നുണയുടെ ജീവനശാസ്ത്രം

ഏത് നുണയും വിശ്വസിച്ച് എടുത്ത് ചാടുന്ന മനുഷ്യനെ പരിഹാസപൂർവം വിമർശിക്കുന്നു, വിഖ്യാത ചലചിത്രകാരനും പത്രപ്രവർത്തകനുമായ ഓർസൺ വെല്ലിസ് (Orson Welles). ഇത് ബോധ്യപ്പെടുത്താൻ മറ്റൊരു പറ്റിയ്കൽ (hoax) തന്ത്രത്തെയാണ് അദ്ദേഹവും തെരഞ്ഞെടുക്കുന്നത്. 1938 ൽ ഭൂമിയിൽ ചൊവാഗ്രഹജീവികളുടെ ആക്രമണം (Marsian attack) ഉണ്ടായതായി അമേരിക്കൻ റേഡിയോയിൽ അദ്ദേഹം ഒരു `വാർത്ത’ പ്രക്ഷേപണം ചെയ്യുന്നു. കേട്ടവരെല്ലം ഇത് സത്യമാണെന്ന് വിശ്വസിച്ചു. ലോകമെമ്പാടും ഈ പരിഭ്രാന്തി പടർന്നു. മാസങ്ങൾക്ക് ശേഷം യൂറോപ്പിലെ ഒരു പ്രസംഗത്തിൽ അഡോൾഫ് ഹിറ്റ് ലറും വാർത്ത പങ്കുവെച്ചു. യഥാർത്ഥത്തിൽ എച്ച് ജി വെൽസിന്റെ `വാർ ഓഫ് ദി വേൾഡ് സി’ ന്റെ റേഡിയോ അവതരണമായിരുന്നു ഇത്. ഒരു ന്യൂസ് ബുള്ളറ്റിന്റെ മാതൃകയിൽ രൂപാന്തരം വരുത്തിയാണ് ഓർസൺ വെല്ലിസ് ഇത് അവതരിപ്പിച്ചതെന്നു മാത്രം. ഇടവേളകളിൽ മറ്റ് റേഡിയോ സ്റ്റേഷനുകളിലേയ്ക് മാറുന്ന പ്രേക്ഷകർ ആമുഖം കേൾക്കാതെ വന്നതിനാൽ ഇത് യഥാർത്ഥ സംഭവത്തിന്റെ ന്യൂസ് ബുള്ളറ്റിനാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു, അഥവാ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഥയും കബളിപ്പിക്കലും ചേർന്ന ഈ സമ്മിശ്രരൂപം അവധാനതയോടെ വാർത്തകളെ സമീപിക്കുവാൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

99. 99

സ്വന്തം വ്യക്തിത്വത്തെ ആനുപാതികമല്ലാത്തവിധം പുകഴ് ത്തുന്നത് സർവസാധാരണമാണ്. അപേക്ഷകളിലെ ബയോഡാറ്റ പരിശോധിച്ചാൽ ഇത് മനസിലാകും. എത്ര വലിയ കർമ്മ പദ്ധതിയും ഏറ്റെടുക്കുന്നതിന് അനുയോജ്യനാണെന്ന പർവതീകരണം ഇവയിൽ പൊതു സവിശേഷതയായിരിക്കും. ഒരു തരത്തിൽ, ഇത് നുണയാണ്. കാരണം പലരും അങ്ങനെയുള്ളവരല്ലെന്ന് അവരവർക്ക് തന്നെ നന്നായി ബോധ്യമുണ്ട്. എങ്കിലും തൊഴിൽ ലഭിക്കുന്നതിന് ഇത് സഹായകരമാവും എന്ന് ഓരോരുത്തരും കരുതുന്നു. മറ്റൊരു തരം നുണയുണ്ട്; സ്വയം ഇകഴ് ത്തി അവതരിപ്പിക്കുക. കുറെക്കൂടി നിസ്സാരനായും, സൗമ്യനുമായി, അല്ലെങ്കിൽ അനാകർഷമായി. അതിലൂടെയും ജീവിതം അനായാസമാക്കാം. കടുത്ത ഉത്തരവാദിത്വങ്ങളിൽ നിന്നും ഒരു ജീവനക്കാരന് ഈ ശേഷിക്കുറവിന്റെ ആനുകൂല്യത്താൽ രക്ഷപെടാനായേക്കും. രാഷ്ട്രീയ പ്രവർത്തകർ വിനീതരും സൗമ്യരുമായിരിക്കുന്നതും സ്വയം- ഇകഴ് ത്തലിന്റെ മറ്റൊരു തെളിവാണ്. അപകടകാരിയല്ലെന്നും സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് വിധേയനായി മാത്രമേ തുടരുകയുള്ളു എന്നുമുള്ള സന്ദേശമാണ് ഇതിൽ ലക്ഷ്യമിടുന്നത്. `നമിക്കിൽ ഉയരാം, നടുകിൽ തിന്നാം…’ എന്ന മഹാകവി ഉള്ളൂരിന്റെ തത്വത്തിലെ വിശ്വാസമുള്ളതിനാലാണ് ഈ അഭിനയവും പൊലിപ്പിച്ചെടുക്കുന്നത്.

