മരണാനന്തരം

പെഷവാറിലെ സ്കൂൾ കുട്ടികൾക്കു നേരെ നിഷ്കരുണം വെടിയുതിർക്കുമ്പോൾ അവർ മരണാനന്തരജീവിതത്തെ കുറിച്ച് മാത്രമേ ആലോചിച്ചുള്ളു. നിഷ്കളങ്കരായ ആത്മീയ വിശ്വാസികളായ തങ്ങൾ വഴിപിഴച്ച് പോകുന്ന ഇഹ ലോക ജീവിതത്തിൽ നീതി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സ്വർഗ്ഗത്തിലെ ഏറ്റവും പരിപാവനമായ ഇടത്തിൽ തുടരാമെന്ന് അവർ ഉറപ്പിച്ചു. കുട്ടികളുടെ മരണാനന്തര ചടങ്ങുകളിൽ ജീവിതത്തിന്റെ അർത്ഥം തന്നെ നഷ്ടപ്പെട്ട മാതാപിതാക്കൾ അലമുറയിട്ട് കരഞ്ഞു. പരമ കാരുണികനോട് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരു പ്രതീക്ഷയും ഇനിയില്ല. നരകത്തിലേയ്ക് പോകുവാൻ മാത്രം തെറ്റ് ചെയ്യുന്ന പ്രായത്തിലേയ്ക് അവർ ജീവിച്ചിരുന്നില്ലല്ലോ. അതുകൊണ്ട് പരലോകത്തിലെ അനശ്വരമായ സ്വർഗ്ഗത്തിൽ കുട്ടികൾ സുരക്ഷിതരായി തുടരുമെന്ന സ്വപ്നം ഒരു പക്ഷെ, അവർക്കും ആശ്വാസമായിത്തീർന്നിരിക്കാം. 

ആക്രമണത്തിനിടയിൽ പരിക്കേറ്റ് ആശുപത്രിയിലേക്കു ഓടി രക്ഷപ്പെട്ട ഒരു കുട്ടിയുടെ ഭയം വിട്ടുമാറാത്ത കണ്ണുകൾ പക്ഷേ, ഈ സങ്കൽപ്പങ്ങളെ അവിശ്വസനീയതയോടെ തുറിച്ചു നോക്കികൊണ്ടിരുന്നു. 

സെവന്ത് സീൽ

ഇപ്പോൾ, ഈ സെക്കന്റിൽ തന്നെ, ലോകത്ത് രണ്ട് പേർ മരിച്ചു കഴിഞ്ഞിരിക്കുന്നു. പലരുടെയും പ്രിയപ്പെട്ടവർ. വാർധക്യ മരണം മാത്രമല്ല, ഗർഭാവസ്ഥയിലെയും പ്രസവത്തിനിടയിലെയും മരണം, അപ്രതീക്ഷിതമായ അപകടങ്ങൾ, കൊലപാതകം, ആത്മഹത്യ, യുദ്ധം, എന്നിങ്ങനെ ഒരു ദിവസം ശരാശരി ഒന്നര ലക്ഷം മനുഷ്യർ മരണം നേരിടുന്നുണ്ട്. മരണം തനിക്കും ഉണ്ടാകും എന്ന് ജീവിച്ചിരിക്കുന്നവർക്ക് ഉറപ്പുണ്ടെങ്കിലും എപ്പോഴാണ്, എങ്ങനെയാണ്, ഏതു തരത്തിലുള്ള അനുഭവമായിരിക്കും എന്നതിനൊന്നും തീർച്ചയില്ല. വേദനാജനകമായ ഈ ഒറ്റപ്പെടൽ നീട്ടി വയ്ക്കാനാവുമോ എന്ന ആഗ്രഹവും അതിരറ്റതാണ്. ഒരു ദിവസം കൂടി, അല്ലെങ്കിൽ ഒരു നിമിഷത്തേയ്ക്കെങ്കിലും.

1957 ൽ സ്വീഡിഷ് ചലചിത്രകാരനായ ഇംഗ്മർ ബർഗ് മാൻ സംവിധാനം ചെയ്ത The Seventh Seal എന്ന ചലചിത്രം ഉൽക്കടമായ ഈ ആഗ്രഹത്തെക്കുറിച്ചുള്ളതാണ്. മഹാമാരിയായി പ്ലേഗ് പടർന്നു പിടിച്ച 14-ം നൂറ്റാണ്ടിലെ യൂറോപ്യൻ പശ്ചാത്തലമാണ് ഇതിവൃത്തം. ഈ കാലഘട്ടത്തിലെ Albertus Pictor എന്ന ചിത്രകാരന്റെ പെയിന്റിങ്ങാണ് പ്രചോദനവും. ജീവനെടുക്കാനായി എത്തുന്ന മരണരൂപത്തെ പടയാളിയായ Antonius Block ഒരു ചതുരംഗകളിയിലേയ്ക് ക്ഷണിക്കുന്നതാണ് സിനിമയുടെ തുടക്കം. മൽസരം തുടരുവോളം അയാൾക്ക് ജീവൻ നിലനിൽക്കും. ജയിച്ചാൽ മരണത്തിൽ നിന്നു രക്ഷപ്പെടുകയും ചെയ്യാം. വെളുത്ത കരുക്കളുമായി ബ്ലോക്കിന്റേതാണ് ആദ്യ നീക്കം. കറുത്ത കരുക്കൾ തനിക്കു ഏറ്റവും ഉചിതമായെന്ന് മരണം പരിഹാസരൂപേണ പറയുന്നുണ്ട്. ചതുരംഗം ആരംഭിക്കുന്നു. 

ടെറാകോട്ട ആർമി

ഈ ചലചിത്രത്തിലെ പോലെ കഥകളിൽ മാത്രമല്ല,  മരണത്തെ അതിജീവിക്കുന്നതിനും പുനർജീവിക്കുന്നതിനുമുള്ള മനുഷ്യന്റെ ആഗ്രഹം യഥാർത്ഥ ജീവിതത്തിലും പ്രകടമാണ്. ബി സി മൂന്നാം നൂറ്റാണ്ടിൽ ചൈനയുടെ സർവാധിപതിയായിരുന്ന ചിൻ ഷി ഹുവാങിന്റെ (Qin Shi Huang) ജീവിതം മറ്റൊന്നല്ല. ചൈനയെ ഇന്നു കാണുന്ന ഒറ്റ ശക്തിയാകുന്നത് ഹുവാങിന്റെ കാലത്താണ്. ചൈനീസ് ഭാഷയുടെ ഏകീകരണവും നീണ്ടു വിസ്തൃതമായ വൻ മതിൽ നിർമ്മാണവും ആദ്യ ചക്രവർത്തി എന്നു വിളിക്കുന്ന ഹുവാങ്ങിന്റെ സംഭാവനകൾ തന്നെ. മരിക്കാതിരിക്കുന്നതിന്  പെൻ ഗ്ലായ് പർവതത്തിലെ ഒരു മരുന്നിന് കഴിയുമെന്ന ഐതിഹ്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാൻ ആയിരത്തോളം പേരെയാണ് ഒരു കപ്പലിൽ ഹുവാങ് അയച്ചത്. അജ്ഞാതമായ അമൃതില്ലാത്തതിനാലാവാം അവർ മടങ്ങി വന്നില്ല . ആയുസ്സ് വർധിപ്പിക്കുന്നതിനായി ഓരോ കൊട്ടാര വൈദ്യന്മാരുടെയും മരുന്നുകൾ ഹുവാങ്ങ് പരീക്ഷിച്ചു കൊണ്ടേയിരുന്നു. വിചിത്രമെന്നു പറയാം, ആയുസ്സിനായി ഉപയോഗിച്ച മെർക്കുറിയുടെ വിഷാംശം തന്നെയാണ് 50- ം വയസ്സിൽ ചക്രവർത്തിയുടെ മരണത്തിനും കാരണമായത്.  

തന്റെ 13- ം വയസ്സിൽ അധികാരമേറ്റെടുത്ത ഹുവാങ്ങ് ആദ്യം ആരംഭിച്ച പദ്ധതി സ്വന്തം ശവകുടീര നിർമ്മാണമായിരുന്നു. 6000 ഓളം ചതുരശ്ര മീറ്ററുകളിലായി വിശാലമായ മുസ്സോളിയത്തിനു അന്നു ലോകത്തിലെ ഏറ്റവും വലിയ പട്ടണത്തേക്കാൾ വലിപ്പമായിരുന്നു. ഏഴു ലക്ഷം പേരാണ് നിർബന്ധിതമായി ശവകുടീര നിർമ്മാണത്തിന് നിയോഗിക്കപ്പെട്ടത്. സിയാൻ പട്ടണത്തിനോട് ചേർന്ന് 38 വർഷം കൊണ്ട് നിർമ്മിച്ച ഈ മുസ്സോളിയത്തിന്റെ വലിപ്പം ഇന്നും മറ്റൊന്നിനും ഇല്ല. ഈയം കൊണ്ടു തീർത്ത പുഴകളുടെ നടുവിലായി ഹുവാങ്ങിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നുവെന്നാണ് സൂചനകൾ. ഇതിനു ചുറ്റുമായി രേഖകളില്ലാതെ ഒളിപ്പിച്ചു കളിമണ്ണിൽ (Terracotta) നിർമ്മിച്ച ശില്പ സമുച്ചമാണ് 1974 ൽ കണ്ടെടുത്തത്. യഥാതഥമായ വലിപ്പത്തിൽ തീർത്ത 8000 ഓളം പടയാളികളുടെ ശില്പങ്ങളാണ് ഇവയിൽ പ്രധാനം. ഇതിനു പുറമേ നൂറു കണക്കിനു രഥങ്ങൾ, കുതിരകൾ, 40000 ഓളം യഥാർഥ ലോഹ ആയുധങ്ങൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ ഒളിയാക്രമണങ്ങൾ നേരിടേണ്ടി വന്ന ഹുവാങ് ഇതു മരണാനന്തരത്തിലും പ്രതീക്ഷിച്ചിരുന്നിരിക്കണം എന്ന് അനുമാനിക്കുന്നു. ചക്രവർത്തിയുടെ മരണാന്തര ജീവിതത്തെ സുരക്ഷിതമാക്കുവാൻ അനുഗമിക്കുന്ന ഈ ബൃഹത്തായ കലാസൃഷ്ടി, ടെറാകോട്ട ആർമി എന്ന് അറിയപ്പെടുന്നു.

ഹൃദയത്തിൽ നിന്ന് ആത്മാവിലേയ്കുള്ള ദൂരം

ജീവൻ നഷ്ടപ്പെടുന്നതാണ് മരണം. പ്രസവിക്കുന്നതിനു മുൻപു തന്നെ ജീവൻ ഉള്ളതായി കണക്കാക്കുന്നു. മിക്ക മതവിശ്വാസങ്ങളിലും ഗർഭാവസ്ഥയിൽ വച്ച് ജീവൻ അഥവാ ആത്മാവു അതിൽ പ്രവേശിക്കുന്നതായി കരുതുന്നു. ശരീരത്തിൽ പ്രവേശിക്കപ്പെടുന്ന ആത്മാവ് ഹൃദയത്തിലാണ് പ്രതിഷ്ഠിക്കപ്പെടുന്നത്. അതുകൊണ്ട്, മനുഷ്യ ശരീരത്തിന്റെ കേന്ദ്രം ഹൃദയമാണ് എന്ന് കരുതിവന്നു. വൈകാരികമായി സ്വാധീനിക്കുന്ന അനുഭവങ്ങളെ ഹൃദയസ്പർശിയായതെന്നും ഹ്രദയഭേദകമെന്നും വിളിക്കുന്നത് ഹൃദയത്തെ ജീവകേന്ദ്രമായി ഭാവന ചെയ്തിരുന്നതിനാലാണ്. പിന്നീടാണു ഹൃദയം രക്തപ്രവാഹം നിയന്ത്രിക്കുന്ന ഒരു പമ്പ് മാത്രമാണ് എന്ന് കണ്ടെത്തുന്നത്. ഇതോടെയാണ് ആത്മാവിന്റെ സ്ഥാനം തലച്ചോറിലായിരിക്കാമെന്നു കരുതുന്നത്. 

17-ം നൂറ്റാണ്ടിൽ ഡച്ചുകാർ വധശിക്ഷയ്ക്കു ശേഷം കുറ്റവാളികളുടെ ശരീരം പരസ്യമായി ഡിസെക്ട് ചെയ്ത് പ്രദർശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. വർഷത്തിൽ ഒരു തവണ. മുറിച്ചെടുക്കുന്ന ശരീര ഭാഗങ്ങൾ കാഴ്ചക്കാരുടെ കൈകളിലേക്കും നൽകും. അങ്ങനെ യഥാർത്ഥ ഹൃദയത്തെയും കരളിനെയും നേരിട്ട് കാണുന്നതിനും സ്പർശിച്ചു അനുഭവിക്കുന്നതിനും സന്ദർശകർക്കു കഴിയും. വിഖ്യാത ഡച്ച് ചിത്രകാരനായ റെംബ്രാന്റിന്റെ Anatomy Lesson by Dr Deijman എന്ന പെയിന്റിങ് ഇത്തരത്തിലെ ഒരു സന്ദർഭത്തിന്റെ ചിത്രീകരണമാണ്. നിർഭാഗ്യ വശാൽ ഈ ചിത്രത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചു പോയി. അവശേഷിക്കുന്ന ഭാഗത്തിൽ മൃതദേഹത്തിന്റെ തലച്ചോറിനുള്ളിലെ പീനിയൽ ഗ്രന്ഥി Dr Deijman ഫോർസെപ്സ് വച്ച് ഉയർത്തി പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. പീനിയൽ ഗ്രന്ഥിയാണ് ആത്മാവിന്റെ സ്ഥാനമായി അന്നു കരുതിയിരുന്നത്. ഇതിലൂടെ, കാഴ്ചക്കാർക്കു മസ്തിഷ്കം കാണിച്ചു കൊടുക്കുക മാത്രമല്ല, മുറിച്ച് കിടത്തിയ സ്വന്തം ശരീരത്തിന്റെ ദുരവസ്ഥയെ ആത്മാവിനെ അനുഭവിപ്പിക്കുക കൂടി ചെയ്യുന്നു. അങ്ങനെ ശിക്ഷ ആത്മാവിനും ലഭിക്കുന്നു. 

ആത്മാവിന്റെ സ്ഥാനമായി നിർണ്ണയിക്കപ്പെട്ട മസ്തിഷ്കം (തലച്ചോറ്) പതിനായിരത്തോളം കോടി നാഡീകോശങ്ങളാലാണ് (Neurons) നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ തന്തുക്കളുടെ (Nerve Fibres) അഗ്രത്തിലുള്ള പ്രത്യേക സന്ധികളിലൂടെ ഓരോ നാഡികളും മറ്റ് 10,000 ഓളം നാഡികളുമായി സംവദിക്കുന്നു. സിനാപ്സുകൾ (synapses) എന്നറിയപ്പെടുന്ന ഈ സന്ധികൾ തമ്മിലുള്ള പൊരുത്തവും ഉദ്ദീപനങ്ങളുടെ (Nerve Signals) വേഗതയുമാണ് (സെക്കന്റിൽ 100 മീറ്റർ വരെ) മസ്തിഷ്കത്തിന്റെ ചിന്താശേഷിയെ അത്ഭുതകരമാക്കി തീർക്കുന്നത്. ശരീരത്തിൽ രണ്ട് ശതമാനം വലിപ്പം വരുന്ന മസ്തിഷ്കം, ആകെ ആഹാരത്തിന്റെയും ഓക്സിജന്റെയും 25 ശതമാനം ഉപയോഗിക്കുന്നതിൽ നിന്നും മസ്തിഷ്കത്തിന്റെ പ്രാധാന്യം ഊഹിച്ചെടുക്കാം. മസ്തിഷ്കത്തിലെ ഓരോ ഭാഗങ്ങളും കാഴ്ച, കേൾവി, മണം, സ്പർശം, സ്വാദ് എന്നീ ഇന്ദിയങ്ങളുടേതുൾപ്പെടെ ഓരോരോ പ്രവർത്തികളെ പ്രതിനിധീകരിക്കുന്നു. മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന രോഗങ്ങളിൽ ചില ശേഷികൾ മാത്രം നഷ്ടപ്പെടുന്നത് കണ്ടെത്തിയാണ്  ഓരോ സ്ഥാനങ്ങളുടെയും പ്രവർത്തനമെന്താണെന്ന് കൂടുതൽ  അറിയാനാവുന്നത്. ശരീരത്തിന്റെ ആനുപാതികമായി നോക്കിയാൽ ജീവി വർഗ്ഗങ്ങളിൽ ഏറ്റവും വലിയ  മസ്തിഷ്കം മനുഷ്യന്റേതാണെന്നു കാണാം. ഇത്ര സങ്കീർണ്ണമായ നിർമ്മിതിയും മറ്റ് ജീവികളിൽ കാണാനാവില്ല.

