്നത്. മദ്യലഹരിയുടെ ആദ്യത്തെ ക്ഷിപ്ര ഇടവേളയിൽ മാത്രമാണ് താരതയേന ഉണ്ടാകുന്ന ഉന്മാദാവസ്ഥ ലഭിക്കുന്നത്. അത് പൊടുന്നനെ നിലയ്ക്കുകയും സംസാരശേഷി, ചിന്ത, വിവേചന ശേഷി, പ്രതിപ്രവർത്തന ശേഷി, പേശീപ്രവർത്തനം, ശാരീരിക നിയന്ത്രണം തുടങ്ങി മാനസികവും ശാരീരികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷിക്കുറവ് സംഭവിക്കുകയാണ് ചെയ്യുന്നത്. മദ്യലഹരിയിലെ Booze എന്ന അവസ്ഥയിൽ ബോധമില്ലാതാകുന്നതും പൊടുന്നനെ ഉറങ്ങുന്നതുമെല്ലാം നാഡീവ്യൂഹം തളരുന്നത് കൊണ്ടാണ് സംഭവിക്കുന്നത്.
ഉത്തേജക ലഹരിവസ്തുക്കൾ ഇന്ന് വളരെ വ്യാപകമായി അമിതോപയോഗം നടത്തുന്ന MDMA, Coccaine, Cannabis തുടങ്ങിയ ലഹരി വസ്തുക്കൾ മദ്യത്തിന്റെ രീതിയിലല്ല മസ്തിഷ്കത്തിൽ പ്രവർത്തിക്കുന്നത്. അവ പല നാഡീവ്യൂഹങ്ങളേയും ഉത്തേജിപ്പിക്കുന്നു. ബോധാവസ്തയിലെ തെളിഞ്ഞ ചിന്തകളിൽ നിന്നും വിഭിന്നമായി അയഥാർത്ഥമായതും മങ്ങിയതുമായ നിലയിൽ ചിന്തകൾ മാറുന്നു. മസ്തിഷ്കത്തിലെ വിവേചന ശേഷി നഷ്ടപ്പെടുന്നു. ലൗകിക ബന്ധങ്ങളിൽ നിന്നും വിച്ഛേദിക്കപ്പെട്ട് ഉണ്ടാകുന്ന ഒരു മാനസിക അവസ്ഥ ഇത്തരം ലഹരിവസ്തുക്കളിൽ നിന്നും ഉണ്ടായേക്കാം. എന്നാൽ അത് സർഗ്ഗാത്മകതയുടെ ഭാവനാലോകവുമായി ബന്ധപ്പെടുത്താവുന്ന ഒന്നല്ല. കാരണം സർഗ്ഗാത്മകത എന്നത് വളരെ യുക്തിസഹമായ ചിന്തകളുമായി സംവദിച്ച് രൂപപ്പെടുന്ന മൗലികവും നവീനവുമായ ലോകമാണ്. അത് നിരർത്ഥകമായ ഒന്നല്ല. സർഗ്ഗാത്മകതയിലൂറ്റെ രൂപപ്പെടുന്ന അമൂർത്തമായ ആശയങ്ങൾക്ക് പിന്നിൽ പോലും മൂർത്തമായ യുക്തിഭദ്രതയുടെ കെട്ടുറപ്പും വിവേകപൂർണ്ണമായ തീരുമാനമെടുക്കലിന്റെ സ്ഫുരണങ്ങളും കാണാം. അത്, നിലവിലെ ലൗകികപ്രപഞ്ചത്തെ നിരസിക്കുന്നുണ്ടാവാം, നിയതമായ ഘടനകളെ വെല്ലുവിളിക്കുന്നുണ്ടാവാം, അവ അസംഘടിതമോ, അയുക്തിക അവതരണമോ ആയിരിക്കാം. പക്ഷേ അത്തരമൊരു കലാസൃഷ്ടി രൂപീകരിക്കുന്നതിന് പിന്നിലുള്ളത് ജീവിതാനുഭവങ്ങളും, ലോകത്തെക്കുറിച്ചും കലയെക്കുറിച്ചും ബോധപൂർവം രൂപപ്പെടുത്തുന്ന ചിന്തകളും തന്നെയാണ്.