ഗുരുതരമായ വിവരങ്ങൾ രോഗിയിൽ നിന്നും മറച്ച് വയ്കുവാൻ ചില അവസരങ്ങളിൽ ഡോക്ടർമാരെ ബന്ധുക്കൾ നിർബന്ധിക്കാറുണ്ട്, പ്രത്യേകിച്ചും ഇൻഡ്യയിൽ. രോഗികൾക്ക് മനോവേദന ഉണ്ടാകരുതെന്ന് മാത്രമാണ് ഇവിടെ ആഗ്രഹിക്കുന്നത്. താരതമ്യേന നിർദ്ദോഷമായ നുണകളാണ് ഇവയെല്ലാം. എന്നാൽ, കുറെക്കൂടി വ്യക്തിഹത്യയോ, സാമൂഹികമായ പ്രത്യാഘാതങ്ങളോ ഉള്ള കെട്ടുകഥകൾ കച്ചവടത്തിലും രാഷ്ട്രീയത്തിലും കലയിലും ശാസ്ത്രത്തിലും മതവിശ്വാസങ്ങളിലും സൗഹൃദ- കുടുംബ ബന്ധങ്ങളിലുമെല്ലാം എക്കാലത്തും ഉണ്ടാകാറുണ്ട്.

കാൽ നൂറ്റാണ്ട് മുൻപ് കേരളത്തിലെ പ്രമുഖമായ ഒരു കടയിൽ നിന്നാണ് വിചിത്രമായ ഒരു വിലവിവരം ആരംഭിക്കുന്നത്. 99 രൂപ. ഇന്നത് 99.99 എന്ന നിലയിൽ ആയിക്കഴിഞ്ഞു. കല്ല് വച്ച ഒരു നുണയല്ലാതെ മറ്റൊന്നുമല്ല ഇത്. 99 എന്നതും 100 തമ്മിലുള്ള വ്യത്യാസം നാമമാത്രമാണെങ്കിലും നൂറ് രൂപയെന്ന മൂന്നക്ക സംഖ്യയെന്ന് ഈ വില കാണുമ്പോൾ അനുഭവപ്പെടുകയില്ല. എന്നാൽ പ്രഖ്യാപിതമായ ഒരു പൈസയുടെ മെച്ചം പോലും ഉപഭോക്താവിന് കിട്ടുകയില്ല. `റൗണ്ട് ഓഫ്’ എന്ന സാങ്കേതികതയിലോ ഒരു നാരങ്ങാ മിഠായിയിലൂടെയൊ അതും കച്ചവടക്കാരന് സ്വന്തമാകും. എന്നാൽ വാങ്ങിയത് നൂറ് രൂപയുടേതാണ് എന്ന് ആരും പറയുകയുമില്ല. ഈ `ലാഭസന്ദേശം’ മറ്റ് ഉപഭോക്താക്കളെയും ആകർഷിക്കും. മനോഹരമായ ഈ വിപണന കൗശലം വാസ്തവത്തിൽ പരോക്ഷമായ വഞ്ചനയാണ്. ഇത്തരം നുണകൾക്ക് അഭിമാനകരവും സാംസ്കാരികവുമായ പൊതു സ്വീകാര്യത ഉള്ളതിനാൽ അതിനുള്ളിലെ രഹസ്യത്തെയോർത്ത് കച്ചവടക്കാരന് കുറ്റബോധം ഉണ്ടാകേണ്ടതുമില്ല.

