ക അബ: വിഗ്രഹങ്ങൾ സങ്കൽപ്പത്തെക്കാൾ സ്വീകാര്യമാകുന്നു:
വർഷങ്ങളായി അറേബിയയിലെ ഗോത്രവർഗ്ഗങ്ങൾ വ്യത്യസ്തമായ നിരവധി വിഗ്രഹങ്ങളെ അതിഭൗതികശക്തികളായി ആരാധിച്ചു വരുകയായിരുന്നു. ഏതാണ്ട് I400 വർഷം മുൻപ് മുഹമ്മദ് നബി തന്റെ അനുയായികൾക്കൊപ്പം മക്കയിലുള്ള കഅബയിൽ സ്ഥാപിച്ചിരുന്ന മുന്നൂറോളം ഇത്തരം വിഗ്രഹങ്ങളെ നിലം പരിശാക്കി. മനുഷ്യർ വെറും പ്രതീകങ്ങളായി പണ്ടെങ്ങോ സ്ഥാപിച്ച ഈ വിഗ്രഹങ്ങളെ പ്രപഞ്ചസൃഷ്ടാവിനെക്കാൾ യാഥാർത്ഥ്യമായി ആരാധിക്കുന്നത് തടയുന്നതിനായാണ് മുഹമ്മദ് ഇങ്ങനെ ചെയ്യുന്നത്. കാരണം ഏത് സങ്കൽപ്പത്തെ അവതരിപ്പിക്കുന്നതിനാണോ വിഗ്രഹങ്ങൾ നിർമ്മിച്ചത്, അതിനെത്തന്നെ മറന്ന് പോവുകയും, അതിനെക്കാൾ ഭക്തിയും സ്വീകാര്യതയും വിഗ്രഹങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നു. എന്തു കൊണ്ടാണ് ഈ വൈരുദ്ധ്യം സംഭവിക്കുന്നത്?
കളിതോക്ക്: പ്രതീകാത്മകത നൈസർഗ്ഗിക വാസന:
ഏതാണ്ട് രണ്ട് വയസ്സു മുതൽ കുട്ടികൾ ചില പ്രത്യേക തരം കളികളിൽ ഏർപ്പെടാറുണ്ട്. അതിൽ ഒരു വസ്തുവോ ഒരു സന്ദർഭമോ മറ്റൊന്നായി സങ്കൽപ്പിക്കപ്പെടുന്നു. ഒരു ഒരു സ്പൂൺ കയ്യിൽ കിട്ടിയാൽ മതി അത് കാർ ആയി കണക്കാക്കി തറയിലൂടെയും ചുവരിലൂടെയുമെല്ലാം ഓടിച്ച് നടക്കും. ചിലപ്പോൾ അത് ചെവിയിൽ വച്ച് ഫോണെന്ന പോലെ സംസാരിച്ചേക്കാം. മാനോ കുതിരയോ കളി തോക്കോ ആയി സ്പൂണിന് മാറാനും അധികം സമയമൊന്നും വേണമെന്നില്ല. പ്രതീകങ്ങൾ സൃഷ്ടിക്കുകയും ഭാവനാലോകത്ത് അഭിരമിക്കുന്നതിലുമുള്ള മനുഷ്യന്റെ താല്പര്യം നൈസർഗ്ഗികമായിരിക്കണം എന്നാണ് കൊച്ചുകുട്ടികളിലെ ഈ അഭിനയങ്ങളിൽ (pretend-play) നിന്നും മനസ്സിലാക്കാനാവുന്നത്.
ഫുട് ബോൾ: മുതിർന്നവരുടെ സങ്കൽപ്പ വിനോദം:
ഫുട്ബാൾ കളി വലിയൊരു ശതമാനം പേർക്കും വലിയ ആവേശകരമായ ഒന്നാണ്. ആയിരക്കണക്കിന് ആളുകൾ മറ്റെല്ലാ ജോലിയ്കും അവധി കൊടുത്ത് ടിക്കറ്റെടുത്ത് കാണാൻ വരുന്നു. ടെലിവിഷനിലൂടെ ലക്ഷക്കണക്കിന് പേർ കളി കാണാൻ തയാറായി കാത്തിരിക്കുന്നു. കോടികൾ വാതുവെയ്ച്ചും അനവധി സംഘങ്ങളുണ്ട്. ഇതെല്ലാം ഒരു ബോൾ എതിരെയുള്ള ഗോൾ പോസ്റ്റിൽ എത്തിക്കണമെന്ന ഒരു സങ്കൽപ്പവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ബോളിനായി രണ്ട് പേരും പോരടിക്കേണ്ടതുണ്ട്. ഗോളടിക്കാൻ വരുന്ന സംഘത്തെ ആരും തടയുന്നില്ലെങ്കിൽ കളി ആസ്വാദ്യമാവില്ല. ബോളിന് വേണ്ടി എതിരെയുള്ള ടീം മൽസരിക്കുമെന്നുള്ള പരസ്പര വിശ്വാസത്തിൽ നിന്നാണ് ഈ കളി ഉണ്ടാകുന്നത്. ഇത് ശത്രുതയല്ലെന്ന് കളിക്കാർക്ക് അറിയാം. കാണുന്നവർക്കും അറിയാം. പക്ഷേ കളിക്കിടയിൽ സ്നേഹത്തിനും വിട്ടുവീഴ്ച്ചയ്കും യാതൊരു സ്ഥാനമില്ല. നിയമങ്ങൾക്കകത്ത് നിന്നാണെങ്കിലും താൽക്കാലികമായി ഏതാണ്ട് ശത്രുക്കളെപ്പോലെ അഭിനയിക്കുന്നതിനുള്ള ഈ ശേഷി കുട്ടികളിലെ നൈസർഗ്ഗിക വാസനകളുടെ തുടർച്ച തന്നെയാണ്. ഇതിൽ ബോൾ എന്ന വസ്തുവിനെ മാത്രമല്ല, ഫുട്ബോൾ മൽസരം എന്ന ഒരു ആശയത്തേയും ഭാവന ചെയ്യുന്നു
അമ്പ്: പ്രതീകങ്ങൾ എന്താണ്?:
ആധുനിക ജീവിതത്തിൽ പ്രതീകങ്ങൾക്ക് പ്രായോഗികമായും വലിയ സ്ഥാനമുണ്ട്. വേഗത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുവാൻ ദൃശ്യപ്രതീകങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ട്രാഫിക് ജംഗ്ഷനുകളിലെ സിഗ്നലുകളിൽ ഒന്നാണ് പച്ച നിറത്തിലെ അമ്പ് (arrow) അടയാളങ്ങൾ. അമ്പടയാളം മനുഷ്യന് ഭയമുണ്ടാകേണ്ട ആയുധത്തിന്റെ ഓർമ്മയാണ്. അമ്പിന്റെ ഈ ചരിത്രമൊന്നും ട്രാഫിക് ജംഗ്ഷനിൽ ഓർക്കാറില്ല. പച്ച നിറത്തിലെ അമ്പടയാളം ഏത് ദിശയിലേക്കാണോ അവിടേയ്ക് വാഹനങ്ങൾ സുരക്ഷിതമായി യാത്ര ചെയ്യുന്നു. ഇവിടെ അമ്പിന്റെ ഉപയോഗത്തിന്റെ എതിർ രീതിയിലുള്ള സുരക്ഷിതം