ഹയവദന
`തിരശ്ശീല ഉയരുമ്പോൾ സുന്ദരനായ ദേവദത്തൻ സ്റ്റേജിന്റെ ഒരു വശത്ത് ഏതോ സ്വപ്നത്തിൽ മുഴുകിയിരിപ്പാണ്. അയാളുടെ ഉത്തമ സുഹൃത്തായ കപിലൻ സ്റ്റേജിലേയ്ക് കടന്നു വരുമ്പോൾ ഇതാണ് കാണുന്നത്. കപിലന് ദേവദത്തന്റെ സ്വപ്നം മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. അതീവ സുന്ദരിയായ പത്മിനിയെക്കുറിച്ചാണ് ദേവദത്തന്റെ ദിവാ സ്വപ്നം. കപിലൻ ദേവദത്തന്റെ ആഗ്രഹം സാധിച്ചു കൊടുത്തു; പത്മിനിയെ ദേവദത്തന് വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങളെല്ലാം അയാൾ തന്നെയാണ് ചെയ്ത് കൊടുക്കുന്നത്. മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഉജ്ജയിനിയിലേയ്ക് മൂന്നു പേരും കൂടി യാത്ര ചെയ്യുകയാണ്. കപിലനാണ് രഥം ഓടിക്കുന്നത്. മികച്ച ശാരീരിക ശേഷിയുള്ള കപിലന്റെ രഥം ഓടിക്കുന്നതിലെ വൈഭവവം പത്മിനി ഇടയ്കിടെ സൂചിപ്പിക്കുന്നുണ്ട്. ഇത് ദേവദത്തന് അല്പം അസൂയ ഉണ്ടാക്കുന്നുണ്ട്. കാരണം പത്മിനിയെ താൻ വിവാഹം കഴിക്കുന്നതിന് അനുകൂലമായിരുന്നെങ്കിലും കപിലനും പത്മിനിയെ സ്നേഹിച്ചിരുന്നെന്ന് ദേവദത്തനും അറിവുള്ളതാണ്. കപിലൻ വഴിയിൽ വച്ച് അടുത്തുള്ള രുദ്രാക്ഷേത്രത്തെക്കുറിച്ച് വർണ്ണിച്ചപ്പോൾ പത്മിനിയ്ക് താല്പര്യമായി. കപിലനോടൊപ്പം അവൾ ക്ഷേത്രത്തിലേക്ക് പോയി. പക്ഷേ, ദേവദത്തൻ അനുഗമിച്ചില്ല. എന്തൊക്കെയോ ചിന്തിച്ച് കൂട്ടികൊണ്ട് അയാൾ പകരം ഒരു കാളീക്ഷേത്രത്തിലേയ്കാണ് പോയത്. പത്മിനിയ്ക് കപിലനുമായി ഇഷ്ടം കൂടുതലാകുമെന്ന ദേവദത്തന്റെ ആലോചനകൾ അനിയന്ത്രിതമായിത്തീർന്നു. ഒടുവിൽ മനോ നിയന്ത്രണം തന്നെ തകരുന്ന അനിവാര്യതയാണ് അയാളെ കാത്തിരുന്നത്. അയാൾ വാളെടുത്ത് ശിരച്ഛേദം ചെയ്ത് കാളിയ്ക് സ്വയം ബലിയർപ്പിച്ചു. മടങ്ങി വന്ന്, ദേവദത്തനെ കാണാതെ അന്വേഷിച്ച് നടക്കവേ കപിലൻ ഈ ദുരന്തം കണ്ട് നടുങ്ങി. തിരികെ നാട്ടിലെത്തുമ്പോൾ ദേവദത്തനെ താൻ കൊന്നതാകുമെന്ന് ജനങ്ങൾ സംശയിക്കുമെന്ന് കപിലൻ ഭയപ്പെട്ടു. മറ്റൊന്നും അയാൾ ആലോചിച്ചില്ല. ഉറ്റ സുഹൃത്തിനോടൊപ്പം അയാളും സ്വയം ശിരച്ഛേദം നടത്തി. ഇരുവരെയും അന്വേഷിച്ച് നടന്ന പത്മിനി ഇതു കണ്ട് തളർന്നു. അവളും വാൾ കയ്യിലെടുത്തു. പൊടുന്നനെ കാളിദേവീ പ്രത്യക്ഷപ്പെട്ടു. പത്മിനിയെ ആശ്വസിപ്പിക്കുകയാണ്. രണ്ട് പേരുടെയും ശിരസ്സ് തിരികെ ശരീരത്തിൽ ചേർത്ത് വച്ച് വാളു കൊണ്ട് ഒന്നു സ്പർശിക്കുക. ജീവൻ തിരിച്ചുകിട്ടുമെന്ന് കാളീദേവി ഉറപ്പ് കൊടുത്തു. തിടുക്കത്തിൽ പത്മിനി ശിരസ്സുകൾ അവരവരുടെ ശരീരത്തോട് ചേർക്കവേ പത്മിനിക്ക് അത് പരസ്പരം മാറിപ്പോകുന്നു. ദേവദത്തന്റെ ശിരസ്സ് കപിലന്റെ ശരീരത്തോടും കപിലന്റെ ശിരസ്സ് ദേവദത്തന്റെ ശരീരത്തോടും. ജീവൻ തിരിച്ച് കിട്ടിയ ഇരുവരും, ദേവദത്തന്റെ ശിരസ്സുള്ളയാളും അയാളുടെ ശരീരമുള്ളയാളും, പത്മിനിയുടെ ഭർത്താവാണെന്ന് അവകാശം ഉന്നയിക്കാൻ തുടങ്ങുന്നു. സന്ദേഹത്തിൽപ്പെടുന്നു പത്മിനിയും. ജ്ഞാനപീഠ പുരസ്കാര ജേതാവായ ഗിരീഷ് കർണാട് എഴുതിയ `ഹയ വദന’ എന്ന നാടകം ഇങ്ങനെയാണ് പുരോഗമിക്കുന്നത്. ഇവരിൽ ആരായിരിക്കും സ്വന്തം വികാരങ്ങളും ഓർമ്മകളും സൂക്ഷിച്ചിരിക്കുന്ന യഥാർത്ഥ ദേവദത്തൻ?
ഒരാളിന്റെ കൈകളും കാലുകളും കരളും വൃക്കയും തുടങ്ങി ഏറെക്കുറെ എല്ലാ അവയവങ്ങളും മാറ്റി വച്ചാൽ പോലും ആ വ്യക്തി മറ്റൊരാളായി മാറിയതായി കണക്കാക്കപ്പെടുകയില്ല. ഒരാളുടെ വ്യക്തിത്വമായി കണക്കാക്കാവുന്ന സ്വഭാവം, മറ്റുള്ളവരോടുള്ള പെരുമാറ്റം, താല്പര്യങ്ങൾ, അച്ചനും മകനും, സഹോദരനും സഹോദരിയും, സുഹൃത്തുക്കൾ, ശത്രുക്കൾ എന്നിവരെ തിരിച്ചറിയുന്നതിലോ ഇഷ്ടാനിഷ്ടങ്ങളിലോ യാതൊരു മാറ്റവും ഇവ മുഴുവൻ മാറ്റിവച്ചാലും ഉണ്ടാവുകയില്ല. കലയിലോ സംഗീതത്തിലോ ഉണ്ടായിരുന്ന അഭിരുചികളിലും മാറ്റമുണ്ടാവില്ല. മസ്തിഷ്കം അതേപടി തുടരുന്നിടത്തോളം. മറ്റൊരു തരത്തിൽ പറഞ്ഞാൽ മറ്റെല്ലാം ഇല്ലാതായാലും ഉണ്ടെങ്കിലും മസ്തിഷ്കം ജീവിച്ചിരിക്കുന്നിടത്തോളം ഒരാൾ ജീവിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. മസ്തിഷ്കം മാറ്റിവയ്ക്കുക എന്നതിന് എത്രത്തോളം സാധ്യതയുണ്ടാവാം?
മാമത്ത്മാൻ
ലോകത്ത് ആധുനികമായി ഉണ്ടാകുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെല്ലാം ഇൻഡ്യയിലെ മഹർഷിമാരെപ്പോലുള്ള ആചാര്യന്മാർ നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ കണ്ടെത്തിക്കഴിഞ്ഞിരുന്നതാണെന്നുള്ള വാദം ദേശീയപ്രൗഢിയുടെ ഭാഗമായി ഇൻഡ്യയിൽ പ്രചരിക്കപ്പെടുന്നുണ്ട്. ശിരസ് മാറ്റി വയ്കൽ ശാസ്ത്രക്രിയയും ഇതിന് അപവാദമല്ല. പ്ലാസ്റ്റിക് സർജറി വൈദിക കാലഘട്ടത്തിൽ (vedic period) ഉണ്ടായിരുന്നുവെന്ന് ചില `ചരിത്രകാരന്മാരും’ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മുംബൈയിലെ ഡോക്ടർമാരുടെ ഒരു സമ്മേളനത്തിൽ പ്രധാനമന്ത്രി തന്നെ ഇത് സ്ഥിരീകരിക്കാൻ ശ്രമിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഹൈന്ദവർ ആരാധിക്കുന്ന മനുഷ്യന്റെ ശരീരവും ആനയുടെ തലയുമുള്ള ഗണപതി പിന്നെ എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ് അദ്ദേഹം ചോദിച്ചത്. ഏതായാലും ഈ ആരാധനാമൂർത്തിയുടെ പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട ശില്പങ്ങളോ ചിത്രങ്ങളോ അല്ലാതെ പ്ലാസ്റ്റിക് സർജറി പ്രതിപാദിക്കുന്ന ഭാഗങ്ങളൊന്നും വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇതര ഗ്രന്ഥങ്ങളിലോ കണ്ടെത്താനാവില്ല. ഒരു പക്ഷേ ഇത് സംബന്ധിച്ചുള്ള രേഖകൾ കാലാന്തരത്തിൽ നഷ്ടപ്പെട്ടതായിരിക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം.
