സ്വപ്നങ്ങളും രസതന്ത്രുക്കളും

`ആരാണ് വൈറ്റ് ഹൗസിൽ മരിച്ചത്? മുഖം വ്യക്തമല്ലാതെ മരിച്ചു കിടക്കുന്നയാളെ ചൂണ്ടി അടുത്ത് നിന്ന പട്ടാളക്കാരനോട് പ്രസിഡന്റ് എബ്രഹാം ലിങ്കൺ ആകാംക്ഷയോടെ ചോദിച്ചു. `പ്രസിഡന്റ്’, പട്ടാളക്കാരൻ മറുപടി പറഞ്ഞു,`ഒരു കൊലയാളിയാൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു’. ചുറ്റും കൂടി നിന്ന അജ്ഞാതരായ കാണികളിൽ നിന്നും ഒരു കൂട്ട നിലവിളി ഉയർന്നു. ലിങ്കൺ ഉറക്കത്തിൽ നിന്നും  സംഭ്രമത്തോടെ ചാടി എണീറ്റു.1865 ഏപ്രിൽ 14 ന് നാടകശാലയിൽ വച്ച് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ലിങ്കൺ അനുഭവിച്ചതായി പ്രചരിപ്പിക്കപ്പെട്ട ഒരു സ്വപ്നമാണ് ഇത്. അദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായിരുന്ന Ward Hill Lamon വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കഥ വെളിപ്പെടുത്തുന്നത്. സ്വപ്നങ്ങൾക്ക് പ്രവചനശേഷി ഉണ്ടെന്ന വാദമുഖക്കാർക്ക് ഇന്നും ലിങ്കന്റെ കഥ ഒരു ആധികാരികതയാണ്. 

ക്ഷണികമായ സ്വപ്നാനുഭവങ്ങളിൽ വിസ്മയപ്പെടുന്നതിന് മനുഷ്യവംശത്തിന്റെ ഉരുത്തിരിയലോളം തന്നെ പഴക്കമുണ്ടാകണം. ഏതോ അഭൗമശക്തിയുടെ ദിവ്യമായ സന്ദേശങ്ങളല്ലാതെ മറ്റൊന്നുമാകാനിടയില്ല ചിന്തയ്കും നിയന്ത്രണത്തിനും പിടിതരാത്ത സ്വപ്നങ്ങൾ. പിൽക്കാലത്ത് അപ്പോളോ ദേവന്റെ പുത്രനും രോഗവിമുക്തിയുടെ ദേവനുമായ എസ് ക്ലേപ്പിയസ് ചികിൽസിക്കാനെത്തുന്നതും സ്വപ്നങ്ങളിലൂടെയായിരുന്നു. പുരാതന ഗ്രീസിലെ Epidaurus ലേതു പോലുള്ള ആരാധനാലയങ്ങളിലേയ്ക് ദേശാടനം ചെയ്തെത്തുന്ന രോഗികൾ അതിന്റെ വിശാലമായ നടുത്തളങ്ങളിൽ സ്വപ്നസായൂജ്യം കാത്ത് രാത്രികളോളം കഴിച്ചുകൂട്ടും. സ്വപ്നധ്യാനകേന്ദ്രങ്ങൾ അസ്തമിച്ചെങ്കിലും സൈക്കോതെറാപ്പി, ഹിപ്നോസിസ് തുടങ്ങിയ ഒട്ടനവധി ഉപശാഖകളിലൂടെ ഇവയുടെ ശേഷിപ്പുകൾ കഴിഞ്ഞ നൂറ്റാണ്ട് വരെയും തുടർന്നിരുന്നു. സിഗ്മണ്ട് ഫ്രോയിഡ് I900 ൽ പ്രസിദ്ധീകരിച്ച `സ്വപ്നങ്ങളുടെ അപഗ്രഥനം’ (Interpretation of dreams) ഇവയ്ക് വലിയ പ്രചോദനമായിത്തീർന്ന ഒന്നാണ്. തന്റെ മുൻപിൽ എത്തിയിരുന്ന രോഗികളുടെ വിവരണങ്ങളിൽ (Case studies) അവരുടെ സ്വപ്നാടനങ്ങളെക്കൂടാതെ ഫ്രോയിഡ് തന്റെ തന്നെ സ്വപ്നങ്ങളേയും ഒരു അർദ്ധ- ജീവചരിത്രം പോലെ രേഖപ്പെടുത്തിയിരിക്കുന്നു. 

സ്വപ്നങ്ങളുടെ അപഗ്രഥനം

എല്ലാ സ്വപ്നങ്ങളിലും സ്വപ്നാടകൻ തന്നെയാവും മുഖ്യവേഷത്തിൽ. അസംബന്ധവും യാദൃശ്ചികവും എന്ന് തോന്നാമെങ്കിലും സ്വപ്നങ്ങളിലെ വിഭിന്നരായ കഥാപാത്രങ്ങളേയും സംഭവങ്ങളേയും അനുഭൂതികളെയും ഒന്നിച്ച് ചേർക്കാവുന്ന ഒരു കഥാതന്തുവിന്റെ അദൃശ്യസാന്നിധ്യമുണ്ടെന്ന് ഫ്രോയിഡ് അനുമാനിക്കുന്നു. കുട്ടിക്കാലം മുതൽ അബോധമായി ഉറയുന്ന ആഗ്രഹങ്ങളുടെ ആഗ്രഹങ്ങളുടെ സഫലീകരണത്തെ (wish fulfillments) അവ ലക്ഷ്യമിടുന്നു. തീരെ ചെറുപ്പത്തിൽ ഫ്രോയിഡ് കിടക്കയിൽ മൂത്രമൊഴിച്ചതിനെ അദ്ദേഹത്തിന്റെ കർശക്കാരനായ പിതാവ് ഒരിക്കൽ ശാസിയ്കുകയുണ്ടായി. “Nothing will come of the boy.” എന്നാണ് പിതാവ് ഫ്രോയിഡിനെ ആക്ഷേപിച്ചത്. വലിയ സങ്കടമായിരുന്നു അന്ന് ഫ്രോയിഡിന്. പിന്നീട് മുതിർന്നപ്പോൾ ഫ്രോയിഡ് കണ്ട ഒരു സ്വപ്നരംഗം അദ്ദേഹത്തിന്റെ പിതാവ് മൂത്രം ഒഴിക്കുന്നതായിരുന്നു. പണ്ട് തന്നെ ശാസിച്ചതിലുള്ള മറുപടി ആയി ആഗ്രഹസഫലീകരണം (“You see, something did become of me.”) നടത്തുകയായിരുന്നുവെന്നാണ് ഈ സ്വപ്നത്തെ ഫ്രോയിഡ് വിലയിരുത്തിയത്.

