അന്നു മുതലാണ് സ്വച്ഛമായ ഒരനുഭവമായി മരണം വ്യാഖ്യാനിക്കപ്പെട്ടു തുടങ്ങുന്നത്. 1973 ൽ ഹോളണ്ടിലെ ല്യൂവാർഡൻ കോടതി ദയാവധത്തെ സംബന്ധിച്ച ആദ്യത്തെ കേസിന് വിധി പറയുന്നതോടെ. അന്നുവരേയും മരണം അണുകിട വ്യതിചലിക്കാത്ത ഒരു വിധിയായിരുന്നു. എത്ര തന്നെ ആഗ്രഹിച്ചാലും അത് എത്തിചേരണമെന്നില്ല. എവിടെയെല്ലാം ഒളിച്ചിരുന്നാലും നമ്മെ തേടി എത്തുകയും ചെയ്യും. എന്നാൽ ഹോളണ്ടിലെ ഒരു ഗ്രാമത്തിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന ഡോ. ആന്ദ്രീസ് പോസ്റ്റ്മയും അദ്ദേഹത്തിന്റെ ഡോക്ടർ തന്നെയായ ഭാര്യയും ചേർന്ന് അവരുടെ മാതാവിനെ ദയാവധം ചെയ്തത് വൈദ്യശാസ്ത്രചരിത്രത്തിലെ ഒരു അധ്യായമാണ്. ഈ കേസാണ് കോടതിയിലെത്തിയിരിക്കുന്നത്. പക്ഷാഘാതം സംഭവിച്ച, കേൾവി നഷടപ്പെട്ട മാതാവ് കടുത്ത ന്യുമോണിയ കൂടി ബാധിച്ചതോടെ ദുസ്സഹമായ ജീവിതം അവസാനിപ്പിക്കുവാൻ മകളോട് നിരന്തരമായി അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. സഹാനുഭൂതിയോടെ ഇരുവരും മോർഫിൻ എന്ന മരുന്ന് അവർക്ക് കുത്തി വയ്കുവാൻ നിർബന്ധിതരായി. വൈദ്യശാസ്ത്രത്തിലെ ഒരു അത്ഭുത ഔഷധമെന്ന് വിളിക്കാവുന്ന മോർഫിൻ കടുത്ത ഹൃദയാഘാതങ്ങളിൽ പോലും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഇന്നും ക്യാൻസർ പോലുള്ള മാരക രോഗങ്ങളിൽ വേദന നിവാരണത്തിന് മോർഫിൻ ഗുളികകളാണ് ആശ്വാസം. അധികഡോസിൽ മോർഫിൻ മരണവും സമ്മാനിക്കുന്നു. തന്റെ മാതാവിന്റെ ജീവിതം വേദനാരഹിതമായി അവസാനിപ്പിക്കുവാൻ സഹായിച്ചതിന്റെ ആശ്വാസത്തെ അധികൃതർ പക്ഷേ ചോദ്യം ചെയ്തു. പൂർവനിശ്ചിതമെന്ന് കരുതപ്പെട്ട വിധി മനുഷ്യൻ തീരുമാനിച്ച് നടപ്പിലാക്കുന്നതിനെതിരെ വിശ്വാസികളും. കോടതിയിലെത്തിയെ തർക്കം ഡോക്ടറായ മകൾക്ക് ശിക്ഷ വിധിച്ചുകൊണ്ടാണ് (ഡോ. പോസ്റ്റ്മ യുടെ സദുദ്ദേശ്യം പരിഗണിച്ച് ശിക്ഷ പൂർണ്ണാർത്ഥത്തിൽ നടപ്പിലാക്കിയില്ല) അവസാനിച്ചത്. അവസാനിക്കുകയല്ല, വേദനാരഹിതവും സ്വച്ഛവുമായ ജീവിതാന്ത്യം അവകാശമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ അതോടെ ആരംഭിക്കുകയായിരുന്നു. Dutch Voluntary Euthanasia Society മുന്നോട്ട് വച്ച വാദങ്ങളോടെ ദയാവധത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള ആശയപ്രചാരണങ്ങൾ ലോകമെമ്പാടും വ്യാപിച്ചു . ഇൻഡ്യയിൽ ഇത്തരമൊരു നിയമ പോരാട്ടത്തിന് വാദിയായി എത്തിയ അരുണാ ഷാൻബാഗ് എന്ന യുവതിയുടെ നിർഭാഗ്യകരമായ തുടക്കവും 1973 ലെ തന്നെ ഒരു രാത്രിയോടെയാണ്.
പത്ത് നിമിഷം
`കാത്തിരിക്കവേ, ഇരുട്ടിലും അവന്റെ കണ്ണുകൾ തിളങ്ങിക്കൊണ്ടിരുന്നു. നായയെ പൂട്ടുവാനുള്ള ചങ്ങല കയ്യിൽ തന്നെയുണ്ടെന്ന് അവൻ തൊട്ടുറപ്പിച്ചു. അതും അതിന്റെ ഊഴം കാക്കുന്നു. ചങ്ങലയുടെ തണുപ്പ് വിരലുകളെ മരവിപ്പിക്കുന്നുവെങ്കിലും അത് ക്രൂരമായ ഒരു ആശ്വാസവുമാണ്.’ അരുണയുടെ കഥ എന്ന പുസ്തകം പിങ്കി വിരാനി തുടങ്ങുന്നത് ഇങ്ങനെയാണ്. തുടർന്നുള്ള പത്ത് നിമിഷങ്ങളാണ് അരുണാ ഷാൻബാഗിന്റെ ജീവിതം മരിക്കുന്നില്ലെങ്കിൽ പോലും ഒരു പക്ഷേ, അവസാനിപ്പിക്കുന്നത്.
1973 നവംബർ 27 ന് രാത്രി മുംബൈയിലെ കിങ് എഡ് വേർഡ് മെമോറിയൽ (കെ ഇ എം) ആശുപത്രിയിൽ നഴ്സായിരുന്ന അരുണ താഴത്തെ നിലയിൽ വസ്ത്രം മാറുന്നതിന് പോയതാണ്. അരുണ ജോലിയിൽ കടുത്ത കൃത്യത പുലർത്തിയിരുന്നതായി സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അരുണയുടെ വിഭാഗത്തിൽ വൃത്തിയാക്കൽ ജോലി ചെയ്തിരുന്ന സോഹൻ ലാൽ ബർത്തയെ പല തവണ അവൾ ശാസിച്ചിട്ടുണ്ട്. ലബോറട്ടറിലെ നായ്കക്കൾക്കുള്ള ഭക്ഷണം അവൻ മോഷണം ചെയ്യുന്നത് കണ്ടെത്തിയതോടെയാണിത്. താൻ പ്രതികാരം ചെയ്യുമെന്ന് സഹജോലിക്കാരോട് അവൻ പ്രഖ്യാപിച്ചു. അരുണയ്ക് പലരും മുന്നറിയിപ്പും നൽകി. ഒരു കണ്ണിന് പകരം മറ്റൊന്ന് എന്നായിരുന്നില്ല, അതേ ആശുപത്രിയിലെ സുന്ദീപ് സർദേശായി എന്ന ഡോക്ടറുമായി വിവാഹം നിശ്ചയിച്ചിരുന്ന അരുണയ്ക് അന്ന് രാത്രി മറ്റൊരു പുരുഷന്റെ അസാധാരണമായ പ്രതികാരത്തിനും കാമവെറിയ്കുമാണ് കീഴടങ്ങേണ്ടി വന്നത്. പതുങ്ങിയിരുന്ന സോഹൻലാൽ ചങ്ങല കൊണ്ട് അവളുടെ കഴുത്ത് വരിഞ്ഞു മുറുക്കി. തലച്ചോറിലേയ്ക് പോകുന്ന ധമനികളിലൂടെയുള്ള രക്തയോട്ടം ഇതോടെ തടസ്സപ്പെട്ടു. ക്രമേണ ബോധവും. ഈ അബോധാവസ്ഥയിലാണ് സോഹൻലാൽ തന്റെ പ്രതികാരം സാധിച്ചെടുത്തത്. രക്തത്തിൽ കുളിച്ച് കിടന്ന അവളെ അടുത്ത ദിവസം രാവിലെയാണ് മറ്റുള്ളവർ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓക്സിജൻ കിട്ടാത്തതിനാൽ തലച്ചോറിലെ കോർട്ടക്സ് മരവിച്ചു പോയിരുന്നു.
നാമമാത്രമായി ജീവൻ നിലനിന്നെങ്കിലും അപൂർവമായ ഒരു ജീവിതാവസ്ഥയാണ് പിന്നിട് അരുണയെ കാത്തിരുന്നത്. കൈ കാലുകളുടെ ചലനം നഷ്ടപ്പെട്ടു. ആരെയും തിരിച്ചറിയുകയോ സംസാരിക്കുകയോ ഇല്ല. സ്വന്തമായി ഭക്ഷണം കഴിക്കുന്നതിനോ മല മൂത്ര വിസർജ്ജനം നടത്തുന്നതിനോ സാധ്യവുമല്ല. ജീവിതത്തിനും സ്വപ്നങ്ങൾക്കുമൊപ്പം ബന്ധങ്ങളും അകന്നു. നാലു വർഷത്തോളം പ്രതിശ്രുത വരൻ ആയിരുന്ന ഡോ. ദേശായി അരുണയെ സന്ദർശിച്ചിരുന്നു. കർണ്ണാടകയിലെ രണ്ട് സഹോദരർ വന്നെങ്കിലും പിന്നീട് അവരും അപ്രത്യക്ഷരായി. ഒറ്റയ്കായെങ്കിലും പക്ഷേ, അവൾ അനാഥയായില്ല. സുഹൃത്തുക്കളായിരുന്ന നഴ്സുമാർ അരുണയെ ശുശ്രൂഷിക്കുന്നതിൽ നിന്നും പിൻ തിരിഞ്ഞില്ല. ഉത്തരവാദിത്വം എന്ന നിലയിലല്ല, തങ്ങളുടെ തന്നെ ഒരാൾ എന്ന ബന്ധമായി കൂടിയാണ് അവരിത് ഏറ്റെടുക്കുന്നത്. സാധാരണ ഗതിയിൽ ശരീരം തളർന്ന് കിടപ്പാകുന്നവരിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ ശരീരം അടർന്ന് വൃണങ്ങൾ പ്രത്യക്ഷപ്പെടും. എന്നാൽ അരുണയുടെ ശരീരത്തിൽ 42 വർഷത്തിന് ശേഷവും അത്തരത്തിൽ ഒരു പാടു പോലും ഉണ്ടായിരുന്നില്ല.