ഇങ്ങനെ അല്പമെങ്കിലും പെരുപ്പിച്ചോ അല്ലെങ്കിൽ ഇകഴ് ത്തിയോ സ്വയം അവതരിപ്പിക്കുക, യാഥാർത്ഥ്യത്തിന് നിരക്കാത്ത വസ്തുത നേരിട്ട് പറയുക, പരോക്ഷമായി വിരുദ്ധമായ ഒരു കാര്യം ദ്യോതിപ്പിക്കുക, ഒരു പ്രത്യേക സന്ദർഭത്തിൽ പ്രതീക്ഷിക്കപ്പെടുന്ന വസ്തുത മൂടിവെയ്കുക എന്നിവയെല്ലാം നുണയുടെ വകഭേദങ്ങളിൽ പെടുന്നു. ഒരു വിവരം കൈമാറുന്നതിലെ കൃത്രിമത്വമാണ് നുണ അല്ലെങ്കിൽ കള്ളം എന്ന് പൊതുവിൽ വിശേഷിപ്പിക്കാം.

പ്രഛന്നവേഷം

അമേരിക്കൻ ചിത്രകാരനായ അബോട്ട് ഹാൻഡേഴ് സൺ തെയർ (Abbott Handerson Thayer) ആണ് ജീവികൾ അതിന്റെ ചുറ്റുപാടുകളിൽ നിന്നു വേർതിരിച്ച് അറിയാത്ത വിധത്തിൽ കബളിപ്പിക്കൽ പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്ന് ആദ്യമായി വിവരിക്കുന്നത്. പ്രഛന്നതയുടെ (camouflage) പിതാവ് എന്ന നിലയിൽ അദ്ദേഹം അംഗീകരിക്കപ്പെടുന്നു. `പീകോക്ക്’ ( peacock) എന്ന ചിത്രം അദ്ദേഹത്തിന്റെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ കൂടി പ്രതിഫലനമാണ്. മണ്ണിനും ചെടികൾക്കുമിടയിൽ തിരിച്ചറിയാത്ത വിധമാണ് മയിലിനെ അവതരിപ്പിക്കുന്നത്. മനോഹരമായ അതിന്റെ പീലികൾ ചുറ്റുമുള്ള ഇലകൾക്കിടയിൽ പ്രഛന്നമായി മറയ്ക്കപ്പെടിരിക്കുന്നു. ഏറ്റവും പ്രയാസകരം തലയും കഴുത്തും കണ്ടെത്തുകയാണ്. പിന്നിലേയ്കാണോ മുന്നിലേയ്കാണോ നോക്കുന്നത് എന്ന് വ്യതിരിക്തമാകാത്ത വിധം ഇടയ്ക് ചില ഇലകൾ സന്ദേഹം സൃഷ്ടിക്കുന്നു.

ഒരൊറ്റ നിറം എന്നതിന് പകരം കടുത്ത വൈപരീത്യമുള്ള (contrast) അലങ്കാരങ്ങളും (patterns) വരകളുമാണ് പശ്ചാത്തലങ്ങളിൽ ഒളിഞ്ഞിരിക്കുന്നതിന് സഹായകരമാകുന്നത് എന്നാണ് `Concealing-Coloration in the Animal Kingdom’ എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നത്. `കടുത്തതും മൃദുവുമായ നിറങ്ങളും, വരകളും ഇടയ്കിടെ മാറി മാറി വരുന്നത് ആകർഷണത്തിനല്ല, ശത്രുജീവികളിൽ നിന്നും രക്ഷ നേടുന്നതിനാണ് എന്നർത്ഥം. മയിലുകൾ ഉൾപ്പെടെയുള്ളവയുടെ വർണ്ണ വൈവിദ്ധ്യം സൗന്ദര്യാകർഷണത്തിനാണെന്ന ഡാർവിൻ ഉൾപ്പെടെയുള്ളവരുടെ നിരീക്ഷണങ്ങളുമായി അത്ര ഇണങ്ങുന്ന ഒരു സിദ്ധാന്തമായിരുന്നില്ല ഇത്. 1909 ൽ പ്രസിദ്ധീകരിച്ച ഈ തത്വങ്ങളാണ് ലോകമഹായുദ്ധത്തിൽ military camouflage രൂപപ്പെടുത്തുന്നതിൽ പ്രയോജനപ്പെടുത്തുന്നത്. 

