മണ്ണും മനുഷ്യനും കലയും

  മണ്ണും മനുഷ്യനും
മനുഷ്യന്റെ മണ്ണുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തിന് അവൻ അധിവസിക്കുന്നത് ഭൂമിയിലാണ് എന്നതിനേക്കാൾ വലിയ കാരണമുണ്ടാവില്ല. മനുഷ്യന് മാത്രമല്ല, ഏതാണ്ട് 8.74 മില്ല്യൺ ജീവി വർഗ്ഗങ്ങളുടെയും ഏക ലോകം നമുക്കു അറിയാവുന്നിടത്തോളം ഭൂമി മാത്രമാണ്. ഏതാണ്ട് 4. 8 ബില്ല്യൺ വർഷം മുൻപാണ് ഭൂമി രൂപപ്പെടുന്നത്. ഇരുമ്പ്, ഓക്സിജൻ, സിലിക്കോൺ, മഗ്നേഷിയം, സൾഫർ, നിക്കൽ, ക്യാൽസിയം, അലൂമിനിയം തുടങ്ങിയ പദാർത്ഥങ്ങളാലാണ് ഭൂമി നിർമ്മിതമായിരിക്കുന്നത്. ആദ്യ ബില്യൺ വർഷങ്ങളിലെവിടെയോ ആയിരിക്കണം ജീവൻ ഉണ്ടാകുന്നത്. അവയുടെ പ്രവർത്തനമാണ് ഓസോൺ പാളികൾ ഉണ്ടാകുന്നതിനും ജീവൻ ഇന്നുള്ള രൂപത്തിൽ പരിണമിക്കുന്നതിനും സഹായകമായത്. ഭൂമിയിലെ ഉപരിതലത്തിലെ വെള്ളമില്ലാത്ത 30 ശതമാനം ഇടത്തിലെ മലകളിലും താഴ് വരകളിലും മരുഭൂമിയിലും കാടുകളിലും മാത്രമാണ് മനുഷ്യജീവിതം സാധ്യമായിട്ടുള്ളത്. ഐസു പാളികൾ നിരഞ്ഞ ധ്രുവങ്ങളിലും അസാധ്യം. അതുകൊണ്ട് തന്നെ മണ്ണ് അവനു നിലനില്പും കൂടിയാണ്. അനുനിമിഷം നീങ്ങിക്കൊണ്ടേയിരിക്കുന്ന ടെക്റ്റോണിക്  പ്ലേറ്റുകളുടെ ഉപരിതലമായ സ്ട്രേറ്റോസ്ഫിയറിലാണ് മനുഷ്യൻ. ഭൂചലങ്ങൾക്കും അഗ്നിപർവതങ്ങൾക്കും കടൽ ട്രെഞ്ച്ചുകൾക്കും മുകളിലാണ് പ്രണയിച്ചും കലഹിച്ചും, സ്നേഹിച്ചും ചതിച്ചും, ജനിപ്പിച്ചും കൊന്നും, ജീവിച്ചും മരിച്ചും മനുഷ്യർ പാടുപെടുന്നത്. മണ്ണും മനുഷ്യനും കലയും തമ്മിലുള്ള ബന്ധത്തെ കുറിച്ചു  നവോത്ഥാന കാലത്തെ പ്രശസ്ത ചിത്രകാരൻ ലിയനാർദോ ഡാവിഞ്ചി പ്രത്യേകം പരാമർശിച്ചിരുന്നു. മനുഷ്യശരീരത്തിലെ മാംസത്തെ മണ്ണായും അസ്ഥികളെ പാറകളായും രക്തത്തെ നീരൊഴുക്കുമായും ഡാവിഞ്ചി രൂപകം ചെയ്തിരുന്നു. മൊണാലീസ ഉൾപ്പെടെ പല ചിത്രങ്ങളിലും ഈ ബന്ധത്തെ അദ്ദേഹം സ്വാംശീകരിച്ചിട്ടുണ്ട്.