ഴാങ് പിയാഷിയെ

ദശലക്ഷത്തോളമുള്ള ജീവി വർഗ്ഗങ്ങളിൽ താനും മരിക്കും എന്ന ബോധം മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. തന്നെ പിടികൂടിയ സിംഹത്തെ കുറുക്കൻ കബളിപ്പിക്കുന്ന കഥയിൽ, പൊട്ടകിണറ്റിലെ വെള്ളത്തിൽ തെളിയുന്ന പ്രതിബിംബത്തെ ആക്രമിക്കുവാൻ കിണറിലേയ്ക്ക് സിംഹം എടുത്തു ചാടുന്ന സന്ദർഭത്തിൽ ഇതിനെ കുറിച്ചുള്ള ഒരു സൂക്ഷ്മ ദർശനം ഉണ്ട്. ഇതര ജീവി വർഗ്ഗങ്ങളിൽ അപൂർവമായ, സ്വന്തം പ്രതിച്ചായ തിരിച്ചറിയാനുള്ള ബോധ നിർമ്മിതിയാണ് മനുഷ്യനെ സവിശേഷനാക്കുന്നത്. ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ധാരണയ്കൊപ്പം ( Environment) തന്റെ തന്നെ ഒരു പ്രതിബിംബവും (Self Awareness) മനുഷ്യൻ മസ്തിഷകത്തിൽ ആന്തരികമായി (internalise) രൂപപ്പെടുത്തുന്നു. 

ജനനം മുതൽ  ശേഖരിക്കുന്ന അറിവുകൾ (Informations) ക്രമീകരിക്കുന്നതിലൂടെ (process) യാണ് ഈ ബോധം ഉണ്ടാകുന്നത് (eg: കണ്ണീന്റെ റെറ്റിനയിൽ വീഴുന്ന തീരെ ചെറുതും തലകീഴായതുമായ ഒരു ബിംബം വിഷ്വൽ കോർട്ടക്സിന്റെ പുനക്രമീകരണത്തിലൂടെയാണ് ശരിയായ കാഴ്ചയാക്കുന്നത്). ഫ്രഞ്ച് സൈക്കോളജിസ്റ്റ് ആയിരുന്ന ഴാങ് പിയാഷിയെ (Jean Piaget ) ആണ് കുട്ടികളുടെ സ്വഭാവ രീതികളെ നിരീക്ഷിച്ച് മനോവികാസത്തെ കുറിച്ചു ശ്രദ്ധേയമായ സിദ്ധാന്തം അവതരിപ്പിച്ചത്. വളർന്നു വരുന്ന ചുറ്റുപാടുകൾക്കനുസരിച്ച്  കുട്ടികളിൽ അറിവും ബോധ നിർമ്മിതിയും അനുരൂപപ്പെടുന്നുവെന്നു (adaptation) അദ്ദേഹം വിശദീകരിക്കുന്നു.

മനുഷ്യനിൽ വളരെ ചെറുപ്പം മുതൽ തന്നെ സ്വയം തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുന്നു. കണ്ണാടിയിൽ തെളിയുന്നത് സ്വന്തം പ്രതിരൂപം തന്നെയാണ് എന്ന് രണ്ട് വയസ്സ് മുതൽ കുട്ടികൾ മനസ്സിലാക്കുന്നു. മൂന്നു വയസ്സോടെ പ്രതീകാത്മകമായി തന്നെക്കുറിച്ചോ മറ്റ് വസ്തുക്കളെക്കുറിച്ചോ ഭാവന ചെയ്യുന്നതും വിവിധ കാലങ്ങളെ കുറിച്ച് സംസാരിക്കുന്നതും സാധ്യമാകുന്നു. ഭാവിയെ കുറിച്ചുള്ള ആലോചനകളും ലക്ഷ്യബോധവും നിർമ്മിക്കപ്പെടുന്നതോടെയാണ് മരണത്തെ കുറിച്ചുള്ള ആശയവും പ്രബലമാകുന്നത്. ആറേഴ് വയസാകുന്നതോടെ, ജീവികൾ മരിക്കുന്നതും അവയെ വീണ്ടും കാണാനാവുന്നില്ലെന്നും കുട്ടികൾ ശ്രദ്ധിക്കുന്നു. തന്റെ മാതാപിതാക്കളും ഇങ്ങനെ മരിക്കുമെന്നും, അവരും മടങ്ങി വരില്ലെന്നും പിന്നീട് തിരിച്ചറിയുന്നു. ഒരിക്കൽ താനും മരിക്കുമെന്നുമുള്ള ബോധം ഇതിനെത്തുടർന്നാണ് കുട്ടികളിൽ ഉണ്ടാകുന്നത്.

ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകൾ, വൈകാരിക അനുഭവങ്ങൾ, പ്രതിഫലവും ശിക്ഷയും, സാംസ്കാരിക- ചരിത്ര വിവരണങ്ങളിലൂടെയും പുരാണങ്ങളിലൂടെയും ശാസ്ത്രത്തിലൂടെയും ലഭിക്കുന്ന വിവരങ്ങൾ (Informations) എന്നിവയെല്ലാം ഇത്തരം  അനുരൂപണത്തിൽ പങ്ക് വഹിക്കുന്നു.

എറിക് കാൻഡൽ

വിവരങ്ങളുടെ ശേഖരണം നമുക്കു അയവിറക്കി രസിക്കുന്നതിനുള്ള ഒന്നല്ല. ബോധമായും (Conscious) ഉപബോധമായും (subconscious) അനസ്യൂതമായി ലഭിക്കുന്ന വിവരങ്ങൾ പുനക്രമീകരിച്ച് സൂക്ഷിക്കുന്നു. ഇതിനെയാണ് ഓർമ്മ (Recall and Recognition) എന്നു പറയാവുന്നത്. മാതാപിതാക്കളെയും, സുഹൃത്തുക്കളെയും ശത്രുക്കളെയും, വിശ്വസിക്കാവുന്നവരെയും സംശയിക്കേണ്ടവരെയും, അനുകൂല-പ്രതികൂലാവസ്ഥകളെയും തിരിച്ചറിയുന്നത് ഈ വിവരങ്ങൾ വീണ്ടെടുക്കുന്നതിലൂടെയാണ്. 2000- ലെ നോബേൽ സമ്മാന ജേതാവായ എറിക് കാൻഡലിന്റെ പഠനത്തിലൂടെയാണ് ദീർഘകാല ഓർമ്മകളുടെ നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കാനായത്. പോളണ്ടിലെ വംശീയ വേട്ടകളിൽ നിന്നു രക്ഷപെട്ട് അമേരിക്കയിൽ അഭയം തേടിയ എറിക് കാൻഡൽ,  അസാധാരണമായ പഠന വാസന (Learning Skills) പ്രകടിപ്പിക്കുന്ന അപ്ലൈസിയ എന്ന ജീവിയിൽ ഓർമ്മകൾ ശേഖരിക്കുമ്പോഴും വീണ്ടെടുക്കുമ്പോഴും ഉണ്ടാകുന്ന നാഡികളിലെ മാറ്റങ്ങൾ ആണ് അദ്ദേഹം കണ്ടെത്തിയത്. താൽക്കാലിക ഓർമ്മകളിൽ (Short Term Memory) നിന്നു വ്യത്യസ്ഥമായി, ദീർഘകാല ഓർമ്മകൾ (Long Term Memory) ഉണ്ടാകുന്നതു നാഡികൾ പരസ്പരം ഉദ്ദീപനങ്ങൾ കൈമാറുന്ന സിനാപ്സുകളിൽ ( Synapses) സ്ഥായിയായ ഘടനാ മാറ്റം ഉണ്ടാകുന്നതിലൂടെയാണെന്നു അദ്ദേഹം സ്ഥിരീകരിച്ചു. അപകടകരമായ സാഹചര്യങ്ങളിൽ ഉല്പാദിപ്പിക്കുന്ന കോർട്ടിസോൾ ഓർമ്മകൾ ശക്തമായി രൂപീകൃതമാകുന്നതിൽ നിർണ്ണായകമാണ്.

സമാനമായ സന്ദർഭം അഭിമുഖീകരിക്കുമ്പോൾ സെക്കന്റുകൾക്കുള്ളിൽ മുൻപുണ്ടായ അനുഭവം മസ്തിഷ്കം പുനസൃഷ്ടിക്കുന്നു. ഇതുമൂലം രക്ഷപ്പെടൽ വേഗത്തിൽ സാധ്യമാകുന്നു. ഓർമ്മകൾ വീണ്ടെടുക്കുന്നത് പ്രധാനമായും തിരിച്ചറിയൽ ( Recognition), വീണ്ടെടുക്കൽ ( Recall) എന്നിങ്ങനെയാണ്. തിരിച്ചറിയൽ താരതമ്യേന എളുപ്പമാണ്. ഒരാളെ കാണുമ്പോൾ പരിചയം തോന്നുന്നത് ഇതു മൂലമാണ്. എന്നാൽ കൺമുന്നിലില്ലാതെ മുഖം ഓർമ്മിച്ചെടുക്കേണ്ടുന്ന, വീണ്ടെടുക്കൽ അല്പം കൂടി പ്രയാസകരമാണ്. പലപ്പോഴും ചില ഉത്തേജന സൂചികകൾ (memory trigger) ഇത്തരം ഓർത്തെടുക്കലിനായി അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നു. (പഠനങ്ങളിൽ പ്രയോഗിക്കുന്ന mnemonics കളും, പരീക്ഷകളിൽ ഉപയോഗിക്കുന്ന  MCQ കളിൽ ഓപ്ഷനുകൾ നൽകുന്നതും Recall നെയും Recognition യും സഹായിക്കുന്ന ഉത്തേജന സൂചികകൾ ആണ്). 

ജീവിതത്തിലെ ഓരോ സംഭവങ്ങളെയും ദീർഘകാലത്തേയ്ക് ശേഖരിക്കുന്നില്ല. അതിജീവനത്തെ കൂടുതൽ സഹായിക്കുന്ന അപകടാവസ്ഥകൾക്കാണ് സന്തോഷകരമായ അനുഭവങ്ങളെക്കാളും മുൻഗണന ലഭിച്ചിട്ടുള്ളത്. സഹജമായല്ലാതെ ക്രിത്രിമമായും നമുക്ക് ഓർമ്മകളെ നിർമ്മിക്കാനാവും. ആവർത്തനമായ പഠനം കൊണ്ട് ഓർത്തെടുക്കാനാവുന്നത് ഇങ്ങനെയാണ്. സൂക്ഷ്മ തലത്തിൽ കൃത്രിമമായ ഓർമ്മ സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് വാക്സിനേഷനുകൾ. 

റോജർ സ്പെറി

ഇങ്ങനെ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളാൽ തന്നെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉണ്ടാകുന്ന ബോധവും ഓർമ്മകളും ചേർന്ന അനുഭവത്തെയാണ് മനസ്സ് (Mind) എന്നും ആത്മാവ് (Soul) എന്നും വിളിക്കുന്നത്. നമുക്ക് അറിയാനാവുന്നതും, വിശകലനം ചെയ്യുന്നതും, സങ്കൽപ്പിക്കുന്നതും, പ്രതികരിക്കുന്നതും മസ്തിഷ്കത്തിന്റെ പ്രവർത്തനമല്ലാതെ മറ്റൊന്നല്ല. ഇന്ദ്രിയവും അതീന്ദ്രിയവും, പ്രേമവും വെറുപ്പും, സങ്കടവും ആഹ്ലാദവും, ആഗ്രഹവും നിരാശയും, താല്പര്യവും ഭയവും, സംയമനവും കോപവും, ഭ്രമവും ചിത്തഭ്രമവും, സ്വപനവും ചിന്തയും, യുക്തിയും അയുക്തിയും, വിശ്വാസവും അവിശ്വാസവും എല്ലാം ഇങ്ങനെ തന്നെ.

രാസതന്മാത്രകളാണ് മസ്തിഷകത്തിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. അനുകൂലമായം പ്രതികൂലമായും അവയെ സ്വാധീനിക്കുന്ന മരുന്നുകൾ ഉപയോഗിച്ചാൽ ചിന്തകളെപ്പോലും വ്യത്യാസം വരുത്തുന്നതിന് സാധ്യമാണ്. ഒരു കത്തി കൊണ്ട് മനസ്സിനെ കീറി രണ്ടാക്കുന്നതും അസാധ്യമല്ല. ഇടതു-വലതു- മസ്തിഷ്ക ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോർപസ് കലോസം (Corpus Callosum) വേർപെടുത്തുന്ന ശസ്ത്രക്രിയകൾക്കു ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ച് 1960 കളിൽ Roger Sperry നടത്തിയ നിരീക്ഷണങ്ങൾ കൗതുകകരമാണ്. 

കോർപസ് കലോസം വിഭജിച്ചതോടെ തലച്ചോറിന്റെ രണ്ട് വശങ്ങളും ചെയ്യുന്ന പ്രവർത്തികൾ പരസ്പരം അറിയുന്നില്ലെന്ന് ഇവരിൽ നിന്നും മനസ്സിലാക്കി. സംസാരിക്കാനുള്ള കഴിവു ഇടതു തലച്ചോറിൽ മാത്രമാണ് ഭൂരിഭാഗം പേരിലുമെന്നും അതോടെയാണ് തിരിച്ചറിഞ്ഞത്. പ്രവർത്തികളിൽ മാത്രമല്ല, വലതുമസ്തിഷ്കം ശരിയെന്നു അംഗീകരിക്കുന്നവ ഇടതുമസ്തിഷ്കം അംഗീകരിക്കുന്നത് പോലുമില്ല. ഒരാളിൽ വലത് ഭാഗം ദൈവമുണ്ടെന്ന് കരുതുമ്പോൾ ഇടതു ഭാഗം നിരീശ്വര വാദിയാണെന്ന് വാദിച്ചു. ഒരു വ്യക്തിയ്ക് വൈരുദ്ധ്യമുള്ള രണ്ട് മനസ്സുകളുടെ (ആത്മാവിന്റെ) ഉടമയാകാമെന്നു Split Brain Experiments എന്നറിയപ്പെടുന്ന പഠനങ്ങൾ തെളിയിക്കുന്നു. ഈ കണ്ടുപിടുത്തങ്ങൾക്ക് 1981 ൽ Roger Sperry നോബേൽ സമ്മാനാർഹനായി. 