ഗണപതിയുടെ രൂപത്തിൽ നിന്നും അനുമാനിക്കാവുന്നത് പോലെ, ശസ്ത്രക്രിയ ഉണ്ടായിരുന്നു എന്ന് കരുതിയാൽ ശിരസ് മാറ്റി വയ്കൽ ആദ്യമായി നടന്നത് ഇൻഡ്യയിലായിരുന്നില്ല എന്നതും അംഗീകരിക്കേണ്ടി വരും. വൈദിക കാലഘട്ടമെന്ന് പൊതുവിൽ അംഗീകരിക്കുന്നത് ഏതാണ്ട് നാലായിരം വർഷം മുതൽ ഇങ്ങോട്ടുള്ള കാലമാണ്. ചില ഹൈന്ദവ ചരിത്ര വാദങ്ങൾക്കനുസരിച്ച് ഏഴായിരം വർഷങ്ങൾ വരെ പോകുന്നവരുമുണ്ട്. ഇതിലേത് കണക്കാക്കിയാലും സമാനമായി ശിരസും മനുഷ്യന്റെ ശരീരവുമുള്ള വർണ്ണനകൾ ഇവയ്ക് മുൻപ് മറ്റ് പല പ്രദേശങ്ങളിലെയും പുരാവസ്തു രേഖകളിലുണ്ട്. ഫ്രാൻസിലെ Les Combarelles എന്ന ഗുഹാഭിത്തിയിലെ `mammoth man’ എന്നറിയപ്പെടുന്ന ആനയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള ചിത്രത്തിന് 11000 വർഷത്തോളം പഴക്കമുണ്ട്.
ഏതാണ്ട് നാല്പതിനായിരം വർഷം പഴക്കമുള്ള ഹൂലൻസ്റ്റൈൻ ഷ്റ്റാഡൽ ലയൺ മാൻ (Hohlenstein Stadel Lion Man) എന്നറിയപ്പെടുന്ന ഒരു ചെറു ശില്പമാണ് ഇതുവരെ കണ്ടെടുത്തതിൽ വച്ച് ഇത്തരത്തിലുള്ള ഏറ്റവും പഴക്കമുള്ള സങ്കര രൂപം. മനുഷ്യന്റെ ഏല്ലാ രീതിയിലും ഒത്തിണങ്ങിയ ആദ്യ കലാസൃഷ്ടിയായി കണക്കാക്കുന്നതും ഇത് തന്നെയാണെന്നത് മറ്റൊരു യാദൃശ്ചികതയാകാം. ജർമ്മനിയിലെ ഹൂലൻസ്റ്റൈൻ ഷ്റ്റാഡൽ എന്ന ഗുഹയിൽ നിന്നു ലഭിച്ചതിനിലാണ് ഈ പേര് ലഭിച്ചത്. എഴുത്തിന്റെ പ്രാകൃതമായ രൂപം പോലും ഉണ്ടാകുന്നതിന് മുൻപാണ് ഈ നിർമ്മിതി. ഒരടിയോളം പൊക്കമുള്ള മനോഹരമായ രൂപം കല്ലുളികൾ കൊണ്ട് ആനക്കൊമ്പിൽ കൊത്തിയെടുത്തിരിക്കുന്നു. സിംഹത്തിന്റെ തലയും നിവർന്നു നിൽക്കുന്ന മനുഷ്യന്റെ ഉടലും ചേർന്ന ഒരു സങ്കര (Anthropomorphic) രൂപമാണ് ഇത്. സിംഹത്തിന്റെ തലയുള്ള മനുഷ്യനായോ, മനുഷ്യന്റെ ഉടലുള്ള സിംഹമായോ ഇതിനെ വ്യാഖ്യാനിക്കാം. ഇന്നത്തെ സമൂഹത്തിലെ വൈദ്യന്മാരെയോ മന്ത്രവാദികളെയോ പോലുള്ളവർ ആദിമ കാലങ്ങളിൽ മൃഗങ്ങളുടെ മുഖം മൂടി ധരിച്ചിരിക്കാമെന്നതിന്റെ സൂചനകളുമുണ്ട്. മനോഹരമായ ഈ ശില്പം അതിന്റെ ഭാവനകൊണ്ട് മാത്രമല്ല നിർമ്മാണത്തിലെ വൈദഗ്ദ്ധ്യം കൊണ്ടും ഇന്നത്തെ കലാകാരന്മാരെപ്പൊലും അത്ഭുതപ്പെടുത്താതിരിക്കില്ല.
എല്ലാ ജീവികൾക്കും മനസ്സും വികാരങ്ങളും ഉണ്ടായിരിക്കണമെന്ന് അന്നത്തെ മനുഷ്യർ ചിന്തിച്ചിരിക്കാം. അങ്ങനെ മനുഷ്യരും പ്രകൃതിയിലെ മൃഗങ്ങളും പക്ഷികളുമെല്ലാം സമാനരാണെന്നുള്ള ഭാവനയാകണം (Totemism) മനുഷ്യനും മൃഗവും സമന്വയിപ്പിക്കുന്നതിന് കാരണം. പിന്നീടിങ്ങോട്ട് ഭൂമിയിലെ എല്ലാ കോണുകളിലും മുളച്ചുപൊന്തിയ ചെറുതും വലുതുമായ എല്ലാ വിശ്വാസങ്ങളിലെയും ആരാധനരൂപങ്ങൾക്ക് ഹൂലൻസ്റ്റെയിൻ ഷ്റ്റാഡൽ ലയൺ മാനിനോട് ആശയപരവും രൂപപരവുമായ സാദൃശ്യമുള്ളതായി കാണാം. പക്ഷികൾ, സിംഹം, മാനുകൾ, ആന, തുടങ്ങിയവയുമായി മനുഷ്യനെ സംയോജിപ്പിക്കുന്നതും, ഒരു ശരീരത്തിന് ഒന്നിലധികം മുഖങ്ങളും കൈകാലുകളും അവതരിപ്പിക്കുന്നതും ഇന്നും ആരാധനകളിൽ തുടരുന്നുണ്ട്. പുരാതന ഈജിപ്ഷ്യൻ ആരാധനാ രൂപങ്ങളിൽ പലതും പക്ഷികളുടെ തലയും മനുഷ്യന്റെ ഉടലുമുള്ളവയാണ്. ലോകത്തെമ്പാടുമുള്ള ഇതിഹാസങ്ങളിലും മിത്തുകളിലെയും ഗന്ധർവൻമാരും അപ്സരസുകളും മാലാഖമാരും ചിറക് വച്ച കുതിരകളും പ്രേത പിശാചുകളുമെല്ലാം ഈ ചെറു ശില്പത്തിന്റെ പുനരവതരണം പോലെ തന്നെയാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
ഞാൻആരാണ്
ഈ ചിത്രങ്ങളോ ശില്പങ്ങളോ അല്ലാതെ മനുഷ്യന്റെ ചരിത്രത്തിൽ ഈ ദിവസം വരേയും മസ്തിഷ്കമോ അല്ലെങ്കിൽ ശിരസ്സോ മറ്റൊരു മനുഷ്യശരീരത്തിലേക്ക് മാറ്റിവയ്കപ്പെട്ടതിന് തെളിവുകളില്ല. സാങ്കേതിക വിദ്യയുടെ ചരിത്രം കൂടി നോക്കിയാൽ അത് അസാധ്യവും ആണ്. മനുഷ്യനുമായി സമ്മിശ്രമായ ഒരു ജീവി ഉണ്ടായിരുന്നതിനും തെളിവുകളില്ല. അങ്ങനെയെങ്കിൽ മനുഷ്യന്റെ അനിതരസാധാരണമായ ഭാവനാശേഷിയുടെ സൂചനയായാണ് ഇത്തരം ചിത്രീകരണങ്ങളെ കണക്കാക്കേണ്ടത്. മനുഷ്യന്റെ ഭാവനാശേഷിയുടെ ഉറവിടം മസ്തിഷ്കത്തിന്റെ പ്രവർത്തനമാണെന്നും ഇന്ന് മനസ്സിലാക്കാനായിട്ടുണ്ട്. ഒരാളുടെ മസ്തിഷ്കം മാത്രമായി എടുത്ത് മറ്റൊരാലുടെ തലയോട്ടിയിലേക്ക് നിക്ഷേപിക്കുകയും, മസ്തിഷ്കത്തിൽ നിന്നും കണ്ണുകളിലേയ്കും മൂക്കിലേയ്കും ചെവിയിലേയ്കും മുഖത്തിലെ വിവിധ ഭാഗങ്ങളീലേയ്കുമുള്ള ഓരോ നാഡികളും ചേർത്ത് പിടിപ്പിക്കുകയും രക്തക്കുഴലുകൾ ചേർക്കുകയും ചെയ്യുക അതി സങ്കീർണ്ണവും നിലവിൽ അസാധ്യവുമാണ്. അതെല്ലാം കടക്കാനായാലും ആരാണ് മസ്തിഷ്കം നൽകുക എന്ന ചോദ്യം ഉയരും. കാരണം മസ്തിഷ്ക മരണമാണ് മരണമായി സ്ഥിരീകരിക്കുന്നതിനുള്ള അവസാന വാക്ക്. പ്രവർത്തനശേഷി ഇല്ലാതായിക്കഴിഞ്ഞ മസ്തിഷ്കം സ്വീകരിയ്കുന്നതിൽ അർത്ഥമില്ലല്ലോ. പിന്നെയുള്ളത്, ജീവിച്ചിരിക്കുന്ന ഒരാൾ തന്റെ മസ്തിഷ്കം ദാനം ചെയ്യുകയാണ്. തന്റെ ജീവൻ വേർപെടുത്തി അത്തരം ഒരു നിസ്വാർത്ഥ ശീലം (altruism) ഉള്ള മനുഷ്യർ ഉണ്ടാകുമോ? ഇല്ലെന്ന് ആർക്കും തറപ്പിച്ച് പറയാനാവില്ല. പക്ഷേ ഒരാളുടെ ചിന്തകളേയും മാനസിക നിലയേയും മറ്റൊരാൾ അംഗീകരിക്കുമോ? അംഗീകരിച്ചാൽ വ്യക്തി തന്നെ മാറിപ്പോകാൻ ഇടയുണ്ട്. അതല്ലെങ്കിൽ സ്വീകരിക്കുന്ന മസ്തിഷ്കത്തിലെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഓർമ്മകൾ പൂർണ്ണമായി മായ്ച് കളയുവാൻ കഴിയണം. അങ്ങനെയെങ്കിൽ മസ്തിഷ്കത്തിൽ എവിടെയാണ് വ്യക്തിത്വത്തിന്റെ അടയാളങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
ചിന്തയുടെയും പെരുമാറ്റങ്ങളുടെയും ആകെത്തുകയെയാണ് വ്യക്തിത്വം എന്ന് പൊതുവിൽ വിളിക്കാമായിരിക്കണം. ഇത് മനുഷ്യന്റെ ചിന്തയുടെ ഉല്പാദമാണ്. ഇതിനെത്തന്നെയാണ് മനസ്സെന്നും ചിലരെങ്കിലും ആത്മാവ് എന്നും വിളിക്കുന്നത്. ഒരാൾ ആരാണ് എന്ന് സ്പഷ്ടമായി മറ്റൊരാളിൽ നിന്ന് വേർപിരിയുന്നത് ഈ വിശേഷം കൊണ്ടാണ്. നാലായിരം വർഷം മുൻപ് ഈജിപ്തിൽ മമ്മികൾ നിർമ്മിച്ചിരുന്ന കാലത്ത് മസ്തിഷ്കം ഉപയോഗശൂന്യമായ ഒന്നായിട്ടാണ് കണ്ടത്. മരണശേഷം മൂക്കിലൂടെ തുറന്ന് മസ്തിഷ്കം മുഴുവനും വലിച്ച് പുറത്ത് കളഞ്ഞ ശേഷം തലയോട്ടിയുടെ ഉൾഭാഗത്ത് തുണി തിരുകി നിറച്ച് വയ്കും. അങ്ങനെയാണ് മമ്മികൾ ഉണ്ടാക്കിയിരുന്നത്. കാരണം അന്ന് ആത്മാവെന്നത് മസ്തിഷ്കത്തിന് പകരം ഹൃദയത്തിലാണെന്നാണ് വിശ്വസിച്ചിരുന്നത്. മുന്നൂറോ നാനൂറോ വർഷം മുൻപ് മാത്രമാണ് ചിന്തകളുടെ ഉറവിടം തലയോട്ടിയുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ജെല്ലി പോലുള്ള മസ്തിഷ്കം എന്ന അവയവത്തിന്റെ പ്രവർത്തനമാണെന്ന് മനുഷ്യൻ തിരിച്ചറിയുന്നത്.