മണ്ണും കലാരൂപങ്ങളും

റിലീഫുകൾ, സ്കൾപ്റ്ററുകൾ, മോൾഡുകൾ, പോർസലീൻ, ടെറാക്കോട്ട എന്നിങ്ങനെ സെറാമിക്കിനും സെറാമിക് ആർട്ടിനും ദീർഘ ചരിത്രം കാണാം. എല്ലാ സംസ്കാരത്തിലും ഇവയുടെ വ്യാപകവും തുടർച്ചയുമായ പ്രചാരം കണാം. കൈ കൊണ്ടോ ചക്രത്തിലൂടെയോ ( ബി സി നാലായിരം- മെസോപൊട്ടാമിയ ) നിർമ്മിക്കുന്ന രൂപം ഉണങ്ങിയ ശേഷം കിലനിൽ വച്ചു ഫയർ ചെയ്യുന്നു. പിന്നീട് ചിത്രത്തിലൂടെയും ഇപ്പോൾ പ്രിന്റിങ്ങിലൂടെയും ഡെക്കറേറ്റ് ചെയ്യുന്നു. അതിനു ശേഷം പോളിഷ് അല്ലെങ്കിൽ ഗ്ഗ്ലൈസിങ് ചെയ്യുന്നു. വീണ്ടും ഫയർ ചെയ്യുകയും ചെയ്തേക്കാം. ഈ പൊതു തത്വമാണ് മൺ പാത്രങ്ങൾ മുതൽ ടെറാകൊട്ട ശില്പങ്ങൾ വരെയുള്ളവയുടെ നിർമ്മാണ രീതി. കലാവസ്തുക്കളെ സെറാമിക്കുകൾ എന്നും മറ്റുള്ളവയെ പോട്ടറി എന്നും പൊതുവിൽ വിളിക്കാം. മണ്ണിനൊപ്പം ഭൂമിയിലെ ഏറ്റവും സുലഭമായ വെള്ളം തന്നെയാണ് ഉറച്ച മണ്ണിനെ വഴങ്ങുന്ന രൂപത്തിൽ മാറ്റുന്നത് എന്നത് ഇതിനെ കൂടുതൽ പ്രായോഗികമാക്കി. വേഗം വഴങ്ങുകയും കലാകാരനുമായും ഇണങ്ങുകയും ചെയ്യുന്ന കളിമണ്ണ് കലാകാരന്റെ ചോദനകളെ എക്സ്പ്രസ്സ് ചെയ്യുന്നതിന് കൂടുതൽ സഹായകരമായി. എവിടെയും സുലഭവും എളുപ്പവും ആൺ കളിമണ്ണ്. സ്വകാര്യകല മുതൽ പബ്ലിക് ആർട്ടിൽ വരെ സെറാമിക്കുകൾക്കു വലിയ സ്ഥാനമുണ്ട്. മണ്ണ് ഒരേ സമയം ഫംഗ്ഷണലും നോൻ ഫംഗ്ഷണലും, ഓർണമെന്റലും, ഡിസ്പോസബളും വിലപിടിപ്പുള്ളതും ആയിത്തീരുന്നു

ആദിമശില്പങ്ങൾ 

ചെക്ക് റിപ്പബ്ലിക്കിൽ നിന്നുമുള്ള Venus of Dolni Vestonice, ഒരു നഗ്ന കളിമൺ ശില്പം കലാപരമായ ഇത്തരത്തിലുള്ള ആദ്യത്തേതെന്നു കരുതുന്നു. ( 25,000 BCE.) നാലര ഇഞ്ചു പൊക്കവും 2 ഇഞ്ചോളം വീതിയും ഉള്ള ചെറിയ ശില്പം കളിമണ്ണൂം അസ്തിപൊടിയും ചേർത്ത് ഉണ്ടാക്കിയിരിക്കുന്നു. രൂപത്തിൽ നിന്നും ഇതിനെ fertility യുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കിയിരിക്കുന്നത്. ശില്പത്തിൽ ഒരു കുട്ടിയുടെ വിരൽപ്പാടും ഉണ്ട്. ഇത്തരത്തിൽ വീനസ് ഫിഗറിൻസ് എന്നറിയപ്പെടുന്ന രൂപങ്ങൾ ഇതര യൂറോപ്യൻ സ്ഥലങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ വിവിധങ്ങളായ 2000 ളം സെറാമിക്കുകൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഫ്രാൻസിലെ Le Tuk d`Audoubert എന്ന ഗുഹയുടെ ഒരു ചേമ്പറിലാൺ രണ്ട് ബൈസണുകളൂടെ ഈ റിലീഫ് ശില്പം കണ്ടെത്തിയത്. ഏതാണ്ട് 12000 വർഷം പഴക്കം. കളിമണ്ണിന്റെ സാന്നിധ്യമില്ലാത്തതിനാൽ ഇതിനായി മണ്ണ് പുറത്തു നിന്നു കൊണ്ടുവന്നിരിക്കണം. രണ്ടടി നീളമുള്ള ബൈസണുകളുടെ പാർശ്വഭാഗമാണു കാണുന്നത് . ശില്പിയുടെ വിരലുകൾക്കൊപ്പം കൂർത്ത ഏതോ വസ്തു വരുത്തിയ അടയാളങ്ങളും പതിഞ്ഞിരിക്കുന്നു. ശില്പത്തിനോടടുത്ത് ചെളിയിൽ അന്നത്തെ മനുഷ്യന്റെ കാൽപ്പാടുകളും പതിഞ്ഞു കിടക്കൂന്നുണ്ട്. 