പെർമെനന്റ് വെജിറ്റേറ്റിവ് സ്റ്റേറ്റ്
ഉണർന്നിരിക്കാൻ അസാധ്യമായ അബോധാവസ്ഥയല്ല (Coma) അരുണയുടേത്. കണ്ണുകൾ തുറക്കുകയും അടയ്ക്കുകയും സ്വാഭാവികമായ സമയത്ത് ഉറങ്ങുകയും ചെയ്യും. കാഴ്ചയും ശബ്ദവും ഗന്ധവും സ്പർശവും വേദനയും അറിയുന്നുവെങ്കിലും പ്രതികരണ ശേഷി ഏറെക്കുറെ പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. അരുണയുടെ മാനസികാവസ്ഥ നിശ്ചയിക്കുക അസാധ്യമാണ്. എങ്കിലും ഇഷ്ടമുണ്ടായിരുന്ന മീനും ചിക്കൻ സൂപ്പും ലഭിക്കുമ്പോൾ ചിരിക്കുമായിരുന്നു. ഇഷ്ടമില്ലാത്തവ കിട്ടിയാൽ തുപ്പിക്കളയുകയും. പിന്നീട് മലേറിയ രോഗം ഉണ്ടായതിന് ശേഷം മൂക്കിലൂടെ ആമാശയത്തിലേയ്ക് ഇട്ടിരിക്കുന്ന ട്യൂബിലൂടെയായി ഭക്ഷണം. കൂടുതൽ ആളുകൾ വരുമ്പോൾ അമിതമായി ശരീരം ചലിപ്പിക്കുവാൻ ശ്രമിക്കുകയും അവർ പോയിക്കഴിയുമ്പോൾ ശാന്തയാവുകയും ചെയ്യുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഏറ്റവും ശ്രദ്ധേയം സംഗീതത്തിലെ താല്പര്യമാണ്. ഭക്തി ഗാനങ്ങൾ കേൾപ്പിക്കുമ്പോൾ അരുണ ആശ്വാസത്തോടെ കാണപ്പെടുന്നു. പ്രത്യേകിച്ച്, സദ് ഗുരു വാമന റാവു പൈയുടെ ഗീതങ്ങൾ. എന്നാൽ ഏതെങ്കിലും ഓർമ്മകൾ ഉള്ളതായി കരുതാനാവില്ല. ഓർമ്മകൾ മാത്രമല്ല, തനിക്ക് രോഗമാണെന്നുള്ള ബോധ്യം, അല്ലെങ്കിൽ താൻ ജീവിച്ചിരിക്കുന്നുവെന്ന് പോലും മനസ്സിലാക്കാനാവാത്ത അസാധാരണമായ ഒരു അവസ്ഥയാണ് ഇത്. പല്ലുകൾ കൊഴിഞ്ഞ്, വളഞ്ഞ് ഒരു കുഞ്ഞിനെ പോലെ ചുരുണ്ട്, മെലിഞ്ഞ്, അസ്ഥിയോട് ഒട്ടിച്ചേർന്ന ശരീരമായി എഴുപത് വയസ്സുവരെ കഴിഞ്ഞ അരുണയുടെ ലോകം ആശുപത്രിയിലെ നാലാമത്തെ വാർഡിനോട് ചേർന്ന ഒരു മുറി മാത്രമായിരുന്നു.
മസ്തിഷ്കത്തിൽ മാത്രമുണ്ടായ അപായം ശരീരമാസകലമായി സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളിൽ നിന്നും അതിന്റെ സങ്കീർണ്ണമായ നിർമ്മിതിയും പ്രാധാന്യവും ഊഹിച്ചെടുക്കാം. ദശലക്ഷത്തോളം നാഡീകോശങ്ങളുടെ സമന്വയമാണ് മനുഷ്യ മസ്തിഷ്കം. അവ തമ്മിലുള്ള പരസ്പരബന്ധത്തിലൂടെയാണ് നാം കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും തിരിച്ചറിയുന്നതും. ചലനവും സംസാരിക്കാൻ കഴിയുന്നതും ചിന്തിക്കുന്നതും ഓർമ്മകളും സ്വപ്നവും ഉറക്കവും ഉണർന്നിരിക്കുന്നതും അങ്ങനെ തന്നെ. നാഡീകോശങ്ങൾക്ക് വളരെ കുറച്ച് നിമിഷങ്ങൾ (ആറു മിനിട്ടിൽ താഴെ) മാത്രമാണ് ഓക്സിജന്റെയും ഗ്ലൂക്കോസിന്റെയും വിതരണം ഇല്ലാതെ പ്രവർത്തിക്കാനാവുന്നത്. ഈ സമയപരിധിക്ക് ശേഷം അവ പൂർണ്ണമായും നശിച്ചുപോകുന്നു. മറ്റ് അവയവങ്ങളെപ്പോലെ പുതിയ നാഡികൾ നിർമ്മിക്കുവാൻ ശേഷിയില്ലാത്തതിനാൽ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ പിന്നീട് വീണ്ടെടുക്കുക അസാധ്യവുമാണ്. നാലാഴ്ചകളിൽ കൂടുതൽ തുടരുന്ന പ്രതികരണം നഷ്ടപ്പെട്ട (അ)ബോധാവസ്ഥയെയാണ് പെർമെനന്റ് വെജിറ്റേറ്റിവ് സ്റ്റേറ്റ് (permenant vegetative state- PVS) എന്ന് വിളിക്കുന്നത്. ബോധം മാത്രമല്ല മരണവും മസ്തിഷ്കത്തിന്റെ പ്രവർത്തനം നിലയ്കുമ്പോഴാണ് സ്ഥിരീകരിക്കുന്നത്. എന്നാൽ പൂർണ്ണമായ മസ്തിഷ്ക മരണത്തിൽ നിന്നു വിഭിന്നമായി ഹൃദയമിടിപ്പിനേയും ശ്വാസോച്ച്വാസത്തേയും നിയന്ത്രിക്കുന്ന തലച്ചോറിലെ മധ്യഭാഗത്തുള്ള മസ്തിഷ്ക കാണ്ഠം (Brain Stem) മാത്രം പ്രവർത്തിക്കുന്നതിനാൽ അരുണയ്ക് ജീവൻ നാമമാത്രമായി നിലനിൽക്കുന്നു.
ദയാവധം
നിരർത്ഥകമായി അരുണ അനുഭവിക്കുന്ന യാതനകളുടെ പശ്ചാത്തലത്തിലാണ് 2009 ൽ മനുഷ്യാവകാശ പ്രവർത്തകയും `അരുണയുടെ കഥ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ പിങ്കി വിരാനി അരുണ ഷാൻബാഗിന്റെ ദയാവധം (mercy killing) തേടി സുപ്രീം കോടതിയെ സമീപിച്ചത്. പിങ്കി വിരാനി കോടതിയെ സമീപിക്കുമ്പോൾ അരുണയുടെ പെർമെനന്റ് വെജിറ്റേറ്റിവ് സ്റ്റേറ്റിലുള്ള ജീവിതത്തിന് 37 വർഷം തികഞ്ഞിരുന്നു. ഒരിക്കലും പൂർവാവസ്ഥയിലേയ്ക് തിരിച്ചുവരുമെന്നോ അല്ലെങ്കിൽ ബോധനിലവാരത്തിൽ മെച്ചമുണ്ടാവുമെന്നോ പ്രതീക്ഷിക്കാനാവില്ലെന്ന് വിദഗ്ദ്ധ പരിശോധനകൾ സാക്ഷ്യപ്പെടുത്തുന്നു. ലോകത്ത് ഈ അവസ്ഥയിൽ ഏറ്റവും കൂടുതൽ നാൾ ജീവിച്ചിരുന്നത് അരുണയല്ലാതെ മറ്റാരുമാകുവാൻ ഇടയില്ല. ഒരു മനുഷ്യ ജീവിതം ഇങ്ങനെ നിലനിർത്തുന്നതിന്റെ അർത്ഥമെന്താണ് എന്ന ചോദ്യം അന്തസ്സോടെ മരിക്കുന്നതിനായി ലോകമാസകലം നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഉയർന്നു വരുന്നത്. എന്നാൽ സ്വന്തമായി മരണം ആവശ്യപ്പെടുവാനോ നിരാകരിക്കുന്നതിനോ ശേഷിയില്ലാത്ത, അടുത്ത ബന്ധുക്കളായും ആരുമില്ലാത്ത അരുണയുടെ ദുരിതങ്ങൾക്ക് അന്ത്യമുണ്ടാക്കണമെന്ന് ഒരു പക്ഷേ തീരുമാനിച്ചാൽ, ആർക്കായിരിക്കും അതിന് അവകാശമുണ്ടാവുക? ഈ അവകാശത്തിന്റെ നിയമപരമായ സങ്കീർണ്ണതകളും ദയാവധം നടപ്പിലാക്കുന്നതിലെ വൈദ്യശാസ്ത്രപരവും നൈതികവുമായ വാദപ്രതിവാദങ്ങളും അരുണയുടെ കഥയെ അപൂർവമാക്കുന്നു.