മരണം

മരണത്തെക്കുറിച്ചുള്ള പ്രബലമായ വിശ്വാസം, ശരീരത്തിൽ പ്രവേശിപ്പിച്ച ആത്മാവിനെ തിരിച്ചെടുക്കുമ്പോൾ അഥവാ അതു ശരീരത്തെ ഉപേക്ഷിച്ച് പുറത്തു പോകുമ്പോഴാണ് എന്നതാണ്. മറ്റൊന്നു, മരണം മുൻ കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു (വിധി) എന്നതും. കേവലം മുപ്പത് വർഷത്തെ ശരാശരിയിൽ നിന്നും ആയുസ്സ് ഇരട്ടിയോളമാക്കി വിധിയെ മറികടക്കുവാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. മരണസമയത്തെ പല വിധത്തിൽ സ്വാധീനിക്കുവാനും വൈദ്യശാസ്ത്രത്തിന് സാധ്യമാണ്. ഹൃദയം നിശ്ചലമാകുന്നതിനെയാണ് മുൻപ് മരണമായി കണക്കാക്കിയിരുന്നത്. എന്നാൽ ഹൃദയം നിലച്ചവരെ ആധുനിക മെഡിക്കൽ സംവിധാനങ്ങളിലൂടെ വീണ്ടും പ്രവർത്തിപ്പിക്കുവാൻ കഴിഞ്ഞേക്കും. അതിനാൽ ഇന്ന് ഹ്രദയത്തെയും ശ്വസനത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനം പൂർണ്ണമായി ഇല്ലാതാകുമ്പോഴാണ് നിയമപരമായി (Legal Death) മരണം സ്ഥിരീകരിക്കുന്നത്. ഇത് അത്ര ലളിതമായ ഒന്നല്ല. മസ്തിഷ്ക മരണം ദീർഘകാലത്തേയ്ക്  പ്രതിരോധിക്കുവാൻ വെന്റിലേറ്ററുകളുടെ കണ്ടുപിടുത്തത്തോടെ ഇന്നു സാധ്യവുമാണ്. 

അരുണാ ഷാൻബാഗ്

1973 ൽ മുംബൈയിലെ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കവേയാണ് അരുണ ഷാൻ ബാഗ് പീഡിപ്പിക്കപ്പെട്ടത്. ഇതിനിടയിൽ ബോധം നഷ്ടപ്പെടുകയും മസ്തിഷ്കത്തിലെ കോർടെക്സ് (Cerebral Cortex) എന്ന പ്രധാന ഭാഗം വീണ്ടെടുക്കാനാവത്ത വിധം നശിക്കുകയും ചെയ്തു. ആരെയും തിരിച്ചറിയുന്നതിനോ, വേദനയിൽ പോലും പ്രതികരിക്കുന്നതിനോ സാധ്യമല്ലാതായി. മസ്തിഷ്കക്കത്തിലെ brain stem ഭാഗം തകരാറിലായിട്ടില്ല എന്നതിനാൽ ഹൃദയവും ശ്വാസകോശവും പക്ഷെ പ്രവർത്തിക്കുന്നു. താൻ ജീവിച്ചിരിക്കുന്നു എന്ന് സ്വന്തമായി മനസ്സിലാക്കുന്നതിന് പോലും  സാധ്യമല്ലാതെ നാല്പതു വർഷമായി Permenant Vegetative State ൽ അരുണ കഴിയുന്നു. ആശുപത്രി അധികൃതരുടെയും ചില സുഹൃത്തുക്കളുടെയും സഹായം മൂലം കഴിഞ്ഞു കൂടുന്ന അരുണയെ ദയാ വധത്തിനു വിധേയമാക്കണമെന്ന ആവശ്യം സുപ്രീം കോടതിയും അന്തിമമായി തള്ളി. മസ്തിഷ്ക മരണം സ്തിരീകരിച്ചു കഴിഞ്ഞ അരുണയുടെ ചലന- ബോധ രഹിതമായ തുടർച്ച ജീവനെയും മരണത്തെയും വേർതിരിക്കുന്ന അസ്പഷ്ടമായ അതിർവരമ്പാണ്.

ലോക്ക് ഡ്- ഇൻ- സിൻഡ്രോം

ഇതിനു വിപരീതമാണ് Jean Dominique Bauby യുടെ കഥ. ഫ്രാൻസിലെ ഫാഷൻ ഡിസൈനറായ ബോബിയ്ക്ക്, 1998 ൽ, നാൽപ്പത്തി മൂന്ന് വയസുള്ളപ്പോൾ കടുത്ത ഒരു സ്ട്രോക്ക് ഉണ്ടായി. അബോധമായ ദിവസങ്ങൾക്ക് ശേഷം ബോബിയുടെ കോർട്ടെക്സ് പ്രവർത്തന ക്ഷമമാണെന്നും ബോധം ഉള്ളതായും ഡോക്ടർമാർ കണ്ടെത്തി. Locked in Syndrome എന്നാണ് ഇതിനെ വിളിക്കുന്നത്. ജീവിച്ചിരിക്കുന്നുവെന്ന് സ്വയം തിരിച്ചറിയാൻ കഴിയുന്ന അവസ്ഥയിൽ, മറ്റുള്ളവർ പറയുന്നത് കേൾക്കുന്നതിനും ചുറ്റുപാടുകളെ മനസില്ലാക്കുന്നതിനും പ്രയാസമില്ല. പ്രതികരിക്കുവാൻ കഴിയില്ല എന്നു മാത്രം. ചലനം നഷടപ്പെടാത്ത ഒരു കണ്ണിന്റെ ഇമ വെട്ടലിലൂടെ അതെ എന്നും അല്ലെന്നും സംവദിക്കാൻ പരിശീലിപ്പിച്ചു. ഒരു ഫിസിയോ തെറാപിസ്റ്റ് പറയുന്ന അക്ഷരമാലയിൽ നിന്നു, ഇമ വെട്ടലിലൂടെ ഓരോ അക്ഷരങ്ങൾ തിരഞ്ഞെടുത്ത്, ബോബി ഒരു പുസ്തകം രചിച്ചു. The Diving Bell and the Butterfly എന്ന് ബോബി പേരിട്ട പുസ്തകത്തിൽ നിന്നും തന്റെ ഓർമ്മകൾ അക്ഷതമാണെന്നും ഏതൊരാളെപ്പോലെയും ഭാവനാപൂർണ്ണമായ ഒരു കലാസൃഷ്ടി സാധ്യമാണെന്നും ബോബി ലോകത്തിനു തെളിയിച്ചു കൊടുത്തു. പുസ്തക രചന കഴിഞ്ഞു പത്തു ദിവസത്തിനു ശേഷം ന്യുമോണിയ ബാധിച്ചു ബോബി മരണമടഞ്ഞു. ഈ കഥ അമേരിക്കൻ ചിത്രകാരനായ ജൂലിയൻ ഷ്നാബേൽ ഇതേ പേരിൽ അതി മനോഹരമായ ചലചിത്രമാക്കിയത് വളരെ പ്രശസ്തമാണ്. 

ഇത്തരം സങ്കീർണ്ണതകൾ കൂടി കണക്കിലെടുത്താണ് വൈദ്യ ശാസ്ത്രപരമായി മരണം സ്ഥിരീകരിക്കുന്നത്. 

മരണാനന്തരം

മരണം സംഭവിക്കുന്നുവെങ്കിലും നാശമുണ്ടാകാത്ത ആത്മാവിലൂടെ വ്യക്തിത്വം തുടരുന്നതായി ലോകത്ത് ഭൂരിപക്ഷം പേരും ഇന്നും കരുതുന്നു. സാംസ്കാരികമായി നിർമ്മിക്കപ്പെട്ട മതം (Religion), നിഗൂഢശാസ്ത്രം (Esoterism), അതിഭൗതികത (Metaphysics) എന്നീ താരതമ്യേന വളരെ അടുത്ത കാലത്ത് നിർമ്മിതമായ സിദ്ധാന്തങ്ങളാണ് ഈ വിശ്വാസങ്ങളുടെ ആധാരം. 

അതിനും മുൻപും പല രീതികളിലൂടെ മനുഷ്യൻ ജീവിതത്തിന്റെ അർഥം വ്യാഖ്യാനിച്ചിരുന്നതായി മനസ്സിലാക്കാം. ഒരു പുതിയ ജീവി മാതാവിൽ നിന്നും ഉണ്ടാകുന്നത് വളരെ ദിവ്യമായ ഒന്നായി ആദിമർ കണക്കാക്കിയിരുന്നു. Mother Godess/ Venus/ Phallus എന്നിങ്ങനെയുള്ള ശില്പങ്ങൾ ധാരാളമായി അക്കാലത്ത് നിർമ്മിച്ചിരുന്നു. മതങ്ങൾ ഉണ്ടാകുന്നതിനും വളരെ മുൻപ് തന്നെ മരണാനന്തര ജീവിതത്തെക്കുറിച്ച് സങ്കൽപ്പമുണ്ടായിരുന്നിരിക്കാം. പ്രത്യേകമായ ചടങ്ങുകളോടെയും വസ്തുക്കൾക്കൊപ്പവും ശവം മറവു ചെയ്യുന്നത് ഇതിന്റെ സൂചനയാണ്. 28000 വർഷം മുൻപു ഇത്തരത്തിൽ ഒരു മറവു ചെയ്ത സ്ഥലം റഷ്യയിൽ കണ്ടെത്തി. Sungir Graves എന്ന സ്ഥലത്ത് പ്രായം ചെന്ന ഒരു ആളിന്റെയും രണ്ട് കുട്ടികളുടെയും അവശിഷ്ടങ്ങളാണുള്ളത്. ആനകൊമ്പിൽ തീർത്ത ആയിരക്കണക്കിനു മുത്തുകൾ അവരിൽ അണിയിച്ചിരിക്കുന്നു. ചില ജീവികളുടെ അസ്ഥികളിൽ തീർത്ത വളയങ്ങളും ബെൽറ്റും ഒപ്പമുണ്ട്. അസാധാരണമായി Red Ochre എന്ന ചുവന്ന് മണ്ണിലാണ് സംസ്കരിച്ചിരിക്കുന്നത്. മരണശേഷം ഒരു തുടർജീവിതത്തിന്റെ ആലോചനകൾ ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഒപ്പം മറവു ചെയ്തത്. പിന്നീട് ഈജിപ്ഷ്യൻ പിരമിഡുകളിലെ മമ്മികൾക്കൊപ്പം വിലപിടിപ്പുള്ള രത്നങ്ങളും ഗ്രന്ഥങ്ങളും പോലും അടക്കം ചെയ്തതായി കാണാം. 

പിൽക്കാലത്ത് പല പ്രദേശങ്ങളിലായി രൂപപ്പെട്ട പതിനായിരക്കണക്കിന് മതപ്രസ്ഥാനങ്ങളുടെയെല്ലാം കാമ്പ് (Central Doctrine) മരണാനന്തര ജീവിതം തന്നെയാണ്. ബുദ്ധമതം പുനർജന്മങ്ങൾ ഉണ്ടാകുന്നതായും, ആഗ്രഹങ്ങൾ ഇല്ലാതാകുന്ന നിർവാണത്തിലൂടെ പുറത്തു കടന്നു ആത്മാവായി തുടരുമെന്നും വിശ്വസിക്കുന്നു. ഹിന്ദു വിശ്വാസങ്ങളിൽ, കർമ്മഫലങ്ങൾക്ക് അനുസൃതമായി വിവിധ ജീവികളായി പുനർജനിക്കുമെന്നു കരുതുന്നു. ഒടുവിൽ ആത്മാവു നിർഗുണമായ ബ്രഹ്മത്തിൽ അലിയുന്നു. ജൂത മതവും ക്രിസ്തുമതവും ഇസ്ലാം മതവും, മരണശേഷം വ്യക്തികൾ വിചാരണ ചെയ്യപ്പെട്ട് ദൈവഹിതമനുസരിച്ച് സ്വർഗ്ഗമോ നരകമോ പ്രാപിക്കുന്നു. ആഗ്രഹങ്ങളാൽ അടിഞ്ഞുകൂടിയ ദുഖത്തിൽ നിന്നോ, കർമ്മഫലങ്ങളിൽ നിന്നോ, ജന്മനാ തന്നെയുണ്ടായ പാപത്തിൽ നിന്നോ മുക്തി പ്രാപിക്കുകയാണ് ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യവും. 

മതവിശ്വാസങ്ങൾ കൂടാതെ പുരാണങ്ങൾ, കഥകൾ എന്നിവിയിലും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ കാണാം. പ്രഖ്യാപിത മതവിശ്വാസമില്ലാതെ പ്രപഞ്ചശക്തിയിലോ ആത്മാവിലോ മാത്രം വിശ്വസിക്കുന്ന ആത്മീയവാദ ദർശനങ്ങളും (Secular Spirituality) സമാനമായ മരണാനന്തര ജീവിതത്തെ അവതരിപ്പിക്കുന്നുണ്ട്. വ്യക്തികൾക്കു പരിശീലനത്തിലൂടെയും സിദ്ധികളിലൂടെയും ഇന്ദ്രിയാതീതമായ ആത്മീയ അനുഭവം നേടാമെന്നു മാത്രമല്ല, മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയവും ഇതിലൂടെ സാധ്യമാണ്.

സാമൂഹ്യ സമ്മർദ്ദം

പല ജീവികളിലും ഭാഷ, ഉപകരണങ്ങൾ, സംഗീതം, കല എന്നിവയുടെ പ്രാഥമിക രൂപങ്ങൾ ഉണ്ടെങ്കിലും മതവിശ്വാസം കാണാനാവില്ല. അതുകൊണ്ട് മനുഷ്യന്റെ വികാസ പരിണാമത്തിലെ ആദ്യഘട്ടങ്ങളിൽ മതവിശ്വാസത്തിന് കാര്യമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ഡച്ച് ന്യൂറോളജിസ്റ്റ് Dick F Swaab കണക്കാക്കുന്നു. താരതമ്യേന കൂടുതൽ അംഗങ്ങളുടെ സംഘമായി ജീവിച്ച മനുഷ്യരെ പരസ്പരം ചേർത്തു നിലനിർത്തുവാനും, ചില വിശ്വാസങ്ങളിലൂടെ മെച്ചപ്പെട്ട മാനസിക ആരോഗ്യവും സന്തോഷവും ലഭിച്ചിരിക്കുന്നതിനും, വിഷമകരമായ സന്ദർഭങ്ങളിൽ ആശ്വാസം ലഭിക്കുന്നതിലും,  മനസ്സിക്കാൻ കഴിയാത്ത എന്തിനും ഉത്തരം ലഭിക്കുന്നതിനും മതവിശ്വാസങ്ങൾ സഹായിച്ചിരിക്കണം. ഏറ്റവും പ്രധാനപ്പെട്ടത് ഒരു പക്ഷേ, മരണാനന്തര ജീവിതമെന്ന സങ്കൽപ്പം നൽകുന്നതിലൂടെ വേദനാ ജനകമായ മരണാവസ്ഥയെ ഭയരഹിതമായി  സമീപിക്കുന്നതിലൂടെ മനുഷ്യന് ലഭിക്കുന്ന ആശ്വാസമായിരിക്കണം. അവയുടെ അനുകൂലമായ ഓർമ്മകൾ ജനിതകമായി ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ടാവണം.

മതവിശ്വാസങ്ങളുടെ സ്വീകാര്യത ആത്മീയതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പകുതി ശതമാനം ഇതിന്റെ കാരണം ജനിതകമാണ്. എല്ലാവരിലും ഇതു ചെറിയ അളവിലായെങ്കിലും നിലനിൽക്കുന്നുണ്ട്. മസ്തിഷ്കത്തിലെ ആത്മീയബോധത്തിന് ലഭിക്കുന്ന ഭൗതികരൂപമാണ് മതം. ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യവും അച്ചനമ്മമാരുടെ വിശ്വാസവും തലച്ചോറിൽ കുട്ടിക്കാലം മുതൽ തന്നെ പതിയുന്നു. മാതൃഭാഷ പോലെ തന്നെ. അതുകൊണ്ട് വിശ്വാസി ആയിരിക്കുകയോ അല്ലാതാവുകയോ ചെയ്യുന്നത് തികച്ചും സ്വതന്ത്രമായ ഒരു തീരുമാനമല്ല.