എന്ന ഒരു സങ്കല്പത്തെയാണ് അമ്പിന്റെ രൂപം കൊണ്ടു അവതരിപ്പിക്കുന്നത്. ജീവിതത്തിലെ എല്ലാ മേഖലകളിലും സമാനമായ പ്രതീകങ്ങൾ ആശയവിനിമയത്തിനും അമൂർത്തമായ ചിന്തകളുടെ (abstract thoughts) അവതരണത്തിനും മനുഷ്യൻ ആശ്രയിക്കുന്നു. നർമ്മവും ഉദാഹരണങ്ങളും അലങ്കാരവും രൂപകങ്ങളുമെല്ലാം ഓരോ തരം പ്രതീകങ്ങൾ തന്നെയാണ്. പ്രതീക സംസ്കാരമെന്നത് ഇങ്ങനെ പുതിയ വസ്തുക്കളെയോ ആശയങ്ങളെയോ സൃഷ്ടിക്കുന്നതിനുള്ള, ജീവനുള്ളവയിൽ മനുഷ്യന് മാത്രം അവകാശപ്പെടാനാവുന്ന ഒരു പ്രത്യേകതയാണ്. വിശ്വാസിക്കും അവിശ്വാസിക്കും യുക്തിവാദിക്കും ശാസ്ത്രജ്ഞർക്കുമെല്ലാം പ്രതീകങ്ങളുടെ അയഥാർത്ഥ പരികല്പനയിൽ അഭിരമിക്കാതെ നിവൃത്തിയില്ല.
ഇവയിൽ നിന്നും പ്രതീകങ്ങൾക്കുള്ള പൊതു സാമ്യം എന്നത് അവതരിപ്പിക്കപ്പെടുന്ന വസ്തുവുമായി ഇവയ്ക് ബന്ധം ഉണ്ടാകണമെന്നില്ല എന്ന് കാണാം. ചിലപ്പോൾ വിപരീതവും. ബന്ധങ്ങളുടെ നിരാസം പ്രതീകമാവുന്നതിന്റെ അടിസ്ഥാന യോഗ്യതയായി മാറുന്നു. അതേ സമയം അവ യഥാർത്ഥമായ ഭൗതിക വസ്തുക്കൾ കൊണ്ടാണ് (objective facts) നിർമ്മിക്കപ്പെടുന്നത്. വിഗ്രഹം ഒരു ഭൗതിക വസ്തുവാണ്, സ്പൂൺ ഭൗതിക വസ്തുവാണ്, ബോളും, അമ്പും അങ്ങനെ തന്നെ. എന്നാൽ അവയുടെ മുൻ ഉദാഹരണങ്ങളിലെ നിലനില്പ് വ്യക്തിഗതമായ വെറും വിശ്വാസത്തെ മാത്രം (subjective belief) ആശ്രയിക്കുന്നു.
ചെമ്മണ്ണ്: ആദ്യ പ്രതീകം:
സംസ്കാരത്തിലെ വിപ്ലവകരമായ മാറ്റം ആയി പൊതുവേ കണക്കാക്കപ്പെടുന്ന പ്രാചീന ശിലായുഗത്തിലെ കാലഘട്ടത്തിൽ (~ 40000 Ya) യൂറോപ്പിലെ പാറയിലും ഗുഹാഭിത്തിയിലുമായി നിർമ്മിച്ച ചിത്രങ്ങൾക്കും ശില്പങ്ങൾക്കും മുൻപേ തന്നെ ഹോമോ സാപിയൻസ് പ്രതീകാത്മകമായി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി ആഫ്രിക്കയിൽ കണ്ടെത്തിയിട്ടുണ്ട്. തെക്കേ ആഫ്രിക്കയുടെ സമുദ്ര തീരത്തുള്ള blombos cave അതിപ്രാചീനകാലം മുതൽ, ഏതാണ്ട് ഒരു ലക്ഷം വർഷം മുതൽ തുടർച്ചയായി മനുഷ്യവാസം ഉണ്ടായിരുന്ന ഗുഹയാണ്. ഇവിടെ നിന്നും കണ്ടെത്തിയ ആലേഖനം ചെയ്ത ചെമ്മണ്ണിന്റെ കട്ട, ആലേഖനം ചെയ്ത അസ്ഥികൾ, ചെമ്മണ്ണ് ഉപയുക്തമാക്കുന്നതിനുള്ള കിറ്റുകൾ, കടൽ ചിപ്പികൾ കോർത്തുണ്ടാക്കിയ ആഭരണങ്ങൾ, വളരെ സൂക്ഷ്മമായി ഉപയോഗിക്കാനാവുന്ന അസ്ഥിയിലും കല്ലിലുമുള്ള യന്ത്രസാമഗ്രികൾ എന്നിവയിൽ ചിലത് ഏതാണ്ട് 80000 വർഷം മുൻപ് മുതൽ ഉപയോഗിച്ചിരുന്നവയാണ്.
ഇതിൽ ചെമ്മണ്ണ് (Red ochre) ശരീരത്തിന്റെ ആകർഷണത്തിനായിട്ടായിരിക്കണം ഉപയോഗിച്ചിരുന്നത് എന്നത് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ കലാസൃഷ്ടികൾക്കുള്ള ആദ്യത്തെ ക്യാൻവാസ് എന്നത് മനുഷ്യ ശരീരം തന്നെ ആയിരുന്നു. പുരുഷന്മാരുടെ ലൈംഗിക താല്പര്യങ്ങളെ പ്രതിരോധിക്കുന്നതിന് പ്രത്യേക സന്ദർഭങ്ങളിൽ സ്ത്രീകൾ കൂട്ടമായി ചുവന്ന മണ്ണ് ശരീരത്തിൽ പുരട്ടുകയായിരുന്നു എന്ന് ഒരു ഒരു വാദമുണ്ട്. ആർത്തവ കാലം വ്യാജമായി പരസ്യപ്പെടുത്തുന്നതിന് ഇതിലൂടെ സാധ്യമായിരിക്കണം എന്നാണ് പ്രകൃതി നിർദ്ധാരണത്തെ (natural selection) അടിസ്ഥാനപ്പെടുത്തിയുള്ള female cosmetic coalitions (FCC) എന്ന ഈ വാദത്തിലെ നിഗമനം. ഇത് ശരിയാണെങ്കിൽ കലയും ആചാരങ്ങളും പ്രതീക സംസ്കാരവും ഉണ്ടായതിന്റെ തുടക്കം ഇത് തന്നെയാണെന്ന് കാണാനാവും. ചെമ്മണ്ണിന്റെ ലേപനത്തെ കൂടാതെ ഇതേ തുടർന്നുണ്ടായ മുത്തുകൾ കൊരുത്തുള്ള ആഭരണങ്ങളിലൂടെയുള്ള സൗന്ദര്യവൽക്കരണവും (cosmetics) പ്രതീകസംസ്കാരത്തിന്റെ അനുരണനങ്ങൾ തന്നെ. കാരണം സമൂഹം പൊതുവിൽ അംഗീകരിക്കേണ്ടി വരുന്ന നുണകൾ (false) മാത്രമാണ് പ്രതീകങ്ങൾ. അവയെ ഭൗതിക വസ്തുവിലൂടെ അവതരിപ്പിക്കുന്നു. ഇവിടെ രണ്ടിലും ഈ രണ്ട് സവിശേഷതകളും വ്യക്തമായി പ്രകടമാണ്.