ചില ജീവികൾക്ക് ശരീരത്തിലുള്ള chromatophores ലൂടെ നിറങ്ങൾ ആവശ്യാനുസരണം മാറ്റുന്നതിനും സാധ്യമാണ്. പല പ്രൈമേറ്റ് ജീവികളും (primates) അവ കണ്ടെത്തുന്ന ഭക്ഷണം മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ഒളിപ്പിച്ച് വയ്കാറുണ്ട്. ചില ജീവികൾ പ്രസവിക്കുമ്പോഴും മുട്ടയിടുമ്പോഴുമെല്ലാം അതിന്റെ സ്ഥലം രഹസ്യമായിരിക്കുവാനും ശ്രദ്ധിക്കാറുണ്ട്. വൈറസുകളും പരാദങ്ങളും മുതൽ കുരങ്ങ് വർഗ്ഗങ്ങൾ വരെയുള്ളവയെല്ലാം ആഹാരത്തിനും തങ്ങളുടെ പ്രത്യുലപാദന വിജയത്തിനും ഇത്തരം സ്വഭാവപരമായ അനവധി കൗശലങ്ങൾ പ്രകടിപ്പിക്കുന്നു. സസ്യങ്ങളിലും ജീവജാലങ്ങളിലും കാണപ്പെടുന്ന ഈ പ്രഛന്നതകളെല്ലാം അടിസ്ഥാനപരമായി നുണകൾ തന്നെയാണ്.

ചെമ്മണ്ണ്

ഭാഷ ഉണ്ടാകുന്നതിനും മുൻപ് ആദിമ മനുഷ്യനും ഇതര ജീവികളെപ്പോലെ പ്രാകൃതമായ ശബ്ദപ്രക്ഷേപണത്തിലൂടെയോ അംഗവിക്ഷേപങ്ങളിലൂടെയോ ആയിരിക്കണം ശത്രുജീവികളുടെ സാന്നിധ്യമോ പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങളോ പ്രകടിപ്പിച്ചിരുന്നത്. ആശയവിനിമയം എളുപ്പത്തിലാക്കുന്ന സംസാരഭാഷയും എഴുത്തായും പിന്നീടത് വിസ്തൃതമാകുന്നു. ആഫ്രിക്കയുടെ സമുദ്ര തീരത്തുള്ള ബ്ലോം ബോസ് ഗുഹകളിൽ (blombos cave) നിന്നും ലഭിക്കുന്ന തെളിവുകൾ എഴുത്ത് ഉണ്ടാകുന്നതിനും മുൻപുള്ളവയാണ്. ഇവിടെ നിന്നും കണ്ടെത്തിയ ആലേഖനം ചെയ്ത ചെമ്മണ്ണിന്റെ കട്ട, അസ്ഥികളിൽ കൃത്യമായ അകലത്തിൽ കോറിയിട്ടിരിക്കുന്ന ചരിഞ്ഞ വരകൾ, ചെമ്മണ്ണ് പൊടിയായി സൂക്ഷിക്കുന്ന ചിപ്പികൾ, കടൽ ചിപ്പികൾ കോർത്തുണ്ടാക്കിയ ആഭരണങ്ങൾ എന്നിവയിൽ ചിലത് ഏതാണ്ട് 80000 വർഷം മുൻപ് മുതലെങ്കിലും ഉപയോഗിച്ചിരുന്നവയാണ്. ഗുഹാചിത്രങ്ങൾക്കും വളരെ മുൻപ് തന്നെ വസ്തുക്കളെ പ്രതീകാത്മകമായി ഉപയോഗിച്ചിരുന്നതിന്റെ സൂചനകളാണ് ഇവയെല്ലാം. 

ഇതിൽ ചെമ്മണ്ണ് (Red ochre) ശരീരത്തിന്റെ ആകർഷണത്തിനായിട്ടായിരിക്കണം ഉപയോഗിച്ചിരുന്നത് എന്നത് ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സൗന്ദര്യവർദ്ധനം എന്നതും ഒരു നുണ തന്നെയാണ്. അതിലുപരിയായ ഒരു കബളിപ്പിക്കൽ കൂടിയാണ് ഇത് എന്ന ഒരു വാദമുണ്ട്. ചുവന്ന മണ്ണ് ശരീരത്തിൽ പുരട്ടുന്നതിലൂടെ ആർത്തവത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുകയാണ് സ്ത്രീകൾ ചെയ്തിരുന്നത് എന്നാണ് ഈ വാദം. ആർത്തവ കാലത്ത് സ്ത്രീകളുമായി പുരുഷന്മാർ ഇണചേരുകയില്ല. അതേ സമയം ആർത്തവകാലമെന്നത്, തൊട്ടടുത്ത് തന്നെ പ്രത്യുൽപാദനത്തിന് അനുയോജ്യമായ സമയം വരുന്നുണ്ടെന്ന അറിവും കൂടിയാണ്. പ്രാചീന ശിലായുഗത്തിലെ അതി ശൈത്യകാലത്ത് ആഹാരം എത്തിക്കുവാൻ പുരുഷൻമാരെ നിർബന്ധിക്കുന്നതിനുള്ള ഒരു നുണയായിരിക്കണം ഇത്. കാരണം എല്ലാ സ്ത്രീകളും ഒരുമിച്ചാണ് ഇത് ചെയ്യുന്നത് (Female cosmetic coalitions). അതിനാൽ ഒരു സ്ത്രീയേയും പുരുഷന് സമീപിക്കാനാവില്ല. ഈ നിർബന്ധിത സാഹചര്യവും തൊട്ടുടൻ കിട്ടാൻ പോകുന്ന മികച്ച പ്രത്യുല്പാദന ബന്ധവും ലക്ഷ്യമിട്ട് പുരുഷന്മാർ ആഹാരം എത്തിക്കുന്നതിന് മൽസരിക്കുകയും ചെയ്തേയ്കാം.