ദയാവധത്തിന്റെ രൂപത്തിൽ അല്ലെങ്കിലും മസ്തിഷ്കാഘാതം സ്ഥിരീകരിച്ചവരെ ഡോക്ടർമാർ സ്വാഭാവികമായ മരണത്തിന് വിധേയമാക്കാറുണ്ട്. അവയവ ദാനങ്ങളിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. മസ്തിഷ്കം, കോർട്ടക്സും ബ്രയിൻ സ്റ്റെമ്മും ഒരിക്കലും തിരിച്ചു വരാനാകാത്തവിധം പൂർണ്ണമായി നിലച്ചവരിൽ നിന്ന് മാത്രമാണ് മാറ്റിവയ്ക്കുന്നതിനുള്ള അവയവങ്ങൾ എടുക്കുന്നത്. വെന്റിലേറ്ററുകളുടെയോ ഹാർട്ട്- ലംഗ് മെഷീനുകളുടെയോ സഹായത്താൽ ആയിരിക്കാം അവരുടെ ജീവൻ നിലനിർത്തിവന്നിരുന്നത്. സ്വാഭാവികമായ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും അവ നീക്കം ചെയ്യുന്നതോടെ ക്രമേണ നിലയ്കും. അവയദാനപ്രക്രിയയിൽ ഇങ്ങനെ മരണം സ്വീകരിക്കുവാൻ അബോധാവസ്ഥയിൽ നിർബന്ധിതരാകുന്നുണ്ട്. എങ്കിലും ഇതിനെ ദയാവധത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താറില്ല. സമാനമായി നിഷ്ഫലമെന്ന് ഉറപ്പുള്ള സന്ദർഭങ്ങളിൽ കൃത്രിമമായ സൗകര്യങ്ങളോ മരുന്നുകളോ നൽകാതിരിക്കുന്നതോ അല്ലെങ്കിൽ നിർത്തി വയ്കുന്നതോ വൈദ്യശാസ്ത്ര ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒന്നാണ്. ഇങ്ങനെയുള്ളപ്പോൾ വേദനാശമനികളായ മരുന്നുകൾ മാത്രം ജീവിതാന്ത്യത്തിൽ നൽകി മരണം അനുവദിക്കുന്നത് നീതിപൂർവകമായ ഒന്നായി വൈദ്യശാസ്ത്രവും മറ്റെല്ലാ നിയമങ്ങളും പരിഗണിക്കുന്നു. ദയാവധവുമായി ഇവയെ തെറ്റിദ്ധരിക്കാതിരിക്കേണ്ടതുണ്ട്.
ഇവിടെയാണ് മരണം എന്നത് വൈദ്യശാസ്ത്രപരമായി മാത്രമല്ല സാമൂഹ്യപരമായും പ്രാധാനമാകുന്നത്. ഒരു നിശ്ചിത കേന്ദ്രത്തിൽ ജീവനും മരണവും പരസ്പര വൈരുദ്ധ്യത്തോടെ നിലനിൽക്കുകയോ വിട്ടുപോവുകയോ അല്ല ചെയ്യുന്നത്. ശരീരത്തിലെ പ്രവരത്തന നിരത (metabolism) പുനർസാധ്യമാകാതിരിക്കുന്ന ഒരു അവസ്ഥയാണ് മരണം. അത് ഒരു നിമിഷത്തിന്റെ നൊടിയിടയിലെ ആകസ്മിതയുമല്ല, മറിച്ച് ക്രമാനുഗതമായ ഒരു പ്രക്രിയയാണ്. ഈ അസ്പഷ്ടതയാണ് ദയാവധത്തിലെ തീരുമാനങ്ങളെയും വിഷമകരമാക്കുന്നത്.
ഒരു വ്യക്തിയുടെ സ്വതന്ത്രമായ താല്പര്യത്തോടെയും അനുവാദത്തോടെയും മരുന്നുകൾ നൽകി മരണം നടപ്പിലാക്കുന്നതിനെയാണ് പൂർണ്ണമായ അർത്ഥത്തിൽ ദയാവധം (Voluntary Active Euthanesia) എന്ന് പറയുന്നത്. ഇതിൽ സോഡിയം തയോ പെന്തോൾ പോലുള്ള മരുന്നുകൾ ആദ്യം നൽകി രോഗിയെ വേഗത്തിൽ ഗാഢനിദ്രയിലാക്കുന്നു. ഈ നിദ്രാവസ്ഥയിൽ പാൻ ക്യുരോണിയം തുടങ്ങിയവ നൽകുന്നതോടെ ശ്വസോച്ഛ്വാസം തടസ്സപ്പെടുകയും രോഗി അറിയാതെ തന്നെ മരണം ഉണ്ടാവുകയും ചെയ്യുന്നു. മറ്റൊന്ന്, സ്വയം മരുന്നുകൾ ഉപയോഗിക്കുന്ന രീതിയാണ്. ആത്മഹത്യ പോലെ തന്നെ. ഡോക്ടർമാർ മരുന്നു കുത്തിവയ്ക്കില്ലെങ്കിലും അവരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്ന് മാത്രം (ഡോക്ടർ അനുബന്ധമായുള്ള ആത്മഹത്യ -Physician Assisted Suicide). എന്നാലിത് പലപ്പോഴും സങ്കീർണ്ണമായിത്തീരാറുണ്ട്. അബോധാവസ്ഥയിൽ നിന്നു രോഗി ഉണരുന്നതും മരണം ഉണ്ടാകുവാൻ കൂടുതൽ സമയം നീണ്ടുപോകുന്നതും ഡോക്ടർ അനുബന്ധമായുള്ള ആത്മഹത്യയിൽ അസാധാരണമല്ല. സ്വിറ്റ് സർലാന്റിലും അമേരിക്കയിലെ ഓറിഗോൺ സ്റ്റേറ്റിലും ഇത് നിയമവിധേയമാണ്. ഈ രണ്ട് രീതികളിലും മരണത്തിന് കാരണമാകുന്ന ഒരു മരുന്നു സ്വീകരിക്കേണ്ടി വരുന്നുണ്ട്.
രണ്ടാമത്തേത് പാസ്സിവ് യൂത്തനേസിയ (Passive Euthanesia) എന്ന രീതിയാണ്. ജീവന്റെ നിലനിൽപ്പിനാവശ്യമായ സംവിധാനങ്ങൾ പിൻവലിക്കുന്നതാണ് ഈ മാർഗ്ഗം. ഇതിൽ മരണം ഉണ്ടാക്കുന്ന മരുന്നുകൾ നൽകുന്നില്ല. ഓക്സിജനോ വെന്റിലേറ്ററോ മരുന്നുകളോ പോലുള്ള ചികിത്സാ രീതികൾ പിൻവലിക്കുന്നു, അല്ലെങ്കിൽ നൽകാതിരിക്കുന്നു. ഡോക്ടർമാരുടെ സഹായവും ചില അവസരങ്ങളിൽ ആവശ്യമില്ല. സ്വയം ആഹാരം കഴിക്കാൻ അസാധ്യമായവർക്ക് ട്യൂബിലൂടെയോ അല്ലാതെയോ നൽകുന്ന ഭക്ഷണവും വെള്ളവും നിർത്തിവയ്ക്കുന്നതും മറ്റൊന്നല്ല. ഈ രൂപത്തിലുള്ള പാസ്സിവ് യൂത്തനേസിയ ലോകത്തെല്ലായിടത്തും നിലനിൽക്കുണ്ട്, മറഞ്ഞും തെളിഞ്ഞും. ഇതിന് നിയമസാധുത ഇല്ലാത്ത ഇടങ്ങളിൽ പോലും. പലപ്പോഴും ഇതിൽ മരണം സാവകാശമായിരിക്കാം എന്നത് വേദനാജനകമായ ഒന്നാണ്.
അന്തസ്സോടെ മരിയ്കാനുള്ള അവകാശം
യൂറോപ്പിൽ രാജ്യങ്ങൾ വ്യത്യസ്ത വഴികളിലേയ്ക് തിരിഞ്ഞു, ദയാവധത്തെ കുറിച്ചുള്ള നിലപാടുകളിൽ. അടുത്ത കാലത്ത് തർക്കങ്ങൾ തീവൃമാകുന്നതിൽ ഇറ്റലിയിൽ നടന്ന ഒരു ഗാന്ധിയൻ സമരരീതിയ്ക് മുഖ്യ പങ്കുണ്ട്. 2007 ൽ നുവോളിയെന്ന ഇറ്റലിയിലെ ഫുട്ബോൾ റഫറിയാണ് ശ്രദ്ധേയമായ തരത്തിൽ നിരാഹാര സമര മാർഗ്ഗം സ്വീകരിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന അമയോട്രോഫിക് ലാറ്ററൽ സ് ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) എന്ന രോഗബാധിതനായ ജിയോവാനി നുവോളി തന്റെ ജീവിതാന്ത്യം തെരഞ്ഞെടുക്കുന്നതിനായി ആഗ്രഹിച്ചെങ്കിലും സർക്കാർ നിലപാട് അനുകൂലമായിരുന്നില്ല. പേശികൾ പ്രവർത്തന രഹിതമാകുന്നതോടെ വേദനയുൾപ്പെടെ അനുഭവിക്കുന്നുവെങ്കിലും കൈകാലുകൾ അനക്കുവാൻ പോലുമുള്ള സ്വാധീനം ക്രമേണ നഷ്ടപ്പെടുന്നു. നിരാഹാരം ഒടുവിൽ ന്യുവോളിയുടെ മരണത്തിലാണ് അവസാനിച്ചത്. മരണാവകാശത്തിനായി മരണത്തിലൂടെ തന്നെ നുവോളി നടത്തിയ പ്രതിഷേധം സഭയുടെയും രാഷ്ട്രീയ കക്ഷികളുടെയും നിലപാടുകളിൽ മാറ്റമുണ്ടാക്കുന്നതായാണ് സൂചനകൾ.