ചരിത്രം

മെസോപൊട്ടാമിയയിലും റോമിലും ചൈനയിലും പ്രാചീനകാലത്തു പല ലിഖിതങ്ങളും ആദ്യ കാലത്തു കളിമണ്ണിലാണ് നിർമ്മിച്ചിരുന്നത്. ശിൽപ്പങ്ങളിലെ അതിപ്രാചീന രൂപം കളിമണ്ണിൽ തന്നെ. മെറ്റലിൽ തീർക്കുന്ന ശിൽപ്പങ്ങൾ കാസ്റ്റ് ചെയ്യുന്നതിനു മിക്കപ്പോഴും കളിമണ്ണ് തന്നെയാണു ഇന്നും ഉപയോഗിക്കുന്നത്. 

സിന്ധു നദീതട ശില്പങ്ങൾ

ഇൻഡ്യയിലെ ബ്രോൺസ് കാലഘട്ടത്തിലെ സിന്ധു നദീതടം 1.25 മില്ല്യൺ ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്നു. 50 ലക്ഷം മനുഷ്യർ അധിവസിച്ചിരുന്ന വളരെ പ്ലാൻ ചെയ്ത് നിർമ്മിച്ച നഗരം മുഴുവനും മണ്ണും ഇഷ്ടികയിലുമാണ് രൂപം ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ നിന്നും അനവധി പോട്ടറികളും കണ്ടെടുത്തിട്ടുണ്ട്. ജാറുകൾ, ചെറിയ ശില്പങ്ങൾ,  വ്യാപാരത്തിനായുള്ള സീലുകൾ എന്നിവ ഇവയിൽ പെടുന്നു. കളിമൺ പാത്ര നിർമ്മാണം ശില്പവിദ്യയുടെ ഒരു പക്ഷെ ആദിമ രൂപമായിരിക്കാം. 400 ബി സി യോടെ കളിമൺ പാത്ര നിർമ്മാണം ലോകം മുഴുവനും വ്യാപകമായതായി കാണാം. ഈജിപ്ഷ്യനുകൾ വളരെ മുൻപേ തന്നെ കളിമൺ പാത്രങ്ങളെ സൂര്യ വെളിച്ചത്തിനു പകരം കിലനിൽ ( kiln) വച്ചു കത്തിച്ചിരുന്നു. പിന്നീട് ബ്ലൂ- ഗ്രീൻ നിറത്തിലുള്ള കോർട്സ്, സോഡ, കോപ്പർ തുടങ്ങിയവ ഉപയോഗിച്ചുള്ള കോട്ടിങ് ചെയ്തു ചെറിയ ദ്വാരങ്ങൾ അടച്ചു. പ്രാചീന ഗ്രീക്കുക്കാർ അതിന്റെ രൂപവും ഡെക്കറേഷനിലും കൂടുതൽ പ്രാധാന്യം നൽകി. മനോഹരമായ രേഖകളും ദൈനം ദിന ജീവിത സന്ദർഭങ്ങളും ഹീറോകളെയും ദൈവങ്ങളെയും രേഖപ്പെടുത്താൻ തുടങ്ങി. ചുവന്ന നിറമുള്ള മൺ പാത്രത്തിൽ രൂപങ്ങൾ ചുവപ്പായി നിലനിർത്തി മറ്റ് ഭാഗം കറുപ്പിലാണ് വരച്ചു ചേർത്തു തുടങ്ങിയത്. മണൽ ചേർത്തു അടുപ്പിൽ വെക്കാവുന്ന തരം നിർമ്മാണം മിഡ് ഈവൽ പീരിയേഡിൽ ആരംഭിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ ജർമ്മൻ കാർ അല്പവും ചോരാത്ത കൂടുതൽ കാഠിന്യമുള്ളവ ഉണ്ടാക്കി. കനം കുറഞ്ഞ പോർസലീൻ പാത്രങ്ങൾ ചൈനയുടെ സംഭാവനയാണ്. (kaolin mixed with felspar.) അതിൽ വൈവിധ്യമുള്ള നിറങ്ങൾ കൊണ്ട് ചിത്രരചന നടത്തി അലംകൃതമാക്കുകയും മറ്റ് രാജ്യങ്ങൾ ഇതിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയും ചെയ്തു. ജപ്പാനിൽ 16 – ം നൂറ്റാണ്ടിൽ രാകു ( raku ceramics) സെറാമിക്കുകൾ ഉപയോഗിച്ച് കൈ കൊണ്ട് നിർമ്മിക്കുന്ന ചായ കോപ്പകൾ പ്രചാരത്തിലായി.പല മണ്മറഞ്ഞ സംസ്കാരങ്ങളുടെയും ജീവിതരീതിയെയും സാങ്കേതിക വിദ്യയെയും പഠിക്കുവാൻ പാത്ര കഷണങ്ങൾ മുഖ്യമായ സഹായമാണ്.(shreds). ആഫ്രിക്കയിലെ നോക് വശത്തെക്കുറിച്ചുള്ള സൂചനകൾ അവർ അവശേഷിപ്പിച്ചു പോയ സെറാമിക് കലാരൂപങ്ങളിലൂടെയാണ് മനസ്സിലാക്കപ്പെട്ടത്. 