ഒരു പക്ഷേ കലാസൃഷ്ടികൾക്കുള്ള ആദ്യത്തെ ക്യാൻവാസും മനുഷ്യ ശരീരം തന്നെ ആയിരുന്നു എന്ന് പറയാം. ഇതിനൊപ്പം ആരംഭിക്കുന്ന മുത്തുകൾ കൊരുത്തുള്ള ആഭരണങ്ങളിലൂടെയുള്ള സൗന്ദര്യവൽക്കരണവും (cosmetics) നുണകൾ തന്നെയാണ്. ഈ നാട്യത്തിന്റെ ഉല്പന്നങ്ങളാണ് നൃത്തവും നാടകവും ചിത്രവും ചലച്ചിത്രവും കഥകളും ഉൾപ്പെടെയുള്ള എല്ലാ കലകളും. അവയ്ക് ജീവിതവുമായി ഉള്ള നേർബന്ധങ്ങളിലൊന്ന്, ഇല്ലാത്തത്, അഥവാ അസത്യം അവതരിപ്പിക്കുന്നു എന്നത് തന്നെ. `കല എന്നത് ഒരു നുണയാണ്’ എന്ന് പ്രസിദ്ധ ചിത്രകാരനായ പാബ്ലോ പികാസോ പറഞ്ഞത് വെറുതെയല്ല.

ഇരയുംവേട്ടക്കാരനും

ഭാഷയുടെ ആദ്യാനുരണനങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ കുട്ടികൾ യാതൊരു മടിയും കൂടാതെ നുണകൾ പറയുന്നത് കാണാം. ഇൻഡ്യൻ പുരാണങ്ങളിലെ ശ്രീകൃഷ്ണന്റെ ചെറുപ്പകാലത്തെ കഥകളിൽ നിർദ്ദോഷമായ നുണകളുടെയും പറ്റിയ്കലുകളുടെയും നിരവധി സന്ദർഭങ്ങളുണ്ട്. വെണ്ണ കട്ട് കുടിക്കുന്നതും, സ്ത്രീകളുടെ വസ്ത്രം ഒളിപ്പിക്കുന്നതുമായ സന്ദർഭങ്ങൾ ഇന്നും വളരെ ആഘോഷപൂർമാണ് വായിക്കപ്പെടുന്നത്. എല്ലാ കുടുംബങ്ങളിലും സമാന സന്ദർഭങ്ങളിൽ കൊച്ച് കുട്ടികൾ സ്നേഹപൂർവം പരിലാളിക്കപ്പെടാറേയുള്ളു. നിഷ്കളങ്കമായ കുസൃതികൾ മാത്രമായി അവയെ അവഗണിക്കുവാൻ നമുക്ക് മടിയില്ല. അതേ സമയം ചില നുണകൾക്ക് മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ചോദ്യം ചെയ്യലും ഉണ്ടാകുന്നുണ്ട്. എത്ര തന്നെ നിരുൽസാഹപ്പെടുത്തുമെങ്കിലും സഹജമായ വാസനയെന്ന പോലെ കുട്ടികൾ നുണകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.