ഫ്രാൻസിൽ ഷാന്തൽ സെബിയയുടെ (chanthal sebire) 2008 ലെ അവസാന നാളുകൾ ജനങ്ങളെയും നിയമത്തേയും ചിന്തിപ്പിക്കുന്നു. എസ്തിസിയോ ന്യൂറോ ബ്ലാസ്റ്റോമ ( esthesioneuroblastoma) എന്ന അത്യപൂർവമായ ക്യാൻസർ ബാധിതയാണ് സെബിയ. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ വെറും 200 പേരിൽ മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. മൂക്കിനുള്ളിലൂടെ ഒരു കണ്ണിനെയും നശിപ്പിച്ച് അർബുദം വളർന്നതോടെ മുഖം തന്നെ വികൃതമായിത്തീർന്നു. കാഴ്ചയും സ്വാദും ഗന്ധവും സെബിയയ്ക് നഷ്ടമായി. അതി കഠിനമായ വേദനയിലും മോർഫിൻ പോലുള്ള മരുന്നുകൾ അവർ സ്വീകരിച്ചില്ല. പകരം തന്റെ ജീവിതം അവസാനിപ്പിക്കുവാൻ അനുവദിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയെ സമീപിക്കുകയാണുണ്ടായത്. ഫ്രാൻസിൽ സാധ്യമല്ലെങ്കിൽ അനുവദനീയമായ മറ്റൊരു രാജ്യത്തേയ്ക് പോകുന്നതിനും അവർക്ക് മടിയുണ്ടായിരുന്നില്ല. ദയാവധം നിയമവിധേയമാക്കിയ ബെൽജിയത്തിലേയ്ക് ഡോ. പീറ്റ് ഹബെക്കി (Pete Hoebeke) സെബിയയെ ക്ഷണിക്കുകയും ചെയ്തു. സ്വന്തം പൗരന്മാർക്ക് മാത്രമല്ല വിദേശികൾക്കും ദയാവധം നൽകുന്നതിന് ബെൽജിയത്തിൽ തടസ്സമില്ല. പക്ഷേ കോടതിയും സെബിയയുടെ അഭ്യർത്ഥന നിരസിച്ചു. പിന്നീട് വീട്ടിൽ മരിച്ച നിലയിലാണ് അവരെ കണ്ടെത്തുന്നത്. ചുറ്റും ഫ്രാൻസിൽ ലഭ്യമല്ലാത്ത ഫീനോബാർബിറ്റോൺ ഗുളികകളുടെ അനവധി സ്ട്രിപ്പുകളും.
സമാനമായ രോഗാവസ്ഥകളിൽ കഴിയുന്നവരുടെ അഭിപ്രായങ്ങൾക്ക് സമൂഹം പരിഗണന നൽകുന്നില്ല എന്നതാണ് ഈ കഥകൾ സൂചിപ്പിക്കുന്നത്. ദയാവധം അർഹിക്കുന്നവരുടെ യാതനകൾക്ക് നേരെ സമൂഹം നിർവികാരമായി കണ്ണടയ്കുന്നു. താരതമ്യേന ആരോഗ്യകരമായി ജീവിക്കുന്ന പൊതുസമൂഹത്തിന്റെ സദാചാരബോധം അവരിൽ അടിച്ചേൽപ്പിക്കുകയും. ഓരോ വ്യക്തിയുടെയും ജീവിതത്തെ കുറിച്ച് സ്വയം തീരുമാനമെടുക്കുന്നതിനുള്ള അവകാശത്തിന് ഇത് തടസ്സമാകുന്നു. തിരിച്ചു വരാനാവാത്ത കോമയിലും പെർമെനന്റ് വെജിറ്റേറ്റിവ് സ്റ്റേറ്റിലും മാരകവും വേദനാജനകവുമായ തീരാവ്യാധികളിലും കഴിയുന്നവരെ സഹാനുഭൂതിയാൽ പരിചരിക്കുന്നതാണ് മാനുഷികമായി നാം കണക്കാക്കുന്നത്. എന്നാൽ അവരുടെ ഭാഗത്ത് നിന്നു ചിന്തിക്കുവാൻ സമൂഹം പ്രാപ്തമായിരുന്നില്ല്ല. അവരെ കൂടി പരിഗണിക്കുന്ന നവീനമായ ഒരു പൊതുബോധത്തിലേയ്കാണ് ആധുനിക സമൂഹം സജ്ജമാകേണ്ടത്.
യൂത്തനേസിയ ആക്ട്
ചർച്ചകൾക്ക് തുടക്കമിട്ട ഹോളണ്ട് തന്നെയാണ് ഇതിൽ ആദ്യനിയമം നടപ്പിലാക്കുന്നതിനും തയ്യാറായത്. ഒരു വ്യക്തിയ്ക് തന്റെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കാവുന്നതുപോലെ തന്നെ അന്തസോടെയുള്ള ജീവിതാന്ത്യവും ഈ നിയമം വാഗ്ദാനം ചെയ്യുന്നു. 2002 ൽ ഹോളണ്ടിൽ പാസ്സാക്കിയ യൂത്തനേസിയ ആക്ട് പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ ദയാവധം (Voluntary Active Euthanesia and Physician Assisted Suicide) അനുവദിക്കുന്നു. ഒരു റിവ്യൂ കമ്മിറ്റിയുടെയും ഡോക്ടർമാരുടെയും പരിശോധാനാനുമതി ഇത് നടപ്പിലാക്കുന്നതിന് ആവശ്യവുമാണ്. ഇത്തരം ഒരു നിയമനിർമ്മാണത്തിന് അനുയോജ്യമായ ഒരു സാമൂഹ്യാന്തരീക്ഷം ഹോളണ്ടിൽ വളർന്നു വന്നിരുന്നു എന്നത് പ്രധാനമാണ്. 1966 ലെ 56 ശതമാനത്തിൽ നിന്നും 1998 ആകുമ്പോഴേയ്കും 90 ശതമാനം ജനങ്ങളും ദയാവധം നിയമമാക്കുന്നതിനെ അനുകൂലിക്കുന്നു. വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ ദയാവധം നടപ്പിലാകുന്നതിന് പാലിക്കേണ്ടതുണ്ട്.
- രോഗി സ്വന്തം ഇഷ്ട പ്രകാരവും വ്യക്തമായി ആലോചിച്ചതിന് ശേഷവുമായിരിക്കണം തീരുമാനമെടുക്കുന്നത്.
- ഇതിന് കാരണമാകുന്നത് തികച്ചും താങ്ങാനാവാത്തതും പ്രതീക്ഷയില്ലാത്തതുമായ ഒരു രോഗമോ അവസ്ഥയോ ആയിരിക്കണം.
- രോഗാവസ്ഥയെകുറിച്ചും അതിന്റെ ചികിൽസാ സാധ്യതകളെ കുറിച്ചും രോഗിയെ കൃത്യമായി ധരിപ്പിച്ചിരിക്കണം.
- ഉചിതമായ മറ്റൊരു ചികിൽസാ സാധ്യത ലഭ്യമല്ലായിരിക്കണം.
- മറ്റൊരു ഡോക്ടറിൽ നിന്നും രണ്ടാമത് ലഭിക്കുന്ന അഭിപ്രായവും പരിഗണിക്കേണ്ടതുണ്ട്.
- പൂർണ്ണമായ ശ്രദ്ധയോടെ തന്നെ ആയിരിക്കണം മരണം നിർവഹിക്കപ്പെടേണ്ടതും.
ബൽജിയവും ലക്സംബർഗ് പാർലമെന്റും ഇപ്പോൾ ദയാവധം അംഗീകരിച്ചുകഴിഞ്ഞു. സ്വീഡനിൽ പാസ്സിവ് യൂത്തനേസിയ മാത്രം. ഡോക്ടർ അനുബന്ധമായുള്ള ആത്മഹത്യ നിലവിലുള്ള സ്വിറ്റ്സർലാന്റിലേയ്ക് യൂറോപ്പിൽ നിന്നും നൂറുകണക്കിന് പേർ ചെല്ലുന്നുണ്ട്, ദയാവധം സ്വീകരിക്കുവാൻ. സ്പെയിനിൽ അഭിപ്രായ സർവകൾ ദയാവധത്തെ അനുകൂലിക്കുന്നുവെങ്കിലും നിയമമില്ല. കോടതിയിലും പാർലമെന്റിലും നിരന്തരമായ തർക്കങ്ങൾ ബ്രിട്ടണിൽ ഇന്നും തുടരുന്നു. പോളണ്ടാകട്ടെ ദയാവധം അധാർമ്മികമാണെന്ന വാദത്തിൽ തന്നെ ഉറച്ചും നിൽക്കുന്നു. ആസ്ട്രേലിയയിൽ ഒരു സ്റ്റേറ്റിൽ കുറച്ചു നാൾ നിലവിലുണ്ടായിരുന്ന നിയമം പിന്നീട് നിർത്തലാക്കുകയും ചെയ്തു. അമേരിക്കയിൽ ഓറിഗോൺ, വാഷിങ്ടൺ എന്നിവിടങ്ങളിലൊഴികെ ദയാവധം കുറ്റകരമായി തുടരുന്നു. ചിലയിടങ്ങളിൽ advanced directive law പോലുള്ള പരിമിതമായ അധികാരവും ഡോക്ടർമാർക്ക് നൽകുന്നുണ്ട്.
ജർമ്മനിയ്ക് ദയാവധമെന്നത് ഭീതിദമായ ഓർമ്മകളാണ്. 1930 കളിൽ നാസി ഭരണകൂടം പുറത്തിറക്കിയ ഒരു പോസ്റ്റർ സമൂഹത്തിന് പ്രയോജനമില്ലാത്ത ഒരു മുതിർന്ന പൗരന് രാഷ്ടം ചിലവഴിക്കുന്ന പണം വ്യർത്ഥമായിപ്പോകുന്നതിനെ കുറിച്ചാണ്. അങ്ങനെയുള്ളവരുടെ ജീവിതം അവസാനിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ദേശത്തിന്റെ പുരോഗതിയും ഉയർത്തിക്കാട്ടുന്നു. അവരെ ബലാൽക്കാരമായി ദയാവധത്തിന് വിധേയമാക്കുന്നതിന് ഉത്തരവിടാനും ഹിറ്റ് ലർക്ക് മടിയുണ്ടായില്ല. ആക്ഷൻ ടി 4 എന്ന പദ്ധതിയിലൂടെ ആരോഗ്യമില്ലാത്ത വൃദ്ധ ജനങ്ങളെ മാത്രമല്ല, അംഗവൈകല്യവും ജനിതക രോഗമുള്ള കുട്ടികളേയും മാനസികരോഗികളെയും ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ദയാവധം ചെയ്യുകയായിരുന്നു. ഹിറ്റ് ലറുടെ സ്വകാര്യ ഡോക്ടർ കൂടിയായ കാൾ ബ്രാൻഡിന്റെ നേതൃത്വത്തിലായിരുന്നു ഈ ശുദ്ധീകരണം. 1939 മുതൽ 1941 വരെ ജർമ്മനി, ആസ്ട്രിയ എന്നിവിടങ്ങളിലെ മാനസിക രോഗാശുപത്രികളിൽ വച്ച് ഏതാണ്ട് 70,273 പേരെയാണ് ദയാവധത്തിന് വിധേയമാക്കിയത്. ഔദ്യോഗികമായി നിർത്തലാക്കിയതിന് ശേഷവും പലരുടെയും ആവേശം അവസാനിച്ചില്ല. 1945 ലെ ജർമ്മനിയുടെ യുദ്ധ പരാജയം വരെയും പല ആശുപത്രികളിലും ഡോക്ടർമാർ ഇത് തുടർന്നു. ഇങ്ങനെ ഏതാണ്ട് 2 ലക്ഷം പേർ വീണ്ടും രാജ്യത്തിന്റെ പുരോഗതിക്കായി നിർബന്ധിതമായി ജീവ സമർപ്പണം ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ഓർമ്മകൾ കൂടി പരിഗണിച്ചായിരിക്കണം ജർമ്മനിയിലും ദയാവധം കുറ്റകരമായി നിലനിൽക്കുന്നു.
പുഞ്ചിരിയോടെ വിടവാങ്ങുന്നു
ദയാവധത്തിന്റെ ഏറ്റവും പ്രശസ്തമായ ഉദാഹരണമാണ് ആണ് നോബേൽ സമ്മാനാർഹനായ ക്രിസ്റ്റ്യൻ ഡെ ഡ്യൂവിന്റേത്. ക്യാൻസർ ബാധിച്ച അദ്ദേഹം ഒരിക്കൽ തളർന്നു വീഴുകയും അരക്ഷിതമായ മണിക്കൂറുകളിലൂടെ കടന്നു പോവുകയും ചെയ്തു. വരാനിരിക്കുന്ന തന്റെ ഭയാനകമായ നിമിഷങ്ങൾക്കുള്ള മുന്നറിയിപ്പായി ഡ്യൂവ് ഇതിനെ കണക്കാക്കി. ആഴ്ചകൾക്ക് മുൻപ് തന്നെ തന്റെ മരണ സമയവും സ്ഥലവും അദ്ദേഹം തീരുമാനിച്ച് ഉറപ്പിച്ചു. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുമുള്ള വീക്ഷണങ്ങൾ ലെ സുവ (Le Soir) എന്ന പത്രവുമായി അവസാനമായി പങ്കു വച്ചു. 2013 മെയ് 5 ന് 95 -ം വയസ്സിൽ നാലു മക്കളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുത്ത സമയത്ത് രണ്ട് ഡോക്ടർമാർ അദ്ദേഹത്തിന് സമ്മതപ്രകാരം മരുന്നുകൾ കുത്തിവച്ചു. `പ്രസന്നതയോടെ അദ്ദേഹം ഞങ്ങളോട് കരയാതിരിക്കുവാൻ ആവശ്യപ്പെട്ടു. സന്തോഷകരമായി ജീവിതത്തിന്റെ പരിപൂർണ്ണതയിലാണ് ആദേഹം മരിക്കുന്നത്. വിടവാങ്ങുന്നുവെന്ന് പറഞ്ഞുകൊണ്ട്, പുഞ്ചിരിയോടെ.’ മകൾ അനുസ്മരിക്കുന്നു. 1974 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം അദ്ദേഹത്തിന് ലഭിക്കുന്നത് കോശങ്ങളിലെ മരണകാരണമായ ലൈസോസോമുകളെ കണ്ടെത്തിയതിനായിരുന്നു. സൂക്ഷ്മമായ മരണത്തെ തിരിച്ചറിഞ്ഞ ക്രിസ്റ്റ്യൻ ഡെ ഡ്യൂവ് സ്വന്തം മരണരീതിയിൽ പ്രകടിപ്പിച്ച ധൈര്യം ദയാവധത്തിന്റെ പ്രചാരകർക്ക് ആവേശമായിത്തീർന്നു.
യൂറോപ്പിലെ ആധുനിക എഴുത്തുകാരിലെ ശ്രദ്ധേയനായ ഹ്യൂഗോ ക്ലൗസും (Hugo Claus) തന്റെ മറവിരോഗം (alzheimers disease) മൂർച്ഛിക്കുന്നതിന് മുൻപ് ബൽജിയത്തിൽ ദയാവധം സ്വീകരിച്ചു. നിരവധി തവണ നോബേൽ സമ്മാനത്തിനായി ക്ലൗസ് പരിഗണിക്കപ്പെട്ടിരുന്നു. രോഗത്തിന്റെ പീഡനാവസ്ഥയ്ക് മുന്നേ തന്നെ ജീവിതം അവസാനിപ്പിച്ച ക്ലൗസിന്റെ തീരുമാനത്തെ വിശ്വാസികളുടെ സംഘടനകൾ അതിശക്തമായി വിമർശിച്ചു. ഓർമ്മകൾ ഇല്ലാതാകുന്നത് ക്ലൗസ് മരണമായി തന്നെയാന് കണ്ടത്. ഒരു ജീവി യഥാർത്ഥത്തിൽ ഓർമ്മയല്ലാതെ മറ്റൊന്നുമല്ല. മനുഷ്യനും അങ്ങനെ തന്നെ. ആഹാരത്തിനായി അന്വേഷിക്കുന്നതും ഇഷ്ടവും അനിഷ്ടവുമെല്ലാം ഓർമ്മകളിലൂടെയാണ് സാധ്യമാകുന്നത്. അനുകൂല സാഹചര്യങ്ങളും പ്രതികൂലാവസ്ഥകളും വേർതിരിച്ചറിയുന്നതും ജനിതകമായും ജീവിതാനുഭവങ്ങളിലൂടെയും ശേഖരിക്കപ്പെട്ട ഓർമ്മകളിലൂടെയാണ്. അതിജീവനത്തിനായുള്ള അടിസ്ഥാന ഓർമ്മകൾ നഷ്ടപ്പെടുന്നതോടെ മരണം യഥാർത്ഥത്തിൽ സംഭവിച്ചു കഴിഞ്ഞു. ഒരു പക്ഷേ ക്ലൗസ് ഇത് മുൻ കൂട്ടി മനസ്സിലാക്കിയിട്ടുണ്ടാവാം.
അപൂർവ സന്ദർഭങ്ങൾ
മാർലിസ് മ്യുനോസ് എന്ന 33 കാരിയായ അമേരിക്കൻ വനിത ബോധരഹിതയായി വീട്ടിൽ കിടക്കുന്നതാണ് ഒരു ദിവസം ഭർത്താവ് കാണുന്നത്. ആശുപത്രിയിൽ ഉടനടി എത്തിക്കാനായെങ്കിലും പൾമണറി എംബോളിസം ബാധിച്ച് മസ്തിഷ്ക മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ 14 ആഴ്ചയോളം ഗർഭിണിയായിരുന്നു എന്നതാണ് മ്യുനോസിന്റെ മരണം അസാധാരണമാക്കുന്നത്. ടെക്സാസിലെ നിയമപ്രകാരം വെന്റിലേറ്റർ പോലുള്ള ജീവനോപാധികൾ മസ്തിഷ മരണശേഷവും കുട്ടിയുടെ പ്രസവം വരെ തുടരേണ്ടതുണ്ട്. അപകടാവസ്ഥകളിൽ പെട്ടാൽ കൃത്രിമ മാർഗങ്ങളിലൂടെ ജീവൻ നിലനിർത്തരുതെന്ന് മ്യുനോസ് നേരത്തേ തന്നെ ആഗ്രഹിച്ചിരുന്നു. നിയമവും വ്യക്തിയുടെ ഇഷ്ടാനിഷ്ടവും തമ്മിലുള്ള തർക്കവും കോടതിയിൽ ചെന്നെത്തി. മരിച്ചു കഴിഞ്ഞ മാതാവിന്റെ ഗർഭാവസ്ഥയിലുള്ള കുട്ടിയ്കും ശാരീരികമായ ന്യൂനതകൾ ഉണ്ടായിക്കഴിഞ്ഞിരിക്കാമെന്നും അവളുടെ മുൻ താല്പര്യ പ്രകാരം മരണം അനുവദിക്കണമെന്നുമുള്ള ഭർത്താവിന്റെ വാദം ഒടുവിൽ സ്വീകരിക്കപ്പെട്ടു.