സ്റ്റിക്കി നോട്ട് സ്: ഓർമ്മകളുടെ എക്സ് റ്റേണൽ ഹാർഡ് ഡിസ്ക്:
പ്രതീകങ്ങൾക്ക് മനുഷ്യപരിണാമത്തിലും സംസ്കാര രൂപീകരണത്തിലും വലിയ പ്രാധാന്യമുണ്ട്. മനുഷ്യന് സ്വന്തം അനുഭവങ്ങളെയും ചിന്തകളെയും പുനരവതരിപ്പിക്കുന്നതിനുള്ള ശേഷിയാണ് പ്രതീക സംസ്കാരം എന്നത്. പ്രതീകങ്ങൾ ഉണ്ടാകുന്നത് ചിന്തകളുടെ ആഖ്യാനങ്ങളായാണ് . ഭാഷയിലൂടെ (സംസാരമോ ആംഗ്യമോ ആയ) മറ്റൊരാളുമായി അത് പങ്ക് വച്ചാലും അത് നിലനിൽക്കണമെന്നില്ല. വീണ്ടും തലമുറകളിലൂടെ വായ് മൊഴിയായി കടന്ന് പോയാലും യഥാർത്ഥ (original) ചിന്തയിൽ നിന്ന് വളച്ചൊടിക്കപ്പെടുന്നതിനുള്ള (distort) സാധ്യതയും കൂടുതലാണ് . അതേ സമയം ചിന്തിച്ചെടുക്കുന്ന (ഭാഷയിലൂടെ) ആശയങ്ങൾ ഒരു ഭൗതിക വസ്തുവിലൂടെ ആലേഖനം ചെയ്യാനാവുമെങ്കിൽ ഈ പരിമിതി മറികടക്കാനാവും. അത് പ്രപഞ്ചത്തിൽ സ്ഥിരമായ കാഴ്ചയാവുകയും തലമുറകളോളം ആശയ വിനിമയം നടത്തുകയും ചെയ്തേക്കാം. അതായത്, അത് വിവരങ്ങൾ ശേഖരിച്ച് വയ്കുന്നു.
പ്രാചീന ശിലായുഗത്തിലെ ഗുഹാചിത്രങ്ങളുടെ പഠനങ്ങളിൽ നിന്ന് ഊഹിച്ചെടുക്കുന്നതും മറ്റൊന്നല്ല. അന്നത്തെ മനുഷ്യന്റെ അതിജീവനത്തിന് ആവശ്യമായ ആഹാരത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ ചിത്രമാണ് ഭൂരിഭാഗവും. അനുപമമായ ഈ കലാസൃഷ്ടികൾ മൃഗങ്ങളുടെ സഞ്ചാരത്തെക്കുറിച്ചും അവയെ വേട്ടയാടേണ്ട രീതിയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഒപ്പമുള്ളവർക്കും വരും തലമുറയ്കും പ്രയോജനപ്പെടുന്നതിന് വേണ്ടി രചിക്കപ്പെട്ടതാണെന്നാണ് അനുമാനിക്കുന്നത് (art as a stored information). ചിത്രങ്ങളിലെ ചില അടയാളങ്ങൾ കൊല്ലപ്പെട്ട മൃഗങ്ങളുടെ എണ്ണത്തെയോ, ആചാരങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണമോ, വർഷങ്ങൾ കടന്നു പോകുന്നതോ, ഋതുക്കളെക്കുറിച്ചോ ആയിരിക്കാം. നമ്മുടെ ഓർമ്മകളേയും ചിന്തകളെയും വ്യാപരിപ്പിക്കുന്ന, ബാഹ്യമായി സൂക്ഷിക്കുന്ന സി ഡികളും, ഹാർഡ് ഡിസ്കും, പുസ്തകങ്ങളും, കുറിപ്പുകളും sticky notes ഉം പോലെ തന്നെയായിരുന്നു അവയും. അങ്ങനെ ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഓർമ്മകളുടെ ഒരു ബാഹ്യശേഖരമായി (external memory storage) പ്രതീകങ്ങൾ നിലനിൽക്കുന്നു. അത് ഒരേ സമയം ലളിതവും ലാഭകരവും സുസ്ഥിരവുമായ ഒരു ആശയസംവേദനമാണ്. അതുകൊണ്ടായിരിക്കാം പ്രതീകാത്മകതയ്ക് മറ്റ് ചില ദൗർബല്യങ്ങൾ നിലനിൽക്കുമ്പോഴും തലമുറകളിലൂടെ അത് ഒരു പക്ഷേ ജനിതകമായും സ്വീകാര്യമായിത്തീരുന്നത്.
ബാഹുബലി: കലകൾക്കുള്ളിലെ പ്രതീകങ്ങൾ:
പ്രതീകങ്ങളിലൂടെയാണ് എല്ലാ കലാരൂപങ്ങളും ആശയങ്ങൾ അവതരിപ്പിക്കുന്നത്. കഥയിലും, കവിതയിലും, നാടകത്തിലും, ചിത്രത്തിലും, സിനിമയിലുമെല്ലാം ഒരു പ്രതീകത്തെ വിശദീകരിക്കുവാൻ അതിനുള്ളിൽ വീണ്ടും വീണ്ടും പ്രതീകങ്ങളും രൂപകങ്ങളും ഉപയോഗിച്ചേയ്കാം. വിൻസെന്റ് വാൻ ഗോഗിന്റെ പ്രസിദ്ധമായ ഒരു സെൽഫ് പോർട്രെയിറ്റ് ചിത്രം, ചിത്രകാരന്റെ പോർട്രെയിറ്റ്, ചിത്രകാരൻ വരച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമായി നാം കാണുന്ന രീതിയിലാണ് രചിച്ചിരിക്കുന്നത്. കഥയും സിനിമയും പോലെ കൂടുതൽ ആഖ്യാന സ്വഭാവമുള്ളവ ആസ്വാദകന് ഉദ്വേഗം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.