നുണ പറയുവാൻ മനുഷ്യൻ നിർബന്ധിതമാകുന്നതിൽ നിന്നും വ്യക്തമായ ഗുണവും ഉണ്ടാകുന്നുണ്ട് എന്ന് ഊഹിക്കാം. ബന്ധങ്ങൾ നിലനിർത്തുക ഇതിൽ പ്രകടമായ ഒന്നാണ്. പലപ്പോഴും തന്റെ പങ്കാളിയെയോ സുഹൃത്തിനെയോ അവരുടെ മനോവിഷമമുള്ള സന്ദർഭങ്ങളിൽ ഒപ്പം നിന്ന് സഹായിക്കുക, അല്ലെങ്കിൽ മറ്റൊരാൾക്ക് അനിഷ്ടം ഉണ്ടാകുന്നത് മൂലം ഭാവിയിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നിവ എല്ലാവരും ആഗ്രഹിക്കുന്നു. മറ്റൊന്ന്, സ്വന്തം വ്യക്തിത്വത്തെ സംരക്ഷിക്കുകയാണ്. David Buller ഉം Judee Burgoon ഉം കുറെക്കൂടി ഭൗതികമായ നേട്ടങ്ങളും നുണകൾക്ക് കാരണമായി വിശദീകരിക്കുന്നുണ്ട്. ശിക്ഷകളിൽ നിന്ന് രക്ഷ നേടുക എന്നതാണ് ഇവയിൽ പ്രധാനം. 

നൈസർഗ്ഗികമായി ഏറിയും കുറഞ്ഞുമെല്ലാം കള്ളം ചെയ്യേണ്ടിവരുന്നവരാണ് മനുഷ്യ വർഗ്ഗമുൾപ്പെടെ എല്ലാ ജീവജാലങ്ങളും. അതിനാൽ മനുഷ്യകേന്ദ്രീകൃതവും സാംസ്കാരികവുമായ ഒരു പരിസരത്തിൽ നിന്ന് മാത്രമായി അതിനെ നോക്കിക്കാണാനാവില്ല. `Why we lie: The evolutionary roots of deception and the unconscious mind’ എന്ന പുസ്തകത്തിൽ സൈക്കോളജിസ്റ്റ് ഡേവിഡ് ലിവിങ് സ്റ്റൺ സ്മിത്ത് (David Livingstone Smith) ആരോഗ്യകരമായ ബൗദ്ധികാവസ്ഥയുടെ അടയാളമായാണ് സഹജമായ കപടതയെ (deceit) നെ വിലയിരുത്തുന്നത്.

ഒരു ജീവിയ്ക് ആഹാരം കിട്ടുന്നതിനും മറ്റൊന്നിന് ആഹാരമാകാതിരിക്കുന്നതിനും തിരിച്ചറിയപ്പെടാതെ പതുങ്ങിയിരിക്കേണ്ടതുണ്ട്. അങ്ങനെ ഇരകളായിത്തീരാതെ മറഞ്ഞിരുന്ന് രക്ഷപ്പെടാൻ ശേഷിയുള്ളവർ കൂടുതൽ അതിജീവിക്കുന്നു. അതിന് കഴിയാത്തവർ ഇല്ലാതാകുന്നു. വേട്ടയാടുന്ന ജീവിയും ഇരയുടെ അടുത്തേയ്ക് പതുങ്ങിയാണ് വരുന്നത്. അല്ലെങ്കിൽ ഇര ഓടി അകന്നു പോയേയ്കാം. ആഹാരം ജീവിച്ചിരിക്കുന്നതിന്റെ ആത്യന്തികമായ നിർണ്ണായകമാണ്. അതിനാൽ ഇരയെ കബളിപ്പിക്കുന്നതുള്ള കഴിവ് തന്നെയാണ് കൊല്ലാൻ വരുന്ന ജീവിയുടെയും അതിജീവന മന്ത്രം. ഇവിടെ ഒരേ സമയം ഇരയും വേട്ടക്കാരനായ ജന്തുക്കളും അന്യോന്യം കബളിപ്പിക്കുന്നു. അതിലെ വിജയിയാണ് സ്വാഭാവികമായും ജീവിച്ചിരിക്കുന്നത്. അങ്ങനെ ഏറ്റവും മികച്ച കളവുകാരൻ എന്നത് അതിജീവന ഘടകമായി തെരഞ്ഞെടുക്കപ്പെടുന്നു. 