മണ്ണൂം മനുഷ്യനും കലയും

കലാപരമായ ആവിഷ്കരം മനുഷ്യവർഗ്ഗത്തിന്റെ മറ്റ് വർഗ്ഗങ്ങളിൽ നിന്നുള്ള പ്രകടമായ വ്യത്യാസങ്ങളിൽ പ്രധാനമായ ഒന്നാണ്. ഭാഷയുടെ പരിമിതികളെ ഭാവനയിലൂടെ കല പലപ്പോഴും മറികടക്കുന്നു. അവാച്യമായ അനുഭവങ്ങളാണ് ഓരോ കലാകാരനും സ്വയം കണ്ടെത്തുന്ന സർഗ്ഗഭാഷയിലൂടെ കാഴ്ച്ചക്കാരനിലേക്ക് സംക്രമിപ്പിക്കുന്നത്. കല ഒരു പക്ഷേ, ആചാരങ്ങൾക്കും ആകർഷണീയതയ്ക്കും നിത്യോപയോഗ വസ്തുക്കളുടെ നിർമ്മിതിയ്ക്കുമായിരിക്കാം പരീക്ഷിച്ചു തുടങ്ങിയത്.  പിന്നീട് അവയിൽ നിന്നും വേർപിരിഞ്ഞു സ്വയം നിലനിൽക്കുന്ന മാറ്റത്തിനു വിധേയമായത് കലാകാരനെ കൂടുതൽ സ്വതന്ത്രനാക്കിത്തീർത്തു. ഇതോടെ കൈവന്ന കലാകാരന്റെ ആവിഷ്കാര സാധ്യത കലയെ കൂടുതൽ അർത്ഥപൂർണ്ണമാകുന്നതോടൊപ്പം  വിമർശനവിധേയവുമാക്കി തീർത്തിരിക്കുന്നു.

ടെറാകോട്ട ആർമി

ബി സി മൂന്നാം നൂറ്റാണ്ടിലെ ചൈനീസ് ചക്രവർത്തിയുടെ ( Qin Shi Huang) കല്ലറയിലാണു ഇതു കണ്ടെത്തിയത്. ഭടന്മാരും പട്ടാളത്തലവന്മാരും ഉൾപ്പെടെ 8000 ൾം പേരുടെ ലൈഫ് സൈസിലുള്ള ശില്പങ്ങൾ. ഓരോരുത്തരുടെയും പദവിക്കനുസരിച്ചു വലിപ്പത്തിൽ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒപ്പം 130 രഥങ്ങൾ, 520 കുതിരകൾ 150 കാല്വരി കുതിരകൾ എന്നിവയും ഉണ്ട്. ചക്രവർത്തി ജീവിച്ചിരുന്ന സമയത്ത് തന്നെ എതാണ്ട് ഏഴ് ലക്ഷം പേരെ വച്ചാണ്  മുസ്സൊളിയം നിർമ്മിച്ചതു. ശില്പങ്ങളുടെ തലയും കൈകളും കാലുകളും ശരീരവും പ്രത്യേകമായി  നിർമ്മിച്ചു. പിന്നീട് കൂട്ടി ചേർക്കുകയായിരുന്നു. ആളുകളുടെ മുഖസാദൃശ്യം പോലും ഉണ്ടാകാത്ത വിധത്തിലാൺ ശില്പം നിർമ്മിച്ചത്. പിന്നീട് വിവിധ തരം നിറങ്ങൾ കൂടി ചേർത്തു. ഇവക്കൊപ്പം വാളുകൾ, കുന്തം, പരിച തുടങ്ങിയ യുദ്ധോപകരണങ്ങളും കാണാം. മരണാനന്തര ജീവിതത്തിലെ ചക്രവർത്തിയുടെ ആവശ്യങ്ങൾക്കായി ആയിരിക്കണം ഇതു ചെയ്തതെന്ന് അനുമാനിക്കുന്നു. 2008 ൽ ഇവയിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും ശില്പങ്ങൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. പിന്നീട് ബാർസലോണയിലും അമേരിക്കയിലും തുടങ്ങി ലോകത്തുടനീളം ഇതു വിജയകരമായി  പ്രദർശിപ്പിച്ചു വരുന്നു. 