കുടുംബപരവും വ്യക്തിപരവുമായ ജീവിത സന്ദർഭങ്ങളിലൂടെയും ( വിവാഹം, മരണം) മറ്റ് പൊതുചടങ്ങുകളിലൂടെയും മസ്തിഷ്കം സ്വീകരിക്കുന്ന സാമൂഹ്യ സമ്മർദ്ദം (Social Pressure) ആത്മീയ വിശ്വാസങ്ങൾക്കു കാരണമാണ്. തന്റെ ചുറ്റുമുള്ള വ്യവസ്ഥിതിയുടെയും സംസ്കാരത്തിന്റെയും ആന്തരിക നിർമ്മാണമായ ബോധം, നിലനിൽപ്പിനായി ചുറ്റുപാടുമായി പൊരുത്തപ്പെടുന്ന നിലപാടുകൾ തന്നെയാവും സ്വീകരിക്കുന്നത്. മറിച്ച് തീരുമാനിക്കുന്നത് ഓരോ ജീവിതഘട്ടത്തിലും സമൂഹവുമായി കലഹിക്കുന്നതിന് കാരണമാകും. ജനങ്ങളുടെ അംഗീകാരം നിർണ്ണായകമായ പൊതു പ്രവർത്തകരും സാമൂഹിക പദവി അലങ്കരിക്കുന്ന പ്രശസ്തരും കൂടുതൽ അഭികാമ്യമായ ഭൂരിപക്ഷത്തിന്റെ വഴി സ്വീകരിക്കുന്നു. ആത്മീയ ആചാര്യന്മാരെ ഉയർത്തിക്കാട്ടുന്നതിൽ പൊതു പ്രവർത്തകർ മൽസരിക്കുന്നത് ആത്മീയ സ്ഥാപനങ്ങളുടെ ജനസ്വാധീനത്തെ തങ്ങൾക്കു കൂടി പങ്കിടുന്നതിന് വേണ്ടിയാണ്. പൊതുജീവിതത്തെ സ്വാധീനിക്കാൻ കഴിയുന്ന ഇവരുടെ നിലപാടുകൾ തിരിച്ച് (reciprocal) സാധാരണക്കാരെ അമിതവിശ്വാസത്തിലേക്ക് നയിക്കുന്നു. ഒരു ചുഴിയിൽ പെടുന്ന പോലെ ഒന്നു മറ്റൊന്നിന്റെ കാരണമായി ആവർത്തിച്ചു കൊണ്ടിരിക്കുന്നു (Vicious Circle). 

ഇന്ന് ലോകത്ത് 64 ശതമാനം പേരും പല തരത്തിലുള്ള മത- ആത്മീയ വിശ്വാസികളാണ്. അമേരിക്കയിൽ 80 ശതമാനത്തോളം പേരും മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നു. കൂടുതൽ മതേതര രാജ്യമായ നെതർലാന്റിൽ കഴിഞ്ഞ നാല്പത് വർഷത്തിനിടെ ആത്മീയ വിശ്വാസം 67 ൽ നിന്നു 39 ശതമാനമായി താഴ്ന്നു. അമേരിക്കയിലെ പ്രധാന ശാസ്ത്രജ്ഞ്ഞരിൽ ഇതു വെറും 7 ശതമാനവും ബ്രിട്ടണിൽ 3 ശതമാനവും ആണ്. ഇപ്പോഴുള്ള നോബേൽ സമ്മാനാർഹരായവരിലാകട്ടെ ഒരാൾ പോലും വിശ്വാസിയല്ല.

2001 ലെ സെൻസസ് അനുസരിച്ച് ഇൻഡ്യയിൽ 99 ശതമാനത്തിലധികം പേരും വിവിധ തരത്തിൽ മത- ആത്മീയ വിശ്വാസികളാണ്. ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസം തലച്ചോറിനെ സംബന്ധിച്ചിടത്തോളം അനായാസമായ ഉത്തരമാണ്. ശാസ്ത്രപുസ്തകം പോലെ അതും മറ്റൊരു അറിവ് തന്നെയാണ്. സ്ഥായിയായ ഇത്തരം സമ്മർദ്ദങ്ങൾ ജനിതകമായ മാറ്റം തന്നെ ഉണ്ടാക്കുവാൻ പോന്നവയാണ്. ശാസ്ത്രജ്ഞരും മതേതര വാദികളും ഇടത്- വലതു സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റ്കാരും യുക്തിവാദികളുമെല്ലാം ഈ സമ്മർദ്ദത്തിന് വിധേയരാകാവുന്നതേയുള്ളു. ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ തലവനായ Francis Collins അടുത്തകാലത്ത് തന്റെ ആത്മീയ വിശ്വാസം പ്രഖ്യാപിച്ചത് ഞെട്ടലോടെയാണ് ശാസ്തലോകം വീക്ഷിച്ചത്. മറിച്ച് പ്രഖ്യാപിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ യുക്തിവിചാരത്തിലൂന്നിയ ശാസ്ത്രവിശ്വാസം പ്രതീക്ഷയുമാണ്.

സിലോസിബിൻ

ജാപ്പനീസ് സന്യാസിമാരിൽ നടത്തിയ സ്കാനിങ് പഠനങ്ങളിലും Carmelite Nuns- ൽ നടത്തിയ EEG പഠനങ്ങളിലും ധ്യാന (Meditation) സന്ദർഭങ്ങളിൽ, മസ്തിഷകത്തിലെ ചില പ്രത്യേക ഭാഗങ്ങളിലാണ് ( Pre frontal cortex, Parietal Cortex,Temporal Cortex) ഉദ്ദീപനം നടക്കുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ദിവ്യസാന്നിധ്യത്തെക്കുറിച്ച് ആലോചിക്കുന്ന അവസ്ഥകളിൽ പരമമായ സത്യം, സ്ഥലകാല ബന്ധങ്ങളിൽ നിന്നുള്ള മോചനം, പ്രപഞ്ചവുമായുള്ള സംയോജം, നിരുപാധികമായ സേഹവും സന്തോഷവും സമാധാനവും ഉണ്ടാകുന്നു. ഈ അനുഭവങ്ങൾ പലതും Dopamine പോലുള്ള രാസതന്മാത്രകളിലൂടെയുള്ള സംവേദനങ്ങളാണ്.  ആത്മീയ ചിന്തകളുടെ അഭാവത്തിലും മസ്തിഷ്കത്തിലെ പ്രസ്തുത ഭാഗങ്ങളിലെ ഉദ്ദീപനത്താൽ ഇവ കൃത്രിമമായി സൃഷ്ടിക്കുവാൻ കഴിയും. God Helmet പോലുള്ള പരീക്ഷണങ്ങൾ ഇതുമായി ബന്ധപ്പെട്ടതാണ്. തീവ്രമായ ആത്മീയ- മത വിശ്വാസങ്ങൾക്കു ചില മനോരോഗങ്ങളുമായും ബന്ധമുണ്ട്. (frontotemporal dementia, mania, obsessive-compulsive behavior, schizophrenia, and temporal lobe epilepsy.) ഇവയിൽ മിക്ക രോഗങ്ങളും Dopamine Reward System ത്തെ കൂടുതലായി ഉദ്ദീപിപ്പിക്കുന്നവയാണ്. Dopamine system തകരാറിലാകുന്ന Alzheimer’s disease പോലുള്ള രോഗാവസ്ഥകളിൽ ആത്മീയ താല്പര്യ്ങ്ങൾ കുറയുന്നതും ശ്രദ്ധേയമാണ്. ചിലരിൽ ആത്മീയ അനുഭവങ്ങളും മനോരോഗങ്ങളും പരസ്പരം തിരിച്ചറിയുക പ്രയാസകരവുമാകാറുണ്ട്.

Serotonin പോലുള്ള രാസതന്മാത്രകളുടെ അളവുമായും ആത്മീയതയ്ക് ബന്ധമുണ്ട്. ഇതിനെ സ്വാധീനിക്കാൻ കഴിയുന്ന LSD, Cannabis, സിലോസിബിൻ (Psilocybin) എന്നിവയ്ക് ആത്മീയ- അതീന്ദ്ര അനുഭവങ്ങൾ ആരിലും ഉണ്ടാക്കാൻ കഴിയും. സിലോസിബിൻ അടങ്ങിയ കുമിൾ വർഗ്ഗങ്ങൾ ആത്മീയ അനുഭവങ്ങൾക്കായി പണ്ട് മുതൽ തന്നെ ഉപയോഗിച്ചിരുന്നതായി ഊഹിക്കുന്നു. പ്രാചീന കാലത്തെ പാറകളിലുള്ള ചിത്രങ്ങളിലും ശില്പങ്ങളിലും (Meso American) ഇത്തരം കുമിളുകളുടെ വിശേഷ രീതിയിലുള്ള ചിത്രീകരണം കണ്ടെത്തിയിട്ടുണ്ട്. വിപരീതമായ മരുന്നുകൾക്ക് ഈ അനുഭൂതികളെ കുറയ്കുവാനും കഴിയും. ഇത്തരത്തിൽ ആത്മീയമെന്നു കരുതുന്ന അനുഭവങ്ങൾ (Spiritual Experiences) ഒരർത്ഥത്തിൽ യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അവയ്ക് കാരണം അതീന്ദിയമായ ആത്മാവിന്റെ സാന്നിധ്യമോ അതിഭൗതികമായ സിദ്ധിയോ അല്ല എന്നും മനസിലാക്കാം. എങ്കിലും ആത്മാവിന്റെ സാന്നിധ്യവും മരണത്തിന് അതീതമായി അത് തുടരുന്നതിനും ആയിരക്കണക്കിന് വിശ്വാസികളുടെ സാക്ഷ്യപ്പെടുത്തലുകൾക്ക് കുറവൊന്നുമില്ല.

റാഷമൺ

ഒരാൾ കൊല്ലപ്പെടുന്നനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളാണ് ജാപ്പനീസ് ചലചിത്രകാരൻ അകിറാ കുറോസാവോയുടെ പ്രസിദ്ധ ചിത്രമായ റാഷമൺ. സാക്ഷികളുടെ വിവരണങ്ങൾ അവിശ്വസനീയമാകുന്നതോടെ മരിച്ചയാളിന്റെ പ്രേതത്തെ തന്നെ ഈ ചിത്രത്തിൽ സാക്ഷി വിസ്താരത്തിനായി അവതരിപ്പിക്കുന്നു. ജീവിച്ചിരിക്കുന്നയാളുടെ ശരീരത്തിലേക്ക് പ്രത്യേക ആചാരത്തിലൂടെ ആവാഹിക്കുന്ന പ്രേതം വിവരിക്കുന്നത് മറ്റൊരു സത്യമാണ്. ഇന്നും ഇങ്ങനെയുള്ള പ്രേത ബാധ രോഗകാരണങ്ങളായി പോലും വിശ്വസിക്കുന്നവരുണ്ട്. 

യുദ്ധകാലങ്ങളിലെ മരണം, പ്രത്യേകിച്ചു ചെറുപ്പക്കാരുടെ മരണം മാതാ പിതാക്കളെ മാസികമായി വേട്ടയാടുന്ന സമയത്താണ് പാരാ സൈക്കോളജി, മെസ്മെറിസം തുടങ്ങിയ ആശയങ്ങൾക്കു കൂടുതൽ വേരോട്ടമുണ്ടാകുന്നത്. അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ തന്റെ മകൻ കൊല്ലപ്പെട്ടത് അന്നത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണും ഭാര്യയ്കും കടുത്ത ആഘാതമായിരുന്നു. നേരത്തേ തന്നെ മാനോരോഗമുള്ള Mary Todd Lincoln ഇതോടെ കൂടുതൽ തകർന്നു. വാർധ്യക്യത്തിനു മുൻപു മരണമടഞ്ഞവരുടെ ആത്മാവുകൾ ഭൂമിയിൽ അലഞ്ഞു നടക്കുന്നതായി പ്രചരിക്കപ്പെട്ടിരുന്നു. ചില നിഗൂഢശാസ്ത്രക്കാരാകട്ടെ പ്രേതങ്ങളുമായി തങ്ങൾക്കു സംവദിക്കാൻ കഴിയുമെന്നും അവകാശപ്പെട്ടു. മേരി ലിങ്കൺ മരണമടഞ്ഞ മകന്റെ ആത്മാവുമായി സംസാരിക്കുന്നതിന് ഒരു പ്രത്യേക ആചാരം (Seance) വൈറ്റ് ഹൗസിൽ നടത്തി. വിവാദ ചടങ്ങിൽ ലിങ്കണും പങ്കെടുത്തിരുന്നു. സമാനമായ അവസ്ഥയായിരുന്നു ലോക മഹായുദ്ധ കാലത്തെ യൂറോപ്യൻ സമൂഹവും. ബ്രിട്ടണിൽ 1862 ൽ പ്രേത സാന്നിധ്യങ്ങളെക്കുറിച്ചു അന്വേഷിക്കുന്നതിനായി രൂപീക്രത്മായ Ghost Club ൽ അതിപ്രശസ്തരായ ശാസ്ത്രജ്ഞ്ഞരും സാമൂഹ്യ കലാ പ്രതിഭകളും ഉൾപ്പെടുന്നു. വിഖ്യാതമായ ഷെർലോക് ഹോംസിന്റെ രചയിതാവായ ഡോക്ടർ ആർതർ സി കോനൻ ഡോയലും മകൻ യുദ്ധത്തിൽ മരിച്ചതിനെ തുടർന്നു ഇതിൽ അംഗമായി. ചാൾസ് ഡിക്കൻസ് ഉൾപ്പെടെയുള്ള ഇതിലെ അംഗങ്ങൾ എല്ലാ വർഷവും നവംബർ 2 ന് ഒത്ത് ചേരുമായിരുന്നു. മരണ ശേഷവും അംഗങ്ങളുടെ ആത്മാക്കൾ മുടങ്ങാതെ യോഗത്തിൽ പങ്കെടുത്തിരുന്നതായി രേഖകളിൽ പറയുന്നുണ്ട്. ശാസ്ത്രീയ അടിത്തറ നഷ്ടപ്പെട്ടതിനെ തുടർന്ന് 74 വർഷങ്ങൾക്കു ശേഷം 1936 നവംബർ 2-ം തീയതി അതിന്റെ അവസാന യോഗത്തിൽ വച്ചാണ് ക്ലബ്ബ് പിരിച്ചുവിട്ടത്. 

ഗ്യാൻസ് ഫെൽഡ്

അഞ്ച് ഇന്ദ്രിയങ്ങളിലൂടെയല്ലാതെ, അതീന്ദ്രതീയമായ (ESP- Extra Sensory Perception) ഒരു മാധ്യമത്തിലൂടെയാണ് ആത്മാക്കളുമായി സംവദിക്കുന്നത്. പ്രേതാത്മാക്കളുടെ മാത്രമല്ല ജീവിച്ചിരിക്കുന്നവരുടെ ചിന്തകൾ വായിച്ചെടുക്കുന്നതിനും അതീന്ദ്രതീയതയ്ക് കഴിയും. ടെലിപ്പതി (Telepathy) പോലുള്ള സിദ്ധികളെക്കുറിച്ചു നടന്ന ശാസ്ത്രീയ അന്വേഷണങ്ങളാണ് ഗ്യാൻസ് ഫെൽഡ് പരീക്ഷണങ്ങൾ (Ganzfeld Experiments). കാഴ്ച്ചയുടെയും ശബ്ദത്തിന്റെയും ഏകാഗ്രമായ അവസ്ഥയിലെ ഒരാൾക്കു ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചു കൊടുക്കുന്നു. ദൃശ്യങ്ങൾ കാണുന്നയാളിന്റെ മനസ്സിലൂടെ കടന്നു പോകുന്ന അനുഭവങ്ങൾ അടുത്ത മുറിയിലിരുന്ന് അതീന്ദ്രമായ കഴിവുള്ളയാൾ എഴുതി രേഖപ്പെടുത്തുന്നു. പിന്നീട് തെറ്റായവയുമായി കൂട്ടി കലർത്തിയവയിൽ നിന്നു യഥാർത്ഥ വീഡിയോകൾ തെരെഞ്ഞെടുക്കാൻ രണ്ടാമത്തെയാളിന് കഴിയുമോ എന്നതാണ് പഠനം. നിരന്തരമായ ഇത്തരം ശാസ്ത്രീയ പരീക്ഷണങ്ങളിലൊന്നും അതീന്ദ്രജ്ഞാനവും സിദ്ധിയും തെളിയിക്കുവാനായില്ല. 