നുണ പറയുക എന്നത് അതിനാൽ ഓരോരോ അവസരങ്ങളിലും വെവ്വേറെ തീരുമാനിക്കപ്പെടുന്ന ഒന്നായിരിക്കുകയില്ല. സഹജമായ അനുകൂലനമായതിനാൽ അത് സ്വഭാവികമായി സംഭവിക്കണം. നുണ പറയാൻ ആലോചിക്കേണ്ടതില്ല എന്നർത്ഥം. മറ്റൊരാൾക്ക് ദോഷം ഉണ്ടായ അവസരങ്ങളിൽ, തന്റെ വ്യക്തിത്വത്തിന് അനുകൂലമല്ല എങ്കിൽ, അല്ലെങ്കിൽ സമൂഹം അപമാനകരമായി കരുതുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിഷേധ പ്രതികരണം ഉറപ്പിക്കാവുന്ന ഒന്നാണ്. മറ്റ് ചിലപ്പോൾ ഇത് നേരെ വിപരീതമാണ്. ഒരാളുടെ ദൗർബല്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ അവർ സ്വയം ന്യായീകരിച്ചും പുകഴ്ത്തിയും ആയിരിക്കും പ്രതികരിക്കുന്നത്. ഈ നിഷേധവും പർവതീകരിക്കലും വ്യക്തിത്വത്തിന്റെ യഥാർത്ഥമായ പ്രതിഫലനമേയല്ല. കാരണം, പറയുന്ന കാര്യം കൃത്യമായി ശരിയാണോ എന്ന് കണക്ക് കൂട്ടുന്നതിന് മുൻപു തന്നെ ഒരാൾ സംസാരിച്ചു കഴിഞ്ഞിരിക്കും. കൊച്ച് കുട്ടികളാണെങ്കിലും നൊടിയിടയിലെ ആദ്യ പ്രതികരണം ഇത്തരം നുണ തന്നെ ആയിരിക്കും. 

`അശ്വത്ഥാമാവാഹത: രോവാകുഞ്ജരോവാ’ 

കുരുക്ഷേത്ര യുദ്ധത്തിൽ കൗരവരുടെ സൈന്യാധിപനായ ദ്രോണർ പാണ്ഡവസൈന്യത്തെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദ്രോണർക്ക് ഒരു പ്രത്യേക സിദ്ധിയുണ്ട്. ആയുധം കയിലുള്ളപ്പോൾ അദ്ദേഹം ശത്രുഭടന്മാർക്ക് അജ്ഞാതനായിരിക്കും. ആയുധം താഴെയിടുന്ന ഒരു സന്ദർഭത്തിലല്ലാതെ ദ്രോണരെ തൊടുക അസാധ്യമാണ്. ദ്രോണരുടെ മുന്നേറ്റം തടയാതെ നിവൃത്തിയില്ലെന്ന നിർണ്ണായകതയിൽ കൃഷ്ണൻ പാണ്ഡവർക്ക് ഒരു വിദ്യ ഉപദേശിക്കുന്നു. ദ്രോണരുടെ മകൻ മരിച്ചതായി ഒരു വാർത്തയുണ്ടാക്കുക എന്നതാണ് തന്ത്രം. കാരണം അദ്ദേഹത്തിന് ഒരേയൊരു ദൗർബല്യമുള്ളത് മകൻ അശ്വത്ഥാമാവിനോട് മാത്രമാണ്. വാർത്തയുടെ നടുക്കത്തിൽ ദ്രോണർ ഒരു നിമിഷമെങ്കിലും ആയുധങ്ങൾ താഴെവയ്കും എന്ന് കൃഷ്ണൻ കണക്ക് കൂട്ടുന്നു. സത്യസന്ധനായ യുധിഷ്ഠിരനെത്തന്നെയാണ് ഈ അസത്യം പറയുവാൻ കൃഷ്ണൻ ചുമതലപ്പെടുത്തുന്നത്. യുധിഷ്ഠിരനാകട്ടെ എത്ര വലിയ അപകടത്തിലും തന്റെ ധാർമ്മിക മൂല്യങ്ങൾ ബലി നൽകുന്ന ഒരാളുമല്ല. യുധിഷ്ടിരന്റെ ധാർമ്മികത നിലനിർത്തുവാൻ ഒടുവിൽ യുദ്ധക്കളത്തിലെ അശ്വത്ഥാമാവ് എന്ന പേരുള്ള ഒരു ആനയെ ഭീമൻ കൊല്ലുന്നു. 