ബാഹുബലി എന്ന അടുത്തിടെ പുറത്തിറങ്ങിയ ചലച്ചിത്രത്തിലെ നായകനായ ശിവൻ താമസിക്കുന്നത് അസാധാരണമായ ഒരു വെള്ളച്ചാട്ടത്തിന്റെ താഴ് വാരത്തിലെ വനപ്രദേശത്തിലാണ്. അസാമാന്യ ശാരീരിക അഭ്യാസിയായിട്ടും ബാഹുബലിയ്ക് അതിനും വളരെ വളരെ മുകളിലുള്ള, അയാൾക്ക് അജ്ഞാതമായ സുസംഘടിതമായ രാജഭരണ സാമ്രാജ്യത്തിലേക്ക് കടന്ന് ചെല്ലാൻ കഴിയുന്നതേയില്ല. അത്രയ്ക് ദുർഘടമായ പാറക്കെട്ടുകളുകളിലൂടെയാണ് ബൃഹത്തായ വെള്ളച്ചാട്ടം അനസ്യൂതം വീണുകൊണ്ടിരിക്കുന്നത്. ഇതിനെ മറികടക്കുന്നതെങ്ങനെയെന്ന് പ്രേക്ഷകർ സമാന്തരമായി ചിന്തിക്കുന്നുണ്ടാവാം. പ്രേക്ഷകരുടെ ആലോചനകളെ നുള്ളിയൊടിച്ചു കൊണ്ട് അതിമനോഹരമായ ഒരു രൂപകം പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. ഒരു ദിവസം ശിവന് മുകളിൽ നിന്നും ഒഴുകി വന്ന ഒരു മുഖം മൂടി ലഭിക്കുന്നു. പിന്നെ കാണുന്നത് സ്വപ്നാടനമായ ദൃശ്യങ്ങളിലൂടെ മുഖം മൂടിയുടെ ഉടമയായ അവന്തികയെന്ന സുന്ദരിയായ യുവതിയെ വെള്ളച്ചാട്ടങ്ങൾ മുറിച്ച് കടന്ന് ശിവൻ പിൻ തുടരുന്നതാണ്. പശ്ചാത്തലമായി അതീവ ഹൃദ്യമായ ഗാനവും. അപ്രതീക്ഷിതമായ തികച്ചും പ്രതീകാത്മകമായ ഈ അനുഭവം ആസ്വാദകനെ അത്ഭുതപ്പെടുത്തുന്നു. ഇത് എത്ര അയഥാർത്ഥവും അപ്രായോഗികമാണ് എന്നൊന്നും കാഴ്ചക്കാർക്ക് ചിന്തിക്കാൻ അവസരമില്ല. കാരണം അതിമനോഹരവും ഉദ്വേഗജനകവും ആയ രംഗങ്ങളിലൂടെ ദൃശ്യങ്ങൾ കടന്ന് പോകുന്നത് ജിജ്ഞാസയോടെ ആരും കണ്ടിരുന്ന് പോകും. സിനിമയ്കുള്ളിലെ ഈ പ്രതീകാത്മക സ്വപ്നം അവസാനിക്കുന്നതോടെ നാം അതിലെ യഥാർത്ഥമായ പുരാതന രാജവംശത്തിന്റെ കൊട്ടാരപരിസരത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. കലാസൃഷ്ടികൾ അനശ്വരമാകുന്നത് കലാകാരൻ അതിസമർത്ഥമായി ഉൾപ്പെടുത്തുന്ന, അതിഭൗതികമായ പ്രതീകങ്ങളുടെ ഭാവനകൾ കൂടികൊണ്ടായിരിക്കണം.
ഭഗവത് ഗീത: കലാസൃഷ്ടിയോ മതസംഹിതയോ?:
പലപ്പോഴും ഇത്തരം രൂപകങ്ങളുടെ പിൻബലമുള്ള ഇതിഹാസ കഥകൾ പല മതവിശ്വാസങ്ങളും ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത് കാണാം. മതപ്രസ്ഥാനങ്ങളിലെ മിത്തുകളും കലാകാരന്റെ ഭാവനാസൃഷ്ടിയും ചരിത്രസത്യങ്ങളും ഇതോടെ കുഴഞ്ഞു മറിയുന്നു. സെക്കുലർ രൂപത്തിൽ രചിക്കപ്പെട്ട മഹാഭാരതം ഇങ്ങനെ ഏറ്റെടുത്തതാകാൻ ഇടയുണ്ടെന്ന് റോമിലാ ഥാപ്പറെപ്പ്പോലുള്ള ചരിത്രവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കുരു- പാണ്ഡു കുടുംബങ്ങൾ തമ്മിൽ അധികാര സ്വാതന്ത്ര്യത്തിനായുള്ള (political sovereignity) സമരമാണ് മഹാഭാരതം. പാണ്ഡുവിന്റെ മക്കളിൽ ഏറ്റവും മുതിർന്ന യുധിഷ്ടിരനെ അന്ധനായ കുരു രാജാവ് ധൃതരാഷ്ട്രർ പിൻ ഗാമിയായി നിയോഗിക്കുന്നു. അസൂയപ്പെട്ട കുരുവിന്റെ മകൻ ദുര്യോധനന്റെ വക്രബുദ്ധിയിൽ അധികാരം നഷ്ടപ്പെട്ട യുദ്ധിഷ്ഠിരനും ഭാര്യയും മറ്റ് നാലു സഹോദരന്മാരും പുറത്താക്കപ്പെടുന്നു. കാട്ടിലേക്ക്, പന്ത്രണ്ട് വർഷത്തിന് ശേഷം അഞ്ചുപേരും രാജ്യം തിരിച്ച് കിട്ടുന്നതിനായി പിന്നീട് കുരു കുടുംബവുമായി യുദ്ധം ചെയ്യേണ്ടി വരുന്നു. തേരാളിയായ സഞ്ജയന്റെ ദിവ്യദൃഷ്ടിയിലൂടെ ധൃതരാഷ്ട്രർക്ക് വിശദീകരിച്ച് കൊടുക്കുന്ന രീതിയിലാണ് മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ധർമ്മ യുദ്ധമെന്ന് അറിയപ്പെടുന്ന കുരുക്ഷേത്ര യുദ്ധം അവതരിപ്പിക്കുന്നത് .