പല യാദൃശ്ചികതകളും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അപൂർവമായ ഇത്തരം അനുഭവങ്ങളിൽ ഉത്തേജന സൂചികകൾക്ക് അറിഞ്ഞും അറിയാതെയും ബന്ധമുണ്ടാവാം. ഈ യാദൃചികതകളുടെ യുക്തി സാധ്യതകളെ പരിഗണിക്കാതെയുള്ള തീരുമാനങ്ങൾക്ക് ആത്മീയ- ശാസ്ത്ര വിജ്ഞാനവുമായുള്ള ആനുപാതിക ബന്ധം കാണാം. വ്യക്തികളുമായോ സംഭവങ്ങളുമായോ ഉള്ള തീവ്രബന്ധം മസ്തിഷകത്തിൽ വിഭ്രാന്തമായ അവസ്ഥയ്ക്കും കാരണമാകും. അടുത്ത കാലത്തു കേരളത്തിൽ വാർത്തയായി തീർന്ന അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ചില സ്വകാര്യ അനുഭവങ്ങൾ ഇതിലേയ്കാണ് വിരൽ ചൂണ്ടുന്നത്. ജീവിച്ചിരിക്കുന്നവരെ സ്വപ്നം കാണുന്നത് യാഥാർത്ഥ്യമല്ലെന്ന് അംഗീകരിക്കുന്നതിനു കാരണം അതേ സമയത്തിൽ അവർ മറ്റൊരിടത്തായിരുന്നുവെന്നു പിന്നീട് ബോധ്യപ്പെടുന്നത് കൊണ്ടാണ്. മരിച്ചവർ മറ്റൊരിടത്തുണ്ടായിരുന്നതായി തെളിയിക്കാൻ സാധ്യമല്ലാത്തതിനാൽ നാം കണ്ട സ്വപ്നമോ വിഭ്രാന്തിയോ യാഥാർത്ഥ്യം തന്നെയായി മാറും. ആത്മാവ് ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസമാണ് ഈ അനുഭവത്തെ യാഥാർത്ഥ്യമാക്കുന്നത്. മസ്തിഷകം മായാദൃശ്യങ്ങളിലൂടെ (Hallucinations) അയഥാർത്ഥമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നത് അസാധാരണമല്ല (മനോരോഗങ്ങൾ). തിരിച്ച് അവാസ്തികമായ അനുഭവങ്ങളിലൂടെ മസ്തിഷ്കത്തെ കബളിപ്പിക്കുകയും സാധ്യമാണ് (സിനിമ).

മറുക്

ഡോ. മുരളീ കൃഷ്ണയുടെ മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന പുസ്തകം ഇന്ദ്രിയാതീത സാന്നിധ്യങ്ങളുടെയും പുനർജന്മ സംഭവങ്ങളുടെയും സമാഹരണമാണ്. ചില കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾ വേറെയാണെന്നും അവരുടെ പൂർവജന്മമെന്നു കരുതുന്ന സ്ഥലവും അടയാളങ്ങളും  തിരിച്ചറിയുവെന്നും ഈ പുസ്തകം അവകാശപ്പെടുന്നു. പൂർവജന്മത്തിലെ മരണകാരണമായ മുറിവുകളുടെ അടയാളങ്ങൾ അതേ സ്ഥാനത്ത് പിന്നീട് മറുകുകളായും ചിലരിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

1930 കളിൽ ശാന്തി ദേവി എന്ന പെൺകുട്ടി തന്റെ പൂർവജന്മത്തിന്റെ കഥ വെളിപ്പെടുത്തിയത് ഇന്നും ആരെയും അത്ഭുതപ്പെടുത്താൻ പോന്ന ഒന്നാണ്. കുട്ടി ജനിച്ച സ്ഥലത്തു നിന്നും 150 കിലോമീറ്ററോളം അകലെയുള്ള മഥുരയിൽ താൻ ഒരാളുടെ ഭാര്യയായി ജീവിച്ചിരുന്നതായി ശാന്തി ദേവി പറഞ്ഞു. തന്റെ യഥാർഥ ഭർത്താവിനെയും മകളെയും പൂർവ ജന്മത്തിന്റെ സാക്ഷ്യമായി 10 വയസ്സിൽ താഴെ പ്രായമുള്ള ശാന്തി ദേവി ഓർത്തു പറഞ്ഞു. വാർത്തയറിഞ്ഞ മഹാത്മാ ഗാന്ധി ഇത് അന്വേഷിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചു. മഥുരയിൽ ഈ കുടുംബത്തെ കണ്ടെത്തുകയും കുറച്ചു വർഷം മുൻപ് ഭാര്യ മരിച്ചുപോയതായും സമിതിക്കു ബോധ്യപ്പെട്ടു. ഇത്തരം 2500 ഓളം പൂർവ ജന്മ ഓർമ്മകളെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരുന്ന Ian Stevenson ഇതറിഞ്ഞു അന്ന് ഇൻഡ്യയിലും വന്നിരുന്നു. ആൻ ഫ്രാങ്കിന്റെ പുനർജന്മാവകാശം പിന്നീട് മറ്റൊരു കുട്ടി അവകാശപ്പെട്ടത് ഇക്കൂട്ടത്തിൽ ശ്രധേയമായ മറ്റൊരു വിവരണമാണ്. 

പിന്നീട് നടന്ന പഠനങ്ങളിൽ നിന്നും മൂന്നു വയസ്സു മുതൽ ആറ്- ഏഴു വയസ്സു വരെയുള്ള കുട്ടികൾ സ്വയം വിവരിക്കുന്ന പുനർജന്മ കഥകൾ പ്രായം ചെയ്യുന്നവരിൽ കാണപ്പെടുന്നില്ല എന്നു കണ്ടെത്തി. താരതമ്യേന മോശമായ സാമ്പത്തികാവസ്ഥയിലുള്ള കൂട്ടികൾ പറയുന്ന കഥകളിൽ പൂർവ ജന്മങ്ങളിലെ മെച്ചപ്പെട്ട ജീവിതാവസ്ഥ സ്ഥിരമായ സ്വഭാവമാണ്. പുനർജന്മ വിശ്വാസം സജീവമായി ഇല്ലാത്ത പ്രദേശങ്ങളിലും രാജ്യങ്ങളിലും ഇത്തരം സാക്ഷ്യപ്പെടുത്തലുകൾ അത്യപൂർവവുമാണ്.

1906 ൽ അമേരിക്കൻ ഡോക്ടറായ Duncan Mc Dougall രോഗികളെ വെയിംങ് മെഷീൻ ഘടിപ്പിച്ച പ്രത്യേക ബെഡുകളിൽ കിടത്തി മരണത്തിനു തൊട്ടു മുൻപും ശേഷവും ഉണ്ടാകുന്ന ഭാരവ്യത്യാസം രേഖപ്പെടുത്തി. മരണത്തോടെ തലയുടെ ഭാഗത്ത് നിന്നും 21 ഗ്രാം ഭാരം കുറയുന്നത് ആത്മാവു പുറത്തേയ്ക്ക് പോകുന്നതിനാലാണ് എന്നു വിശദീകരിച്ചു. ഇതിന്റെ ആവർത്തനങ്ങൾ പിന്നീട് പരാജയപ്പെട്ടു. മരണത്തോടെ രക്ത ചംക്രമണം നഷ്ടപ്പെടുമ്പോൾ തലയുടെ ഭാഗത്ത് നിന്നും രക്ത്ം മറ്റിടങ്ങളിലേ പുനർവിന്യാസം (Redistribute) ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന യുക്തിയെ മറികടന്നാണ് അദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിച്ചത്. മരണ സമയത്തു ഒരു പ്രത്യേക രീതിലുള്ള പ്രഭ തലക്കു ചുറ്റും പടരുന്നതായി ചില കഥകളും  പ്രചരിച്ചിരുന്നു. കിർലിയൻ ഫോട്ടോഗ്രഫിയിലൂടെ ഇവ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചതും പിന്നീട് തിരസ്ക്കരിക്കപ്പെട്ടു.

സൂയിസൈഡൽ സോൾ

2008 ൽ ടെലിഗ്രാഫ് പത്രത്തിൽ സോണി ഗ്രഹാം എന്നൊരാൾ തലയിൽ വെടിവച്ചു ആത്മഹത്യ ചെയ്ത ഒരു വാർത്ത പ്രസിധീകരിച്ചിരുന്നു. ഇയാൾക്ക് ഹൃദയം നൽകിയ Terry Cottle ഉം ഇങ്ങനെ തലയിൽ വെടിവച്ചാണ് മരണമടഞ്ഞത്. 12 വർഷം മുൻപ് ഹ്രദ് രോഗബാധയെ ത്തുടർന്നാണ് സോണി ഗ്രഹാം തന്റെ ഹ്രദയം മാറ്റിവയ്ച്ചത്. നന്ദി സൂചകമായി, ടെറിയുടെ വിധവയായ  Cheryll  മായി ഇദ്ദേഹം നിരന്തരം കത്തുകളിലൂടെ ബന്ധപ്പെടുമായിരുന്നു. Cheryll നെ മുൻപരിചയമുള്ളതു പോളെ അനുഭവപ്പെടുന്നതായി  ഗ്രഹാം അവകാശപ്പെട്ടു. തുടർന്ന് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചു. മാറ്റിവയ്ക്കപ്പെട്ട ഹൃദയത്തോടൊപ്പം മരിച്ചയാളിന്റെ ആത്മാവും പരകായപ്രവേശം നടത്തിയെന്ന് ഗ്രഹാം വിശ്വസിച്ചു. ആത്മഹത്യാ സാധ്യതയുള്ള ടെറിയുടെ ആത്മാവ് അതേ രീതിയിൽ മരണത്തിന് പ്രേരിപ്പിക്കുന്നത് സ്വാഭാവികം മാത്രം. 

ഒരാളുടെ ഹൃദയവുമായി ജീവിക്കവേ മരിച്ച ആളിനോട് ഉണ്ടാകാവുന്ന കുറ്റബോധം പോലുള്ള മാനസികാവസ്ഥ ഇതിൽ പ്രധാനമാണ്. പ്രത്യേകിച്ചു അയാളുടെ വിധവയെ വിവാഹം കൂടി ചെയ്യുമ്പോൾ. ഹൃദയത്തിലാണ് ആത്മാവ് ഉള്ളതെന്ന ഉപബോധ വിശ്വാസമാണ് ഈ പരകായപ്രവേശ ചിന്തയെ ബലപ്പെടുത്തുന്നത്. അതു കൊണ്ടാണ് കോർണിയ, വൃക്ക, മജ്ജ എന്നിവ സ്വീകരിക്കുന്നവരെക്കാൾ കൂടുതലായി ഹ്രദയം മാറ്റിവയ്ക്കുന്നവരിൽ ഇതു തോന്നുന്നതിനു കാരണം. മരിച്ച ആത്മാക്കൾ തങ്ങളെ കൊലപ്പെടുത്തിയവരുടെ പേരുകൾ വെളിപ്പെടുത്തുന്നത് പോലുള്ള ഭാവനകളും വിരളമല്ല. Claire Sylvia യ്ക് ഹൃദയവും ശ്വാസകോശവും സ്വീകരിക്കേണ്ടി വന്നത് ഒരു കൗമാര പ്രായക്കാരനിൽ നിന്നാണ്. ഇതോടെ ക്ലെയർ, മുൻപ് ഇല്ലാതിരുന്ന പല സ്വഭാവ വിശേഷങ്ങളും പ്രകടിപ്പിക്കുവാൻ തുടങ്ങി. ബിയർ ഇഷ്ടപ്പെടുകയും പ്രത്യേക തരം ചോക്കലേറ്റുകളൊട് ആഭിമുഖ്യം കാട്ടുകയും, പെൺകുട്ടികളോട് അടുപ്പം ആഗ്രഹിക്കുകയും ചെയ്തു. സ്വീകരിക്കുന്ന ആളിന്റെ വിവരങ്ങൾ അറിയാതിരിക്കുന്ന സാഹചര്യങ്ങളിൽ ഇത്തരം പരകായ പ്രവേശത്തിന്റെ കഥകൾ ഉണ്ടാകുന്നില്ലെന്നതാണ് പിന്നീട് കണ്ടെത്തിയത്. അറിവുകൾ മസ്തിഷ്കത്തെയും ചിന്തയെയും മാത്രമല്ല ജീവിതഗതിയെ തന്നെയും മാറ്റുന്നതിന്റെ ഉദാഹരണങ്ങളാണ് ഈ വാർത്തകൾ.

പ്രൂഫ് ഓഫ് ഹെവൻ

മരണാനന്തരജീവിതത്തെ കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും സജീവമായ സാക്ഷ്യപ്പെടുത്തലുകളാണ് മരണ തുല്യാനുഭവങ്ങൾ (Near Death Experiences (NDE)). ആത്മീയദർശനങ്ങളുടെയും മരണാനന്തര ജീവിതത്തിന്റെയും തെളിവുകളായി ഇത് അവതരിപ്പിക്കുന്നു. മരണം അഭിമുഖീകരിച്ച് അപൂർവമായി തിരിച്ചു ജീവൻ വീണ്ടെടുത്തവരുടെ വിവരണങ്ങളാണ് ഇതിന് ആധാരം. മുൻപ് നിരീശ്വര വാദികളായിരുന്ന ചില ഡോക്ടർമാർക്ക് പോലും മരണതുല്യാനുഭവങ്ങളാൽ പിന്നീട് ദൈവ വിശ്വാസികളായി തീർന്നു. ന്യൂറോ സർജനായ ഡോ. എബെൻ അലെക്സാണ്ഡർ, മസ്തിഷ്ക ജ്വരം എന്ന ഗുരുതര രോഗം ബാധിച്ചു പത്തു ദിവസത്തോളം അബോധാവസ്ഥയിൽ (Coma) ആയിരുന്നു. ബോധം തിരിച്ചു കീട്ടിയ അദ്ദേഹം, താൻ സ്വർഗ്ഗം നേരിട്ട് അനുഭവിച്ചതായി വിവരിച്ചു. അദ്ദേഹത്തിന്റെ പിതാവിന്റെ മരിച്ചു പോയ മറ്റൊരു മകളെ (ഡോ. അലക്സാണ്ടർക്കു ഇതു നേരത്തേ അറിയില്ലായിരുന്നു) ഇവിടെ വച്ച് കണ്ടു മുട്ടിയെന്നു അവകാശപ്പെട്ടു. Proof of Heaven എന്ന അദ്ദേഹത്തിന്റെ അടുത്തകാലത്ത് പ്രസിധീകരിച്ച പുസ്തകം പ്രശസ്തമാണ്.  ഇതിനും വളരെ മുൻപ് 1975 ൽ Dr. Raymond Moody സമാനമായ ആത്മീയ അനുഭവങ്ങളെക്കുറിച്ചു എഴുതിയ `Life after Life’ എന്ന പുസ്തകവും അക്കാലത്ത് വലിയ പ്രചാരം നേടിയിരുന്നു.