ഇത്തരം ലഹരിവസ്തുക്കളെല്ലാം നൽകുന്നത് സർഗ്ഗാത്മകശേഷിയല്ല. മറിച്ച്, ഇവ താൽകാലികമായി നൽകുന്ന ആനന്ദമാണ്. അവരവർ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വിസ്മരിക്കൽ, നിയമങ്ങളുടെയും ശാസനകളുടെയും സമ്മർദ്ദത്തിൽ നിന്നുള്ള മുക്തി എന്നിവ മൂലം ഉണ്ടാകുന്ന ആനന്ദമാണത്. ഇത്തരം ആകുല ചിന്തകളുടെ ഭാരം ലഘൂകരിക്കപ്പെടുന്നു. ഇങ്ങനെ മാനസികമായി ഉണ്ടാകുന്ന ഒരു അയഥാർത്ഥലോകം, യഥാർത്ഥ ലോകത്തിലെ മനുഷ്യന്റെ സ്വപനങ്ങളിൽ ഒന്നാണ്. കഠിനാധ്വാനത്തിലൂടെ മാത്രം യഥാർത്ഥ ലോകത്ത് ലഭിക്കുന്ന ഈ ആനന്ദം അനായാസമായി ഇത്തരം ലഹരിപദാർത്ഥങ്ങളിലൂടെ ലഭിക്കുന്നു. അത് വീണ്ടും വീണ്ടും ലഭിക്കുവാൻ മസ്തിഷ്കം നിർബന്ധിക്കുന്നു. അവർ ലഹരിവസ്തുക്കൾ വീണ്ടും വീണ്ടും നൽകി മസ്തിഷ്കത്തെ പ്രീതിപ്പെടുത്തുന്നു. ഈ ആസക്തി ഒരു ഉൾച്ചുഴിയായി മാറുന്നതോടെ മനുഷ്യർ ലഹരിവസ്തുക്കളുടെ അടിമയായിത്തീരുന്നു. കലാകാരും ചിതകരും മാത്രമല്ല, എല്ലാ മനുഷ്യരും ജീവിതത്തിലെ കാഠിന്യങ്ങളിലെ പിരിമുറുക്കം കുറയ്ക്കുവാൻ മദ്യവും വീഞ്ഞും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളെ ആശ്രയിക്കാറുണ്ട്. എന്നാൽ, ആസക്തിയുടെ ദോഷഫലങ്ങൾ കൂടാതെ ലഹരിവസ്തുക്കളുടെ അമിതോപയോഗം ഒരാളുടെ അടിസ്ഥാന ജീവനും ജീവിതത്തിനും തന്നെ വിനാശകരമായിത്തീരും.
മനുഷ്യരുടെയും അവരുടെ പൂർവികരുടേയും ലക്ഷക്കണക്കിന് വർഷങ്ങളുടെ ജീവിതത്തിൽ അതിവനത്തിനായി പുതിയ ആശയങ്ങൾ രൂപപ്പെടുന്ന രീതിയിൽ നിന്നുമായിരിക്കാം സർഗ്ഗാത്മക ശേഷി ഉരുത്തിരിയുന്നത്. അതിജീവിക്കുന്നതിനും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായും ഉണ്ടായ ചിന്താശേഷി കാലക്രമേണ നവീനവും മൗലികവുമായ സർഗ്ഗചിന്തകൾക്ക് കൂടി കാരണമായതാവാം. ഏതായാലും സർഗ്ഗശേഷി എന്നത് പുതിയതും അർത്ഥവത്തായതുമായ ഉല്പാദനമാണ്. അത് വസ്തുക്കളാകാം, ആശയമാകാം, തത്വചിന്തയാകാം, സായസിക പ്രമാണമാകാം, കലയാകാം. ഏതായാലും അത് നവീനവും മനുഷ്യരെ പ്രചോദിപ്പിക്കുന്നതുമായിരിക്കും.
സർഗ്ഗാത്മകത അത്ഭുതകരമായ മസ്തിഷ്കപ്രവർത്തനമാണ്. സർഗ്ഗാത്മകതയുടെ അടിസ്ഥാനം സംശയമെന്ന മനുഷ്യന്റെ സവിശേഷ ചിന്തയാണ്. മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവികൾക്കും ജീവിതാവസ്ഥകളിൽ സംശയിക്കാറുണ്ട്. പൊടുന്നനെ ഒരു ശബ്ദം ഉണ്ടായാൽ മിക്ക ജീവികളും സംശയത്തോടെ തങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ മാറ്റം വരുത്തും. അവ സംശയത്തോടെ കുറച്ച് നേരമെങ്കിലും കാത്തിരിക്കും. അവയ്ക്ക് പക്ഷേ പല സംശയങ്ങളെയും വ്യവസ്ഥയോടെ സമീപിച്ച് ഉത്തരം കണ്ടെത്തുവാനുള്ള മസ്തിഷ്കശേഷിയില്ല. മനുഷ്യർ അങ്ങനെയല്ല.