ഓവിറി

19 -നൂറ്റാണ്ടിലെ പോസ്റ്റ് ഇമ്പ്രഷനിസ്റ്റ് ചിത്രകാരനായ പോൾ ഗൊഗൈൻ വളരെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച ആളായിരുന്നു. മരണ ശേഷം പ്രസിദ്ധമായ ഗൊഗൈന്റെ ചിത്രങ്ങൾ പിലക്കാലത്തെ ആധുനിക ചിത്ര കലയെ സ്വാധീനിച്ചിട്ടുണ്ട്. പെയിന്റിങ്ങിനൊപ്പം നൂറുകണക്കിന് സെറാമിക് രചനകളും അദ്ദേഹാത്തിന്റേതായിട്ടുണ്ട്. 1894 ൽ ഗ്ഗ്ലേസ്ഡ് സെറാമിക്കിൽ പോൾ ഗൊഗൈൻ ചെയ്ത ശില്പമാണ് ഓവിറി. അദ്ദേഹത്തിന്റെ ഇഷ്ട സ്ഥലമായ താഹിതി ദ്വീപു നിവാസികളുടെ മരണത്തിന്റെ ദേവതയാണ് ഓറിവി. അവനവനിൽ തന്നെ മറഞ്ഞിരിക്കുന്ന പൈശാചിക ഭാവത്തെയാണ് ഈ ശില്പം പ്രതിനിധീകരിക്കുന്നത്. കയ്യിൽ ഒരു ചെന്നായുടെ തല പിടിച്ചിരിക്കുന്ന ദേവതയുടെ കാല്പാദത്തിന് സമീപത്തും കീഴടങ്ങിയ മറ്റൊരു ചെന്നായ് രൂപത്തെ കാണാം. ചിത്രങ്ങളിൽ നിന്നും വേണ്ടത്ര വരുമാനം ഉണ്ടാകാതിരുന്ന നാളുകളീൽ സെറാമിക് ശില്പങ്ങൾ വില്പനക്കു സാധ്യമാകും എന്ന പ്രതീക്ഷയാണ് ഗൊഗൈൻ ഈ പരീക്ഷണങ്ങൾക്കു തുനിഞ്ഞത്. 100 കണക്കിനു ഇത്തർം ശില്പങ്ങൾ അദ്ദേഹം ചെയ്ത്റ്റു. തന്റെ എല്ലാ സൃഷ്ടികളിലും ഏറ്റവും മികച്ചത് സെറാമിക് ശില്പങ്ങളാൺ എന്നു അദ്ദേഹം പറഞ്ഞിരുന്നു. നിർഭാഗ്യ വശാൽ കൈ കൊണ്ട് നിർമ്മിച്ച പോട്ടറികൾക്കും കളിമൺ ശില്പങ്ങൾക്കും കലാലോകം  വേണ്ടത്ര അംഗീകരിച്ചില്ല. വിപണിയും പ്രതീക്ഷിച്ച്തുപോലെ ഗൊഗൈനെ പിന്തുണച്ചില്ല. കലാ ജീവിതത്തിലെ തന്റെ പരാജയം ഓവിറി പോലുള്ള ശില്പങ്ങളുടെ പ്രേരണയാണ്.എങ്കിലും വളരെ naive ആയ ഒരു തരം primordial ഭാവത്തിലുള്ള ഈ ശില്പങ്ങൾ മനോഹരങ്ങളാണ്. 