യുദ്ധം തുടങ്ങുന്നതിനുള്ള ശംഖൊലി മുഴങ്ങിക്കഴിഞ്ഞു. എതിരെ യുദ്ധം ചെയ്യേണ്ടവരെ മുഴുവനും അടുത്ത് കണ്ടതോടെ പാണ്ഡവരിലെ അസ്ത്രവിദ്യയിൽ ഏറ്റവും വീരനായ അർജ്ജുനൻ തേർത്തട്ടിൽ തളർന്ന് വീഴുന്നു. അധികാരത്തിനായി തന്റെ ഗുരുക്കന്മാരെയും രക്തബന്ധമുള്ള പിതാമഹന്മാരെയും സഹോദരരെയും അവരുടെ പുത്രന്മാരെയും കൊല്ലുന്നത് പാപമാണെന്ന് അർജ്ജുനൻ ഒരു സാധാരണക്കാരന്റെ മാനസികാവസ്ഥയോടെ തേരാളിയായ കൃഷ്ണനോട് വിവരിക്കുന്നു. I:3I- I recognise that omens / show evil lies before, / I prophesy no welfare / in killing kin in war. ഈ ഉറച്ച മനോവ്യഥയിൽ നിന്നും അർജ്ജുനനെ പിന്തിരിപ്പിക്കുന്നതെങ്ങനെ എന്ന പ്രതിസന്ധിയാണ് ഭഗവത് ഗീത എന്നറിയപ്പെടുന്ന അതീവ മനോഹരമായ കാവ്യഭാഗം. പ്രതീകാത്മകമായ ഈ മുഹൂർത്തം തന്നെയാണ് മതവിശ്വാസം ഏറ്റെടുക്കുന്നതും. മറ്റൊരു ഭാരതീയ ഇതിഹാസമായ വാൽമീകി രാമായണത്തിൽ രാമന്റെ യാത്ര കടൽ കടക്കണമെന്ന പ്രതിസന്ധിയിൽ പെടുന്നതും സമാനമായ പ്രതിസന്ധിയാണ്. അന്നത്തെ നിലയിൽ അസാധ്യമായിരുന്ന കടൽപ്പാലമെന്ന പ്രതീകത്തിലൂടെയാണ് അത് തരണം ചെയ്യുന്നത്. സമകാലികമായ കൃതിയായ ആൽക്കെമിസ്റ്റ് എന്ന നോവലിൽ മരുഭൂമിയിലെ കടൽക്കൊള്ളക്കരെ നേരിടുവാൻ അതിശക്തമായ ഒരു മണൽക്കാറ്റിനെയാണ് പൗലോ കൊയ്ലോ ബിംബവൽക്കരിക്കുന്നത്.
മഹാഭാരത കഥ പല തലമുറകളുടെ രചനയും വായ് മൊഴിയായി നൂറുകണക്കിന് വർഷങ്ങളിലൂടെ കൈമാറ്റം ചെയ്ത ഒന്നുമായാണ് കരുതപ്പെടുന്നത്. വൈദിക സംസ്കാരത്തിന്റെ (Vedic period) പശ്ചാത്തലത്തിൽ ഏതാണ്ട് BCE ഒന്നാം സഹസ്രാബ്ദത്തോടെയായിരിക്കാം ഇതിന്റെ പ്രാഥമിക നിർമ്മിതി. ചെറിയ പ്രദേശങ്ങളിലെ ഗോത്രങ്ങളോ ഗണങ്ങളോ ആയി ജീവിച്ചിരുന്ന കാലത്തുള്ള കഥ, തലമുറകൾ പിന്നിടുകയും കൂടുതൽ വിസ്തൃതമായ രാജ്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനനുസരിച്ച് കൃമാനുഗതമായി പരിപോഷിക്കപ്പെട്ടിരിക്കണം. ഗോത്രങ്ങൾക്കുള്ളിലെ കുടുംബങ്ങളിൽ പരസ്പരം കൊല്ലുക എന്നത് അംഗീകരിക്കപ്പെടുന്ന ഒന്നായിരുന്നില്ല. സ്വന്തം സഹോദര കുടുംബത്തെ കൊല്ലുക എന്നത് അതിനാൽ അർജുനനെ സംബന്ധിച്ചിടത്തോളം മാനസികമായി മാത്രമല്ല, സമൂഹ്യപരമായ (ചരിത്രപരമായും?) ഒരു പ്രതിസന്ധി കൂടിയാണ്. തേരാളിയായ കൃഷ്ണൻ അർജുനന് നൽകുന്ന പ്രോജ്വലമായ സാരോപദേശമെന്ന പ്രതീകമാണ് വ്യാസന്റെ തന്ത്രം. കൃഷ്ണന്റെ വചനങ്ങൾ എഴുതിയിരിക്കുന്നതും സജ്ഞയൻ ധൃതരാഷ്ട്രരോട് പറയുന്ന രീതിയിൽ തന്നെ. അങ്ങനെ സംഭാഷണത്തിനകത്തെ സംഭാഷണവും കാഴചയ്കകത്തെ കാഴ്ചയുമെന്ന അതി മനോഹരവും വിശിഷ്ടവുമായ അവതരണ രീതിയാണ് ഭഗവത് ഗീത.