തികച്ചും വിപരീതമായ കഥയാണ് 13 വയസ്സുകാരിയായ ജാഹി മാക് മത്തിന്റേത്. 2013 ൽ കാലിഫോർണിയയിൽ ഒരു ശസ്ത്രക്രിയയെ തുടർന്ന് അനിയന്ത്രിതമായ രക്തസ്രാവത്താൽ അവൾക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വൈദ്യശാസ്ത്രപരമായ കണ്ടെത്തലുകൾ അംഗീകരിക്കുവാൻ മാതാപിതാക്കൾ തയ്യാറായില്ല. മകൾ മരിച്ചിട്ടില്ല എന്നോ അല്ലെങ്കിൽ എന്നെങ്കിലും ജീവൻ തിരിച്ചു വരാമെന്നോ ഉള്ള പ്രത്യാശയായിരുന്നു അവർക്ക്. അതിനാൽ വെന്റിലേറ്ററിൽ കൃത്രിമശ്വാസോച്ഛ്വസം തുടരണമെന്ന് കോടതികളിൽ വാദിച്ചു കൊണ്ടിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക് കൊണ്ട് പോയ മാക് മത്തിനെ തിരിച്ചു വരുമെന്നോർത്ത് വെന്റിലേറ്ററിന്റെ സഹായത്തോടെ മാതാപിതാക്കൾ ഇന്നും സൂക്ഷിച്ചിരിക്കുന്നു.
ഡോക്ടർ ഡെത്ത്
ഒരാൾക്ക് മരിക്കണമെന്ന് തോന്നുക അത്ര അസാധാരണമായ ഒന്നല്ല. മാരക രോഗങ്ങളാലോ അപകടങ്ങളിലോ ജീവിതം നഷ്ടമാകുമ്പോൾ മാത്രമല്ല, നിസ്സാരമായ മാനസികാവസ്ഥകളും മരണത്തെ സ്വീകരിക്കുവാൻ ഒരാളെ പ്രേരിപ്പിച്ചേയ്കാം. ശാരീരികാവസ്ഥയെക്കാളും തകർന്നുപോയ മാനസികാവസ്ഥയാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും കാരണമാകുന്നത്. ദയാവധം അംഗീകരിച്ചതും അല്ലാതെയുമുള്ള ഇടങ്ങളിലെ 50 ശതമാനം ഡോക്ടർമാർക്കും രോഗികളിൽ നിന്ന് ദയാവധത്തിനായി അഭ്യർത്ഥനകൾ ലഭിക്കാറുണ്ട്. വാണിജ്യവൽക്കരണവും ന്യൂക്ലിയാർ കുടുംബങ്ങളും വ്യാപകമായ സാമൂഹ്യാന്തരീക്ഷത്തിൽ ദയാവധം പോലുള്ള സൗകര്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും ഇക്കാര്യത്തിൽ പരിഗണിക്കേണ്ട ഘടകങ്ങൾ തന്നെ. സ്വത്തും സമ്പത്തും കൈക്കലാക്കിയ ശേഷം സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്നത് വൃദ്ധസദങ്ങളിലെയും മനോരോഗാശുപത്രികളിലെയും അനാഥാലയങ്ങളിലെയും അപൂർവമായ കഥകളല്ല.
1990 കളിൽ ഡോക്ടർ ഡെത്ത് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ഡോ. ജാക് കെവോക്കിയൻ ( jack kevorkian) മരണം തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിലെ വിവാദവ്യക്തിയാണ്. അമേരിക്കയിൽ ഏതാണ്ട് 130 ഓളം രോഗികൾക്ക് നിയമവിരുദ്ധമായി Physician Assisted Suicide നൽകിയതാണ് ഡോ. ഡെത്ത് എന്ന വിശേഷണത്തിന് കാരണം. മരണം നൽകുകയല്ല, അവരുടെ ദുരിതം അവസാനിപ്പിക്കുകയാണ് താൻ ചെയ്തത് എന്നാണ് കെവോക്കിയൻ വിശദീകരിച്ചത്. എന്നാൽ പിന്നീടുള്ള അന്വേഷണങ്ങളിൽ മാരകമായ (Terminally ill) രോഗാവസ്ഥയിലുള്ളവരായിരുന്നില്ല പലരും എന്ന് കണ്ടെത്തിയിരുന്നു. പോസ്റ്റ് മോർട്ടം പരിശോധനയിൽ പലരിലും ഒരു രോഗവും കണ്ടെത്താനുമായില്ല. വിഷാദം പോലുള്ള മാനസിക രോഗമുള്ളവരെയും ആത്മഹത്യാ പ്രവണതയുള്ള മാനസിക രോഗികളേയും കെവോക്കിയൻ ഒഴിവാക്കിയില്ല. അദ്ദേഹം തന്നെ നിർമ്മിച്ചെടുത്ത മരുന്ന് കുത്തിവയ്ക്കുന്ന യന്ത്രങ്ങൾ സ്വയം പ്രവർത്തിപ്പിക്കുവാൻ കെവോക്കിയൻ സഹായിക്കുകയായിരുന്നു. ജീവിയ്കാനുള്ള അവകാശം പോലെ തന്നെ മരിയ്കാനുള്ള അവകാശത്തിനുമായി ടെലിവിഷനുകളിലും സർവകലാശാലകളിലും വിലക്കുകൾ അവഗണിച്ചുകൊണ്ട് അദ്ദേഹം പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. 1988 ൽ തോമസ് യൗക് എന്ന മോട്ടോർ ന്യൂറോൺ രോഗബാധിതനെഅയാളുടെ സമ്മതത്തോടെ ദയാവധം (Voluntary Euthanesia) ചെയ്യുന്ന വീഡിയോ ടേപ്പ് പുറത്ത് വിട്ടത് കെവോക്കിയന് ജയിലേയ്ക്കുള്ള വഴിയാണ് തുറന്നു കൊടുത്തത്. അൽ പാചിനോ അഭിനയിക്കുന്ന You dont know Jack എന്ന പ്രശസ്തമായ ചലചിത്രം കെവോക്കിയന്റെ ജീവിതത്തെ കുറിച്ചുള്ളതാണ്.
എന്തുകൊണ്ട് ദയാവധം?
അംഗീകൃതമായ സ്ഥലങ്ങളിൽ മാരകരോഗങ്ങളിൽ (Terminally ill) പെട്ടവരിൽ 10 മുതൽ 29 ശതമാനത്തോളം പേർ ദയാവധം ആഗ്രഹിക്കുന്നു. ഇവയിൽ 70 ശതമാനത്തിലേറെ പേരും ക്യാൻസർ ബാധിതരും, 5 ശതമാനത്തോളം എയിഡ്സ് രോഗികളും മോട്ടോർ ന്യൂറോൺ ഡിസീസ് പോലുള്ളവ ബാധിച്ചവരുമാണ്. ഹോളണ്ടിലെ 3.5 ശതമാനം മരണം ഇന്ന് ദയാവധത്തിലൂടെയാണ്. വേദനാജനകമായ രോഗാവസ്ഥകളിലാണെങ്കിലും ദയാവധം തിരഞ്ഞെടുക്കുന്നതിന് കാരണം പ്രധാനമായും വേദനയല്ല എന്നതാണ് യാഥാർത്ഥ്യം. വിഷാദമുള്ളവർ ദയാവധം ആവശ്യപ്പെടുന്നതിന്നുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാലിരട്ടിയാണ്. വിഷാദവും നിരാശയും അതിലുപരി പരാശ്രയത്തിൽ അകപ്പെടുന്നതിലൂടെ അന്തസ് നഷ്ടപ്പെടുമെന്ന ഉത് കണ്ഠയും കുടുംബത്തിന് ഭാരമാകുന്നുവെന്ന ചിന്തയുമാണ് മിക്കപ്പോഴും ഇതിലേയ്ക് നയിക്കുന്നത്.