മനോരോഗങ്ങളും മറ്റൊന്നല്ല. അമർത്തിയൊതുക്കപ്പെട്ട (repressed) ലൈംഗികാഭിനിവേശങ്ങളാണ് മനോവിഭ്രാന്തിയിലേക്കും (psychosis) നയിക്കുന്നത്. വിവാദപരമായ `ഈഡിപ്പസ് കോപ്ല്ക്സ് (Oedipus Complex)’ ആദ്യമായി പ്രതിപാദിക്കുന്നതും `സ്വപ്നങ്ങളുടെ അപഗ്രഥന’ത്തിലാണ്. കുട്ടിക്കാലത്ത് മാതാപിതാക്കളിൽ ഏതെങ്കിലും ഒരാളോട് ഉണ്ടാകുന്ന പ്രത്യേകമായ താല്പര്യമോ അനിഷ്ടമോ ആണ് ലൈംഗിക തെരഞ്ഞെടുക്കലുകളെ നിയന്ത്രിക്കുന്നത്. സോഫക്ലീസിന്റെ കഥാപാത്രമായ ഈഡിപ്പസ് ഒരു മുൻ വെളിപാടിന്റെ അടിസ്ഥാനത്തിൽ സ്വന്തം പിതാവിനെ കൊല്ലുകയും അമ്മയെത്തന്നെ പ്രാപിക്കുകയും ചെയ്യുന്ന പുരാതന ഗ്രീക്ക് നാടകത്തെ ഫ്രോയിഡ് തന്റെ സിദ്ധാന്തത്തിൽ ഓർമ്മപ്പെടുത്തുന്നു. എന്നാൽ ഇതിനായി പ്രായോഗികമായ സിദ്ധാന്തങ്ങൾ നിർമ്മിക്കുകയോ തെളിവുകൾ ശേഖരിക്കുകയോ താരതമ്യ പഠനങ്ങളെ ആശ്രയിക്കുകയോ പരീക്ഷണങ്ങൾ നടത്തുകയോ വേണ്ട ശാസ്ത്രീയ രീതി ഫ്രോയിഡ് കൈവിടുന്നു. സങ്കീർണ്ണമായ മസ്തിഷ്കത്തെക്കുറിച്ചുള്ള ചുരുങ്ങിയ വിവരങ്ങൾ മാത്രം ലഭ്യമായിരുന്നതിന്റെ പരിമിതികൾ കൂടി ഇതിന് കാരണമായിരിക്കണം.

പുരാതന ഇൻഡ്യയിലെ മാണ്ഡൂക്യ ഉപനിഷത്ത് സ്വപ്നങ്ങളെ സ്വപ്നത്തെ ആത്മബോധത്തിന്റെ ഒരു ഭാഗമായി കരുതുന്നു. ഒരു വ്യക്തിയുടെ ആത്മരൂപത്തിന് നാല് ഭാവങ്ങളുണ്ട്. ഏഴ് കൈകാലുകളും പത്തൊൻപത് വായ് കളുമുള്ള പുറം ലോകം അസ്വദിക്കുന്ന ഉണർന്നിരിക്കുന്ന ജാഗ്രതാ ബോധം (Consciousnesss) വൈശ്വനര, അടുത്ത ഭാഗം ഉള്ളിലേക്ക്, തന്നിലേയ്ക് തിരിഞ്ഞിരിക്കുന്ന അബോധ സ്വപ്നാവസ്ഥയായ തേജസ്. അടുത്തത് ബോധരഹിത ഗാഢനിദ്രാവസ്ഥയായ സുഷുപ്തിയാണ്, പ്രജ്ഞ. നാലാമത്തെ നാലിലൊന്ന് അബോധ- ബോധങ്ങൾക്കും അതീതമായ അദൃശ്യവും അസ്പർശ്യവും വിശകലനം ചെയ്യാനാവാത്തതുമായ സ്വത്വബോധമാണ്, ആത്മ. അനുഭവവേദ്യമായ എല്ലാ രൂപങ്ങൾക്കും അതീതമായ ഈ സ്വത്വത്തെ അറിയുകയാണ് പരമമായ അവസ്ഥ എന്നതാണ് ഉപനിഷത്ത് സങ്കല്പം. 

സിഗ്മണ്ട് ഫ്രോയിഡിന്റെ നിരീക്ഷണത്തിലും ഉപനിഷത്തിലെ വ്യാഖ്യാനങ്ങളിലും അബോധമായ അവസ്ഥയായ സ്വപ്നങ്ങളിൽ കേന്ദ്രബിംബമായി സ്വത്വബോധത്തെയാണ് സ്വീകരിക്കുന്നത്. എബ്രഹാം ലിങ്കൺ തന്റെ സ്വപ്നത്തിൽ സന്ദർശിക്കുന്നതും മരിച്ചുകിടക്കുന്ന തന്നെത്തന്നെയാണ്. സ്വപ്നവും സ്വത്വബോധവും തമ്മിലുള്ള ഇഴചേർന്ന് കിടക്കുന്ന ബന്ധം ആധുനിക ശാസ്ത്രവും അന്വേഷിക്കുന്നുണ്ട്. ഇന്ദ്രിയാതീതമായത് എന്നതിന് വിരുദ്ധമായി, ഇന്ദ്രിയസംവേദങ്ങളുടെ ആവിഷ്കാരമായി മസ്തിഷ്കത്തിൽ രൂപപ്പെടുന്ന ബന്ധങ്ങളും പ്രവർത്തനങ്ങളുമാണ് സ്വത്വബോധത്തിന് കാരണമാകുന്നത് എന്നാണ് ആധുനിക ശാസ്ത്രം വിശദീകരിക്കുന്നത്.