സാന്താൾ കുടുംബം

ബംഗാളിലെ വിശ്വഭാരതി സർവകലാശാലയിലെ അനവധി ശില്പങ്ങളിൽ സവിശേഷമായ ഒന്നാണ് ഇതു. ഒരു പുരുഷനും സ്ത്രീയും കുട്ടികളോടൊപ്പം എവിടെക്കോ പോകുന്ന ഒരു ശില്പം. പുരുഷന്റെ ബാസ്കറ്റിൽ ഒരു കുട്ടി ഇരിക്കുന്നുണ്ട്. സ്ത്രീയുടെ ഒക്കത്തും കുട്ടിയുണ്ട്. അവളുടെ തലയിൽ മാർക്കിറ്റിൽ നിന്നുമുള്ള എന്തൊക്കെയോ ആണു. ബാസ്കറ്റിൽ മാർകറ്റിലേക്കു കൊണ്ടുപോയിരുന്ന കൃഷി ചെയ്തെടുത്തതോ കരകൗശല വസ്തുക്കളോ ആയിരുന്നിരിക്കാം. അവ വിറ്റു കിട്ടിയ പണമാണ് തിരികെ സാധനങ്ങൾ വാങ്ങൻ ചെലവഴിക്കുന്നത്. ദരിദ്രമായ ഒരു ജീവിതത്തിന്റെ അടയാളമെന്ന വണ്ണം വളരെ കുറച്ചു ശരീരം മാത്രമേ വസ്ത്രം കൊണ്ട് മറച്ചിട്ടുള്ളു. കൂട്ടത്തിൽ മുന്നിലായി ഒരു നായയും ഉണ്ട്. ഇതിൽ നിന്നെല്ലാം തന്നെ ബംഗാളിലെ ആദിവാസി കൂടുംബങ്ങളിലെ സാന്താൾ കുടുംബമാണ് ഇതെന്നു വേഗത്തിൽ മനസ്സിലാക്കാം. മനുഷ്യരുടെ യഥാർഥ വലിപ്പത്തിന്റെ  ഒരു മടങ്ങു കൂടി ഈ ശില്പത്തിന് വലിപ്പമുണ്ട്. 1938 ൽ തീർത്ത ഈ ശില്പം ആധുനിക ഇൻഡ്യൻ ശില്പകലയുടെ ഒരു നവീന അനുഭവമായിരുന്നു. തുറസ്സായ സ്ഥലത്തു പെഡസ്റ്റലുകളില്ലാതെ നിലത്തുനിന്നും അല്പം മാത്രം ഉയർത്തിയ ശില്പം പ്രകൃതിയുമായി ചേർന്നു നിൽക്കുന്നു. ഒരു പക്ഷെ, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമാനതയും സംഘർഷവും. പാറക്കഷണങ്ങളൂം ചരലുകളും സിമന്റിൽ ചേർത്തു രാം കിങ്കർ ബൈജാണ് തന്റെ 32 ം വയസ്സിൽ ഈ ശില്പം പൂർത്തിയാക്കിയത്.

ശില്പത്തിലെ ചലനാത്മാതയും താളവും ഏറെ പ്രകടമാണ്. സ്ത്രീയെ ചുറ്റിയ കുട്ടിയുടെ കൈകളും മുളന്തടിയിൽ ചേർത്തുപിടിച്ച പുരുഷന്റെ കൈകളും ഒരു പ്രത്യേക സന്തുലനം നൽകുന്നു. വളരെ വേഗത്തിൽ ഒരു പക്ഷേ വീട്ടിലേക്കു എത്താൻ സന്ധ്യയാകുന്നതിന്റെ കാരണത്താലുള്ള ധൃതി ചലനത്മകതയെ കൂടുതൽ അർഥവത്താക്കുന്നു. ഈ കാലഘട്ടത്തിൽ ദൈവരൂപങ്ങളും പ്രഭുക്കന്മാരും രാജാക്കന്മാർക്കും മാത്രമാണ് ഈ വലിപ്പത്തിലുള്ള ശില്പങ്ങളിൽ ഇടം കിട്ടിയിരുന്നത്. അവർക്ക് ഒപ്പമുള്ള തുല്യതയിലേക്കു ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സാന്താള ജീവിതത്തെ `സാന്താൾ കുടുംബം’ എന്ന ഈ പബ്ലിക് ശില്പത്തിലൂടെ രാം കിങ്കർ പ്രതിഷ്ഠിക്കുന്നു. കെ ജി സുബ്രമണ്യം അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത് ശ്രധേയമാണ്. `ഇൻഡ്യൻ കലാലോകത്തിൽ ഒരു ക്രിയേറ്റിവ് ശില്പി എന്നു വിളിക്കാവുന്ന ആദ്യത്തെ ആൾ ഒരു പക്ഷേ, രാം കിങ്കർ ആയിരിക്കും’. ചരിത്രകാരനായ ആർ ശിവകുമാർ, രാം കിങ്കറിന്റെ കലാരീതികൾ ഇൻഡ്യൻ ശില്പകലയെ മറ്റൊരു ഭാവത്തിലേക്കു നയിച്ചതായി നിരീക്ഷിക്കുന്നു. ഭൗതിക ലോകത്തിൽ നിനും പൂർണ്ണമായി വേർപെട്ടാണ് അദ്ദേഹം ജീവിച്ചത്. മാർക്കറ്റിനെ കുറിച്ചു ചിന്തിക്കാതെ സ്വന്തം കലാപ്രവർത്തനം നടത്തുവാൻ രാം കിങ്കറിനു കഴിഞ്ഞു. ക്യാന്വാസുകൾ വാങ്ങാൻ പണമില്ലാത്തപ്പോൾ കിടക്കവിരിയിൽ പോലും ചിത്രങ്ങൾ വരച്ചുകൊണ്ട് രാം കിങ്കർ തന്റെ കലാപ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടർന്നു. കഷ്ടപ്പാടുകളുടെയും ദാരിദ്ര്യത്തിലും ജീവിതകാലം മുഴുവനും കഴിഞ്ഞ രാം കിങ്കർ ഡൽഹിയിലെ ഇൻഡ്യൻ റിസർവ് ബാങ്കിനു മുന്നിൽ സമ്പന്നതയുടെ അടയാളമായി കുബേരന്റെ പാലകരായ യക്ഷനേയും യക്ഷിയേയും ശില്പ്മായി പിന്നീട് നിർമ്മിച്ചത് ഒരു വൈരുദ്ധ്യം.  പൂർത്തിയാകിയ ചിത്രങ്ങളെക്കുറിച്ചു രാം കിങ്കർ വേവലാതി പെട്ടിരുന്നില്ല. വരക്കുന്നതിലൂടെ അതു പരിണമിക്കുന്നത് ആസ്വദിക്കുന്നതിലാണ് അദേഹത്തിന്റെ കൗതുകം. മഴക്കാലത്ത് വീടിന്റെ ചോർച്ച അടക്കുവാൻ വേണ്ടി വന്നാൽ തന്റെ ചിത്രങ്ങളെ പ്പോലും ഉപയോഗിക്കുന്നതിന് അദ്ദേഹത്തിനു മടിയുണ്ടായില്ല. ഈ കഥകൾ ഒരു ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നു. ബംഗാളിലെ പ്രശസ്ത ചലചിത്രകാരൻ ഋതിക് ഘട്ടക് രാം കിങ്കറിനെക്കുറിച്ചു നിർമ്മിച്ച ഈ ഡൊക്യുമെന്ററി നിർഭാഗ്യകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