മസ്തിഷ്കത്തിന്റെ പ്രവർത്തനം ഒരാളിലും മറ്റൊരാളെ പോലെ അല്ല. ഒരാൾ അയാളെക്കുറിച്ച് സ്വയം ചിന്തിക്കുന്നത് മസ്തിഷ്കം കൊണ്ടാണ്. മസ്തിഷ്കമാണ് ചിന്തിക്കുന്നത്, എന്ന് ചിന്തിക്കുന്നതും അതേ മസ്തിഷ്കം കൊണ്ട് തന്നെ. മസ്തിഷ്കം നശിക്കുമ്പോൾ ഒരുവന്റെ ചിന്തകളും ഭാവനയും ബന്ധങ്ങളും ഇല്ലാതാകുന്നു. നശിക്കണമെന്ന് പോലുമില്ല. ചെറിയ അസുഖങ്ങൾക്ക് പോലും ചിന്തകളെ മാറ്റി മറിക്കാനാവും. ഇല്ലാത്തത് കാണാനോ കേൾക്കാനോ പോലുമുള്ള `മാന്ത്രിക സിദ്ധി’യുണ്ടാകും. പല മാനസിക രോഗങ്ങളുടെയും ഒരു പ്രതിഫലനം ഇങ്ങനെയുള്ള വിഭ്രാന്തി (Hallucinations) കളാണ്.
ഒരിക്കൽ ഒരു തയ്യൽക്കാരൻ പൊലീസ് സ്റ്റേഷനിൽ ചെന്നു.`സഹോദരന്മാർ അയാളെ രാത്രി ഉറങ്ങാൻ സമ്മതിക്കുന്നില്ല. വലിയ ബഹളമാണ്. ചെവിയിൽ അടിക്കുന്നത് പോലത്ര ഭീമാകാരമായ ശബ്ദം. പല തവണ പറഞ്ഞ് നോക്കി. അവർ പ്രതികാരമായി ഒച്ച കൂട്ടിയതേയുള്ളു. ജനലും വാതിലുമൊക്കെ ഇറുക്കെ അടച്ചു. കതകിന്റെ താക്കോലിടുന്ന ദ്വാരത്തിലൂടെയാണ് ഇപ്പോൾ ശബ്ദം വരുന്നത്. അവിടെ പേപ്പർ തിരുകി വച്ച് നോക്കി. എന്നിട്ടും രക്ഷയില്ല’ അയാൾ പരാതിപ്പെട്ടു. പൊലീസ് അന്വേഷിച്ചു. അപ്പോഴാണ് പിടികിട്ടിയത് അയാൾ പറയുന്ന ബന്ധുക്കൾ ഏതാണ്ട് പത്തിരുപത്തഞ്ച് കിലോമീറ്റർ ദൂരെയാണ് താമസിക്കുന്നത്. അവിടെ നിന്നാണ് അസഹനീയമായ ഒച്ച വീട്ടിൽ കേൾക്കുന്നതായി പരാതിപ്പെട്ടിരിക്കുന്നത്. പോലീസ് സമാധാനിപ്പിച്ചു. `സാരമില്ല, എല്ലാം ഇയാളുടെ തോന്നലാണ്. അങ്ങനെ ഒരു ശബ്ദം യഥാർത്ഥത്തിൽ കേൾക്കുന്നില്ല. ധൈര്യമായി ഇനി ഉറങ്ങിക്കോളൂ’. തയ്യൽക്കാരൻ പിന്നെ അവരോട് ഒന്നും പറഞ്ഞില്ല. അവരോട് തർക്കിച്ചിട്ട് കാര്യമില്ല. സത്യമാണെന്ന് അവർ മനസ്സിലാക്കാൻ പോകുന്നില്ല. തന്റെ തലച്ചോറിൽ എന്നോ കൊണ്ട് ഘടിപ്പിച്ച ചിപ്പിലൂടെയാണ് (chip) ശബ്ദങ്ങൾ കേൾപ്പിക്കുന്നത്. ഏറെക്കാലം ആരോടും പറയാതെ, ഉറക്കം നഷ്ടപ്പെട്ട് അയാൾ കഴിഞ്ഞു കൂടി. മന്ത്രവാദവും കുറെ വഴിപാടുകളുമൊക്കെ നടത്തി നോക്കി. അസാധാരണമായി രാത്രിയിൽ ഉറങ്ങാതിരിക്കുന്നത് സഹിക്കാനാവാതെ ഭാര്യ പിരിഞ്ഞ് പോയി. ഇതല്ലാതെ മറ്റ് യാതൊരു പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ മനോരോഗമാണെന്നും മറ്റുള്ളവർ സംശയിച്ചില്ല. കുറെ നാളുകൾ കഴിഞ്ഞപ്പോൾ ചിപ്പിലൂടെ കാഴ്ചകളും ബന്ധുക്കൾ സംപ്രേക്ഷണം ചെയ്തു തുടങ്ങി! നിവൃത്തിയില്ലാതെ അയാൾ ഡോക്ടറെ കാണുകയായിരുന്നു. ഡോക്ടർ വിശദമായ പരിശോധനകൾ ക്ക് ശേഷം `റിസ്പെറിഡോൺ’ എന്ന ചെറിയ ഒരു ഗുളിക കഴിക്കാൻ കുറിച്ചു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് തിരിച്ച് വരുമ്പൊൾ ശബ്ദവും കാഴ്ചയും രാത്രിയിൽ ശല്യപ്പെടുത്തുന്നത് അവസാനിച്ചു കഴിഞ്ഞിരുന്നു.
കിലോമീറ്ററുകൾ ദൂരെ നിന്നു അയാൾ കേൾക്കുന്ന ശബ്ദം യഥാർത്ഥത്തിൽ ആരും ഉണ്ടാക്കുന്ന ഒന്നല്ല. മറ്റേതെങ്കിലും ശബ്ദം തെറ്റിദ്ധരിച്ച് സഹോദരന്മാരുടേതെന്ന് വിചാരിക്കുന്നതുമല്ല. അത് വെറുമൊരു തോന്നലുമല്ല. ശബ്ദം മാത്രമല്ല. ഇല്ലാത്ത ശബ്ദമോ, കാഴ്ചയോ, ഗന്ധമോ, സ്പർശമോ തുടങ്ങിയവയെ എല്ലാം ഒരു സ്രോതസ്സുമില്ലാതെ യാഥാർത്ഥ്യമായിത്തന്നെ അനുഭവിപ്പിച്ച് കൊടുപ്പിക്കാൻ രോഗബാധിതമായ മസ്തിഷ്കത്തിന് കഴിയും. ഭാവനയും ഇതു പോലെ തന്നെയാണ്. നിലവിലില്ലാത്ത സങ്കര ജീവികളെയോ പ്രകൃതി ദൃശ്യങ്ങളെയോ നവീനമായി അവതരിപ്പിക്കുവാൻ ഭാവനയിലൂടെ കഴിയും. ഭാവനാ സങ്കല്പങ്ങൾ ഉണ്ടായാൽ അത് മാനസിക രോഗം എന്ന് കരുതി ആരും പേടിക്കേണ്ടതില്ല. ഭാവനയിൽ നാം ബോധപൂർവം സങ്കൽപ്പിക്കുന്നു, അതുകൊണ്ട് അത് നിയന്ത്രിക്കാനും കഴിയും. എപ്പോൾ വേണമെന്നോ പ്രത്യേക സമയത്ത് വേണ്ടെന്ന് വയ്കാനോ മനോരോഗത്തിൽ ബോധപൂർവം സാധ്യമല്ല. അതു കൊണ്ടാണ് ഡോക്ടറെപ്പോലുള്ളവരുടെയും മരുന്നുകളുടെയും സഹായം വേണ്ടിവരുന്നത്. അസുഖം മാത്രമല്ല, മസ്തിഷ്കത്തെ സ്വാധീനിക്കുന്ന വസ്തുക്കൾക്കും പെരുമാറ്റത്തെയും സ്വാധീനിക്കാനും കഴിയും. മദ്യം ഒരു ഉദാഹരണം. നമ്മുടെ നാട്ടിൽ ഇതിനെ `മരുന്ന്’ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഇതിൽ നിന്നും മരുന്നുകൾ ചെന്നെത്തുന്ന ഏതോ പ്രത്യേക ഇടത്തിലാണ് നമ്മുടെ വ്യക്തിത്വത്തിന്റെ സ്ഥാനമെന്ന് നമുക്ക് തോന്നിയേക്കാം.