പെട്ടെന്നുണ്ടാകുന്ന മനോവ്യഥയെ മറികടക്കുന്നതിനും, യുദ്ധത്തിന് തയ്യാറെടുപ്പിക്കുന്നതിനുമായി ജീവിതത്തിന്റെ ആത്യന്തികമായ ബൗദ്ധികവും ആത്മീയവും പ്രായോഗികവുമായ സത്യം കൃഷ്ണനിലൂടെ വെളിപ്പെടുത്തുന്നു. `മരിക്കുന്നത് ദേഹം മാത്രമാണ്. അതിലെ യഥാർത്ഥ സ്വത്വമായ ആത്മാവിന് മരണമുണ്ടാകുന്നില്ല. അതിനെ നശിപ്പ്പിക്കുകയും അസാധ്യമാണ്. അതിനാൽ എതിർപക്ഷത്തുള്ള ബന്ധുക്കളെയെല്ലാം യുദ്ധത്തിൽ കൊല്ലുകയാണെന്ന്, അവസാനിപ്പിക്കുകയാണെന്ന് അർജുനൻ കരുതുന്നത് യുക്തിയല്ല. അതിനായി വേണ്ട കർമ്മനിരതതയും ധ്യാനത്തെയും തുടർന്നുള്ള അദ്ധ്യായങ്ങളിൽ വിവരിച്ച് കൊടുക്കുന്നു. ആദ്യത്തെ ആറ് അദ്ധ്യായങ്ങളും ആത്മാവിനെയും മനോനിലയെയും വിവരിക്കുന്നു എങ്കിൽ, തുടർന്നുള്ളവ പരമ സത്യമായ ഈശ്വരന്റെ ഭാവങ്ങളെക്കുറിച്ചും അതിൽ സ്വയം അർപ്പിതമാവുകയാണ് ആത്യന്തിക ലക്ഷ്യം എന്നുമുള്ള ഒരു തരം വളരെ focussed ആയ hypnosis പോലെയാണ്. ഇടയ്ക് കൃഷ്ണന്റെ ജ്ഞാനത്തെ തകിടം മറിക്കുമെന്ന് തോന്നിപ്പോകുന്ന ചോദ്യങ്ങളും അർജുനൻ ഉന്നയിക്കുന്നുണ്ട്. ഇങ്ങനെ സുദീർഘമായ പത്ത് അധ്യായങ്ങൾ കടന്ന് പോയെങ്കിലും അർജുനൻ വഴങ്ങുന്നില്ല. ഈ ഉപദേശങ്ങൾ വെറും മനുഷ്യന്റെ ബുദ്ധിയിൽ നിന്നുള്ളതല്ല, ഈശ്വരസൃഷ്ടിയായ വരികൾ തന്നെയാണ് എന്ന ആധികാരികതയ്കാണ് അടുത്ത പരിശ്രമം. അതിനായി കൃഷ്ണനെ പ്രപഞ്ചത്തിന്റെ സൃഷ്ടിയും സ്ഥിതിയും എല്ലാമായ ഈശ്വരന്റെ പ്രതീകമായി വ്യാസൻ അവതരിപ്പിക്കുന്നു. എന്നിട്ടും അർജുനന് യാതൊരു കുലുക്കവുമില്ല. അർജുനൻ ചോദിക്കുന്നു: I0:I7- how may I know you, lord of power/ while on you pondering?/ how may i think of you/ and in what modes of being? അങ്ങനെയെങ്കിൽ താങ്കൾ എന്തുകൊണ്ട് ഈശ്വരന്റെ രൂപത്തിൽത്തന്നെ പ്രത്യക്ഷപ്പെട്ട് ബോധ്യപ്പെടുത്തുന്നില്ല എന്ന് നിഷ്കളങ്കമായി അർജുനൻ ചോദിക്കുന്നു. കാരണം കാണുന്നതാണ് സത്യം. അതിൽ അവിശ്വസിക്കേണ്ടതില്ല. ഇവിടെ ഭൗതികരൂപങ്ങളിലുള്ള മനുഷ്യന്റെ അടിയുറച്ച വിശ്വാസമാണ് കാണാനാവുന്നത്. വ്യാസൻ തന്റെ അവസാന ആയുധവും പുറത്തെടുക്കുവാൻ നിർബന്ധിതമാകുന്നു.
പതിനൊന്നാം അദ്ധ്യായത്തിൽ കൃഷ്ണന്റെ വിശ്വസ്വരൂപം അവതരിപ്പിക്കുന്നു. ആയിരക്കണക്കിന് കൈകളുള്ള ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന, പ്രപഞ്ചം മുഴുവനും സ്വന്തം ശരീരത്തിൽ പ്രതിഫലിപ്പിച്ചിട്ടുള്ള കൃഷ്ണന്റെ രൂപം കണ്ട് അർജുനൻ അത്ഭുതപരവശനും വിധേയനും ആയിത്തീരുന്നു. മരണശേഷം നിത്യമായ അത്മാവായി കടന്ന് പോകുന്ന തന്റെ എതിർചേരിയിലെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെയും ഇപ്പോൾ അർജുനന് ദിവ്യദൃഷ്ടിയിലൂടെ കാണാനാകുന്നുണ്ട്. തന്റെ ബന്ധുക്കളെ കൊല്ലാനാവില്ല എന്ന ഏറ്റവും ആദ്യത്തെ അർജുനന്റെ സംശയത്തിന്, അവരെല്ലാം ഈശ്വരനാൽ മുൻപേ തന്നെ കൊല്ലപ്പെട്ടവരാന് എന്ന് കൃഷ്ണൻ ഈ പ്രതീകാവതരണത്തിലൂടെ സമാധാനിപ്പിക്കുന്നു. അർജുനന്റെ ആദ്യ ചോദ്യത്തിലെ പശ്ചാത്താപ ചിന്തയ്ക് ഇങ്ങനെയാണ് അന്തിമമായ ഉത്തരം നൽകുന്നത്. II:33- and so arise to triumph wonderful,/ defeat your foes, enjoy a prosperous rule,/ for all these men where slain by Me long since/ and you will only be the working tool. അതിനാൽ യുദ്ധം ചെയ്യുക എന്ന തന്നിൽ അർപ്പിതമായിരിക്കുന്ന യോദ്ധാവിന്റെ ധർമബോധത്തിലേക്ക് ഉണരുവാൻ അർജുനനെ പ്രോൽസാഹിപ്പിക്കുന്നു. ഭഗവത് ഗീതയിലെ പത്ത് അദ്ധ്യായങ്ങൾക്കും ഈ ഒറ്റ ദർശനത്തിലൂടെ സാധുത വന്നു ചേരുന്നു. കാരണം നിരാകരിക്കാനാവാത്ത പ്രപഞ്ചശക്തിസ്വരൂപത്തിന്റെ വചനങ്ങളെ ന്യായവിചാരം ചെയ്യേണ്ടതില്ല. അടിയുറച്ച ഗോത്ര സ്മൃതികൾ വിസ്മരിക്കുവാൻ അർജുനന് സാധ്യമാകുന്നത് ഗീതോപദേശത്തിൽ ലഭിക്കുന്ന വിജ്ഞാനത്തേക്കാളുപരി, അതിമാനുഷികമായ ഈശ്വരന്റെ ആജ്ഞയോടുള്ള വിധേയത്വം കൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.
അതിഭൗതികമായ ഈ പ്രതീകബിംബത്തിന്റെ ശക്തി കാവ്യാനുഭൂതിയുടെ നെറുകയാണ്. അതിന്റെ അമൂർത്തമായ ആഖ്യാനം ആസ്വാദകനായ വ്യക്തിക്ക് അത് സ്വതന്ത്രമായി എങ്ങനെയും വ്യാഖ്യാനിക്കുന്നതിന് തടസ്സമില്ല. അതുകൊണ്ട് അതിന് ഒരേ സമയം ഒരു കലയായും, ഒരു ചരിത്ര ഗ്രന്ഥമായും, ഒരു വിശ്വാസഗ്രന്ഥമായും ഒക്കെ സ്വീകാര്യതയും ഉണ്ടായേക്കാം. മനുഷ്യന്റെ സംസ്കാരനിർമ്മിതിയ്ക് തന്നെ കാരണമായെങ്കിലും പ്രതീകങ്ങൾ ഇത്തരത്തിൽ ഒരു പരിമിതി കൂടി ഉൾക്കൊള്ളുന്നു. ഒരു മതഗ്രന്ഥത്തെക്കാളുപരി ഉത് കൃഷ്ടമായ ഒരു ഭാവനാസൃഷ്ടിയുടെ പ്രതീകസങ്കല്പമാണ് ഭഗവത് ഗീതയിൽ കാണാനാവുന്നത്, പ്രത്യേകിച്ചും ഒരു വലിയ കാവ്യഗ്രന്ഥത്തിന്റെ ഭാഗമായി നിലകൊള്ളുന്നതിനാൽ.