സ്പൈറൽ ജെട്ടി

കലയും കലാകാരനും ഏറെക്കുറെ ഗ്യാലറികളുടെ വിധേയത്വത്തിൽ അകപ്പെട്ടിരിക്കുന്ന കാലത്താണ് കൂടുതൽ സ്വതന്ത്രവും ഗ്യാലറികളുടെ വിപണനത്തിൽ നിന്നു മുക്തവുമായ കലാരൂപങ്ങളായ ലാൻഡ് ആർട്റ്റ, സൈറ്റ് സ്പെസിഫിൿ ആർട് തുറ്റങ്ങിയവ രൂപപ്പെടുന്നത്. ഇവയിൽ ഏറ്റവും ശ്രധേയമായ ഒന്നാണ് 1970 ൽ അമേരിക്കയിലെ ഉട്ടാഹ് തടാകത്തിൽ തീർത്ത സ്പൈറൽ ജെട്ടി എന്ന ലാൻഡ് ആർട്ട്. റോബർറ്റ് സ്മിത്ത് സൺ ചെളിയും ഉപ്പും പാറക്കല്ലുകളും കൊണ്ട് ആറു ദിവസമെടുത്തു ചെയ്ത ഈ കലാസൃഷ്ടിയ്ക്കു 1500 അടി നീളവും 15 അടി വീതിയും ഉണ്ട്. തീരത്തിൽ നിന്നും തടാകത്തിലേക്കു കൗണ്ടർ ക്ലോക്ക് വൈസായി തീർത്ത ഒരു സ്പൈറൽ വരമ്പാണ് ഇതു. പലപ്പോഴും ചുവന്ന നിരത്തിൽ കാണപ്പെടുന്ന തടാകത്തിന്റെ നിറമായിരിക്കണം ഈ തടാകം തിരഞ്ഞെടുക്കുന്നതിലേക്കു സ്മിത്ത് സണെ നയിച്ചത്. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചു ഇതു മുങ്ങുകയും ചിലപ്പോൽ വർഷങ്ങളോളം പൂർൺനമയൗം അപ്രത്യക്ഷമാവുകയും ചെയ്യും. ഭൂമിയുടെയും മണ്ണിന്റെയും സ്വാഭാവികമായ പരിണതികൾ മനുഷ്യനും അവന്റെ സൃഷ്ടികൾക്കും ഉണ്ടാകേണ്ടതുണ്ട്. തന്റെ ശില്പവും ഈ പരിണതികൾക്ക് കീഴടങ്ങണമെന്നു സ്മിത്ത് സൺ പരാമർശിച്ചിട്ടുണ്ട്. ക്രമേണ നശിക്കുകയും ഒന്നായി അപ്രത്യക്ഷമാവുകയും പിന്നെ പുനരാവിഷ്കരിക്കുകയും  ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന തത്വമാണ് സ്മിത്ത് സൺ തന്റെ രചനകളൂടെ ആശയമാക്കുന്നതു. അതിനാൽ തന്റെ കലാവസ്തുക്കൾ സംരക്ഷിക്കുന്ന ആശയങ്ങളോട് അദ്ദേഹം യോജിക്കുന്നില്ല. മൂന്നു വർഷത്തിനു ശേഷം ഒരു വിമാന അപകടത്തിൽ സ്മിത്ത് സൺ മരണമടഞ്ഞു.