കടവ്
ശരീരത്തിലെ ഇതര അവയവങ്ങളുമായി താരതമ്യപ്പെടുത്തിയാൽ മസ്തിഷ്കത്തെക്കുറിച്ച് നമുക്കുള്ള വിജ്ഞാനം വെറും ഉപരിപ്ലവമായ ഒന്ന് മാത്രമാണ്. അത്രയേറെ സങ്കീർണ്ണമായ നിർമ്മിതിയാണ് മസ്തിഷ്കവും അതിലെ ബന്ധങ്ങളും. ഇലക്ട്രോൺ മൈക്രോസ്കോപ്പിയും കമ്പ്യൂട്ടർ പോലുള്ള ആധുനികവിദ്യകളുടെയും സമന്വയത്തിലൂടെ ഈ വിന്യാസങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നതേയുള്ളു. വിഭജിച്ച് വിഭജിച്ച് ചെന്നാൽ ഒരാളിന്റെ വ്യക്തിത്വം സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു പ്രത്യേക കണ്ടെത്താനാവില്ല. മറ്റെല്ലാ ശരീര ഭാഗവും പോലെ തന്നെ അനേകം സൂക്ഷ്മ കോശങ്ങളാലാണ് മസ്തിഷ്കവും നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും നാഡീ (neurons) കോശങ്ങൾ.
നാഡീകോശങ്ങളെ കൂടാതെ, അവയെ സഹായിക്കുകയും ഉറപ്പിച്ച് നിർത്തുകയും ചെയ്യുന്ന ഗ്ഗ്ലിയൽ കോശങ്ങൾ ചുറ്റുമുണ്ട്. മസ്തിഷ്കത്തിലെ മിക്ക ക്യാൻസറുകളും നാഡീകോശങ്ങളിലല്ല, പലപ്പോഴും ഗ്ഗ്ലിയ കോശങ്ങളിലാണ് ഉണ്ടാകുന്നത്. അതീവ ബുദ്ധിമാനായി വിശേഷിപ്പിക്കുന്ന ആൽബർട്ട് ഐൻസ്റ്റയിന്റെ തലച്ചോറിൽ നാഡികളുടെ എണ്ണമല്ല, ഗ്ഗ്ലിയ കോശങ്ങളുടെ ബഹുലതയാണ് സവിശേഷമായി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് അവയുടെ പഠനം വരും നാളുകളിൽ പ്രധാനമായിരിക്കും. എങ്കിലും മസ്തിഷ്കത്തിന്റെ പ്രധാന പ്രവർത്തനം നാഡീകോശങ്ങളിലൂടെ തന്നെയാണ്. ശരീരത്തിൽ നിന്നും എത്തിച്ചേരുന്ന സന്ദേശങ്ങൾ മനസ്സിലാക്കുന്നതും തിരിച്ച് നിർദ്ദേശങ്ങൾ അയക്കുന്നതും നാഡീകോശങ്ങളാണ്. ഒരാൾ ഉണർന്നിരിക്കുന്നതും ഉറങ്ങുന്നതും ബോധവും ഉപബോധവും നിലനിർത്തുന്നതുമെല്ലാം അവയുടെ പ്രവർത്തനം തന്നെ.
ഇങ്ങനെ ഏതാണ്ട് പതിനായിരം കോടിയോളം നാഡീകോശങ്ങൾ മനുഷ്യ മസ്തിഷ്കത്തിലുണ്ട്. നാഡീകോശത്തിന്റെ ആകൃതി ഒരു വൃക്ഷം പോലെയാണെന്ന് വേണമെങ്കിൽ പറയാം. നീളം കുറഞ്ഞ അതിന്റെ ശിഖരങ്ങളായ ഡെണ്രോണുകളിലൂടെ (Dendrons) സന്ദേശങ്ങൾ സ്വീകരിക്കുന്നു. കുറെക്കൂടി നീളമുള്ള, വലിയ ഒരു വേര് എന്ന് വിളിക്കാവുന്ന ആക്സോണിലൂടെ (Axon) സന്ദേശങ്ങൾ മറ്റ് നാഡികൾക്കോ അല്ലെങ്കിൽ പേശികൾക്കോ ഗ്രന്ഥികൾക്കോ അയച്ചു കൊടുക്കുകയും. ഡെണ്ഡ്രോണുകളുടെ കൂട്ടങ്ങൾക്ക് ചുറ്റും മറ്റ് നാഡികളുടെ ആക്സോണുകൾ തലങ്ങും വിലങ്ങും വലയം ചെയ്തിരിക്കുന്നു. ഒരു കൊതുക് കടിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതും പേന കൊണ്ട് ഒരു വാക്ക് എഴുതണമെന്നുള്ള ചിന്ത കൈകളിലെ പേശികളിലൂടെ ഒരു പ്രവർത്തിയാക്കി മാറ്റുന്നതും ഡെണ്ഡ്രോണുകളിലൂടെയും ആക്സോണുകളിലൂടെയും സഞ്ചരിക്കുന്ന വൈദ്യുത ഉദ്ദീപനങ്ങളിലൂടെയാണ്.
നാഡികളുടെ കോശസ്തരത്തിന് പുറത്തും അകത്തും ഇലക്ട്രിടിക്കൽ ചാർജിന് നേരിയ വ്യത്യാസം എപ്പോഴുമുണ്ട്. ഒരു സന്ദേശം എത്തിച്ചേരുമ്പോൾ കോശഭിത്തികളിലുള്ള അയോണിക് ചാനലുകൾ (ion channels) തുറക്കുകയോ അടയ്കുകയോ ചെയ്യുന്നതിലൂടെ ഇലക്ട്രിക്കൽ ചാർജ് വിപരീത ദിശയിലേക്ക് മാറും. ഈ വ്യത്യാസമാണ് ആ കോശത്തിൽ ഉദ്ദീപനം (action potential) സൃഷ്ടിക്കുന്നത്. ഉദ്ദീപനം ഉണ്ടായ ഒരു ഭാഗത്ത് നിന്നും ഈ വ്യത്യാസം വൈദ്യുത തരംഗങ്ങളായി നാഡിയിലെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കും. ഇതിനിടയിൽ ഇത് മറ്റൊരു നാഡിയുമായി കൂടിച്ചേരാതിരിക്കുന്നതിനുള്ള ഇൻസുലേഷനും (myelin sheath) ആക്സോണിൽ ചെയ്തിട്ടുണ്ട്. സെക്കന്റിലെ ആയിരത്തിലൊരംശം കൊണ്ട് ഇതിന് നാഡികളിലൂടെ സഞ്ചരിക്കുവാൻ കഴിയും. മണിക്കൂറിൽ 270 ഓളം കിലോമിറ്റർ വേഗതയിൽ വരെ സന്ദേശങ്ങൾ സഞ്ചരിക്കാനാവും. അതു കൊണ്ടാണ് എഴുതേണ്ടതെന്തെന്ന് ആലോചിക്കുന്ന നിമിഷത്തിൽ തന്നെ എഴുതി തീർക്കുവാൻ കഴിയുന്നത്.
ഇങ്ങനെ ഓരോ കോശങ്ങൾക്കും ഡെണ്ഡ്രൈറ്റുകളിലുടെയും ആക്സോണുകളിലൂടെയും പതിനായിരത്തോളം വെവേറെ ബന്ധമുണ്ടാക്കാനാകും. അങ്ങനെ പതിനായിരം കോടി കോശങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ സാധ്യത എത്ര വിവരണാതീതമായിരിക്കണം! ബില്യൺ ബില്യൺ കണക്കിനുള്ള ഈ സാധ്യതയാണ് മനുഷ്യന്റെ ചിന്തകളുടെ അനന്തമായ വൈവിധ്യത്തിന് കാരണം. കുറെക്കൂടി സൂക്ഷ്മതലത്തിലെത്തിയാൽ നാഡീകോശങ്ങൾ ഇങ്ങനെ കൂട്ടിമുട്ടുന്നതിൽ ഒരു അസാധാരണത്വം കാണ്ടെത്താനാവും. ഒരു കോശത്തിന്റെ ആക്സോണും മറ്റൊരു കോശത്തിന്റെ ഡെണ്ഡ്രൈറ്റും തമ്മിൽ ചേരുന്നിടത്ത് അതിസൂക്ഷ്മമായ ഒരു വിടവുണ്ട്. അതായത് നാഡീകോശങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നില്ല. രണ്ട് കരകൾക്ക് നടുവിലെ ഒരു കായൽ എന്ന പോലുള്ള ഇവയെ സിനാപ്സുകൾ (synapses) എന്നാണ് വിളിക്കുന്നത്.