അരുവിപ്പുറം പ്രതിഷ്ഠ: വിശ്വാസങ്ങളും ഭൗതിക പ്രതീകവും:
മതവിശ്വാസങ്ങളും അമൂർത്തമായ ആശയങ്ങളാണ്. അവയെ ബന്ധിക്കുന്നതിനുള്ള ഒരു ഉപാധി (cognitive anchor) യാകുന്നത് ഭൗതികവസ്തുക്കൾ തന്നെയാണ്. പല സമൂഹങ്ങളും വച്ച് പുലർത്തുന്ന കാണാനാവാത്ത അതിഭൗതികമായ ശക്തിയെയും, ആത്മാവ് എന്ന അനശ്വരസങ്കൽപ്പത്തേയുമെല്ലാം മറ്റുള്ളവരുമായി പങ്കുവെയ്കുന്നതിന് ചിഹ്നങ്ങളിലും രൂപകങ്ങളിലും നിലകൊള്ളുന്ന പ്രതീകങ്ങൾ അല്ലാതെ മറ്റ് വഴികളില്ല. അതിഭൗതിക ശക്തികളുടെ ബിംബകല്പനയിലൂടെ ഒരു പക്ഷേ സമൂഹത്തിൽ നിയമങ്ങളും പ്രതിഫലവും ശിക്ഷാവിധികളും ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം നടപ്പിലാക്കാനാവും. അങ്ങനെ അപരിചിതരായ ആളുകളിൽ സഹകരണം ഉറപ്പിക്കുന്നതിലൂടെ ഒരു സമൂഹത്തെ അച്ചടക്കത്തോടെ നിലനിർത്തുന്നതിലും പ്രതീക സംസ്കാരത്തിന് നിർണ്ണായകമായ പങ്കുണ്ട്.
ഭരണം, രാജ്യം, പൗരൻ, കറൻസി, നന്മ- തിന്മകൾ, മൂല്യങ്ങൾ, വാഗ്ദാനങ്ങൾ, വിവാഹം തുടങ്ങി ഇന്നും തുടരുന്ന മതേതരമായ സാമൂഹ്യ നിർമ്മിതികളും പ്രതീകസംസ്കാരത്തിന്റെ ഉല്പന്നങ്ങൾ തന്നെയാണ്. യാഥാർത്ഥ്യം എന്ന് കരുതുന്നുവെങ്കിലും ഇതും ആളുകൾ കൂട്ടമായി വിശ്വസിക്കുന്നിടത്തോളം മാത്രമേ നിലനിൽക്കുകയുള്ളു. തലമുറകൾ കഴിയുമ്പൊൾ പ്രതീകങ്ങളും അപ്രസക്തമാവുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യാവുന്നത് അസാധാരണമല്ല. ഏതെങ്കിലും തരത്തിലുള്ള നിരന്തരമായ ആവർത്തനങ്ങളാണ് ഇവയുടെ അർത്ഥം അതേപടി നിലനിർത്തുന്നതിനുള്ള പരിഹാരം. ആചാരങ്ങൾ ഇതിനുള്ള ഒന്നായി കാണപ്പെടുന്നു. ഈ ആചാരങ്ങളുടെ ഉടമസ്ഥാവകാശവുമായാണ് മതങ്ങൾ നിലനിൽക്കുന്നത്. ആരാധനാ മൂർത്തികൾക്കായുള്ള ചടങ്ങുകൾ, പ്രാർത്ഥന, പ്രത്യേക ജീവിത രീതികൾ (some set of duties), വിശുദ്ധഗ്രന്ഥങ്ങളുടെ പാരായണം, ബലി, മരണാനന്തര ശുശ്രൂഷകൾ തുടങ്ങിയവ ആചാരങ്ങളിലൂടെയാണ് ജനനം മുതൽ മരണം വരെയുള്ള മനുഷ്യന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും മതങ്ങൾ പ്രതീകാത്മകമായി ഇടപെടുന്നത്.
മുഹമ്മദ് നബിയ്ക് ഏതാണ്ട് I300 വർഷം ശേഷം തെക്കേ ഇൻഡ്യയിൽ നാഗർകോവിൽ എന്ന സ്ഥലത്തും അനാചാരങ്ങളിൽ മനം നൊന്ത് വിഗ്രഹങ്ങൾ തകർക്കേണ്ടി വന്ന സംഭവം ഉണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ. വർഷങ്ങൾക്ക് ശേഷം രണ്ട് ഭക്തന്മാർ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിക്കൊടുക്കണമെന്ന് ഗുരുവിനോട് തന്നെ അഭ്യർത്ഥിക്കുകയുണ്ടായി. `വവ്വാലുകൾ കൂടു കെട്ടിക്കിടക്കുന്ന ക്ഷേത്രങ്ങളിലെ ഇരുട്ട് ഇനിയും എന്തിനാണ്’ എന്ന് ഗുരു അവരോട് ചോദിച്ചു. `ആളുകൾ കുളിച്ച് വൃത്തിയായി വരും, ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ’ ഒരു ഭക്തൻ മറുപടി നൽകി. എന്നാൽ പിന്നെ അകത്ത് ഒരു വിളക്ക് തൂക്കിയിടമെന്നായി ഗുരു. ഭക്തർ സമ്മതിച്ചില്ല. അവർ പറഞ്ഞു. `അതുകൊണ്ട് ആൾക്കാർ തൃപ്തിപ്പെടുകയില്ല. അവർക്ക് ആരാധനാ മൂർത്തികൾ തന്നെ വേണം’. അരുവിപ്പുറത്ത് ആറിൽ കിടന്ന് ഏതോ ഒരു കല്ല് മുങ്ങിയെടുത്ത് ജനസാമാന്യത്തെ തൃപ്തിപ്പെടുത്തേണ്ടി വന്നതും ഈ അനിവാര്യതയാലാണ്.
വിഗ്രഹാരാധനയെ തകർത്തെറിഞ്ഞ് മുഹമ്മദ് നബി സ്ഥാപിച്ച വിശ്വാസപ്രസ്ഥാനത്തിനുൾപ്പെടെ ഒന്നിനും ഇതിനെ അതിജീവിക്കുവാൻ സാധ്യമല്ല. കാരണം മനുഷ്യന്റെ ആധുനികമായ മനസ്സ് ഭാവനകൾക്ക് ഒരു ഭൗതിക രൂപം ആഗ്രഹിക്കുന്നു. അവയിലൂടെ മാത്രമേ വിശ്വാസങ്ങളെ തലമുറകളോളം സ്ഥിരപ്പെടുത്തുന്നതിനും സാധ്യമാവുകയുള്ളു. മക്കയിലെ പള്ളിയ്ക് നൽകി വരുന്ന പ്രാധാന്യവും കഅബയിൽ സ്വർഗ്ഗത്തിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന കല്ലും സാത്താനെ എറിയുന്ന ചടങ്ങുമെല്ലാം ഒരു തരത്തിൽ വിഗ്രഹങ്ങൾ തന്നെയാണ്.