ദർപ്പണകോശങ്ങൾ

മസ്തിഷ്കത്തിലെ എല്ലാ ഭാഗങ്ങളുടേയും പ്രവർത്തനം എന്നതിലുപരിയായി ചില പ്രത്യേക ഭാഗങ്ങൾ വ്യക്തിനിർമ്മിതിയിൽ കൂടുതൽ പങ്കെടുക്കുന്നതായി പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ വി എസ് രാമചന്ദ്രൻ വിവരിക്കുന്നു. വ്യത്യസ്തമായ ഇന്ദ്രിയാനുഭവങ്ങളിലൂടെ (sensory experiences) കടന്ന് പോകുമ്പോഴും ഒരു വ്യക്തി എപ്പോഴും അയാൾ തന്നെയാണെന്ന് സ്വയം അറിയുന്നുണ്ട്. മറ്റൊരാൾക്ക് ഒരു മുറിവിലൂടെ ഉണ്ടാകുന്ന വേദനയിൽ സഹാനുഭൂതി സൃഷ്ടിക്കപ്പെടാമെങ്കിലും, വേദന അനുഭവവേദ്യമാകാതിരിക്കുന്നത് അത് തന്റെ ശരീരത്തിലല്ലെന്ന് പെട്ടെന്ന് തന്നെ വേർതിരിക്കുന്നതിലൂടെയാണ്. ഏകതാനത (Unity), നൈരന്തര്യം (Continuity), പ്രതിനിധാനം (Embodiment), സ്വകാര്യത (Privacy), സാമൂഹ്യസംയോജനം (Social embedding), സ്വതന്ത്ര മനോനില (Free will), അഹം ബോധം (Self-awareness ) എന്നിങ്ങനെ ഏഴോളമെങ്കിലും ഘടകങ്ങളുടെ സഞ്ചിതമായ അനുഭവത്തിലൂടെയാണ് സ്വത്വബോധം പൂരിതമാകുന്നത്. ഇവയിൽ ഏതെങ്കിലും ചിലതിന്റെ അഭാവം സ്വത്വബോധത്തെ ഇല്ലാതാക്കണമെന്നില്ല, എന്നാൽ ഭൂരിഭാഗത്തിന്റെയും അഭാവം ഇതിനെ സാരമായി ബാധിച്ചേയ്കും. സ്വത്വബോധം ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യക്തി നിലനിൽക്കുനുണ്ട്. എല്ലാ ജീവികളും അങ്ങനെയാണ്. അത് സ്വയം തിരിച്ചറിയുന്നതിന് മനുഷ്യന് കഴിയുന്നു എന്ന് മാത്രം. അതായത്, മറ്റൊരാളുടെ വീക്ഷണകോണിൽ മാറിനിന്ന് അവനവനെ പരിശോധിക്കുന്നതിന് മനുഷ്യമസ്തിഷ്കത്തിന് കഴിയും. 

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സ്പർശന ഉദ്ദീപനങ്ങൾ, പേശികൾ, സന്ധികൾ തുടങ്ങിയവയിലെ ഉദ്ദിപനങ്ങൾ എന്നിവ ഉപരിമസ്തിഷ്കത്തിലെ Sensory Cortex ലാണ് എത്തിച്ചേരുന്നത്. ഒരു വ്യക്തിയുടെ ബാഹ്യരൂപത്തെക്കുറിച്ചുള്ള ബോധം ഈ ഉദ്ദീപനപ്രസരണത്തിലൂടെ ഒരു മാപ്പ് പോലെ ക്രമപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നു. ഈ രൂപനിർമ്മിതി ഏറെക്കുറെ ജന്മനാ ഉള്ളതായിരിക്കണമെന്നാണ് കരുതപ്പെടുന്നത്. മാപ്പിൽ നിർഭാഗ്യവശാൽ ഉൾപ്പെടാതിരിക്കുന്ന ഭാഗം തന്റേതല്ലെന്ന വിചാരത്തിലെത്തുവാൻ പോലും പ്രേരിപ്പിച്ചേയ്കാം.

മനോരോഗങ്ങൾക്കും നാഡീകോശരോഗങ്ങൾക്കും ഇടയിലെ അപൂർവ രോഗാവസ്ഥകളെ പഠനം നടത്തിയാണ് ഈ ആശയങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. സ്വത്വഘടകങ്ങളിലെ തകരാറുകൾ വളരെ വിചിത്രമായ അനുഭവങ്ങൾ നൽകിയേക്കാം. Apotemnophilia പോലുള്ള അപൂർവരോഗബാധിതർ ആരോഗ്യമുള്ള സ്വന്തം കയ്യോ കാലോ മുറിച്ചു മാറ്റുന്നതിന് പോലും ആവശ്യപ്പെടാറുണ്ട്. കാരണം അവ സ്വന്തം ശരീരഭാഗമാണെന്ന് അവരുടെ മസ്തിഷ്കം തിരിച്ചറിയുന്നില്ല. somatoparaphrenia പോലുള്ള മസ്തിഷ്കാഘാതം വന്നരുടെ അന്യതാബോധവും സമാനം തന്നെ. അൽഷീമർ രോഗം പോലുള്ള അവസ്ഥകളിൽ മസ്തിഷ്കകോശങ്ങളിലെ വ്യതിയാനങ്ങൾ സ്വത്വബോധം നഷ്ടപ്പെടുത്തുന്നത് കാണാനാവും. കണ്ണാടിയ്ക് മുന്നിൽ കാണുന്നത് താനാണെന്ന് തിരിച്ചറിയാത്ത autoprosopagnosia അപൂർവതകളുമുണ്ട് (Keenan et al., 2005). Cotard Syndrome പോലുള്ള അവസ്ഥകളിലാകട്ടെ, രോഗികൾ, അവർ തന്നെ മരിച്ചു കഴിഞ്ഞെന്നോ നിലനിൽക്കുന്നില്ലെന്നോ (Nihilistic) പോലും സ്വയം വിശ്വസിക്കുന്നു!