ദയാവധത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ ഇത് ഏറ്റവും കൂടുതൽ നാളുകളായി നിലനിൽക്കുന്ന ഹോളണ്ടായിരിക്കാം അനുയോജ്യം. രണ്ട് ദശാബ്ദക്കാലമായി ഹോളണ്ടിൽ ഇതിനെ സംബന്ധിച്ച് പഠനങ്ങൾ നടന്നു വരുന്നുണ്ട്. നിയമം അനുശാസിക്കുന്ന സവിശേഷമായ സാഹചര്യങ്ങളിൽ നിന്നു ഭിന്നമായി ഇത് ദുരുപയോഗം ചെയ്യപ്പെടുന്നതായി കാണപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാത്രവുമല്ല, ഒരു രോഗിയുടെ ജീവിതാന്ത്യം തീരുമാനിക്കുന്നതിൽ കൂടുതൽ വ്യക്തത ഉണ്ടായതായും ഡോക്ടർമാർ കണക്കാക്കുന്നു. 2005 ൽ 80 ശതമാനം കേസുകളും നിയമപരമായി പരിശോധിക്കപ്പെടുന്ന കമ്മിറ്റികളുടെ നിർദ്ദേശപ്രകാരം തന്നെയായിരുന്നു. ബാക്കിയുള്ളവ ഡോക്ടർമാർ പങ്കെടുക്കാത്ത മരുന്നുകളുടെ അമിത ഉപയോഗത്തിലൂടെ ചെയ്ത ആത്മഹത്യകൾ പോലുള്ളവയും. പൊതു ജനങ്ങളിൽ വളർന്നു വരുന്ന ദയാവധത്തിന്റെ സ്വീകാര്യത മെഡിക്കൽ സമൂഹത്തിലും അതുയർത്തുന്ന നൈതികതയെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. രോഗികളെ ഏതവസ്ഥയിലും സഹായിക്കേണ്ട ഡോക്ടർമാർ അവരുടെ താല്പര്യത്തോടെയോ അല്ലാതെയോ ദയാവധത്തിലോ ഡോക്ടർ അനുബന്ധിക്കുന്ന ആത്മഹത്യകളിലോ പങ്കാളികളാകുന്നത് വൈദ്യശാസ്ത്രത്തിന്റെ എത്തിക്സിനെതിരാണെന്ന വാദം ഇന്നും പ്രബലമാണ്. ലോക മെഡിക്കൽ അസ്സോസിയേഷൻ പോലുള്ള സംഘടനകൾ ഡോക്ടർമാർ ഇതിൽ പങ്കെടുക്കുന്നതിനെ നിശിതമായി വിമർശിക്കുന്നു. പരാമ്പരാഗതമായ ഇത്തരം ധാർമ്മികതകൾ പുനഃപരിശോധിക്കേണ്ടതാണെന്ന മറുവാദവും അപൂർവമല്ല.
വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അവബോധം, മരണത്തെ സംബന്ധിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ നിരാകരിക്കുന്നതിനുള്ള ശേഷി, അർത്ഥമില്ലാതെ ജീവൻ ദീർഘിപ്പിക്കുക മാത്രമല്ല വൈദ്യശാസ്ത്രത്തിന്റെ നൈതികത എന്നീ ചിന്തകളുടെയെല്ലാം സ്വാധീനം ഈ തീരുമാനങ്ങളെ നിർണ്ണയിക്കുന്നു. ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത ഈ സാമൂഹ്യസാഹചര്യങ്ങളുടെ അഭാവം പല രാജ്യങ്ങളിലും ദയാവധത്തിന് ഭൃഷ്ട് തുടരുന്നതിന് കാരണമായേക്കാം.
അരുണാ ഷാൻബാഗ്
അരുണയുടെ കഥ നമുക്ക് അനവധി ചോദ്യങ്ങളുടെ കൂടി സഞ്ചിതമായ ഓർമ്മയാണ്. 1973 ന് നേരിട്ട ആക്രമണത്തെ തുടർന്നാണ് ആശുപത്രികളിലെ ശ്രേണീ വ്യവസ്ഥയിൽ വേണ്ടത്ര അംഗീകാരമില്ലാതെ കഴിഞ്ഞ നഴ്സുമാരുടെ ആദ്യത്തെ സംഘടിത സമരം ഇൻഡ്യയിൽ ഉണ്ടാകുന്നത്. അടുത്ത കാലത്തും സമാന ആവശ്യങ്ങളുമായി കേരളത്തിൽ നടന്ന നഴ്സുമാരുടെ സമരങ്ങൾ ഈ ചോദ്യം സക്രിയമാണെന്നതിന്റെ അടയാളമാണ്. വധശ്രമത്തിന്റെ പേരിലാണ് ബലാത്സംഗം ചെയ്തെങ്കിലും സോഹൻലാൽ ആറു വർഷത്തോളം തടവിൽ ശിക്ഷിക്കപ്പെട്ടത്. പല പ്രകൃതിവിരുദ്ധ (Sodomy) ലൈംഗിക അതിക്രമങ്ങളും അന്ന് കേസിൽ പരിഗണിക്കപ്പെട്ടിരുന്നില്ല. ശിക്ഷ കഴിഞ്ഞ അയാൾ മറ്റേതോ നഗരത്തിൽ തിരിച്ചറിയപ്പെടാതെ ജീവിക്കുന്നതായി കരുതപ്പെടുന്നു. ആശുപത്രിയിലോ കോടതിയിലോ അയാളുടെ ഒരു ചിത്രം പോലും അവശേഷിക്കുന്നില്ല. അവശേഷിക്കുന്നത് ഇന്നും തുടരുന്ന പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്. സൗമ്യയെയും നിർഭയയെയും പോലെ അനുദിനം ഉണ്ടാകുന്ന കഥകൾ നാല്പത് വർഷങ്ങൾക്ക് മുൻപുണ്ടായ പത്ത് നിമിഷങ്ങളുടെ ആവർത്തനം തന്നെയാണ്. ഓരോ കഥകളുടെയും അനന്തരം പീഡിപ്പിക്കപെടുന്നവർ കൊല്ലപ്പെടുകയോ കൂടുതൽ നിസ്സഹായരായി ഒറ്റപ്പെടുകയോ ചെയ്യുന്നു. ഒരു മുറിയിൽ തന്റെ ആകാശവും കടൽത്തീരവും സ്വപ്നങ്ങളും കുടുങ്ങിപ്പോയ അരുണയെപ്പോലെ. ഇവയ്കെല്ലാമുപരിയായി ജീവിതത്തിന്റെ തന്നെ അർത്ഥമെന്തായിരിക്കാമെന്ന മറ്റൊരു വലിയ ചോദ്യവും ദയാവധത്തെ കുറിച്ചുള്ള ചർച്ചകളിലൂടെ അരുണയുടെ ജീവിതം ഉന്നയിക്കുന്നു.
ജീവിയ്കാനുള്ള അവകാശം അന്തസ്സോടെ മരിക്കുന്നതിനുള്ള കൂടി അവകാശമാണോ? ഇൻഡ്യയിൽ 1994 ൽ പി. രത്തിനം കേസ് ഇത് അംഗീകരിക്കുന്നില്ലെന്നാണ് നിരീക്ഷിച്ചത്. ആത്മഹത്യാ ശ്രമവും പ്രേരണയും നിയമവിരുദ്ധമായി തുടരുമ്പോൾ മരിക്കണമെന്ന ഒരാളുടെ ആവശ്യം എങ്ങനെയാണ് അംഗികരിച്ചു കൊടുക്കാനാവുന്നത്? പ്രത്യേകിച്ച് തീരുമാനങ്ങൾക്ക് പ്രാപ്തമല്ലാത്ത കോമ പോലുള്ള അബോധാവസ്ഥയിലുള്ളവരെക്കുറിച്ച് മറ്റുള്ളവർ ആവശ്യപ്പെടുമ്പോൾ. പക്ഷേ, ജീവിതത്തിൽ അസാധാരണമായി ഉണ്ടാകുന്ന ദുരവസ്ഥകൾ ദയാവധത്തിന്റെ ആവശ്യകതയെകുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നു. 1975 ൽ അമേരിക്കയിലെ കേരൻ ആൻ ക്യുൻലാൻ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയത് അബോധാവസ്ഥയിലാണ്. അന്ന് 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ക്യുൻലാൻ പാർട്ടിയിലെ അമിത മദ്യത്തിനൊപ്പം ഡയസെപാം, ഡെക്സ്ട്രോ പ്രൊപോക്സിഫെൻ തുടങ്ങിയ ലഹരി മരുന്നുകളും കഴിച്ചിട്ടുണ്ടായിരുന്നു. കുഴഞ്ഞു വീണ അവൾക്ക് ശ്വാസം നിലച്ചുപോയത് തലച്ചോറിലേയ്കുള്ള രക്തപ്രവാഹം ദീർഘനേരത്തേയ്ക് ഇല്ലാതാകുന്നതിന് കാരണമായി. കൃത്രിമ ശ്വാസോച്ഛാസത്താൽ വേണ്ടെടുക്കാനായെങ്കിലും മസ്തിഷ്കം പ്രവർത്തനരഹിതമായിക്കഴിഞ്ഞിരുന്നു. ബ്രെയിൻ സ്റ്റെം പക്ഷേ പ്രവർത്തനനിരതമാണു താനും. അരുണ ഷാൻബാഗിന്റെ അതേ രോഗാവസ്ഥ തന്നെയാണ് ഇത്. എന്നാൽ ക്യുൻലാന് വേണ്ടി വാദിക്കുവാൻ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നത് വ്യത്യാസവും. പെർമെനന്റ് വെജിറ്റേറ്റിവ് അവസ്ഥയിൽ വെന്റിലേറ്ററിൽ തുടരവേ, കൃത്രിമ ചികിൽസകൾ അവസാനിപ്പിച്ച് മരണം അനുവദിക്കണമെന്ന് മാതാപിതാക്കൾ അഭ്യർത്ഥിച്ചു. ആശുപത്രിയിൽ നിന്നും അനുകൂല നിലപാട് ലഭിക്കാത്തതിനാൽ പിന്നീട് കോടതിയിലും. ന്യൂ ജേഴ്സി സുപ്രീം കോടതിയിൽ നിന്നും മാതാപിതാക്കൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ദയാവധത്തിന് അനുകൂലമായ നിയമനിർമ്മാണങ്ങൾ ഇതര രാജ്യങ്ങളിലും പിന്തുടരുന്നതിൽ സുപ്രധാനമായ ഈ വിധിയെ തുടർന്നാണ്. വെന്റിലേറ്ററിൽ നിന്നും വേർപെടുത്തിയെങ്കിലും ക്യുൻലിൻ മരണത്തിന് കീഴടങ്ങിയില്ല. പിന്നീട് കഠിനമായ ന്യുമോണിയ പിടിപെടുന്നതു വരെ പത്ത് വർഷത്തോളം ക്യുൻലാന്റെ ജീവിതവും മാറ്റമില്ലാതെ തുടർന്നിരുന്നു.