2007- ൽ ഡച്ച് കാർഡിയോളജിസ്റ്റ് Dr. Pim van Lommel എഴുതിയ `Consciousness Beyond Life: The Science of the Near-Death Experience’ എന്ന പുസ്തകവും,  മെഡിക്കൽ ജേർണലായ Lancet ലെ ലേഖനവും വലിയ വിവാദങ്ങൾക്ക് കാരണമായി. ഡോ. ലോമെലിന്റെ അടുത്ത് ഹൃദയാഘാതം സംഭവിച്ച് അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ സാക്ഷ്യപ്പെടുത്തലുകളാണ് ലേഖനങ്ങൾക്ക് ആധാരം. ഹ്രദയാഘാതത്തിന് ശേഷം 20 ശതമാനത്തോളം ആളുകൾക്കു, പ്രതീക്ഷിക്കുന്നതിനു വിപരീതമായി ശാന്തതയും വേദനയില്ലാത്ത സ്വച്ഛമായ അനുഭവവും ഉണ്ടായി. ചിലർക്ക് അവർ തങ്ങളുടെ ശരീരം വിട്ടു മുകളിലേയ്ക്കു ഉയരുന്നതായി അനുഭവപ്പെട്ടു. മറ്റ് ചിലർ അതിവേഗതയിൽ ഒരു ഇരുണ്ട ടണലിലൂടെ പ്രകാശപൂരിതമായ മറ്റേ അറ്റത്തേയ്ക്ക് സഞ്ച്ചരിക്കുന്നു. ചിലർ മനോഹരമായ പ്രകൃതി ദൃശ്യ്ങ്ങൾ കാണുകയും സംഗീതം കേൾക്കുകയും ചെയ്തു. മുൻപു മരണമടഞ്ഞ സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിൽ കണ്ടവരുമുണ്ട്. ചിലർക്കു അനിർവചനീയമായ ദിവ്യാനുഭവം ഉണ്ടായി. മിക്കവരും ഇതുവരെയുള്ള അവരുടെ ജീവിതസന്ദർഭങ്ങളുടെ ചിത്രങ്ങൾ ഒരു ആൽബത്തിലെന്നപോലെ നൊടിയിടയിൽ കണ്ടു തീർത്തു. സ്വർഗ്ഗത്തെ സ്പർശിക്കുവാൻ കഴിഞ്ഞതായും ചിലർ പറയുന്നു.  പിന്നീട് അതേ വേഗത്തിൽ അവരുടെ ശരീരങ്ങളിലേക്കു മടങ്ങി വരുന്നു. ദൈവമോ പ്രവാചകരോ തങ്ങളുടെ കുട്ടികൾക്ക് സഹായകമാകാൻ തിരിച്ചയക്കുകയായിരുന്നു. ഈ സാക്ഷ്യ്പ്പെടൂത്തലികളിൽ നിന്നും പ്രപഞ്ചത്തിൽ അതി ഭൗതികമായ ബോധം നിറഞ്ഞു നിൽക്കുന്നതായി ഡോ. ലോമെൽ വിശദീകരിക്കുന്നു. തലച്ചോറിന് അവയെ സ്വീകരിക്കുക എന്ന ഒരു റേഡിയോ റിസീവറിന്റെ പോലെ ധർമ്മം മാത്രമേയുള്ളു. ഇതിലൂടെ ബോധം അഥവാ ആത്മാവ് തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ഭാഗമല്ലെന്നും അതുകോണ്ട് തന്നെ അവയ്ക്കു മരണമില്ലെന്നും അദ്ദേഹം സമർത്ഥിക്കുന്നു.

അജ്ഞാതമായ ശലഭങ്ങൾ

തുടർന്നു നടന്ന പരീക്ഷണങ്ങളിൽ, മരണമുണ്ടാകാതെ തന്നെ സമാനമായ അനുഭവം ഉണ്ടാകുമെന്ന് തെളിഞ്ഞു. Leiden University Medical Center ൽ Dr. Gert van Dijk ആഴ്ചയിൽ ഒരു ദിവസം ഓരോ രോഗികളെയായി തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തി അബോധാവസ്തയിലാക്കുന്നു. ബോധം വീണ്ടെടുത്തവരുടെ വിവരങ്ങളിൽ നിന്നും പലർക്കും മരണതുല്യമായ അനുഭവങ്ങൾ ഉണ്ടാകുമെന്നു തെളിയിച്ചു. 

ഇതേത്തുടർന്നു Dr Sam Parnia ലോകത്തിലെ വിവിധ മെഡിക്കൽ കേന്ദ്രങ്ങളിൽ മറ്റൊരു പഠനം നടത്തുന്നുണ്ട് (Aware Studies). 2001 ൽ ഇതു സംബന്ധിച്ച ആദ്യ വിവരങ്ങൾ അദ്ദേഹം പ്രസിധീകരിച്ചു. മരണാസന്നരായ രോഗികളെ ഹ്രദയത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്ന  Rescucitation ചെയ്യുമ്പോഴും ശസ്ത്രക്രിയയ്ക് വിധേയമാക്കുമ്പോഴും രോഗി കിടക്കുന്നതിന് മുകളിലായി കാണാൻ കഴിയാത്ത രീതിയിൽ ചിത്രശലഭങ്ങൾ പോലുള്ള ചില വലിയ ചിത്രങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്നു. എന്നാൽ മുകളിൽ നിന്നും ഇതു വ്യക്തമായി കാണാനുമാവും. NDE ഉണ്ടായവരിൽ ശരീരം വിട്ട് മുകളിലേയ്ക്കു ഉയർന്നവരും( Out of body Experiences) താഴെ സ്വന്തം ശരീരം കണ്ടവർക്കുമൊന്നും പക്ഷേ ഈ ചിത്രങ്ങളെ കാണാനാവുന്നില്ലെന്നു പഠനം തെളിയിച്ചു. ഒരു ഗവേഷണവിദ്യാർഥിയ്കു 34- ം വയസ്സിൽ ഹ്രദയാഘാതം സംഭവിച്ചു അബോധാവസ്തയിൽ വീട്ടിൽ തളർന്നു വീഴുമ്പോൾ ശരീരം വിട്ട് വളരെ മുകളിലേയ്യക്ക് ഉയരുന്നതായി തോന്നിയിരുന്നു. ഭാര്യ കരയുന്നതും താൻ താഴെ കിടക്കുന്നതും അയാൾ കണ്ടു. എന്നാൽ ഭാര്യയുടെ ശബ്ദം പ്രതീക്ഷിക്കുന്നതു പോലെ താഴെ നിന്നല്ല, തൊട്ടു ചേർന്ന് വശങ്ങളിൽ നിന്നാണ് കേട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിൽ നിന്നും ഒരാൾ ശരീരം വിട്ടു പൊങ്ങുകയല്ല, മറിച്ച്, അബോധാവസ്ഥയിൽ സ്ഥലകാല ബോധത്തെക്കുറിച്ചുണ്ടാകുന്ന കഴ്ച്കയുടെ ആശങ്കകൾ മസ്തിഷകം പുനസൃഷ്ടിക്കുന്നതാണ് എന്നു കാണാം. 

ഇങ്ങനെ ഓരോ അനുഭവങ്ങളും മരണതുല്യമായ അവസ്ഥ ഉണ്ടാകാതെ തന്നെ മസ്തിഷ്കത്തിലെ അതത് സ്ഥാനങ്ങളിൽ ക്രിത്രിമമായി നിർമ്മിക്കാനും കഴിയും. ശരീരം വിടുന്ന അനുഭവം Angular Gyrus ( Tempero- parietal Junction) മായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തെ കൃത്രിമമായി ഉദീപിപ്പിച്ച് ശരീരം വിടുന്ന കാഴ്ചാനുഭവം ഉണ്ടാക്കാനാവും എന്നു തെളിയിച്ചിട്ടുണ്ട്. Cannabis പോലുള്ള ലഹരി വസ്തുക്കൾക്കും മസ്തിഷകത്തെ ഇങ്ങനെ കബളിപ്പിക്കാൻ സാധ്യമാണ്.

വിൻസെന്റ് വാൻഗോഗ്

മരണതുല്യാനുഭവങ്ങൾക്കിടയിലെ ആത്മീയ ചിന്തകൾ Temporal lobe ന്റെ പ്രവർത്തനമാണ്. ഈ ഭാഗത്ത് ഉണ്ടാകുന്ന പ്രത്യേക അപസ്മാരം ( Temporal lobe epilepsy) ഉള്ളവരിൽ ആത്മീയ ചിന്തകൾ അസാധാരണമാം വിധം കൂടുതലായിരിക്കും. ഇത്തരം അപസ്മാരം ഉണ്ടാകുന്ന സമയത്ത് പല രോഗികൾക്കും ദൈവീക സാമീപ്യവും ദൈവ നിർദ്ദേശങ്ങൾ ലഭിക്കുന്നതുമായ ഉന്മാദ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അപസ്മാരത്തിനിടയിലെ വളരെ കുറഞ്ഞ സമയത്തേയ്ക്കു (30- സെക്കന്റു മുതൽ ഒന്നോ രണ്ടോ മിനിറ്റ് വരെ) ആണു ഈ അനുഭവങ്ങൾ ഉണ്ടാകുന്നത്. എന്നാലിതിനു ഒരു മനുഷ്യന്റെ വ്യ്ക്തിത്വത്തെ തന്നെ മാറ്റി മറിക്കാനാവും. ഇത്തരത്തിൽ തീവ്രമായ വെളിച്ചവും, ദൈവീക സാന്നിധ്യവും ഉണ്ടായ ഒരാൾക്ക് പിന്നീട് Temporal Lobe ൽ ഒരു ട്യൂമർ കണ്ടെത്തി. അതു നീക്കം ചെയ്തതോടെ അപസ്മാരവും ഒപ്പമുള്ള അനുഭവങ്ങളും അപ്രത്യ്ക്ഷമായി. അപസ്മാരം ഉണ്ടാകുന്ന അവസ്ഥകളിൽ മാത്രമല്ല, അവയ്ക്കിടയിലെ സാധാരണ സമയത്തും ചില അസാധാരണമായ സ്വഭാവ രീതികൾ ഉണ്ടാകുന്നത് മറ്റ് അപസ്മാരങ്ങളിൽ നിന്നും Temporal Lobe Epilepsy യെ വ്യ്ത്യസ്തമാക്കുന്നു. അമിതമായ എഴുത്ത് ( Hypergraphia), ലൈംഗികാതൃപ്തി( Reduced Libido), അമിത മതവിശ്വാസം( Hyper religiosity) തുടങ്ങിയ നിരവധി സ്വഭാവവ്യ്ത്യാസങ്ങളെ  ഗെഷ് വിൻഡ് സിൻഡ്രോം (Geschwind syndrome) എന്നു വിളിക്കുന്നു.

പ്രസിദ്ധ ഡച്ചു ചിത്രകാരനായ Vincent Van Gogh നിരവധി മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നതായി ആശുപത്രി രേഖകളുണ്ട്. Temporal Lobe Epilepsy അവയിൽ ഒന്നു മാത്രം. തന്റെ ഇളയ സഹോദരനായ തിയോയ്ക്കു 600 ൽ പരം കത്തുകലാണ് ഒന്നോ രണ്ടോ വർഷങ്ങൾക്കിടെ വാൻ ഗോഗ് എഴുതിയത്. അവസാന കാലയലവിൽ വിവിധ ഭഷകളിലേയ്ക്കു ബൈബിൾ വിവർത്തനം ചെയ്തതും ഞായറാഴ്ച്ചകളിൽ അഞ്ചു പള്ളികളിൽ പോയിരുന്നതും ഈ ലക്ഷണങ്ങളായി കരുതപ്പെടുന്നു. മനോരോഗത്തിന്റെ മൂർദ്ധന്യത്തിൽ കാമുകിയ്ക് സ്വന്തം ചെവി മുറിച്ചു സമ്മാനിക്കുന്നതിനും വൻ ഗോഗിന് മടിയുണ്ടായില്ല.  ഇഡിയറ്റ് എന്ന നോവലിൽ ദസ്തേവ്സ്കി സമാനമായ അപസ്മാര അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രവാചകന്മാരിൽ ഉണ്ടാകുന്ന തരത്തിലുള്ള ദൈവീക സാന്നിധ്യവും ഉണ്ടായെന്ന് നോവലിൽ വിവരിക്കുന്നുണ്ട്. ഇത്തരം വ്യക്തികൾക്ക് ആത്മീയതയുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ കാണുമ്പോൾ അസാധാരണമായ ഉദ്ദീപനം ഉണ്ടാകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂറോ സയൻസിന്റെ മാർകോ പോളൊ എന്നു റിച്ചാർഡ് ഡോക്കിൻസ് വിളിക്കുന്ന ഡോ. വി എസ് രാമചന്ദ്രൻ Galvanic Skin Response പരീക്ഷണങ്ങളിൽ ഇതു തെളിയിച്ചിട്ടുണ്ട്.

ഇങ്ങനെ Temporal lobe ൽ ഉണ്ടാകുന്ന രോഗങ്ങൾക്കും അപസ്മാരത്തിനും ആത്മീയാനുഭവങ്ങൾ മസ്തിഷകത്തിലെ മറ്റു ഭാഗങ്ങളിലെ രോഗങ്ങളെക്കാൾ കൂടുതൽ  ഉണ്ടാകുന്നത് കൊണ്ടാണ് ആത്മീയതയുമായി ഇതിനെ ബന്ധിപ്പിക്കുന്നതു. ഈ മസ്തിഷ്ക ഭാഗത്തിന്റെ ഉദ്ദീപനമാണ് NDE യിൽ ആത്മീയചിന്തകളും ദിവ്യരൂപങ്ങൾ  ദർശിക്കുകയും സ്വർഗ്ഗലോകം പോലുള്ള സങ്കൽപ്പങ്ങൾ അനുഭവിക്കുന്നതിനും കാരണമെന്ന് ശാസ്ത്രലോകം വിശദീകരിക്കുന്നു. 

നാർകോലെപ്സി

ഓക്സിജൻ ദൗർലഭ്യത പെട്ടെന്ന് ബാധിക്കുന്ന Medial Temporal Lobe ലെ പ്രതികരണമാണ് മുൻപുണ്ടായ പ്രധാന ജീവിത രംഗങ്ങൾ കാണുന്നതിനു കാരണം. വ്യക്തിപരമായ മറ്റു ഓർമ്മകൾ, മരിച്ചവരെ കുറിച്ചുള്ള ഓർമ്മകൾ എന്നിവ Hippocampus ലാണ് ശേഖരിച്ചിരിക്കുന്നത്. ശരീരം അപകടാവസ്ഥയിലാണെന്ന് മനസ്സിലാക്കുന്ന മസ്തിഷ്ക്കം മുൻപു ശേഖരിക്കപ്പെട്ട ഓർമ്മകളെയും ആശയങ്ങളെയും (memories, ideas) വളരെ വേഗത്തിൽ (Retrieve) പുനരാവിഷ്കരിക്കുന്നു. അപകടാവസ്ഥയെ നേരിടുന്നതിനുള്ള മാർഗ്ഗം അന്വേഷിക്കുകയാണ് ലക്ഷ്യമെങ്കിലും, തലച്ചോറിന്റെ പ്രവർത്തനം തന്നെ ഇതേ അവസരത്തിൽ തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഈ വീണ്ടെടുക്കൽ യുക്തി രഹിതമായിത്തീരുന്നു. മരിക്കുവാൻ പോകുന്നു എന്നു കരുതുന്ന നിമിഷം, അടുത്ത മാർഗ്ഗമായി അവരുടെ സങ്കൽപ്പത്തിലെ പ്രവാചകരുടെയോ ദൂതന്മാരുടെയോ സാന്നിധ്യം അനുഭവിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം മരണത്തെ കുറിച്ചുള്ള ഓർമ്മകൾ അത്രമേൽ ഈ വിശ്വാസങ്ങളുമായി ചേർന്നു കിടക്കുന്നു. അവരവരുടെ പ്രദേശങ്ങളിലെ സങ്കൽപ്പങ്ങളിലെ ദേവരൂപങ്ങൾ മാത്രമേ ഓരോരുത്തരും കാണുന്നുള്ളു എന്നതും ഇവ ഓർമ്മകളുടെ വീണ്ടെടുക്കലാണെന്നതിനെ ആധികാരികമാക്കുന്നു. ഓരോ മനുഷ്യനും ആഗ്രഹിച്ചു പോയിട്ടുള്ള ആനന്ദകരമായ സ്വർഗ്ഗം മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളത് (നരകം ആരും കാണുന്നില്ല) എന്നതും ശ്രദ്ധേയമാണ്. വിശ്വാസികളല്ലാത്തവരിലും ഈ വിവരങ്ങൾ ശേഖരിക്കപ്പെട്ടതിനാൽ ഒരു പക്ഷെ, ഈ അനുഭവങ്ങളിൽ നിന്നും മുക്തരാകണമെന്നില്ല. 