സ്വത്വനിർമ്മിതിയിലെ മറ്റൊരു സുപ്രധാനഘടകമാണ് ലിംഗബോധം. ഒരാൾ താൻ ആണോ പെണ്ണോ എന്ന് സ്വയം അംഗീകരിക്കുകയും മറ്റുള്ളവർ അവരെ അങ്ങനെ തന്നെ പരിഗണിക്കണമെന്നും ആഗ്രഹിക്കുന്നു. ഇതും ഒരു മസ്തിഷ്ക പ്രവർത്തനമാണ്. ഈ മസ്തിഷ്കലിംഗബോധം ഗർഭാവസ്ഥയിൽ തന്നെ രൂപപ്പെടുന്നുണ്ട്. അപൂർവമായി ഇത് ശരീരഘടനയ്ക് വിരുദ്ധമായ നിലയിലാകാം മസ്തിഷ്കത്തിൽ ചിത്രീകരിക്കപ്പെടുന്നത്. ഈ വിപരീതാവസ്ഥയുമായി ജനനശേഷമുണ്ടാകുന്ന തർക്കത്തിൽ ശാരീരിക ഘടനയെക്കാൾ മസ്തിഷ്കപരമായ ലിംഗബോധത്തെയാണ് അവർ സ്വീകരിക്കുന്നത്. പുരുഷശരീരപ്രകൃതിയുള്ളവർ സ്ത്രീകളായി ജീവിക്കണമെന്നും തിരിച്ചുമെല്ലാം ആഗ്രഹിക്കുന്നതിന് കാരണം മസ്തിഷ്ക വ്യാഖ്യാനത്തോടുള്ള ഈ കീഴടങ്ങലാണ്.

മസ്തിഷ്കത്തിൽ ഉണ്ടാകുന്ന വ്യക്തിബോധത്തെ മറ്റൊരാൾ മാറിനിന്ന് നോക്കുന്നത് പോലെ അനുഭവിക്കാനാകുന്നത് ദർപ്പണകോശങ്ങളുടെ (mirror neuron system) പ്രവർത്തനമാണെന്ന് വി എസ് രാമചന്ദ്രൻ നിരീക്ഷിക്കുന്നു. തന്റേതല്ലാത്ത രീതിയിൽ കൂടിയും (alternate view) ചുറ്റുപാടുകളെ മനസില്ലാക്കുന്നതിന് രൂപപ്പെട്ട ഇവ തന്നെത്തന്നെ പരിശോധിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്നു. ഒരു നിമിഷം നിൽക്കുന്നിടത്ത് നിന്ന് കണ്ണടച്ചാൽ മതി, ചുറ്റുമുള്ള എല്ലാ കോണുകളിലേക്കും ഭാവനയിൽ ചെന്ന് നിന്ന്, അവനവനെ തന്നെ തിരികെ നോക്കുന്നത് മനുഷ്യന് അസാധ്യമല്ല. സ്വന്തം ശരീരം വിട്ടുപോകുന്നതായ അനുഭവങ്ങൾ (Out of body experiences) ഉണ്ടാകുന്നതിന് കാരണവും ഈ ദർപ്പണകോശങ്ങൾ തന്നെ. അവയുടെ അമിതപ്രസരണം സാധ്യമാക്കി കീറ്റമീൻ (Ketamine) പോലുള്ള മരുന്നുകൾക്കും ശരീരം വിടുതൽ പോലുള്ള അനുഭവങ്ങളെ കൃത്രിമമായി സൃഷ്ടിക്കാനാവും. ഓട്ടിസം പോലുള്ള രോഗങ്ങളിൽ ദർപ്പണകോശങ്ങളുടെ തകരാറുകളാകാം സ്വത്വപ്രതിസന്ധിക്ക് കാരണമാകുന്നത്.

ചുരുക്കത്തിൽ, സ്വത്വബോധമെന്നത് ശരീരത്തിന് പുറത്ത് നിന്നുള്ള `പ്രാപഞ്ചിക – ബ്രഹ്മ ബോധം, പരമാത്മാവ്’ എന്നിവ പോലുള്ള ഏതെങ്കിലും നിഗൂഢതകളുടെ പരിണതിയല്ല, മസ്തിഷ്കാതീതമായ `അബോധമായ ആത്മാവിന്റെയോ ഇന്ദ്രിയങ്ങൾക്കും പ്രജ്ഞയ്കും അതീതമായ `മനസ്സിന്റെ’ സൃഷ്ടിയുമല്ല. മസ്തിഷ്കത്തിന്റെ ബോധ- ഉപബോധ പ്രവർത്തനത്തെയാണ് മനസ്സ് എന്ന് നാം വിളിക്കുന്നത്. മനസ്സും മസ്തിഷ്കവും രണ്ടല്ല, ഒന്ന് തന്നെയാണ്. അതിന്റെ ഭാഗമായ സ്വത്വബോധവും ഒരു മസ്തിഷ്കപ്രക്രിയ മാത്രമാണ്.

സ്വത്വബോധം നിലനിൽക്കണമെങ്കിൽ ഇന്നലെയിലെ ഒരാളും ഇന്നത്തെ ഒരാളും ഒന്നുതന്നെയെന്ന് തിരിച്ചറിയേണ്ടതുണ്ട്. ദൃശ്യാനുഭവങ്ങൾ, ശബ്ദാനുഭവങ്ങൾ, സ്പർശാനുഭവങ്ങൾ, ഇവ സമ്മാനിക്കുന്ന ആനന്ദവും സങ്കടവും വേദനയും സൗഖ്യവും വഴക്കങ്ങൾ, സംഭവങ്ങൾ തുടങ്ങിയവയെല്ലാം ചേർന്ന ഓർമ്മകളാണ് ഈ അനസ്യൂതത സൃഷ്ടിക്കുന്നത്. ഓർമ്മകൾ അറ്റു പോകുന്നതോടെ ഒരുവൻ എവിടെയോ നഷ്ടപ്പെടുന്നു. അതായത്, താൻ, എന്ന സ്വത്വ ബോധത്തിന്റെ, ആത്മബോധത്തിന്റെ, സ്വയം തിരിച്ചറിവിന്റെ ഉറവിടം ഓർമ്മകൾ തന്നെയാണ്.