നാഡികളിൽ ഉണ്ടാകുന്ന വൈദ്യുത ഉദ്ദീപനം ആക്സോണിന്റെ അവസാനഭാഗത്ത് എത്തുന്നതോടെ അവസാനിക്കുന്നു. അടുത്ത നാഡിയിലേക്ക് കായൽ കടന്ന് വൈദ്യുത ഉദ്ദീപനത്തിന് സഞ്ചരിക്കുവാൻ കഴിയുകയില്ല. പകരം അതിരിൽ വച്ച്, അവിടെയുള്ള ചെറിയ കുമിളകൾ പോലുള്ള അറകൾ തുറക്കുന്നതിനേ വൈദ്യുത ഉദ്ദിപനങ്ങൾ പ്രേരിപ്പിക്കുന്നുള്ളു. ഇതോടെ ഈ കുമിളകളിൽ ശേഖരിക്കപ്പെട്ടിരുന്ന രാസ തന്മാത്രകൾ പുറത്തേയ്ക് തുറന്നിറങ്ങും. ന്യൂറോ ട്രാൻസിമിറ്റേഴ്സ് എന്ന് ഇവ അറിയപ്പെടുന്നു. സിനാപ്സുകളിലെ സൂക്ഷ്മസ്ഥലത്തേയ്കാണ് (synaptic cleft) ഇവ ഒഴുകുന്നത്. ഒരു കരയിൽ നിന്നും മറ്റേ കരയിലേയ്ക് കടവിലെ ചെറു ബോട്ടുകൾ പോലെ സഞ്ചരിച്ച് ന്യൂറോ ട്രാൻസ് മിറ്ററുകൾ തൊട്ടടുത്ത കോശഭിത്തിയിൽ എത്തിച്ചേരുന്നു.
തൊട്ടടുത്ത നാഡീകോശത്തിന്റെ കോശഭിത്തിയിൽ ഈ ന്യൂറോ ട്രാൻസ്മിറ്ററുകളെ സ്വീകരിക്കുന്ന പ്രത്യേക ഘടനയുള്ള റിസപ്റ്ററുകൾ (receptors) ഉണ്ട്. ബോട്ട് ജെട്ടികൾ പോലെ. ഓരോ തരം ബോട്ടുകളും, അവയുടെ വലിപ്പത്തിനും ആകൃതിയ്കും അനുസൃതമായി വ്യത്യസ്തമായ ജെട്ടികളിൽ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളു. ചില റിസപ്റ്ററുകൾക്ക് വേഗത്തിൽ പ്രതികരിക്കാനാവും (ionic chaanels) , മറ്റ് ചിലത് സാവകാശവും (G protein coupled). ഇങ്ങനെ ന്യൂറോ ട്രാൻസ്മിറ്റർ റിസപ്റ്ററുമായി കൂടിചേരുന്നതോടെയാണ് പുതിയ കോശത്തിൽ, അതൊരു നാഡിയാകാം, പേശിയാകാം, ഗ്രന്ഥിയാകാം, ഒരു മാറ്റം ഉണ്ടാകുന്നത് .
ഇത്തരത്തിൽ ആദ്യമായി കണ്ടെത്തിയ ന്യൂറോ ട്രാൻസ്മിറ്ററാണ് അസറ്റൈൽ കൊളീൻ. പേശികൾക്ക് (voluntary muscles) നിർദ്ദേശം നൽകുന്ന സിനാപ്സുകളിലെ മുഖ്യ ന്യൂറോ ട്രാൻസ്മിറ്ററാണിത്. മയെസ്തീനിയ ഗ്രേവിസ് (myesthenia gravis) പോലുള്ള പേശീരോഗങ്ങൾക്ക് കാരണം അസറ്റൈൽ കൊളീനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികളാണ്. അമിനോ ആസിഡുകൾ, ഡോപമീൻ, ഹോർമോണുകൾ തുടങ്ങി ഏതാണ്ട് നൂറോളം രാസതന്മാത്രകൾ സിനാപ്സുകളിലെ സന്ദേശവാഹികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വൈദ്യത ഉദ്ദീപനങ്ങൾക്ക് പകരം രാസതന്മാത്രകൾ സിനാപ്സുകളിൽ ഉപയോഗിക്കുന്നതിന് സവിശേഷമായ ഒരു ഗുണമുണ്ട്. സന്ദേശങ്ങളിലൂടെ അടുത്ത നാഡീകോശത്തെയോ പേശിയെയോ ഉത്തേജിപ്പിക്കുക മാത്രമല്ല, ചിലപ്പോൾ അതിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കേണ്ടതായും വരാം. ഉദാഹരണത്തിന് ഉറക്കം പോലുള്ളവ സാധ്യമാകണമെങ്കിൽ കോശങ്ങളുടെ പ്രവർത്തനം കുറയേണ്ടതാണ്. ഒരേ തരത്തിലുള്ള വൈദ്യുത ഉദ്ദീപനത്തിലൂടെ വിപരീതമായ നിർദ്ദേശങ്ങൾ സാധ്യമാകണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് സിനാപ്സുകളും അവയ്കിടയിൽ സഞ്ചരിക്കുന്ന വൈവിധ്യമുള്ള രാസതന്മാത്രകളും. രാസതന്മാത്രകൾ മാറുന്നതിനനുസരിച്ച് ഉത്തേജനവും സാധ്യമാക്കാം, നിയന്ത്രണവും സാധ്യമാക്കാം. ഉദാഹരണത്തിന് glutamate പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകൾ അടുത്ത ഉത്തേജിപ്പിക്കുകയാണെങ്കിൽ, gamma amino butyric acid(GABA) പോലുള്ളവ മന്ദീഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ നാഡിയ്കും ചുറ്റുമുള്ള എല്ലാ ബന്ധങ്ങളിൽ നിന്നുമായി വ്യത്യസ്തമായ സന്ദേശങ്ങൾ ഒരേ സമയം ലഭിക്കുന്നുണ്ട്. ചിലത് ഉത്തേജനം ആയിരിക്കാം. ചിലത് നിയന്ത്രണം ആയിരിക്കാം. ഇങ്ങനെ ഒരു നാഡിക്ക് കിട്ടുന്ന ഉത്തേജന സംവേദനങ്ങളുടെയും (excitatory) നിഷേധ സംവേദനങ്ങളുടെയും (inhibitory) ആകെ തുകയെ ആശ്രയിച്ചായിരിക്കും ഒരു കോശം ഉത്തേജിതമാകണമൊ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. വളരെ സങ്കീർണ്ണമായ ഈ തിരഞ്ഞെടുക്കലുകൾ ഇന്നും പഠനവിധേയമായി കൊണ്ടിരിക്കുന്നതേയുള്ളു.
സിനാപ്സുകളുടെദൃഢതയുംവഴക്കവും
മസ്തിഷ്കത്തിന് ലഭിക്കുന്ന വിവരങ്ങൾ എവിടെയാണ് ശേഖരിക്കപ്പെടുന്നത് എന്ന് അന്വേഷിക്കുമ്പോൾ നാം ചെന്നെത്തുന്നത് ഈ സിനാപ്സുകളിലാണ്. ചില കൂട്ടം സിനാപ്സുകളിൽ ഉണ്ടാകുന്ന സ്ഥായിയായ ഘടനാമാറ്റമാണ് ഓർമ്മകളെ സുദൃഢമാക്കുന്നത്. അതായത്, ചെറുപ്പം മുതൽ ലഭിക്കുന്ന അനുഭവങ്ങൾ ഓരോ സിനാപ്സുകളിലല്ല, ഒന്നിലധികം സിനാപ്സുകളുടെ കൂട്ടായ പ്രവർത്തനത്തിലാണ് ഒളിപ്പിച്ചിരിക്കുന്നത്. വ്യക്തിയുടെ സ്വഭാവം നിശ്ചയിക്കപ്പെടുന്നതിൽ അയാൾക്ക് ലഭിച്ചിട്ടുള്ള ഓർമ്മകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. കലയിലോ വിജ്ഞാനത്തിലോ ഉള്ള നൈപുണ്യവും ആവർത്തനത്തിലൂടെ ഓർമ്മകൾ ശക്തമാകുന്നത് കൊണ്ടാണ്. സംഗീതത്തിന്റെ സ്വരഘടനയെക്കുറിച്ച് ആലോചിച്ച് തീരുന്നതിന് മുൻപ് ഗിറ്റാറിലെ തന്ത്രികളിലൂടെ വിരലുകൾ അബോധമെന്ന പോലെ ഓടി നടക്കുന്നത് ഈ ഓർമ്മകൾ അതിദ്രുതം വീണ്ടെടുക്കുന്നതിനാലാണ്. അമ്മയേയും അച്ഛനേയും സുഹൃത്തിനേയും ശത്രുവിനേയും വിശ്വസിക്കാവുന്നവരെയും സംശയിക്കേണ്ടവരെയും, അനുകൂല-പ്രതികൂലാവസ്ഥകളെയും തിരിച്ചറിയുന്നതും സിനാപ്സുകളുടെ വിന്യാസത്തിലൂടെ തന്നെ.