കണ്ണിലേക്കുള്ള രക്തപ്രവാഹം ആദ്യം വശങ്ങളിൽ നഷ്ടപ്പെടുന്നതു കോണ്ടാണ് ചുറ്റും ഇരുണ്ട് മദ്ധ്യ ഭാഗത്തു മാത്രം വെളിച്ചമുള്ള ടണലിലൂടെ യാത്ര ചെയ്യുന്നതായി അനുഭവപ്പെടുന്നത്. യുദ്ധവിമാനങ്ങളിലെ പൈലറ്റുകൾ Centrifuge പോലുള്ളവയിൽ പരീശീലനം നടത്തുമ്പോൾ സമാനമായ ടണൽ യാത്ര അനുഭവിക്കുന്നതായി വിവരിക്കുന്നു. 

ബോധത്തിനും അബോധത്തിനും സ്വപ്നാവസ്ഥയുള്ള ഉറക്കത്തിനും( REM Sleep) ഇടയിലുള്ള ഒരു മനോനിലയാണ് മരണതുല്യാനുഭവങ്ങൾ. അതൊകൊണ്ട് മനോഹര ദ്രശ്യങ്ങളും നിറങ്ങളും കാണാനാവും. നാർക്കോലെപ്സി ( Narcolepsy) പോലുള്ള ഈ അവസ്ഥയിൽ ബോധപൂർവമായ ചലനത്തിനോ പ്രതികരണത്തിനോ സാധ്യമല്ലാത്തവിധം പേശികൾ തളർന്നിരിക്കുന്നു(Relaxation). അതിനാലാണ് മരിച്ചതു പോലുള്ള അവസ്ഥയായിരുന്നുവെന്നു പിന്നീട് തോന്നുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞനായ ഡോ. കെവിൻ നെൽസൺ ഇത് വിശദീകരിക്കുന്നുണ്ട്. മരണത്തോടടുത്ത അവസ്ഥ ഉണ്ടാകാതെ തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന അമിതമായി രക്തം നഷ്ടപ്പെടുക, വൈദ്യുതാഘാതം, തലചോറിലെ രോഗങ്ങൾ മൂലമുള്ള  അബോധാവസ്ഥ, മുങ്ങി ശ്വാസം മുട്ടുക, കഠിനമായ വിഷാദ രോഗം ഇവയിലെല്ലാം ഇതേ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ശസ്ത്രക്രിയക്ക് മുൻപ് രോഗികളിൽ കുത്തിവയ്ക്കുന്ന Ketamine പോലുള്ള മയക്കുമരുന്നുകളിലൂടെയും ഇത് സാധ്യമാണ്.  ശരീരത്തിനു പുറത്തു നിന്നുണ്ടാകുന്ന കാഴ്ചയും ചിന്തയുമല്ല, മറിച്ച്, മസ്തിഷ്കത്തിന്റെ പ്രവർത്തനം അപകടത്തിൽ പെടുമ്പോൾ അത് വീണ്ടെടുക്കുന്നതിനു നടത്തുന്ന പ്രതികരണങ്ങളും ഓർമ്മകളിലേക്കുമുള്ള മസ്തിഷ്കത്തിന്റെ താളം തെറ്റിയ അന്വേഷണവും മാത്രമാണ് ഇവയെല്ലാം. 

ക്രെയ്ഗ് വെന്റർ

മരണത്തെ അതിജീവിക്കുന്നതിനുള്ള ആദ്യ വഴി, ജീവിച്ചിരിക്കുക എന്നത് തന്നെ. ശുചിത്വത്തിലൂടെയും വൈദ്യസഹായത്തോടെയും അവയവം മാറ്റിവച്ചുമൊക്കെ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും പരിമിതിയുണ്ട്. മനുഷ്യൻ 120 വർഷം കടക്കുന്നത് അത്യപൂർവമാണ്. Jeanne Calment എന്ന ഫ്രഞ്ച് വനിതയാണ് തന്റെ 122 വയസ്സു വരെയുള്ള ജീവിതത്തിലൂടെ ഏറ്റവും നീണ്ട ആയുസു രേഖപ്പെടുത്തിയത്. ആന്റി ഓക്സിഡന്റുകൾ, കലോറി കൂറഞ്ഞ ഭക്ഷണ രീതി എന്നിവയ്കെല്ലാം പരിമിതമായ സ്വാധീനമേയുള്ളു. സാങ്കേതിക വിദ്യ ഉണ്ടാകും വരെ ക്രയോണിക് ശീതീകരണം നടത്തിയാൽ ജീവൻ തിരികെ ലഭിക്കുമെന്നു കരുതുന്നവരുമുണ്ട്. ഇക്കൂട്ടത്തിൽ ആദ്യയാളായ James Bedford ഉൾപ്പെടെ 270 ഓളം പേരുടെ ശരീരം ഇന്നും മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചു വരുന്നു. 

ഡോളിയുടെ ജനനം അതിജീവിക്കുന്നതിനുള്ള മനുഷ്യന്റെ അന്വേഷണമാണ്. സ്കോട്ട് ലന്റിൽ 1996 ൽ ക്ലോണിങ്ങിലൂടെ പിറന്ന ഈ ചെമ്മരിയാട് ഏഴു വർഷം വരെ ജീവിച്ചു. ജനിതക ഘടന ഒന്നിൽ നിന്നും, അണ്ഠം വേറൊന്നിൽ നിന്നും, പ്രസവം മറ്റൊന്നിലുമായി മൂന്ന് അമ്മമാരിൽ നിന്നുമാണ് ഡോളി പിറന്നത്.  ഒരാളുടെ അതേ ശാരീരിക സാമ്യതയുള്ള സന്തതികളെ ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാധ്യത പല കാരണങ്ങളാൽ ഇന്ന് അനുവദനീയമല്ല. 

ജീവിയിൽ നിന്നും ജനിതകഘടന സ്വീകരിക്കാതെ, നിർജീവ തന്മാത്രകളെ സംയോജിപ്പിച്ച്  ജീനും, ജീവനും നിർമ്മിച്ചത് ഈ അടുത്തകാലത്താണ്. ഇങ്ങനെ 2003 ൽ കൃത്രിമമായി ഒരു  വൈറസ്സിനെയും 2008 ൽ ബാക്ടീരിയയെയും സൃഷ്ടിക്കാനായത് പുതിയൊരു വികാസമാണ്. Craig Venter എന്ന ശാസ്ത്രജ്ഞൻ ഇങ്ങനെ നിർമ്മിച്ച Mycoplasma Genitalium എന്ന ബാക്ടീരിയയ്ക് മുപ്പത് തവണയോളം സ്വന്തം പകർപ്പുകളെ ഉൽപ്പാദിപ്പിക്കാനും കഴിഞ്ഞു. ശരീരത്തിലെ കോശങ്ങളെ അനന്തമായി പുനരുൽപ്പാദിക്കാൻ ശേഷിയുള്ള, മരണമില്ലാത്ത ഹൈഡ്രയെന്ന ചെറിയ ജല ജീവിയാണ് മനുഷ്യന് ആയ്സ്സ് വർധനയെക്കുറിച്ചും അമരത്വത്തെക്കുറിച്ചുമുള്ള മറ്റൊരു പ്രതീക്ഷ നൽകുന്നത്.

മൈറ്റോകോണ്ട്രിയ

ശാസ്ത്ര ലോകം ജീവന്റെ അടിസ്ഥാന ഘടകത്തെക്കുറിച്ച് ഇന്നു വ്യക്ത്മായി മനസ്സിലാക്കിയിട്ടുണ്ട്. ഏകകോശമായ ഭ്രൂണം മുതൽ തന്നെ ജീവൻ നിലനിൽക്കുന്നുണ്ട്. ഇതു വിഘടിച്ച് ബഹുകോശങ്ങളിലൂടെ പടിപടിയായി സങ്കീർണ്ണമായ രൂപമായി മാറുന്നു. ജനന ശേഷവും തുടരുന്ന ഈ വളർച്ച, അസ്വാഭാവിക മരണങ്ങൾ ഒഴിവാക്കിയാൽ, ക്രമേണ വാർധക്യത്തിലേക്ക് വഴി മാറുന്നു. വാർധക്യവും രോഗങ്ങളും മരണവും തമ്മിൽ ആനുപാതികമായ ബന്ധമുണ്ട്. ശരീരത്തിലെ ഏത് കോശവും പ്രവർത്തിക്കുന്നത്  ഓക്സിജന്റെ സാന്നിധ്യത്തിൽ ഉണ്ടായ ATP പിന്നീട് വിഘടിച്ച് ഉണ്ടാകുന്ന ഊർജ്ജം മൂലമാണ്. കോശങ്ങൾക്കുള്ളിലെ മൈറ്റോകോണ്ഡ്രിയ (mitochondria) കളിലാണ് ATP ഉണ്ടാകുന്നത്. ഓരോ കോശത്തിലും 300 മുതൽ- 400 ഓളം വീതം ശരീരത്തിൽ ഏതൺറ്റ് 100 മില്യൺ ബില്യൺ മൈറ്റോകോണ്ട്രിയകളുണ്ട്. 

ATP ഉണ്ടാകണമെങ്കിൽ ഓക്സിജനും ഗ്ലൂക്കോസും ആവശ്യമാണ്. ഇവ വിഘടിച്ച് ഉണ്ടാകുന്ന ഊർജ്ജം മൈറ്റോകോണ്ഡ്രിയകളിലെ ATP Synthase എന്ന ഒരു മോട്ടോറിനെ കറക്കുന്നു. വെള്ളച്ചാട്ടത്തിൽ തിരിയുന്ന ജനറേറ്ററിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് പോലെ ATP യും ഉണ്ടാകുന്നു. കാറിന് പെട്രോൾ എന്ന പോലെ കോശങ്ങളുടെ ഇന്ധനം ATP ആണ്. മനുഷ്യരുടെ മാത്രമല്ല സസ്യങ്ങളും അമീബയും മുതൽ എല്ലാ ജീവികളുടെയും ജീവന്റെ ആധാരം ഇതു തന്നെയാണ്. ജീവന്റെ സ്ഥാനം അതുകൊണ്ട് തലച്ചോറല്ല,  മൈറ്റോകോണ്ഡ്രിയ ആണെന്നും നമ്മുടെ ജീവന്റെ രഹസ്യം ATP ആണെന്നുമുള്ള കണ്ടെത്തൽ തലച്ചോറിനെ കേന്ദ്രീകരിച്ചുള്ള ആത്മീയ വിശ്വാസങ്ങളെ ദുർബലപ്പെടുത്തുന്നു.

ലൈസോസോം

മൈറ്റോകോണ്ഡ്രിയകളിലെ  നിരന്തരമായ ഊർജ്ജോൽപ്പാദനത്തിന്റെയും പുനരുൽപ്പാദനത്തിന്റെയും ഭാഗമായി ഉണ്ടാകുന്ന Free Radical കളും ജനിതകഘടനാവ്യതിയാനങ്ങളും ആയുസ്സുമായും വാർധക്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുന്നതിനനുസരിച്ചു  മൈറ്റോകോണ്ട്രിയകൾക്കുണ്ടാകുന്ന പ്രവർത്തന വൈകല്യമാണ് പിന്നീട് ആ കോശങ്ങൾ നിശ്ചലമാക്കുന്നതിലേയ്ക് നയിക്കുന്നത്.

മൈറ്റോകോണ്ട്രിയകൾക്കൊപ്പം മരണത്തിനു കാരണമാകുന്ന കേന്ദ്രവും കോശങ്ങളിൽ തന്നെയുണ്ട്. ലൈസോസോമുകൾ എന്ന ഈ കോശഭാഗത്തിന്റെ കണ്ടു പിടുത്തം മരണത്തെക്കുറിച്ചുള്ള മനുഷ്യ ഭാവനകളെ അപ്രസക്തമാക്കിയിരിക്കുന്നു. രോഗാണുപോലുള്ള അപകടവസ്തുക്കളെ നിർജീവമാക്കുന്ന ലൈസോസോമുകൾ പ്രവർത്തനക്ഷമല്ലാത്ത മൈറ്റോകോണ്ട്രിയകളെയും അതിജീവനം അസാധ്യമാകുമ്പോൾ താൻ ഉൾപ്പെടുന്ന കോശത്തെ തന്നെയും ദ്രവിപ്പിച്ചു കളയുന്നു. ഇതാണ് കോശത്തിന്റെ ആത്മഹത്യയെന്നു വിളിക്കാവുന്ന അന്ത്യത്തിൽ കലാശിക്കുന്നത്. 

ബർഗ്മാന്റെ ചലചിത്രത്തിൽ, എപ്പോഴാണ് തന്റെ അടുത്തു വന്നതെന്ന് മരണത്തോട് ബ്ലോക്ക് (Antonius Block) ചോദിക്കുന്നുണ്ട്. എപ്പോഴും നിന്റെ  ഒപ്പം തന്നെയായിരുന്നു എന്നാണ് മരണരൂപം പ്രതിവചിച്ചത്. ഇതു പോലെ ജീവന്റെ ഒപ്പം തന്നെ മൈറ്റോകോണ്ട്രിയയും ലൈസോസോമും തമ്മിലുള്ള ചതുരംഗം ആരംഭിക്കുന്നു. ചലചിത്രത്തിനൊടുവിൽ ബ്ലോക്ക് മരണത്തോട് പരാജയപ്പെടുന്നതു പോലെ തന്നെ, അവസാന കരുവും വീഴുന്നതോടെ മൈറ്റോകോണ്ഡ്രിയകളും കീഴടങ്ങുകയായി. നിർജ്ജീവമാകുന്ന കോശങ്ങൾക്കൊപ്പം വിജയിയായ ലൈസോസോമും അമരുന്നതോടെ ഈ സൂക്ഷ്മ തലത്തിലെ ചതുരംഗവും അവസാനിക്കുന്നു.

ലൈസോസോമുകളുടെ നിർണ്ണായകമായ കണ്ടുപിടുത്തം നടത്തിയത് ബെൽജിയം ശാസ്ത്രജ്ഞ്നനായ Christian de Duve ആണ്. ലൈസോസോമുകൾ ആത്മഹത്യയിലൂടെ കോശത്തിന്റെ മരണത്തിനു ഹേതുവാകുന്നുവെന്നു കണ്ടെത്തിയ അദ്ദേഹവും സമാനമായ ഒരു വഴി തന്നെയാണ് സ്വീകരിച്ചത്.  തന്റെ 95-ം വയസ്സിൽ 2013 മെയ് 4 നു തന്റെ കുട്ടികളെയെല്ലാം അടുത്തു വിളിച്ചു നിർത്തി. അവസാനമായി കാണുവാൻ. ക്യാൻസർ രോഗബാധിതനായ അദ്ദേഹം കഠിനമായ പീഡനങ്ങൾക്കു കാത്തു നിൽക്കാതെ, രണ്ട് ഡോക്ടർമാരുടെ സഹായത്താൽ ദയാവധത്തിലൂടെ, തിരഞ്ഞെടുത്ത സമയത്ത് ( Chosen Time) മരണം സ്വീകരിച്ചു.