എന്നാൽ എല്ലാ അനുഭവങ്ങളും സമമായ ഓർമ്മകളായി മാറുന്നില്ല. ചിലത് നിമിഷനേരത്തേയ്ക് മാത്രമുള്ള sensory memories, ചിലത്  short term memories, മറ്റ് ചിലവ മായാതെ ഉറയുന്ന long term memories എന്നിങ്ങനെ കാലദൈർഘ്യമനുസരിച്ച് അവ വേർതിരിയും. അല്ലെങ്കിൽ Explicit memory (declarative memory), Implicit memory (procedural memory) എന്നിങ്ങനെ സ്വഭാവരീതികൾക്കനുസൃതമായി. ഓരോന്നും മൗലികവും വെവ്വേറെയുമായ മാർഗ്ഗങ്ങളിലൂടെയാണ് സംഭരിക്കപ്പെടുന്നത്. ഇതിനായി ചില നാഡീബന്ധങ്ങൾ ദുർബലപ്പെടാം, ചിലത് കൂടുതൽ ദൃഢമാകാം, പുതിയ ബന്ധങ്ങൾ സൃഷ്ടിക്കപ്പെടാം. ചിലപ്പോൾ നാഡീഘടനകൾ സ്ഥായിയായി പുനക്രമീകരിക്കപ്പെടുകയും ചെയ്യാം. ഉദാഹരണത്തിന് ജീവിതകാലം മുഴുവൻ ഓർത്തുവയ്കേണ്ടതെന്ന് രാസതന്ത്രുക്കളുടെ സഹബന്ധങ്ങളിലൂടെ ( ഉദാ: കോർട്ടിസോൾ) തിരിച്ചറിയുന്നവ നാഡീഘടന തന്നെ വ്യത്യാസപ്പെടുത്തി Long Term Memory യുടെ രൂപത്തിൽ സൂക്ഷിക്കുന്നു. അതായത്, ഓർമ്മകൾ പരിഷ്കരിക്കപ്പെടുന്നുണ്ട് . അനുദിനം അല്ലെങ്കിൽ അനുനിമിഷം. ഈ വഴക്കങ്ങളാണ് സന്ദർഭാനുസരണം പ്രതികരിക്കുന്നതിനായി വ്യക്തിനിർമ്മിതിയെ നിരന്തരമായി അനുരൂപപ്പെടുത്തുന്നത്. 

നിദ്രാടനം

ഗബ്രിയേൽ ഗാർസിയ മാർകേസ്, താൻ രോഗബാധിതനാണെന്ന് അറിഞ്ഞപ്പോൾ അത്രയും കാലം വരെ തന്റെ ഉറക്കത്തിലൂടെ നഷ്ടപ്പെട്ടുപോയ കാഴ്ചാനുഭവങ്ങളെക്കുറിച്ചാണ് വേവലാതിപ്പെട്ടത്. മാർകേസ് ശരിയായിരുന്നു, ആകെ ജീവിതത്തിന്റെ തന്നെ മൂന്നിലൊന്നും മനുഷ്യൻ ഉറങ്ങുകയാണ് ചെയ്യുന്നത്. പകൽ- രാത്രികളുടെ ആവർത്തനങ്ങൾക്കനുസൃതമായി മനുഷ്യ ശരീരത്തിലും ഒരു ചാക്രിക ക്രിയാത്മകതയുണ്ട് (circadian rhythm). അതിന്റെ ഭാഗമായി സംഭവിക്കുന്ന ഉറക്കം മനുഷ്യമസ്തിഷ്കത്തിന്റെ പുനർവ്യയത്തിന് ആവശ്യമാണ്. ഉറക്കം പൂർണ്ണമായി നഷ്ടപ്പെടുന്നത് വിപരീത ആരോഗ്യഫലങ്ങളുണ്ടാക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്രത്തിലെ പൂർണ്ണമായും ചുരുളഴിയാത്ത രഹസ്യങ്ങളാണ് ഇന്നും മസ്തിഷ്ക പ്രവർത്തനങ്ങൾ. അതിനാൽ സ്വപ്നാവസ്ഥയെക്കുറിച്ചും വ്യത്യസ്തമായ നിരീക്ഷണങ്ങൾ ഉണ്ടാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തുവരുന്നു. 1950 കളിൽ നടന്ന പഠനങ്ങളിൽത്തന്നെ സ്വപ്നങ്ങളെല്ലാം ആഗ്രഹസഫലീകരണം ലക്ഷ്യമിടുന്നില്ലെന്ന് സ്ഥാപിക്കുകയുണ്ടായി. നിദ്രാടനത്തെക്കുറിച്ച് ദീർഘനാൾ പഠനം നടത്തിയ അലെൻ ഹോബ്സൺ( J Allan Hobson), റോബർട്ട് മക് കാർലി (Robert McCarley) യോടൊപ്പം I977ൽ അവതരിപ്പിച്ച `Activation- Synthesis theory’ യാണ് സ്വപ്നാവസ്ഥയെക്കുറിച്ച് കൂടുതൽ സ്വീകാര്യതയുള്ള വിശദീകരണമായി നിലനിൽക്കുന്നത്.

ഉണർവരത (Wakefulness) ക്രമേണ കുറഞ്ഞ് കുറഞ്ഞ് ഗാഢത മുറുകി മുറുകി വീഴുന്ന ഒരൊറ്റ ഉറക്കമല്ല മനുഷ്യരുടേത്. ചെറിയ മയക്കത്തിൽ തുടങ്ങി നാല് ഘട്ടങ്ങളായി ( Non REM- Stages I, II, III, IV) ഗാഢനിദ്രയിലേയ്ക് പോകുന്നതിന് ഏതാണ്ട് ഒരു മണിക്കൂർ ദൈർഘ്യമുണ്ടാകും. നാഡീപ്രസരണം വളരെ കുറഞ്ഞിരിക്കുന്ന ഈ ഘട്ടങ്ങളിൽ കണ്ണുകളുടെ ചലനം കുറയുകയും ഉണർത്തുക പ്രയാസവും ആയിരിക്കും. പേശീ ദൃഢത, ഹൃദയസ്പന്ദനം, ശ്വസനം, രക്തസമ്മർദ്ദം, ക്രിയാത്മകത (metabolic rate), താപനില എന്നിവയും മന്ദീഭവിക്കുന്നു. നാലാമത്തെ സ്റ്റേജിന് ശേഷം കണ്ണുകളുടെ ചലനം ദ്രുതഗതിയിലും മസ്തിഷ്കപ്രസരണം ഉണർന്നിരിക്കുന്നതിന് സമാനവും ആയിത്തീരും. REM (Rapid Eye Movements) stage എന്ന് വിളിക്കുന്ന ഈ ഘട്ടം ഏതാണ്ട് I0 മിനിറ്റുകളോളം നീണ്ട് നിൽക്കാം. നേരത്തെയുള്ള ഘട്ടങ്ങൾക്ക് വിപരീതമായി പേശീ ദൃഢതയും ഹൃദയസ്പന്ദനവും ശ്വസനവും രക്തസമ്മർദ്ദവും ക്രിയാത്മകതയും താപനിലയും ഉണർന്നിരിക്കുന്ന അവസ്ഥയ്ക് തുല്യമായി വർദ്ധിക്കും. ഈ ഘട്ടമാണ് പൊതുവിൽ സ്വപ്നാടനങ്ങളുടെ കണിശ മുഹൂർത്തം. ഇത് കഴിഞ്ഞാൽ വീണ്ടും ആദ്യത്തെ നാല് സ്റ്റേജുകളിലേയ്ക് ഉറക്കം മടങ്ങും. ഇങ്ങനെയുള്ള അഞ്ച് ഭാഗങ്ങളുടെ തനിയാവർത്തനം രാത്രിയിലുടനീളം തുടരുന്നു. 