മനുഷ്യർ ഉത്തരം കണ്ടെത്തുന്നു. ചിലർ തൃപ്തിപ്പെടാതെ ഉത്തരത്തെയും സംശയിക്കുന്നു. വിഭിന്നമായ ഉത്തരങ്ങൾ അന്വേഷിക്കുന്നു. ഇങ്ങനെ അതൃപ്തിയിൽ നിന്നുണ്ടാകുന്ന അന്വേഷണങ്ങളാണ് സയൻസും കലയും ചെയ്യുന്നത്. യുക്തിസഹമായ സംശയം നിലനിൽക്കുക എന്നത് ഇത്തരം ചിന്തകൾക്കുണ്ടാവേണ്ട ആത്യന്തിക സ്രോതസ്സാണ്. അബോധമായ മനസ്സിൽ നിന്നും യുക്തിസഹമായ കണക്കുകൂട്ടലുകളും ഉത്തരങ്ങളും പ്രതീക്ഷിക്കാനാവില്ല. ബോധപൂർവമായ തെളിഞ്ഞ മസ്തിഷ്കാവസ്ഥയാണ് സർഗ്ഗാത്മക്തയ്ക്ക് അനിവാര്യമായിട്ടുള്ളത്.
കരവാജ്ജ്യോ വർച്ച ‘’The incredulity of Thomas’ എന്ന ചിത്രം തോമസിന്റെ യുക്തിസഹമായ സംശയത്തെ അടയാളപ്പെടുന്ന ചിത്രമാണ്. ഈ ചിത്രരചനയിലൂടെ തോമസ്സിന്റെ അവാജ്യമായ സംശയം വാസ്തവത്തിൽ കരവാജ്ജ്യോയും ആവർത്തിക്കുകയാണ് ചെയ്യുന്നത്. തന്റെ സംശയം വിളിച്ചുപറയുന്നത് അപകടകരമാണെന്ന് കരവാജ്ജ്യോയ്ക്ക് നന്നായറിയാം. ഗലീലിയോ ചർച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പ്രപഞ്ച സത്യം പറഞ്ഞതിനാൽ തടങ്കലിൽ പോകേണ്ടിവന്ന അതേ കാലഘട്ടത്തിലാണ് കരവാജ്ജ്യോയും ജീവിച്ചിരിക്കുന്നത്. ബൈബിളിൽ തന്നെയുള്ള ഒരു സന്ദർഭത്തെത്തന്നെ ചിത്രീകരിക്കുന്ന ഡിസെപ്ഷനാണ് ഇതിന് പരിഹാരമായി കരവാജ്ജ്യോ കണ്ടേത്തിയത്. കലയിലെ സർഗ്ഗാത്മതയിൽ മിക്കയിടങ്ങളിലും കലാകാരർ ആശയപരമായ ഈ ഒളിച്ചുകടത്തലുകൾ നിർവഹിക്കുന്നത് കാണാം. തന്റെ സമൂഹപരിസരെത്തെക്കുറിച്ചുള്ള വ്യക്തമായ അറിവും ചോദ്യം ആവർത്തുന്നതിലുള്ള ധിഷണയും അബോധമനസ്സിൽ ഉണ്ടാകുന്ന ‘അനിയന്ത്രിത ഭാവനയുടെ’ സ്ഫുരണങ്ങളല്ല. അവ തെളിഞ്ഞ മനസ്സിൽ ഉരുത്തിരിഞ്ഞ്, തെളിഞ്ഞ ബോധത്തിൽ പ്രാവർത്തികമാക്കിയ കലാപ്രവർത്തനമാണ്. ചിത്രത്തിനുള്ളിൽ കാണുന്ന വരയുടെ സ്ഥിരതയും ശേഷിയുമെല്ലാം തെളിഞ്ഞ ബോധാവസ്ഥയിൽ വിവേകപൂർണ്ണമായ ചിന്തയിൽ നിന്നും കൃത്യമായ ലക്ഷ്യത്തോടെ പൂർത്തീകരിച്ചതാണിതെന്ന് വ്യക്തമാക്കുന്നു. അതേ സമയം മദ്യലഹരിയും സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ പട്ടികയിലും കരവാജ്ജ്യോ അഭിരമിക്കുകയും ചെയ്തിരുന്നു. ഒരേ വ്യക്തിയിലുള്ള ഈ പ്രവർത്തികൾക്ക് പരസ്പരം കാര്യകാരണ ബന്ധമുണ്ടെന്ന് സമൂഹം തെറ്റിദ്ധരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ലഹരിവസ്തുക്കൾ സർഗ്ഗാത്മകതയ്ക്ക് കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ച് നിരവധി സായൻസിക പഠനങ്ങൾ നടത്തിയിട്ടുണ്ട്. നെതെർലാൻഡ്സിലെ Leiden University Institute of Psychology വിഭിന്നമായ ചിന്തകൾ ഉണ്ടാക്കുന്നതിന് cannabis ന് കഴിയുമോ എന്ന ഒരു പഠനം നടത്തുകയുണ്ടായി. ചെറിയ അളവുകളിൽ യാതൊരു ചിന്താശേഷിയും ഉണ്ടാക്കുന്നില്ലായെന്നു, കൂടിയ അളവുകളിൽ lateral/ divergent thinking കുറയുന്നു എന്നുമാണ് കണ്ടെത്തിയത്.
LSD യെക്കുറിച്ച് Okinawa Institute of Science and Technology Graduate University in Okinawa, Japan ൽ നടത്തിയ പഠനത്തിൽ ‘the ability to apply the sensory perceptions to create something original is impaired’ എന്നാണ് കണ്ടെത്തിയത്.
കലാകാരിലും സമാനപഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഹംഗറിയിലെ Eötvös Loránd University യിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 72 കലാകാർമാരെ പഠനങ്ങളിൽ വിധേയമാക്കിയിരുന്നു. സർഗ്ഗപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് ലഹരിവസ്തുക്കളെ ആശ്രയിക്കേണ്ടി വരുന്നുണ്ട് എന്നാണ് മിക്ക കലാകാരും നൽകിയ വിശദീകരണം.
ലഹരിവസ്തുക്കൾ നൽകുന്ന അബോധമണ്ഡലത്തിൽ പ്രവേശിക്കുന്നത് മൂലം ഒരാൾക്ക് അതുല്യമായ സർഗ്ഗാത്മക ശേഷി ലഭിക്കുമെന്നാണ് പ്രചരിപ്പിക്കപ്പെടൂന്നത്. ഇത് പൂർണ്ണമായി ശരിവയ്ക്കുന്ന തെളിവുകൾ ഇതുവരേയും ലഭ്യമല്ല. ലഹരിവസ്തുക്കളും സർഗ്ഗാത്മതയും തമ്മിൽ നേരിട്ടുള്ള ബന്ധം ഇല്ലെന്നുള്ള സൂചനകളാണ് മിക്ക പഠനങ്ങളിൽ നിന്നും ലഭിക്കുന്നത്. മദ്യം പോലുള്ള ലഹരിവസ്തുക്കൾ സമൂഹത്തിലെ വലിയൊരു വിഭാഗം ഉപയോഗിക്കുന്ന ഒന്നാണ്. ഈ വർഷം ഓണദിവസം നടന്ന മദ്യക്കച്ചവടം നോക്കിയാൽത്തന്നെ ഇത് ബോധ്യമാകും. നൂറ്റി പത്തിനേഴ് കോടിയോളം രൂപയ്ക്കാണ് ഓണദിവസം മദ്യം വിറ്റഴിച്ചത്. ഇത്രയധികം മദ്യ ഉപഭോഗമുണ്ടെങ്കിലും അവരിൽ എത്ര പേരാണ് സർഗ്ഗപ്രകിയ പ്രകടിപ്പിക്കുന്നത്? വളരെ വളരെ കുറവ് എന്ന് നിസ്സംശയം പറയാം. മറ്റ് ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നവരുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ലഹരിവസ്തുക്കൾ സർഗ്ഗാത്മക്തയെ പ്രചോദിപ്പിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് യുവജനങ്ങളേയും കൗമാരപ്രായക്കേരെയും ആകർഷിക്കുന്നതായാണ് ഇപ്പോഴുള്ള ലഹരി ഉപഭോഗത്തെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അജിത് കുമാർ ജി
ajitkumarg
Proudly powered by WordPress