ജീനുകളുടെ നിഗൂഢ ലോകം

ക്രമേണയുള്ള വാർദ്ധക്യവും രോഗങ്ങളും തുടർന്നുള്ള മരണവുമായി അവസാനിക്കുന്ന ജീവിതത്തിന്റെ അർഥം എന്തായിരിക്കും? ഈ ചോദ്യം ചോദിക്കാത്തവർ ഉണ്ടാകില്ല. 

മനുഷ്യകുലത്തിന്റെ ആദ്യ പാപം മുതലുള്ള തിന്മകളുടെ മോചനത്തിനായിരിക്കുമോ? അതോ അബോധമായ കർമ്മഫലങ്ങളിൽ നിന്നുള്ള മോചനത്തിനോ? നൂറ്റാണ്ടുകളായി മോചനം ലഭിക്കാതെ മനുഷ്യൻ കാത്തിരിക്കുന്നു. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ മോചനം അന്വേഷിക്കുകയല്ല, ജീവിതം തുടരുവാൻ പരിശ്രമിക്കുന്നതാണ് കാണാനാവുന്നത്. മരണശയ്യയിലെ അവസാന ദീർഘശ്വാസവും ഒരു തിരിച്ചു വരവിനായുള്ള പിടച്ചിലാണ്. മനുഷ്യൻ മാത്രമല്ല എല്ലാ ജീവിവർഗ്ഗങ്ങളും.

ആറു മാസം മുതൽ ഒരു വർഷം വരെ നിംഫു രൂപത്തിൽ കാത്തിരുന്ന ശേഷമാണു ഈയാം പാറ്റകൾ പ്രായപൂർത്തിയായി പുറത്തിറങ്ങുന്നത്. ഉടൻ അവ അന്തരീക്ഷത്തിലേക്കു പറന്നുയരുന്നു.  ഇതിനിടയിൽ ഇണ ചേരുന്നു. ആഹാരം കഴിക്കുവാനുള്ള വായും ദഹനവ്യവസ്ഥയും ഇല്ലാത്തതിനാൽ ഉള്ള ഊർജ്ജം തീർന്നു അപ്പോൾ തന്നെ വിശന്ന് പിടഞ്ഞു മരിക്കുന്നു. കഷ്ടിച്ചു ഒന്നോ രണ്ടോ മണിക്കൂറു മുതൽ ഒരു ദിവസം വരെ മാത്രമേ ഇതിന് ആയുസ്സുള്ളുവെന്നു കാണാം. കടലിൽ നിന്നും ശുദ്ധജലമുള്ള നദികളിലേക്കു ചെറിയ വെള്ളച്ചാട്ടങ്ങൾക്കു എതിരെ പോലും സഞ്ചരിക്കുന്ന പസിഫിക് സാൽമോണുകളെന്ന മൽസ്യവും ഈ യാത്രയിൽ മുട്ടയിട്ട കഴിയുന്നതോടെ ചത്തു വീഴുന്നു. മരണത്തെക്കുറിച്ചുള്ള ഈ തീർച്ചയായിരിക്കാം സമാനതകളെ സൃഷ്ടിക്കുന്ന ഇതര മാർഗ്ഗത്തിന് ജീവികളെ പ്രേരിപ്പിക്കുന്നത്. ഈ ജൈവ വാസനകൾ ഇല്ലാത്ത ജീവിവർഗ്ഗങ്ങൾ ഒന്നുമില്ല.

ഒരു ജീവി സ്ഥൂലമായി വിഘടിച്ചല്ല, പ്രത്യുല്പാദനത്തിലൂടെ ബീജവും അണ്ഠവും സംയോജിപ്പിച്ചാണ് പുതിയൊരു ജീവി ഉണ്ടാകുന്നത്. ഇതുവഴി ജനിതവിവരങ്ങളെ തലമുറകളിലേക്ക് കൈമാറുന്നു. നഗ്ന നേത്രങ്ങൾക്ക് കാണാനാവാത്ത ഒരു സമാന്തര ലോകത്തിൽ ജീനുകൾ അവയുടെ നിഗൂഢ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഡി എൻ എ യുടെ ആകൃതി കണ്ടു പിടിക്കുന്നത് ജീവശാസ്ത്രത്തിലെ പ്രധാന നാഴികക്കല്ലുകളിലൊന്നാണ്. ഈ നേട്ടം എത്തിച്ചു തന്ന വാട്സണും ക്രിക്കും നോബേൽ സമ്മാനാർഹരായി. ക്രോമസോമുകളെക്കുറിച്ചും ജീനുകളെക്കുറിച്ചുമുള്ള അന്വേഷണം ഇന്നു ഹ്യൂമൻ ജീനോം പ്രോജക്ട് വരെ എത്തി നിൽക്കുന്നു. 

ഒരു ജീവിയുടെ ശരീരത്തിലെ രോഗങ്ങളോ അപൂർണ്ണതകളോ അതേപടി കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കുന്നതിനായുള്ള തന്ത്രമായിരിക്കണം ലൈംഗിക പ്രത്യുൽപ്പാദനം (Sexual Reproduction). ഇതിനായാണ് Meiosis എന്ന പ്രക്രിയയിലൂടെ, ആകസ്മികമായി (random) വിനിമയം ചെയ്ത് പകുതിയാക്കുന്ന DNA എതിർ ലിംഗവുമായി ഒന്നിപ്പിച്ച് സന്താനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്. അങ്ങനെ ആരുടെയും നേർപ്രതിച്ചായ ഉണ്ടാകുന്നില്ല. അതിനാൽ ഒരാളുടെ വ്യ്ക്തിത്വത്തിന്റെ മൗലികത തുടരുന്നത് (the tempero-spacial continuity of the physical or mental construct) അനുഭവ വേദ്യവുമല്ല. മാതാപിതാക്കൾ തങ്ങളുടെ കുട്ടി എത്രത്തോളം സ്വന്തം തന്നെയാണ് എന്നു കരുതിയാലും, അവരുടെ അതേ വ്യക്തിത്വമാണ് (Continuing Personality) താനെന്ന് കുട്ടി അംഗീകരിക്കുമെന്ന് തോന്നുന്നില്ല. തനി സ്വരൂപത്തെ സ്രഷ്ടിക്കാതെ, സൂക്ഷ്മ തലത്തിലെ മിശ്രണത്തിലൂടെ, ഒരു അനശ്വര ജീവിയ്കായി ആവുമോ ജീനുകൾ പരിശ്രമിക്കുന്നത്?

കാൾ സാഗൻ

ജീവ രഹസ്യങ്ങളുടെ ഉള്ളറയിൽ നിന്നും പുറത്തേയ്ക്ക്,  പ്രപഞ്ചത്തിന്റെ അനന്തവിശാലതയിലേയ്ക് സഞ്ചിരിക്കുമ്പോഴാണ് മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവി വർഗ്ഗങ്ങളുടെയും മാത്രമല്ല, നമ്മൾ അധിവസിക്കുന്ന ഭൂമിയുടെ തന്നെ നിസാരതയും ദൗർബല്യവും വെളിപ്പെടുന്നത്. അതിനിഗൂഢമായ പ്രപഞ്ചത്തിലെ ഒരു ചെറു തുരുത്തിൽ അനാഥരായിപ്പോയ മനുഷ്യൻ അവനെ രക്ഷിക്കുന്ന അതിഭൗതിക ശക്തികളെ തിരയുന്നതിൽ അത്ഭുതമില്ല. കാരണം, ഈ ഒറ്റപ്പെടൽ അത്രയേറെ ഭയാനകമാണ്. 

1977 ൽ ഭൂമിക്കു പുറത്തുള്ള ജീവസാന്നിധ്യത്തെ അന്വേഷിക്കുവാൻ വിക്ഷേപിച്ച  വോയെജർ ഇത്തരത്തിലുള്ളവയാണ്. വർഷങ്ങളുടെ തുടർച്ചയായ യാത്രയുടെ ഒടുവിൽ സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്റ്റ്യൂൺ കടന്ന് പുറത്തേയ്ക്കു പോകാൻ തുടങ്ങുന്ന വോയേജറിനോട്, പ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗൻ ഒരു ചിത്രം എടുക്കുവാൻ ആവശ്യപ്പെട്ടു. അവിടെ നിന്നും പിന്നിലേയ്ക്ക്  തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന ഭൂമിയുടെ ചിത്രം. മനുഷ്യൻ ഇന്നുവരെയും കണ്ടിട്ടില്ലാത്ത ഒരു വീക്ഷണ കോണം (View Point). വോയേജർ ചിത്രം സമ്മാനമായി ചിത്രം അയച്ചുതന്നു. അതി വിശാലമായ ഇരുട്ടിലും പൊടിപടലങ്ങൾക്കിടയിലും ഒരു ബിന്ദുവായി തെളിഞ്ഞ സൂര്യവെളിച്ചത്തിന്റെ അംശത്തിൽ നമ്മുടെ ഭൂമിയുമുണ്ടെന്നു അനുമാനിക്കാൻ മാത്രമാകുന്നത്ര അവ്യക്തം. A pale blue dot എന്ന് പേരിട്ട ഈ ചെറുബിന്ദുവിനെ മനുഷ്യവംശത്തിന്റെ കുടുംബ ഫോട്ടോ എന്നാണ് കാൾ സാഗൻ വിശേഷിപ്പിക്കുന്നത്.

നാം എങ്ങോട്ട് പോകുന്നു?

മനുഷ്യജീവിതത്തെക്കുറിച്ചുള്ള ധാരണകൾ പുതിയ അറിവുകളുടെ വെളിച്ചത്തിൽ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് സ്വാഭാവിക ജനനമില്ലാതെ കൃത്രിമ ബീജ സങ്കലനത്തിലൂടെ മനുഷ്യനെ സൃഷ്ടിക്കാൻ കഴിയും. ജീൻ ഉപയോഗിച്ചു ജീവിയുടെ തനി പകർപ്പിനെയും. ഇവയൊന്നുമില്ലാതെ ജീവനില്ലാത്ത ഘടകങ്ങളെ ചേർത്ത്, ദിവ്യമായി കരുതപ്പെട്ടിരുന്ന ജീവനെയും ജീവിയെയും കൃത്രിമമായി സൃഷ്ടിക്കുന്നതിന്റെ സാധ്യതയും ഭാഗികമായി പൂർത്തിയാക്കിയിരിക്കുന്നു.

അതിഭൗതികമെന്ന് കരുതുന്ന മനുഷ്യന്റെ സവിശേഷതകൾ സങ്കീർണ്ണമായ നാഡീകോശങ്ങളുടെ പ്രവർത്തനമാണ്. എന്നാൽ ജീവന്റെ അടയാളമായ ക്രിയാത്മകത (Metabolism) മസ്തിഷ്കത്തിന്റെ ഭാഗമല്ല. അത് മൈറ്റോകോണ്രിയകളാണ് സാധ്യമാക്കുന്നത്. കാലക്രമേണ അവ ദുർബലമായിത്തീരുകയും ലൈസോസോമുകളുടെ ഇടപെടലോടെ കോശങ്ങൾ ഏകീകരണവും നിലനിൽപ്പും നഷ്ടപ്പെട്ട് അടിസ്ഥാന അചേതന വസ്തുക്കളായി വിഘടിച്ച് പോകുന്നതുമാണ് മരണം. മസ്തിഷ്കം ശിഥിലമാകുന്നതോടെ വ്യക്തിയുടെ സ്ഥല- കാല ബന്ധത്തിന്റെ തുടർച്ചയും ഇല്ലാതാകുന്നു. അത് പുനസംഘടിപ്പിക്കുവാൻ നിലനിൽക്കുന്ന പ്രപഞ്ച നിയമങ്ങളിലൂടെ അസാധ്യവുമാണ്. ഒരു വ്യക്തിയുടെ പകുതി ജീനുകൾ മാത്രമേ സന്താനങ്ങളിലേക്ക് തുടരുന്നുള്ളു എന്നതിനാൽ ഈ ശ്രമവും അപൂർണ്ണമാണ്.

മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ, നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന യഥാർത്ഥ്യത്തെ നിസാരവും അർഥരഹിതവുമായിത്തീർക്കുന്നു. എത്ര തന്നെ ഹൃദയ ഭേദകവും വിചിത്രമായും തോന്നാമെങ്കിലും വ്യക്തി, മരണത്തോടെ എന്നെന്നേയ്ക്കുമായി ഇല്ലാതാകും എന്ന തിരിച്ചറിവ് ജീവിതത്തെ കൂടുതൽ സത്യസന്ധമായി കാണുവാൻ പ്രേരിപ്പിച്ചേക്കാം. മരണം ജീവനുള്ള വസ്തുക്കാൾക്കു മാത്രമല്ല എന്നു കാണുമ്പോഴാണ് ഈ സത്യം കൂടുതൽ യഥാർത്ഥ്യമായി അനുഭവപ്പെടുന്നത്. തമോഗർത്തമാകേണ്ടുന്ന സന്നിഗ്ദ്ധമായ ഒരു വിധിയിലേയ്കാണ് സൂര്യന് പോലും കത്തിയമരേണ്ടത്. മനുഷ്യന് അമരത്വം നേടാനായാൽ പോലും, വാർദ്ധക്യത്തിലേക്ക് വളരുന്ന ഭൂമിയും സൂര്യ- നക്ഷത്രങ്ങളും, ഭയാനകമായി അകന്നു കൊണ്ടേയിരിക്കുന്ന പ്രപഞ്ചവുമെല്ലാം തന്നെ ഇല്ലാതാകാൻ പോകുന്നുവെന്ന യാഥാർത്ഥ്യമാണ് ശാസ്ത്ര ലോകത്തെ കൂടുതൽ കരുതലുള്ളതാക്കുന്നത്. നാം എവിടെ നിന്നു വരുന്നു? നാം ആരാണ് ? നാം എങ്ങോട്ട് പോകുന്നു? (Where do we come from? What are we? Where are we going?) എന്ന പോൾ ഗോഗീന്റെ പ്രസിദ്ധമായ ചിത്രം അപ്പോഴാണ് പ്രസക്തമാകുന്നത്. ചിത്രത്തിൽ തന്നെ എഴുതിവച്ച അസാധാരണമായ ശീർഷകം കണ്ട് മുഖം ചുളിച്ച വിമർശകരോട് ഗോഗീൻ  പറഞ്ഞു. `എന്റെ ചിത്രം ഒരു ഉത്തരമല്ല, മറിച്ച്, അത് ഒരു ചോദ്യമാണ് ‘. ശാസ്ത്രവും ഇങ്ങനെ തന്നെ. ആഴത്തിൽ ഉറഞ്ഞുകിടക്കുന്ന വ്യവസ്ഥാപിത ഉത്തരങ്ങളെ അത് ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു.

അജിത് കുമാർ ജി

References

  1. We are Our Brains- Dick Swaab
  2. How the mind works- Steven Pinker
  3. Life Evolving- Christian de Duve
  4. Tell-Tale Brain- Dr V S Ramachandran
  5. Proof of Heaven- Dr Eben Alexander
  6. Maranathinappuram Jeevithamundo- Dr Muraleekrishna
  7. Mitochondra, Power Sex and Suicide- Nick Lane
  8. Life Ascending- Nick Lane
  9. In search of memory- Eric Kandel
  10. The Social Conquest  of the Earth- E O Wilson
  11. A pale blue dot- Carl Sagan
  12. Sunday Network Television
  13. Wikipedia
  14. www.nobelprize.org

Blogs