അതേ സമയം, എല്ലാ അനുഭവങ്ങളും നമുക്ക് ശക്തമായ ഓർമ്മകളായി മാറുന്നുമില്ല. അനുദിനമുള്ള, അല്ലെങ്കിൽ ഒരു കാലത്ത് തീവ്രമായി ഉണ്ടായിരുന്ന പല സംഭവങ്ങളും മറന്നു പോയിട്ടുണ്ടാകാം. അനു നിമിഷം പുതിയ ഓർമ്മകൾ ഉണ്ടാവുകയും ചിലതിൽ മാറ്റം വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാരണം ഇത് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് പോലുള്ള ഒരു വ്യതിരിക്തമായ ഒരു ഇടമല്ല. വളരെ വഴക്കമുള്ള, മാറ്റങ്ങൾ അനുവദിക്കുന്ന ഒന്നു കൂടിയാണ്. ഇവിടെ പുതിയ വിവരങ്ങളുടെയും അനുഭവങ്ങളുടെയും മാറ്റത്തിനനുസരിച്ച് ചില സിനാപ്സുകൾ കൂടുതൽ ദൃഢമാക്കുന്നു, ചിലത് ദുർബലമാകുന്നു, ചിലത് വലുതാകുന്നു, ചിലത് ചെറുതാകുന്നു, ചിലത് ഇല്ലാതാകുന്നു, ചിലപ്പോൾ പുതിയ സിനാപ്സുകൾ തന്നെ ഉണ്ടാകുകയുമാണ് സംഭവിക്കുന്നത്. അസാധാരണമായ ഈ വഴക്കം (plasticity) ഉള്ളത് കൊണ്ടാണ് ഒരിക്കൽ ശത്രുവായിരുന്ന ആളെ പിന്നീട് മിത്രമാക്കാൻ സാധിക്കുന്നത്. പല കടുത്ത മതവിശ്വാസികളും പിന്നീട് വലിയ യുക്തി വാദികളായി മാറുന്നതിനും യുക്തിവാദികൾ ആത്മീയവാദികളും ആയി തിരിയുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. മസ്തിഷ്കത്തിന് ലഭിക്കുന്ന വിവരങ്ങളിലോ അനുഭവങ്ങളിലോ മാറ്റമുണ്ടായാൽ മതിയാവും. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട `പ്രേമം’ എന്ന സിനിമയിലെ നായകന് ആദ്യ കാമുകിയോട് ഉണ്ടായിരുന്ന വൈകാരികത മറക്കാനാവുന്നതും മറ്റൊരു കാമുകിയെ പെട്ടെന്ന് സ്വീകരിക്കാനാവുന്നതും ഇത് കൊണ്ട് തന്നെയാണ്. മസ്തിഷ്കത്തിന് നൽകുന്ന അറിവിനനുസൃതമായി വ്യക്തിത്വം പോലും മാറ്റിമറിക്കാം, ഒരു പരിധിവരെയാണെങ്കിലും, എന്നാണ് ഇത് തെളിയിക്കുന്നത്.
ചുരുക്കത്തിൽ മനുഷ്യ മനസ്സിന്റെ സൂക്ഷ്മമായ ഇടം സിനാപ്സുകളാണെന്ന് തന്നെ പറയാം. ഓരോ ഓർമ്മകളും വെവേറെ നാഡീകോശങ്ങളിലെ സിനാപ്സുകളുടെ ഒരു ശ്രേണീവ്യൂഹമാണ്. അവ ഒരു ബ്ബ്ലാങ്ക് സ്ലേറ്റാക്കി മാറ്റി പുതിയൊരാൾക്ക് നൽകുവാൻ സാധ്യതകളില്ല. സിനാപ്സുകളിലെ വഴക്കത്തിന്റെ സാധ്യതകളും മാറ്റാനാവാത്ത ചില വ്യക്തിഗത അനുഭവങ്ങളുടെ ദൃഢതയുമാണ് മസ്തിഷ്കം മാറ്റിവയ്കുന്നതിന്റെ നൈതികമായ സങ്കീർണ്ണതകൾ. അതായത്, മസ്തിഷ്കം സ്വീകരിക്കുക എന്നാൽ മറ്റൊരാൾ ശേഖരിച്ചിട്ടുള്ള മനോഹരവും സങ്കടകരവും ഭീതിതവും സൗമ്യവും ആയ എല്ലാ ഓർമ്മകളേയും ഒപ്പം പറിച്ച് നടുക എന്നതായിരിക്കും. അതു കൊണ്ട്, മറ്റവയവങ്ങൾ പോലെ മറ്റൊരാളുടെ മസ്തിഷ്കം സ്വീകരിക്കാനാവില്ല. പകരം, സങ്കൽപ്പിക്കുവാനെങ്കിലും കഴിയുന്നത് ഒരാളുടെ ജീവിച്ചിരിക്കുന്ന ശിരസ്സിലേക്ക് ആരോഗ്യമുള്ള മറ്റൊരാളുടെ ശരീരം സ്വീകരിക്കുക എന്നത് മാത്രമാണ്. ഇവിടെ ശിരസ് മാറ്റിവയ്ക്കുക എന്നത് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പേരാണ്. സ്വീകർത്താവിന്റെ (Receipient) ശിരസ്സിലേക്ക് കഴുത്ത് മുതലുള്ള ദാതാവിന്റെ (donar) ശരീരം ചേർക്കുകയാണ് ചെയ്യേണ്ടത്. ഒരു പക്ഷേ ടോട്ടൽ ബോഡി ട്രാൻസ് പ്ലാന്റേഷൻ എന്ന് പറയുന്നതാവും കൂടുതൽ അനുയോജ്യം.
ദേവദത്തന്റെയും കപിലന്റെയും കഥയിൽ തന്റെ യഥാർത്ഥ ഭർത്താവിനെ തിരഞ്ഞെടുക്കുവാൻ ഒടുവിൽ ഒരു ഗുരുവിനെയാണ് പത്മിനി സമീപിക്കുന്നത്. ദേവദത്തിന്റെ ശിരസ്സുള്ള വ്യക്തി തന്നെയാണ് ഭർത്താവായ ദേവദത്തൻ എന്ന് ഗുരു നാടകത്തിൽ വിവരിക്കുന്നു. ഇത് തന്നെയാണ് മാനസികമായ യാഥാർത്ഥ്യം എങ്കിലും മറ്റൊരാളുടെ ശരീരത്തെ ഭൗതികമായും മാനസികമായും സ്വീകരിക്കുന്നത് അത്ര എളുപ്പം ഉൾക്കൊള്ളാവുന്ന ഒന്നായിരിക്കുകയില്ല. കാരണം ആന്തരാവയവങ്ങളായ വൃക്കയോ ഹൃദയമോ മാറ്റിവയ്കുന്നത് പോലെയല്ല ഇത്. അവ നാം കാണുന്നില്ല. എന്നാൽ ശരീരമെന്നത് നാം അനുനിമിഷം കണ്ടു കൊണ്ടേയിരിക്കുന്നു, പരിചരിക്കുകയും. അതിലെ ഓരോ മറുകും അടയാളങ്ങളും തന്റേതായി സ്വീകർത്താവിന്റെ മസ്തിഷ്കം കൂടി അംഗീകരിക്കേണ്ടതുണ്ട്. നാടകം ഉദ്വോഗജനകമായ ഭാഗങ്ങളിലേയ്ക് വീണ്ടും കടന്നുപോകുന്നുണ്ട്, നാം ഇവിടെ ഉപേക്ഷിക്കുന്നുവെങ്കിലും.
റോബർട്ട്ജെ. വൈറ്റ്
ശിരസ്സിൽ നിന്ന് വേർപെടുത്തിയ ശേഷം ശീതീകരിച്ച അവസ്ഥയിൽ തുടരുകയാനെങ്കിൽ മസ്തിഷ്കം മണിക്കൂറുകളോളം പ്രവർത്തനനിരതമായിരിക്കുമെന്ന് പല പരീക്ഷണങ്ങളിലും മനസ്സിലാക്കിയിട്ടുണ്ട്. ഒരു ജീവിയിലും മസ്തിഷ്കം മാത്രമായി മാറ്റിവയ്ക്കുന്നത് വിജയകരമായി സാധ്യമായിട്ടില്ല. മറിച്ച് ശിരസ് ഒന്നടങ്കം മറ്റൊരു ജീവിയിലേക്ക് തുന്നിച്ചേർക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് നടന്നിരുന്നത്. 1954 ൽ റഷ്യൻ ശാസ്ത്രജ്ഞനായ വ്ലാദിമിർ ഡെമികോവ് (Vladimir Demikhov) ഒരു നായയുടെ തല മറ്റൊരു നായുടെ കഴുത്തിൽ ചേർത്ത് വച്ചു, യഥാർത്ഥ ശിരസ്സ് നിലനിർത്തികൊണ്ട് തന്നെ. അധികമായി ചേർത്ത ഈ ശിരസിന്റെ ജീവൻ തുടരുന്നതിനും ഭക്ഷണം കഴിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾക്കും തടസ്സം ഉണ്ടായില്ല. പക്ഷേ പുതിയ ശിരസിന് നായയുടെ ശരീരം നിയന്ത്രിക്കാനാവുന്നില്ല എന്ന് മാത്രം. 1965 ൽ അമേരിക്കൻ ശാസ്ത്രജ്ഞനായ റോബർട്ട് വൈറ്റ് (Robert White) ഒരു നായയുടെ കഴുത്തിൽ ഒരു പ്രത്യേക അറയുണ്ടാക്കി മറ്റൊരു മസ്തിഷ്കം വച്ചു പിടിപ്പിച്ചു. യഥാർത്ഥ ശിരസ്സും മസ്തിഷകവും നിലനിർത്തികൊണ്ട് തന്നെയാണ് ഈ പരീക്ഷണവും. മാറ്റിവച്ച തലച്ചോറിന് രക്തക്കുഴലുകളിലൂടെ ബന്ധം ഉള്ളത് കൊണ്ട് അത് ജീവനുള്ളതായി തുടർന്നു എന്ന് മാത്രം.