ഫീൽഡ്

ബ്രിട്ടണിലെ ഏറ്റവും വലിയ കലാപുരസ്കാരമാണ് ടർണർ പ്രൈസ്. 1994 ൽ ടർണർ പ്രൈസ് നേടിയ ആന്റണി ഗോംലി (Antony Gormley) യുടെ ശ്രദ്ധേയമായ ശില്പാവതരണമാണ് `ഫീൽഡ്’. പല ശില്പങ്ങളിലും സ്വന്തം ശരീര ഘടന തന്നെയാണ് മോൾഡ് ആയി സ്വീകരിക്കുന്നത്. മനുഷ്യശരീരം ഒരു സിമ്പോളിക് മെറ്റഫർ എന്ന നിലയിലല്ല, മറിച്ചു സമയത്തിലൂടെ സഞ്ചരിക്കുന്ന ഒരു സ്പെയിസ് മാത്രമാണ് എന്ന കാഴ്ച്ചപ്പാടിലാണ് ഗോംലി ശില്പങ്ങളെ സമീപിക്കുന്നത്. മെക്സിക്കോയിലെ 60 തദ്ദേശീയരുടെ പങ്കാളിത്തത്തോടെ 30 ടൺ കളിമണ്ണ് കൊണ്ട് നിർമ്മിച്ച 35000 ളം ചെറിയ കളിമൺ ശില്പങ്ങളുടെ പ്രദർശനമാണ് ഈ പ്രോജക്ട്. മണ്ണിൽ നിന്നു നേരിട്ട് നിർമ്മിക്കുന്നു എന്ന സങ്കൽപ്പമാണ് `ഫീൽഡ്’ എന്ന പ്രൊജക്ടിന് കാരണമായതെന്നു ഗോംലി പറയുന്നു. ഒരടിയിൽ താഴെ പൊക്കമുള്ള ശിൽപ്പങ്ങൾ ഒരു മനുഷ്യനോട് സദൃശ്യമായ രൂപത്തിൽ ഓരോരുത്തരും സ്വതന്ത്രമായി നിർമ്മിക്കുന്നു. പിന്നീട് അതിൽ പെൻസിൽ കൊണ്ട് കുഴിച്ച് ഉണ്ടാക്കുന്ന കണ്ണുകളാണ് ശില്പത്തിനെ പ്രസക്തമാക്കുന്നതു. വിശാലമായ ഹാളിനുള്ളിൽ അടുക്കി നിറക്കുന്ന ഇവയുടെ കണ്ണുകൾ കാഴ്ചക്കാരനെ തിരികെ നോക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെടുത്തുന്നു. ഗ്യാലറിയുടെ പരിമിതികളുടെ അനന്തതയോളം നിറഞ്ഞു നിൽക്കുന്ന ഈ കലാരൂപം മനുഷ്യനും മണ്ണുമായുള്ള അവന്റെ ബന്ധത്തെയും നിലനിൽപ്പിനെയുമാണ് പ്രതീകവൽക്കരിക്കുന്നത്. 

കലാകാരനെ സംബന്ധിച്ചിടത്തോളം ജീവിതവും കലയും ഒന്നു തന്നെയാണ്.  ചരിത്രലുടനീളം മണ്ണൂം മനുഷ്യനും കലയും ഇങ്ങനെ പരസ്പരം ചേർന്നു കിടക്കുന്നത് കാണം. ഇഴപിരിക്കാനാവാത്ത ഈ അഭേദ്യതയുടെ അനുരണനങ്ങളാണ് ഒരു ഉത്തമ കലാസൃഷ്ടിയുടെ ജീവൻ. ചൈനയിലെ ടെറാകോട്ട ആർമിയും ഗൊഗൈനിന്റെ ഓവിറിയും രാം കിങ്കറിന്റെ സാന്താൾ കുടുംബവും റൊബർട്ട് സ്മിത്ത് സണിന്റെ സ്പൈറൽ ജെട്ടിയും ആന്റണി ഗോംലിയുടെ ഫീൽഡും തുടങ്ങിയ ആവിഷ്കാരങ്ങളെല്ലാം തന്നെ മണ്ണുമായുള്ള മനുഷ്യന്റെ അനസ്യൂതമായ ബന്ധത്തെയാണ് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നത്.

-അജിത് കുമാർ ജി

Blogs