REM നിദ്രാവസ്ഥ പരിണാമപരമായി പുതുതായ സ്വഭാവരൂപമാണ്. ഗർഭാവസ്ഥയിലെ ഉറക്കത്തിലെ ഭൂരിഭാഗവും ഈ അവസ്ഥയിലാണ്. പ്രസവാനന്തരം മസ്തിഷ്കം വളരുകയും ഉണർന്നിരിക്കുന്ന സമയം കൂടുകയും ചെയ്യുന്നതോടെ REM ഘട്ടം ക്രമേണ കുറഞ്ഞുവരും. അപരിചിരിതമായ ലോകത്ത് അതിജീവിക്കുന്നതിന് സഹായകരമായ വാസനകളോടെയാണ് മനുഷ്യരുൾപ്പെടെയുള്ള ജീവികൾ പിറക്കുന്നത് . ഈ ജനിതക വാസനകളുടെ വൈദഗ്ദ്ധ്യത്തിനുള്ള തയ്യാറെടുപ്പുകൾ ഉപബോധമായി വികസിക്കേണ്ടതുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് ജീവിതാനുഭവങ്ങളുമായും, യുക്തി ബോധ്യവുമായും കൂടി സമന്വയിപ്പിക്കേണ്ടതുണ്ട്. കാരണം മനുഷ്യമസ്തിഷ്കം വെറും ക്ഷിപ്ര പ്രതികരണശേഷികളാൽ (reflex) പ്രേരിതമായല്ല വ്യവഹരിക്കുന്നത്, അതിന്റെ സർഗ്ഗാത്മകമായ ചിന്തകളുടെ കൂടി ഭാഗമായാണ്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ അറിവുകളുടെ പുനക്രമീകരണം ആണ് സ്വപ്നാവസ്ഥയെന്ന് അലൻ ഹോബ്സൺ നിരീക്ഷിക്കുന്നു. ചിലപ്പോൾ അതേ ദിവസത്തെ അനുഭവങ്ങളെ തരം തിരിക്കുകയാകാം, അല്ലെങ്കിൽ അവയെ ഓർമ്മകളുമായി സംയോജിപ്പിച്ച് ഭാവിയിലേക്ക് സ്വരൂപിക്കുന്നതാവാം. അവരവരുടെ ഓർമ്മകളുടെ ഈ പരിഷ്കരണം നടക്കുന്നതിലാവണം സ്വത്വകേന്ദ്രീകൃതമായ ബിംബങ്ങളുടെ അനുഭവം (Autobiographical Memories) സ്വപ്നദർശനത്തിന്റെ കേന്ദ്രസവിശേഷതയാകുന്നതിന് കാരണം. ഭാഷയിലൂടെ ആശയവിനിമയം നടത്താവുന്ന പ്രഖ്യാപകമായ ഓർമ്മകളെക്കൂടാതെ (declarative memory) മനുഷ്യൻ വൈദഗ്ദ്ധ്യം ആർജ്ജിക്കുന്ന ഓർമ്മകളാലാണ് (procedural memory) ഇത് പ്രാപ്തമാകുന്നത്. പ്രതികരണശേഷികളുടെ വാസനകളുമായും ദൈനംദിന പരിശീലനങ്ങളുമായും ബന്ധപ്പെടുത്തി അവയെയും അനുദിനം പുനരേകീകരിക്കേതുണ്ട്. ഇത്തരത്തിൽ സ്വയം സുസജ്ജമാക്കുന്നതിന്റെ ഒരു പരിശീലനം (Rehersal) മറ്റ് പ്രവർത്തനങ്ങൾ കുറയുന്ന നിദ്രാവേളകളിൽ സാധ്യമാകുന്നു. REM ഘട്ടത്തിലെ അർദ്ധമയക്കം ഈ മസ്തിഷ്കപ്രവർത്തനങ്ങളുടെ ചടുലതകളാണ്. അവയുടെ ഉപോൽപ്പന്നമാണ് സ്വപ്നദർശനം. 

രസതന്ത്രുക്കൾ

പ്രധാനമായും രണ്ട് തരം നാഡീവ്യൂഹങ്ങളാണ് മസ്തിഷകത്തെ ഉണർവരതയിൽ നിലനിർത്തുന്നത്. മസ്തിഷ്കകാണ്ഠത്തിൽ (Brain Stem) നിന്നും ഉറവ കൊള്ളുന്ന ഇവയെ Reticular Activating System എന്ന് വിളിക്കുന്നു. അതിൽ ഒന്നാമത്തേത്, മസ്തിഷ്ക കാണ്ഠത്തിലെ (Pons) നാഡീകോശങ്ങൾ അസറ്റൈൽ കൊളീൻ (Acetylcholine) എന്ന രാസതന്മാത്രയിലൂടെ മറ്റൊരു ഭാഗമായ തലാമസിലേയ്ക് വിക്ഷേപിക്കുന്ന സംവേദങ്ങളാണ്. തലാമസ് ആർജ്ജവപൂരിതമാകുന്നതോടെ അത് മസ്തിഷകത്തിന്റെ കോർട്ടക്സ്സ് ഉൾപ്പെടുന്ന വിശാല നാഡീവ്യൂഹങ്ങളെയാകെ സജീവതയിൽ നിലനിർത്തുന്നു. രണ്ടാമത്തേത്, ഹൈപ്പോതലാമസിൽ നിന്നുള്ള Aminergic (norepinephrine, serotonin) ഉത്തേജക സംവേദനങ്ങളാണ്. 