ഏറ്റവും ശ്രദ്ധേയവും വിവാദപരവുമായ പരീക്ഷണം നടത്തിയതും ഡോ. റോബർട്ട് വൈറ്റ് തന്നെ ആയിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം,1970 ൽ. കൃത്യമായ ശിരസ്സ് മാറ്റിവയ്കൽ പരിശ്രമം. അദ്ദേഹം ഒരു റീസസ് ᅠ(Rhesus) കുരങ്ങിന്റെ തല ഛേദിച്ച് മറ്റൊരു കുരങ്ങിന്റെ ശരീരത്തിൽ തുന്നിച്ചേർക്കുന്നതിലും രക്തക്കുഴലുകൾ സംയോജിപ്പിക്കുന്നതിലും ഭാഗികമായി വിജയിച്ചു എന്ന് പറയാം. പുതുതായി ചേർക്കപ്പെട്ട ശിരസ്സുള്ള കുരങ്ങ് കണ്ണ് തുറക്കുകയും പാനീയരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്തു. ഒരു പക്ഷേ തന്റെ പുതിയ ശരീരം ഇഷ്ടപ്പെടാഞ്ഞിട്ടാകാം, തീയേറ്ററിലെ സ്റ്റാഫിന് ഒരു കടി കൊടുക്കാനും അത് മടിച്ചില്ല. അസാധ്യമായിരുന്നത്, മസ്തിഷ്കത്തിന് ശരീരത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു. കുരങ്ങിന്റെ ശരീരം നിർജ്ജീവമായത് പോലെ തളർന്ന് കിടന്നു.
മസ്തിഷ്കത്തിന്റെ നിർദ്ദേശങ്ങൾ ശരീരത്തിലേക്ക് സന്ദേശങ്ങളായി അയക്കുന്നത് മസ്തിഷ്കത്തിന്റെ തുടർച്ചയായി നട്ടെല്ലിനകത്ത് കൂടി കടന്ന് പോകുന്ന സുഷുമ്നാ നാഡി (spinal cord) യിലൂടെയാണ്. ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കണമെങ്കിൽ മസ്തിഷകവും സുഷുമ്നാ നാഡിയും തമ്മിലെ ബന്ധം അനിവാര്യമാണ്. തീരുമാനങ്ങൾ മുകളിൽ നിന്നു താഴേയ്ക് മാത്രമല്ല സഞ്ചരിക്കുന്നത്. കാഴ്ചയും, കേൾവിയും, സ്പർശവും, ഓർമ്മകളും, ഹോർമോണുകളുമെല്ലാം ബാഹ്യലോകത്തെക്കുറിച്ചും ശരീരത്തിന്റെ ആന്തരിക അവസ്ഥയെ കുറിച്ചും മസ്തിഷ്കത്തിന് ഫീഡ്ബാക്കുകൾ നൽകുന്നു. അതിനനുസരിച്ച് മസ്തിഷ്കം തീരുമാനങ്ങളിലും മാറ്റം വരുത്തുന്നു. റഫറണ്ടവും റീക്കോളുമൊക്കെ നാഡീവ്യവസ്ഥ വളരെ മുൻപേ നടപ്പിലാക്കിയിരിക്കുന്നു! ആകെ ശരീരത്തിന്റെ ഗുണത്തിനനുസരിച്ച് മാത്രമേ മസ്തിഷ്കത്തിന് പ്രവർത്തിക്കാനാവൂ. ഇത് അവഗണിച്ചാൽ മറ്റ് അവയവങ്ങൾക്ക് ഉണ്ടാകാവുന്ന അപകടത്തിലൂടെ നേതാവായ മസ്തിഷ്കം പോലും ഇല്ലാതായേക്കാം. നമ്മുടെ പല നേതാക്കളുടെയും ഈഗോയ്കും ഉരുക്ക് മുഷ്ടിക്കുമൊന്നും ഇവിടെ ഒരു സാധ്യതയുമില്ല. ജനാധിപത്യത്തിന്റെ മികച്ച പ്രായോഗിക മാതൃകകൾക്ക് മറ്റെങ്ങും നമ്മൾ സഞ്ചരിക്കേണ്ടതില്ല, മസ്തിഷ്കവും ശരീരത്തിലെ ഓരോ അവയവങ്ങളും സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും ആത്യന്തികമായി ശരീരം നിലനിൽക്കേണ്ടതുണ്ട് എന്ന് ബോധ്യത്തിലും പ്രവർത്തിക്കുന്നത് നോക്കിയാൽ മതിയാകും.
ശിരസ് മാറ്റിവയ്കുന്ന ശസ്ത്രക്രിയകളിൽ സ്വാഭാവികമായും മസ്തിഷകം വേർപെടുത്തുമ്പോൾ സുഷുമ്നാ നാഡി മുറിക്കേണ്ടി വരുന്നതിനാൽ പിന്നീടത് പുതിയതുമായി ചേർന്ന് വളരേണ്ടതുണ്ട്. റോബർട്ട് വൈറ്റിന്റെ പരീക്ഷണത്തിൽ ഇതാണ് സംഭവിക്കാതിരുന്നത്. സുഷുമ്നാനാഡിയുമായി ബന്ധം സ്ഥാപിക്കുവാൻ പുതിയ മസ്തിഷ്കത്തിന് സാധ്യമായില്ല. ഏഴ് ദിവസം മാത്രമേ കുരങ്ങ് ജീവിച്ചിരുന്നുള്ളു. നിരവധി സമ്മർദ്ദങ്ങളാൽ തുടർന്ന് പരീക്ഷണങ്ങൾ നടത്തുവാൻ അദ്ദേഹത്തെ അനുവദിച്ചില്ല. ലബോറട്ടറി എന്നെന്നേക്കുമായി അടച്ചിട്ടു. സമാനമായ പരീക്ഷണങ്ങളിലെല്ലാം മാറ്റിവച്ച ശരീരത്തിലെ രക്തപ്രവാഹം ഉപയോഗിച്ച് മസ്തിഷ്കത്തിന് ജീവൻ നിലനിർത്തുവാൻ സഹായിച്ചു എന്നതല്ലാതെ ശരീരത്തിന്റെ നിയന്ത്രണം എറ്റെടുക്കുവാൻ ഒരിക്കലും സാധ്യമായില്ല. ഇതിന് കാരണം അത് രണ്ടും രണ്ട് കുരങ്ങുകളുടേതായിരുന്നു എന്നത് കൊണ്ട് മാത്രമല്ല. ഒരേ ആളുടെ ശരീരത്തിലെ നാഡീകോശങ്ങൾ ആയാൽ പോലും അവ മുറിയുകയോ ക്ഷതം ഏൽക്കുകയോ ചെയ്താൽ പുനരുല്പാദിക്കപ്പെടുകയോ (regenerate) മറ്റേ അഗ്രവുമായി ചേരുകയോ ചെയ്യാറില്ല. ഇതര കോശങ്ങളിൽ നിന്നുള്ള വലിയ വ്യത്യാസമാണ് ഇത്. നട്ടെലിനുള്ളിൽ ക്ഷതം സംഭവിച്ച് കഴിഞ്ഞാൽ അരയ്ക് താഴെ തളർന്ന് പോകുന്നത് ചികിൽസിച്ച് ഭേദപ്പെടുത്തുവാൻ കഴിയാത്തത് ഇത് കൊണ്ടാണ്.
കുട്ടികളിൽ മാത്രമാണ് നാഡികൾ വളരുകയും പുതുതായി ഉണ്ടാവുകയും ചെയ്യുന്നത്. മുതിർന്നവരായി തീരുന്നതോടെ നാഡീവളർച്ച പൂർത്തിയാകുന്നു. പിന്നീട് ഉണ്ടാകുന്ന ക്ഷതങ്ങൾ പുനർനിർമ്മിക്കാനാവില്ല. സുഷുമ്നാ നാഡിയും മസ്തിഷ്കവും ഇങ്ങനെയുള്ളവയാണ്. അതേ സമയം ഗന്ധ കോശങ്ങളും (olfactory neurons), ശരീരത്തിലെ മറ്റ് ഭാഗങ്ങളിലുള്ള peripheral nerve കൾക്കും ഈ ശേഷി ഉണ്ട് താനും. മുതിർന്നവരിൽ നാഡികൾക്ക് ചുറ്റുമുള്ള മയെലിൻ സെല്ലുകൾ (myelin) ക്ഷതമേൾക്കുമ്പോൾ പുറപ്പെടുവിക്കുന്ന നിഷേധനിർദ്ദേശങ്ങളായിരിക്കാം (growth-inhibiting molecules) ഇത് തടയുന്നതെന്നാണ് ഊഹിക്കുന്നത്. ഇവയെ നിർവീര്യമാക്കുകയാണെങ്കിൽ ഒരു പക്ഷേ പുനരുല്പാദനം ഭാവിയിൽ സാധ്യമായേക്കാം. പ്രത്യേകം നിർമ്മിച്ചെടുത്ത നാഡീകോശങ്ങൾ (embryonic stem cells) കേടായ മസ്തിഷ്കഭാഗങ്ങളിൽ ഇംമ്പ്ലാന്റ് ചെയ്ത് കോശബന്ധങ്ങൾ ഉണ്ടാക്കുതിനുള്ള പരീക്ഷണങ്ങൾ നടക്കുന്നു എങ്കിലും ഇതും അത്ര പ്രതീക്ഷാപരമല്ല.
മാത്രമല്ല, സ്പൈനൽ കോഡിലൂടെ ആയിരക്കണക്കിന് നാഡികളാണ് സഞ്ചരിക്കുന്നത്. അവ തമ്മിൽ കൂട്ടിയോജിപ്പിക്കപ്പെട്ടാൽ പോലും, ഓരോന്നും അതിന്റെ തന്നെ തുടർച്ചയുമായി കൃത്യമായി ചേരേണ്ടതുണ്ട്. അല്ലെങ്കിൽ കൈകൾ ചലിപ്പിക്കാൻ മസ്തിഷ്കം തീരുമാനിക്കുമ്പോൾ കാലുകളായിരിക്കും ഒരു പക്ഷേ നിർദ്ദേശം സ്വീകരിക്കുന്നത്. അതിനാൽ അതി സങ്കീർണ്ണമായ ബന്ധങ്ങളുള്ള സുഷുമ്നാ നാഡിയെ യോജിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം ഉണ്ടാകുന്നത് വരെ ശിരസ് മാറ്റിവയ്ക്കൽ എന്നത് ഒരു സങ്കൽപ്പമായി മാത്രമായി തന്നെ നിലനിൽക്കും.