ക്രിസ്തു ക്രൂശിതരൂപത്തിലൂടെയും പടുകൂറ്റൻ ശില്പങ്ങളിലൂടെ ബുദ്ധനും മഹാക്ഷേത്ര സമുച്ചയങ്ങളിലൂടെ (monuments) ബ്രാഹ്മണിസവും അതാത് മതങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമേ ചെയ്തിട്ടള്ളു. മതപ്രസ്ഥാനങ്ങളുടെ അടയാളങ്ങളായ കുരിശും ചന്ദ്രക്കലയും ഓം ചിഹ്നവും പോലുള്ളവ വിമർശിക്കപ്പെടുമ്പോൾ അവിശ്വസനീയമായ വിധം പ്രതികരണങ്ങൾ വിശ്വാസികളിൽ നിന്നും ഉണ്ടാകുന്നത് പ്രതീകങ്ങൾക്കുള്ള ശക്തിയെയാണ് സൂചിപ്പിക്കുന്നത്. ദേശീയ ഗാനം, ദേശീയ പതാക, രാഷ്ട്രീയ പ്രസ്ഥാനങ്ങലുടെ കൊടികൾ, ചിഹ്നങ്ങൾ തുടങ്ങിയ മതേതരമായ സ്ഥാപനങ്ങളുടെ പ്രതീകങ്ങൾക്കുള്ള ശക്തിയും ഒട്ടും മോശമല്ല. ഇത് തിരിച്ചറിയാതെ വിശ്വാസങ്ങളിൽ നിന്ന് മുക്തരാവുക എളുപ്പമായിരിക്കുകയില്ല.
ചുവന്ന മണ്ണും ആഭരണങ്ങളും കലയും എഴുത്തും ആയി തുടർന്ന് വന്ന ഭൗതിക പ്രതീകങ്ങളിലൂടെ തന്നെയാണ് മതവിശ്വാസങ്ങളും അണമുറിയാതെ നിലനിൽക്കുന്നത്. പുരാതനമായി രൂപപ്പെട്ട കലാസൃഷ്ടികളും വിശുദ്ധഗ്രന്ഥങ്ങളും തമ്മിൽ വേർതിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞുമറിയുന്നതിന് കാരണവും ഈ ഭാവനകളിലെ സാമ്യമാണ്. ആരാധനാലയങ്ങളും എഴുതി വച്ച വിശുദ്ധഗ്രന്ഥങ്ങളും പോലുള്ള ഭൗതികരൂപങ്ങളില്ലാതെ മതവിശ്വാസങ്ങൾക്ക് തലമുറകളിലൂടെ സഞ്ചരിക്കാനാവില്ല. സ്മാരക മന്ദിരങ്ങളുടെ (Monuments) ഭീമാകാരമായ വലിപ്പവും കലാസൗന്ദര്യവും വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ്. ചെറുതും മനോഹരവും അല്ലാത്തവയേക്കാൾ വിസ്മയകരമായവയ്ക് കൂടുതൽ പേരെ ആകർഷിക്കാനാകും. കൂടുതൽ പേർ ആശ്രയിക്കുന്നതിനെ അവിശ്വസിക്കേണ്ടതില്ലെന്നും മനുഷ്യർ കരുതുന്നു. ആൾ ദൈവങ്ങൾ ഉണ്ടാകുന്നതിന് കാരണവും ഇവ തന്നെയാണ്. കുട്ടികളിൽ കാണുന്ന അഭിനയ- കളിയുടെ (pretend play) വാസനയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല മതം എന്നതും. മുതിർന്നവർ ഈ അഭിനയ- കളിയെ മതവിശ്വാസങ്ങളിലൂടെ കൂടുതൽ ഗൗരവത്തോടെ ഏറ്റെടുക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. മതവിശ്വാസമെന്നത് അയഥാർത്ഥ പ്രതീകസംസ്കാരത്തിന്റെ രൂപമല്ലാതെ മറ്റൊന്നുമല്ല. ഫുട്ബോൾ മൽസരം മുറുകുന്തോറും കളിക്കാർ, കളിയെന്നത് മറക്കുകയും, കളി കാര്യമാകുന്നതും അപൂർവമായ ഒന്നല്ല. അതുപോലെ തന്നെയാണ് വിശ്വാസപ്രസ്ഥനങ്ങൾക്ക് സംഭവിക്കുന്നതും. മനുഷ്യൻ മതം എന്നത് യാഥാർത്ഥ്യം തന്നെയെന്ന് തെറ്റിദ്ധരിക്കുന്നു. അതിന്റെ പേരിൽ മൽസരിച്ച് കൂറ്റൻ മന്ദിരങ്ങൾ നിർമ്മിക്കുന്നു. മരുഭൂമിയിലും കാട്ടിലും നടന്ന് വിധേയത്വം സമർപ്പിക്കുന്നു. പട്ടിണി കിടക്കുന്നു. അരുവികളിലെയും പുഴകളിലെയും കിണറുകളിലെയും സാധാരണ വെള്ളം പുണ്യമെന്ന് സങ്കൽപ്പിച്ച് ശേഖരിച്ച് വയ്കുന്നു, മലിനമായിക്കിടന്നാലും അതിൽ മുങ്ങുന്നത് നിർവൃതിയായി കണക്കാക്കുന്നു. ആയിരക്കണക്കിന് വർഷമായി ഒരേ കാര്യം സ്വയം മനസ്സിലാകാത്തത് പോലെ വീണ്ടും വീണ്ടും പ്രഭാഷണങ്ങൾ നടത്തി മനപാഠമാക്കുന്നു. ആയുധങ്ങൾ ശേഖരിക്കുന്നു. പോരടിക്കുന്നു. ഇത് പ്രതീകങ്ങളുടെ ശക്തിയാണ്, അല്ലെങ്കിൽ മനുഷ്യസഹജമായ ഒരു ദൗർബല്യമാണ്.
അജിത് കുമാർ ജി
References
Prehistory Colin Renfrew
The Prehistory of Mind Steven Mithen
Past as Present Romila thapar
The human symbolic Revolution Chris Knight Camille Power Ian Watt
Blood Relations Chris Knight
Bhagavat Gita Geoffrrey Parrinder
ajitkumarg
Proudly powered by WordPress