ഗാഢമായ Non- REM എന്ന ആദ്യ നാലു ഘട്ടങ്ങൾ ആരംഭിക്കുന്നതോടെ Acetylcholine നും Aminergic ഉം ആയ രണ്ട് പ്രസരണങ്ങളും കുറയുന്നു. സ്വപ്നാടനങ്ങളുടെ അടുത്ത ഘട്ടത്തിലെത്തുമ്പോൾ Acetyl Choline മാത്രം ഉണർവരതയ്ക് സമമായി വർദ്ധിക്കുന്നു. എന്നാൽ രണ്ടാമത്തെ Aminergic വിക്ഷേപണം നിർജീവമായിത്തന്നെ തുടരുകയും. പകുതി സജീവമായ മസ്തിഷ്കത്തിൽ നടക്കുന്ന നാഡീപ്രസരണങ്ങൾ അതിനാൽ അനുഭവവേദ്യമാകും. കണ്ണുകൾ അടഞ്ഞിരിക്കുന്നതിനാൽ ബാഹ്യമായ കാഴ്ചകൾക്ക് പകരം ആന്തരികമായി ഓർമ്മകളിൽ രൂപപെട്ട കാഴ്ചകളിലേയ്കാണ് നോക്കുന്നത്. ചിന്തിച്ചിരുന്നതോ, ഉപേക്ഷിക്കപ്പെട്ടതോ, ഇഷ്ടമായവയോ, നിരർത്ഥകമോ, ഭീതിതമോ, വക്രീകരിക്കപ്പെട്ടതോ ആയി അന്തർദൃശ്യങ്ങൾ നാം അനുഭവിക്കുന്നു. എന്നാൽ അവയെ സുസംഘടിതമായി യുക്തിവിചാരം ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ പ്രതികരിക്കുന്നതിനോ സാധ്യമാകാതെയും വരുന്നു. കാരണം Aminergic ഉത്തേജന സംവേദങ്ങൾ ഉണ്ടാകുന്നില്ല എന്നതിനാൽ ക്രമീകരണവും നിയന്ത്രണവും പ്രാപ്തമാക്കുന്ന മസ്തിഷ്കഭാഗങ്ങൾ (eg: Dorsolateral prefrontal cortex, posterior cingulate cortex) നിഷ്ക്രിയമാണ്. അതിനാൽ സ്വത്വബോധം നിസ്സഹായമായി സ്വപ്നാവസ്ഥയെ ആഹ്ലാദിക്കുകയോ പരിഭ്രമിക്കുകയോ അല്ലെങ്കിൽ നിസംഗമായി ആസ്വദിക്കുകയോ ചെയ്യുന്നു. ചിലപ്പോൾ ഉപബോധമായ വൈകാരികാനുഭൂതികൾ സംഭവിക്കുകയും. നാഡീവ്യൂഹങ്ങളിലെ വ്യത്യസ്തമായ രാസതന്ത്രുക്കളുടെ സാന്നിദ്ധ്യത്തിന്റെയും അസാന്നിദ്ധ്യത്തിന്റെയും വൈപരീത്യമാണ് ഇതിനടിസ്ഥാനം.

അപൂർവമായി ഈ ഘട്ടത്തിൽ ഉണരുകയാണെങ്കിൽ മാത്രമേ സ്വപ്നം അനുഭവിക്കുകയായിരുന്നു എന്ന് നാം തിരിച്ചറിയുന്നുള്ളു. ബോധവിശകലനത്തിൽ സ്വപ്നാവസ്ഥ വിചിത്രമായും അർത്ഥരഹിതമായും അനുഭവപ്പെടുകയും. അപ്പോഴാകട്ടെ ഒരു മാത്രയിലേയ്ക് മാത്രമേ അവ ഓർമ്മയിൽ (short term memory) എത്തിച്ചേരുകയുള്ളു. അതിനാൽ നൊടിയിടയിൽ മറക്കുകയും. അതിജീവനപരമായി പ്രാധാന്യമുള്ളവയായിരുന്നുവെങ്കിൽ, അഥവാ ഭാവിയിൽ പ്രയോജനപ്പെടുത്തേണ്ടവയാണെങ്കിൽ Long Term Memory യുടെ വഴികളാകും തെരഞ്ഞെടുക്കുമായിരുന്നത്. സ്വപ്നദൃശ്യങ്ങൾ നാം ബോധപൂർവം ഓർത്തെടുക്കേണ്ടവയായി മനുഷ്യപരിണാമ വാസനകൾ പരിഗണിക്കുന്നുണ്ടാവില്ല എന്ന് കരുതാം. നാം ഉണർന്നാലും ഇല്ലെങ്കിലും, തിരിച്ചറിയുന്നുവെങ്കിലും ഇല്ലെങ്കിലും, ഓർത്തെടുക്കാനാവുമെങ്കിലും ഇല്ലെങ്കിലും നിദ്രയിൽ ചാക്രികമായി വരുന്ന REM ഘട്ടങ്ങളിലെല്ലാം സ്വപ്നദർശനം നടന്നുകൊണ്ടിരിക്കുന്നു. 

അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ തന്റെ മകൻ കൊല്ലപ്പെട്ടത് അന്നത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണും ഭാര്യയ്കും കടുത്ത ആഘാതമായിരുന്നു. നേരത്തേ തന്നെ മാനോരോഗമുള്ള Mary Todd Lincoln ഇതോടെ കൂടുതൽ തകർന്നു. മേരി ലിങ്കൺ മരണമടഞ്ഞ മകന്റെ ആത്മാവുമായി സംസാരിക്കുന്നതിന് ഒരു പ്രത്യേക ആചാരം (Seance) തന്നെ വൈറ്റ് ഹൗസിൽ നടത്തി. വിവാദ ചടങ്ങിൽ ലിങ്കണും പങ്കെടുത്തിരുന്നു. കൊല്ലപ്പെടുന്നതിനും വർഷങ്ങൾക്ക് മുൻപും ലിങ്കൺ സമാനമായ ഒരു കൊലപാതക പദ്ധതിയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും അദ്ദേഹം അനുദിനം അതുമായ ബന്ധപ്പെട്ട ചിന്തകളാലും ഭയപ്പെട്ടും ആയിരിക്കണം കഴിഞ്ഞിരുന്നത്. പ്രവചനാത്മകമായി സ്വപ്നം കണ്ടെന്ന Ward Hill Lamon ന്റെ വെളിപ്പെടുത്തൽ ഒരു കെട്ടുകഥയല്ലെങ്കിൽ പോലും ലിങ്കൺ അത്തരം സ്വപ്നങ്ങളാൽ അസ്വസ്ഥപ്പെടുക അസ്വാഭാവികമല്ല. അനുദിനമുള്ള ബോധപൂർവമായ ചിന്തകളുടെ കൂടി ആഖ്യാനം സ്വപ്നങ്ങളിൽ സംഭവിക്കും. കാരണം ചിന്തകളും ഒരു മസ്തിഷ്ക പ്രവർത്തനമാണ്. കാഴ്ചയെയും കേൾവിയെയും പോലെ മറ്റൊരു അനുഭവം തന്നെയാണ് അതും. അവയെയും ഓർമ്മകളുമായി നിദ്രാവസ്ഥയിൽ കൂട്ടി യോജിപ്പിക്കുന്നുണ്ട്. അതിനാൽ സ്വപ്നങ്ങളിൽ ശ്ലഥബിംബങ്ങൾ പോലെ പ്രത്യക്ഷപ്പെടുകയും ചെയ്തേക്കാം എന്നേയുള്ളു. അതല്ലാതെ സ്വപ്നാടകന് മറ്റൊരാൾ നൽകുന്ന, അല്ലെങ്കിൽ മറ്റൊരിടത്ത് നിന്ന് ലഭിക്കുന്ന പ്രവചന സന്ദേശങ്ങളേയല്ല.

ഇതൊക്കെയാണ് ഇന്ന് ശാസ്ത്രവിശകലനങ്ങൾ എങ്കിലും `വിശ്വാസബദ്ധമായും’ വ്യക്തിനിഷ്ഠമായ ഭാവനാവ്യാഖ്യാനങ്ങളിലും അഭിരമിക്കുന്നവർ ഇന്നും കുറവല്ല. സ്വപനത്തിൽ പാമ്പുകളെക്കാണുന്നതിനോ ആനയെക്കാണുന്നതിനോ മരണം കാണുന്നതിനോ ആകാശം കാണുന്നതിനോ എല്ലാം ഓരോരോ ഊഹങ്ങളും വ്യാഖ്യാനങ്ങളും നൽകാനും തനിക്ക് വരാന പോകുന്ന ആനന്ദത്തിന്റെയോ അപായത്തിന്റെയോ സൂചനയാണെന്നോ വിശ്വസിക്കാനും തയാറാകുന്നു. ഈ (അന്ധ)വിശ്വാസങ്ങളെ മുതലെടുക്കുന്ന കപടവ്യാഖ്യാതാക്കളും ലോകവ്യാപകമായി പുഷ്ടിപ്പെടുന്നുണ്ട്. എന്നാൽ മിസ്റ്റിസിസത്തിന്റെ സന്നിഗ്ദ്ധതകളിൽ നിന്നും കൂടുതൽ സ്പഷ്ടമായി സ്വപ്നങ്ങളെ ശാസ്ത്രലോകം വിശദീകരിച്ചു കഴിഞ്ഞതായി നാം മനസിലാക്കേണ്ടതുണ്ട്. അവയുടെ സൂക്ഷ്മതലങ്ങളെക്കുറിച്ച് വ്യത്യസ്തമായ വീക്ഷണങ്ങളുണ്ടെങ്കിലും അഭൗമികമായ ചോദനയാലോ അസാധാരണ പ്രവചനമായോ അല്ല സ്വപ്നങ്ങൾ സംഭവിക്കുന്നത് എന്ന കാര്യം പൊതുസമ്മതമാണ്. അതിനാൽ സ്വപ്നങ്ങൾ അർത്ഥ വിശകലനത്തിനും അപഗ്രഥനത്തിനുമുള്ള സാധ്യതകളെ ഉൾക്കൊള്ളുന്നില്ല. ഭീതിതമോ സംഭ്രമജനകമോ ആണെങ്കിലും സൗമ്യവും ആസ്വാദ്യവും ആണെങ്കിലും അവ ഏതെങ്കിലും മനോരോഗങ്ങളുടെ ലക്ഷണവുമല്ല, മനോരോഗവുമല്ല. സ്വപ്നാവസ്ഥ മറ്റ് പല ജീവികളിലുമുൾപ്പെടെ ഉണ്ടാകുന്ന സാധാരണ മസ്തിഷ്കനില മാത്രമാണ്. അതായത്, സ്വപ്നങ്ങളില്ലാത്ത നിദ്രയല്ല സാധാരണമായത്, മറിച്ച് സ്വപ്നങ്ങൾ ഉള്ളവയാണ്. പിരിമുറക്കം കൂടാതെ അവയുടെ വിചിത്ര നിഷ്കളങ്കതകളെ നമുക്കും കണ്ണുകൾ പൂട്ടി ആസ്വദിച്ചുകൊണ്ടിരിക്കാം.

References

  1. The Dream drug store: Chemically altered state of consciousness J Allan Hobson.
  2. Tell tale brain- V S Ramachandran. WW Norten and Co. 20II.
  3. The Interpretation Dreams- Sigmund Freud.
  4. We are our Brains- Dick F swaab. 
  5. Memories Dreams Reflections Carl J Jung.
  6. REM sleep and dreaming: towards a theory of protoconsciousness J. Allan Hobson.
  7. A Brief History of the Scientific Approach to the Study of Consciousness- Chris Frith and Geraint Rees.
  8. Dream Origin- the neuroscience of religious experience- Dr. Patrick McNamara. Cambridge. 2009.
  9. Consciousness and the brain : deciphering how the brain codes our thoughts. Stanislas Dehaene.

Blogs