രണ്ട്വർഷംകൂടി
ഇതൊക്കെയാണ് യഥാർത്ഥ്യമെങ്കിലും, മനുഷ്യനിൽ ആദ്യമായി ശിരസ് മാറ്റിവയ്കുന്ന ശസ്ത്രക്രിയ നടക്കാൻ പോവുകയാണ്. ആശങ്കാജനകമായ ഈ പരീക്ഷണത്തിന് ഇനി കൃത്യം രണ്ട് വർഷം കൂടിയേയുള്ളു. ഇതിന് ആകെ ആവശ്യമായിരുന്നത് സ്വന്തം മസ്തിഷ്കം മറ്റൊരാളുടെ ശരീരത്തിൽ ചേർക്കാൻ തയ്യാറാകുന്ന ഒരാളുടെ സമ്മതമായിരുന്നു. അപകടകരമായ ഈ ശസ്ത്രക്രിയക്ക് റഷ്യയിൽ നിന്നുള്ള വാലറി സ്പിറിഡൊനോവ് എന്ന 30 വയസുകാരൻ തന്റെ സന്നദ്ധത അറിയിച്ചു കഴിഞ്ഞിരിക്കുന്നു. Werdnig-Hoffman Disease എന്ന പേശികൾ ക്ഷയിച്ച് പോകുന്ന രോഗം മൂലം ശരീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്പിറിഡൊനോവിന് വലിയ പ്രതീക്ഷയാണ്. വർഷങ്ങളായി രോഗം മൂലം അയാൾ വീൽ ചെയറിലാണ് തുടരുന്നത്. ഏത് നിമിഷം വേണമെങ്കിലും പൂർണ്ണമായി ശാരീരിക ശേഷി ഇല്ലാതാകുന്ന സ്പിറിഡൊനോവ് ഒരു മെച്ചപ്പെട്ട ശരീരം ആഗ്രഹിക്കുന്നു. ഇതിന് ടോട്ടൽ ബോഡി ട്രാൻസ് പ്ലാന്റേഷൻ അല്ലാതെ മറ്റ് യാതൊരു വഴിയുമില്ലെന്ന് അയാൾ മനസ്സിലാക്കിയതായി അഭിപ്രായപ്പെടുന്നു. ഹയ വദനയിൽ ശിരസ് വച്ച് മാറിപ്പോകുന്നതിൽ ഒരു സമ്പൂർണ്ണത ഉണ്ടാകുന്നത് കാണാം. ബുദ്ധിയുള്ള ദേവദത്തന്റെ ശിരസ്സിന് ലഭിക്കുന്നത് മികച്ച ശരീരം കൂടിയാണ്. ഒരു തരത്തിൽ നോക്കിയാൽ സ്പിറിഡൊനോവ് ആഗ്രഹിക്കുന്നതും തന്റെ ആരോഗ്യമുള്ള മസ്തിഷ്കത്തിലേയ്ക് ആരോഗ്യമുള്ള പുതിയ ശരീരത്തെയാണ്.
ഇറ്റാലിയൻ ന്യൂറോസർജൻ ഡോ.സെർജി കാനവെറോയുടെ നേതൃത്വത്തിൽ 2017 ഡിസംബറിൽ ചൈനയിലാണ് ശസ്ത്രക്രിയ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റ് പല രാജ്യങ്ങളും സാങ്കേതികവും നൈതികവുമായ നിരവധി കാരണങ്ങളാൽ അനുവാദം ലഭ്യമാകുമെന്നതിൽ ആശങ്കയുള്ളത് കൊണ്ടാണ് ചൈന തിരഞ്ഞെടുക്കപ്പെട്ടത്. മാത്രവുമല്ല, എലികളിൽ ആയിരത്തോളം ശിരസ് മാറ്റിവയ്കൽ പരീക്ഷണങ്ങളിലേർപ്പെട്ട Ren Xiaoping എന്ന ഡോക്ടറുടെ അനുഭവസമ്പത്തും സഹായകമാക്കാനാവും. ഏതാണ്ട് 150 ഓളം ഡോക്ടർമാരുൾപ്പെടുന്ന സംഘം പങ്കെടുക്കുന്ന ശസ്ത്രക്രിയയ്ക് ഏതാണ്ട് 36 മണിക്കൂർ ദൈർഘ്യമുണ്ടാകുമെന്നാണ് കാനവെറോ അനുമാനിക്കുന്നത്. പതിനൊന്ന് ദശലക്ഷം ഡോളർ ചെലവും.
ഡോണറിന്റെ ശരീരത്തെയും സ്വീകർത്താവിന്റെ ശരീരത്തെയും 12 നും 15 നും ഡിഗ്രി സെൽഷ്യസിനിടയിലേക്ക് തണുപ്പിക്കുകയാണ് ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം. പിന്നെ രണ്ട് പേരുടെയും കഴുത്തിന് ചുറ്റുമായി മുറിച്ച് രക്തക്കുഴലുകൾ ചെറിയ ട്യൂബുകളിലേക്ക് ഘടിപ്പിക്കുന്നു. പ്രത്യേകമായി നിർമ്മിക്കുന്ന വളരെ മൂർച്ചയുള്ള ഒരു ബ്ഡേഡ് കൊണ്ടാണ് രണ്ട് സുഷുമ്നാ നാഡികളും മുറിക്കുന്നത്. അടുത്ത പടി സിറിഡൊനോവിന്റെ ശിരസ്സിലേയ്ക് ദാതാവിന്റെ ശരീരം ചേർത്ത് പിടിപ്പിക്കലാണ്. അതിൽ സ്വഭാവികമായും സങ്കീർണ്ണമായ ഒന്ന് സുഷുമ്നാ നാഡികൾ ചേർത്ത് വയ്ക്കുന്നത് തന്നെ. പോളി എതിലീൻ ഗ്ലൈക്കോൾ (poly ethylene glycol) എന്ന പ്രത്യേകതരം ജൈവ പശ ഉപയോഗിച്ചാണ് ഇത് ചെയ്യുവാൻ ലക്ഷ്യമിടുന്നത്. ചില ജീവികളിൽ സുഷുമ്നാ നാഡികളുടെ വളർച്ചയ്ക് ഈ പശ സഹായകരമായിട്ടുണ്ടെന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണിത്. ശസ്ത്രിക്രിയയിൽ രക്തക്കുഴലുകളും പരസ്പരം ചേർത്ത് കഴിഞ്ഞാൽ ഒരു മാസത്തേയ്ക് സ്പിറിഡോനോവിനെ അബോധാവസ്ഥയിലാകും (coma) പരിചരിക്കുന്നത്, സുഷുമ്നാ നാഡികൾ ഊറിപ്പിടിക്കുന്നത് വരെ കഴുത്തിലെ ചലനം ഒഴിവാക്കുവാക്കേണ്ടതുണ്ട്. ഈ സമയമെല്ലാം മറ്റ് അവയവമാറ്റ ശസ്ത്രക്രിയകളിലെന്ന പൊലെ അവയവം തിരസ്കരിക്കാതിരിക്കുന്നതിനായുള്ള immuno suppresants മരുന്നുകളും നൽകിക്കൊണ്ടിരിക്കും. ഒരു വർഷം കൊണ്ട് സ്പിറിഡൊനോവ് എണീറ്റ് നടക്കാവുന്ന അവസ്ഥയിൽ ആയിത്തീരുമെന്നാണ് ഡോ. കാനവെറോ അവകാശപ്പെടുന്നത്.
ആവേശകരമായി തോന്നുന്ന ഈ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് തന്നെയാണ് ഡോ കാനവെറോയും ശസ്ത്രക്രിയയ്ക് തയ്യാറായിക്കഴിഞ്ഞ സ്പിറിഡൊനോവും വിശ്വസിക്കുന്നത്. ചരിത്രാതീതകാലം മുതൽ വെവേറെ ശിരസും ശരീരവുമായി ജീവിക്കുന്നവരെക്കുറിച്ചുള്ള മനുഷ്യന്റെ ഭാവനാലോകം അങ്ങനെയെങ്കിൽ ശാസ്ത്രം യാഥാർത്ഥ്യമാക്കുകയാവും ചെയ്യുന്നത്. പരാജയപ്പെട്ടാലോ? ജീവൻ നില നിൽക്കുകയും ശിരസും ശരീരവും ചേരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അതി ദാരുണമായ ഒന്നുമായിരിക്കും. ഒരേ വ്യക്തിയിലെ സുഷുമ്നാ നാഡികളുടെ ക്ഷതം പോലും പരിഹരിക്കാനാവാത്ത കാലത്ത് ശിരസ്സ് മാറ്റിവയ്കലിന് തയ്യാറാകുന്നത് ഭൂരിഭാഗം ശസ്ത്രക്രിയാ വിദഗ്ദ്ധരും എതിർക്കുന്നു. മറ്റൊരു ജീവിയിലും വിജയമാകാത്തത് ആദ്യമായി മനുഷ്യരിൽ നേരിട്ട് പരീക്ഷിക്കുന്നതും എതിർപ്പുകൾക്ക് ആക്കം കൂട്ടുന്നു. ഒരു രോഗി തയ്യാറാകുന്ന പരീക്ഷണങ്ങൾക്ക് സാഹസപൂർവം വൈദ്യസമൂഹം എടുത്ത് ചാടുന്നത് എത്രത്തോളം അംഗീകരിക്കപ്പെടേണ്ടതുണ്ട് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. അതേ സമയം ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾ ഇതിനിടയിലും പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്. മരണത്തേക്കാൾ ഭയാനകമായ അവസ്ഥയാണ് സ്പിറിഡോനോവിനെ ശസ്ത്രക്രിയയോടെ കാത്തിരിക്കുന്നതെന്നാണ് പലരും ആശങ്കപ്പെടുന്നത്.
അജിത് കുമാർ ജി
ajitkumarg
Proudly powered by WordPress