പി. രത്തിനം കേസിൽ നിന്നും അരുണാ ഷാൻബാഗിലെത്തുമ്പോൾ ലോകത്താകമാനം മരിയ്കാനുള്ള അവകാശത്തിനായി (Right to Die) പ്രതിഷേധങ്ങളും പ്രചാരണങ്ങളും ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു. വൈദ്യശാസ്ത്രത്തിലുണ്ടാകുന്ന പുരോഗതിയുടെ ഭാഗമായി ഒരു രോഗം നാളെ ഭേദപ്പെടുന്നത് സാധ്യമായേക്കാം എന്നൊരു നിരീക്ഷണം ഇതിൽ കോടതി നടത്തുന്നുണ്ട്. 1984 ൽ ഒരു ട്രക്ക് അപകടത്തിൽ പെട്ട ടെറി വാലിസ് എന്ന അമേരിക്കൻ യുവാവിന് 19 വർഷത്തെ അബോധാവസ്ഥയ്ക് ശേഷം (Minimally Conscious State) ബോധാവസ്ഥയിലേയ്ക് വന്നതും സംസാരിക്കുവാൻ തുടങ്ങിയതും അത്ഭുതകരമായ ഒന്നാണ്. സ്കാനിംഗ് താരതമ്യ പഠനങ്ങളിൽ നിന്നും ക്ഷതമേറ്റ നാഡീകോശങ്ങൾക്ക് ചുറ്റുമായി ഒരു പുതിയ നാഡീ ബന്ധം വളർന്നതായി അനുമാനിക്കുന്നു. ഈ ഉദാഹരണമാണ് കോടതി പ്രതീക്ഷാപൂർവം പരാമർശിച്ചത്. എന്നാൽ വെജിറ്റേറ്റിവ് സ്റ്റേറ്റിലെ മസ്തിഷ്കാവസ്ഥയ്ക് സമാനമല്ല, നിശ്ചയമായും ടെറി വാലിസിന് ഉണ്ടായിട്ടുള്ളത്.
ക്യുൻ ലാനിന് സമമല്ലെങ്കിലും വളരെ സന്തുലിതമായി വാദങ്ങൾ പരിഗണിക്കുകയും തികച്ചും അനുയോജ്യമായ ഒരു ഉത്തരവുമാണ് അരുണയുടെ കേസിൽ ജസ്റ്റിസ് മാർക്കണ്ഠേയ കാട്ജു, ജസ്റ്റിസ് ഗ്യാൻ സുധാ മിശ്ര എന്നിവരുൾപ്പെട്ട കോടതി വിധിച്ചിരുന്നത്. എന്നാൽ മിക്ക മാധ്യമങ്ങളും ഉപരിപ്ലവമായ വ്യാഖ്യാനം നൽകി അതിന്റെ പ്രാധാന്യത്തെ കുറച്ചു കാണുകയായിരുന്നു എന്ന് സംശയിക്കാം. ദയാവധം നിരസിച്ചതായുള്ള വാർത്തകളാണ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. പിങ്കി വിരാനിയുടെ സദുദ്ദേശ്യത്തെയും പൊതുതാല്പര്യത്തെയും അങ്ങേയറ്റത്തെ ബഹുമതിയോടെ കോടതി പരിഗണിക്കുന്നു. എന്നാൽ അരുണയുടെ സുഹൃത്തെന്ന നിലയിൽ തീരുമാനങ്ങളെടുക്കുന്നതിലുള്ള അവകാശം പിങ്കി വിരാനിയെക്കാൾ കൂടുതൽ കെ ഇ എം ആശുപത്രിയിലെ നഴ്സുമാർക്കാണെന്ന് കോടതി നിരീക്ഷിക്കുന്നു. ആക്ടിവ് യൂത്തനേസ്യ നിരസിച്ചു എങ്കിലും മരുന്നുകളും ഭക്ഷണവും നിർത്തികൊണ്ട് അരുണയുടെ ജീവൻ അവസാനിപ്പിക്കുവാൻ താല്പര്യമെടുക്കുന്നതിനുള്ള അവകാശം കോടതി അവരിൽ നിഷിപ്തമാക്കുന്നു. ഒരു മരുന്ന് കുത്തി വയ്ച്ച് മരണം നൽകുന്നതിനുള്ള നിയമം ഉണ്ടായില്ലെങ്കിലും പാസ്സിവ് യൂത്തനേസിയ ഇതോടെ ഇൻഡ്യയിൽ പ്രാബല്യത്തിൽ വന്നു. ഇത്തരം അധികാരങ്ങൾ മാതാപിതാക്കളിലും ജീവിത പങ്കാളിയിലും അടുത്ത ബന്ധുക്കൾക്കുമായിരിക്കും. അവരുടെ അസ്സാന്നിധ്യത്തിൽ അടുത്ത സുഹൃത്തുക്കൾക്കും ഡോക്ടർമാർക്കും. പക്ഷേ ഹൈക്കോടതിയുടെ അനുമതിയോടെ എന്നു മാത്രം. നിയമത്തിന്റെ ദുർവിനിയോഗം തടയുന്നതിനായി വ്യക്തമായ മാർഗനിർദ്ദേശങ്ങളും മുന്നോട്ടു വയ്കുന്നുണ്ട്. ഓരോ ആവശ്യങ്ങളിലും ഹൈക്കോടതികൾ അടിയന്തിര പ്രാധാന്യത്തോടെ ഒരു ബഞ്ച് രൂപീകരിക്കുകയും മൂന്ന് ഡോക്ടർമാർ ഉൾപ്പെടുന്ന (ഒരു ന്യൂറോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ്, ഫിസിഷ്യൻ) വിദഗ്ദ്ധ സംഘത്തിന്റെയും രോഗികളുടെ ബന്ധുക്കളുടെയും അഭിപ്രായവും പരിഗണിക്കേണ്ടതുമാണ്.
വർഷങ്ങളായി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്ന അരുണയുടെ ജീവൻ പാസ്സിവ് യൂത്തനേസിയയിലൂടെ അവസാനിപ്പിക്കുവാൻ ആശുപത്രിയിലെ നഴ്സുമാർ തയ്യാറായിരുന്നില്ല. പിന്നീട് 2015 മെയ് 18 ന് ന്യുമോണിയ ബാധിച്ചതോടെ അരുണ ഷാൻബാഗ് തന്റെ കഥയ്ക് തിരശീലയിടുമ്പോൾ അവർ ഒരുപോലെ ചിരിക്കുകയും കരയുകയും ചെയ്തിട്ടുണ്ടാവണം. ദൈന്യതയുടെ നാളുകളിൽ നിന്നും അരുണ മോചിതയായതിനാലും അവരുടെ വേർപാടിന്റെ വേദനയാലും. അപൂർണ്ണമെങ്കിലും പല വികസിത രാജ്യങ്ങളും സ്വീകരിക്കാത്ത ദയാവധത്തിന്റെ ഈ രൂപം ഇൻഡ്യയിൽ നിലവിൽ വരുന്നതിന് നിർഭാഗ്യവശാൽ അരുണയുടെ ജീവിതത്തിലെ നേരനുഭവങ്ങളാണ് എല്ലാ അർത്ഥത്തിലും കാരണമായത്, സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിന് എപ്പോഴും ഇത്തരം ബലികൾ വേണ്ടി വരുന്നു എന്നത് ദുഖകരമാണെങ്കിലും. സമൂഹ്യാന്തരീക്ഷത്തിലും ജീവിതവീക്ഷണത്തിലും മാറ്റം ഉണ്ടാകുവോളം ദയാവധം പൂർണ്ണമായ അർത്ഥത്തിൽ ഇൻഡ്യയിൽ അസാധ്യമായിരിക്കാം. എങ്കിലും കൃത്യമായ നിയമ നിർമ്മാണമെന്ന ദിശയിലുള്ള ചർച്ചകൾ ഇതോടെ ഗൗരവപ്പെടുന്നു. പിങ്കി വിരാനി സമർപ്പിച്ച കേസിൽ വാദിയായി അവർ അവതരിപ്പിച്ചതും അരുണ ഷാൻബാഗിനെ തന്നെയാണ്. താൻ അറിയാതെ, തനിയ്കു വേണ്ടി മാത്രമല്ല ദുരിത രോഗാവസ്ഥകളിലെ എല്ലാവർക്കുമായുള്ള ഈ ആദ്യ ചുവടു വയ്പ് അരുണയുടെ പേരിൽ ചരിത്രമായിക്കഴിഞ്ഞു. ജീവിതത്തിന്റെയും മരണത്തിന്റെയും അവ്യക്തമായ അതിർവരമ്പിലൂടെയുള്ള അരുണയുടെ ജീവിതം അങ്ങനെയെങ്കിലും അർത്ഥപൂർണ്ണമായതായി നമുക്ക് ആശ്വസിക്കാം.
അജിത് കുമാർ ജി
ajitkumarg
Proudly powered by WordPress