`അശ്വത്ഥാമാവ് കൊല്ലപ്പെട്ടിരിക്കുന്നു’. ദ്രോണർ യുധിഷ്ഠിരന്റെ അടുത്തേയ്ക് ഓടിയെത്തി ഇത് സത്യമാണോയെന്ന് ആരായുന്നു. യുധിഷ്ഠിരന് മറുപടി പറയുവാൻ പ്രയാസമുണ്ടായില്ല. `അശ്വത്ഥാമാവ് മരിച്ചു’, ഒന്ന് നിർത്തിയ ശേഷം യുധിഷ്ഠിരൻ രണ്ടാം ഭാഗം മെല്ലെ പറഞ്ഞു, `പക്ഷേ അത് മനുഷ്യനോ ആനയോ എന്ന് എനിക്ക് നിശ്ചയമില്ല’. രണ്ടാമത്തെ ഭാഗം പുറത്ത് കേൾക്കാതിരിക്കുവാൻ വാദ്യസംഘത്തിന്റെ പെരുമ്പറകളുടെ ശബ്ദകോലാഹലവും കൃഷ്ണൻ ഉപയോഗിക്കുന്നു. പ്രതീക്ഷിച്ചിരുന്നത് പോലെ ആയുധങ്ങൾ നിലത്ത് വച്ച് ഒരു നിമിഷത്തേയ്ക് മകന്റെ വീരമരണത്തെ സ്മരിച്ച് ധ്യാനനിരതനായി ദ്രോണർ ഇരുന്നു. ധൃഷ്ടദ്യുമ്നൻ, പാണ്ഡവരുടെ സേനാനായകൻ, ആ നൊടിയിടയിൽ ത്തന്നെ ദ്രോണരുടെ തല ഛേദിച്ചു കഴിഞ്ഞിരുന്നു. 

ധർമ്മ- അധർമ്മങ്ങളുടെ യുദ്ധത്തിൽ ആത്യന്തികമായി ധർമ്മം വിജയിക്കേണ്ടതുണ്ട്. അവയ്കിടയിലെ വിട്ടുവീഴ്ചകൾ പരിഗണിക്കേണ്ടതില്ല എന്നാണ് ഭഗവാന്റെ തന്നെ അവതാരം കൂടിയായി കണക്കാക്കുന്ന ശ്രീകൃഷ്ണൻ സൂചിപ്പിക്കുന്നത്. ഈ അനിവാര്യത, ഒരു പ്രതിസന്ധിയെ അതിജീവിക്കുക എന്നത് അസത്യത്തിന്റെ അധാർമ്മികതയെ പോലും സാധൂകരിക്കുന്നു. തന്റെ മകനായ അശ്വത്ഥാമാവ് കൊല്ലപ്പെട്ടോ എന്ന് മാത്രമാണ് ദ്രോണരുടെ അന്വേഷണമെന്ന് യുധിഷ്ഠിരന് വ്യക്തതയുണ്ട്. അതിന് മറുപടിയായി അസാന്ദർഭികമായ ആനയുടെ മരണം അദ്ദേഹത്തോട് പറയേണ്ടതില്ല. മരിച്ചത് ആനയാണെന്നും മുൻ കൂട്ടി അറിയാമായിരുന്നു. ആലോചിച്ചുറപ്പിച്ച് പറഞ്ഞതിനാലാണ് ഇതിലെ സത്യസന്ധതയുടെ ആർജ്ജവം ചോദ്യം ചെയ്യപ്പെടുന്നത്. ഈ മുൻകൂർ അറിവാണ് നുണയെയും പിഴവും (mistakes) വ്യതിരിക്തമാക്കുന്നത്. പിഴവുകൾ അശ്രദ്ധമൂലമുള്ളവയാണ്, മനപൂർവമല്ല. 

നിർബന്ധിതമായ സാഹചര്യങ്ങളിൽ മറ്റുള്ളവരോട് നുണ പറയാവുന്നതാണ്, അതേ സമയം പറയുന്നത് നുണയാണെന്ന് സ്വയം വിശ്വസിക്കാതിരിക്കുക എന്നതിലൂടെയാണ് യുധിഷ്ഠിരന്റെ ധാർമ്മികതയെ സംരക്ഷിച്ചിരിക്കുന്നത്. ഇങ്ങനെ സ്വയം വിശ്വസിക്കാൻ കഴിയണമെങ്കിൽ അവനവന്റെ മസ്തിഷ്കത്തെപ്പോലും കബളിപ്പിക്കേണ്ടതുണ്ട്.

മുച്ചീട്ടുകളി

നുണ പറയുമ്പോൾ മനുഷ്യ ശരീരത്തിൽ ചില പ്രകടതകൾ പലപ്പോഴും നിയന്ത്രണാതീതമാകും. വിയർക്കുക, ശബ്ദത്തിലുണ്ടാകുന്ന ഇടർച്ചയും ഉയർച്ചയും, മൂക്ക് വിറയ്ക്കുക, കണ്ണുകളുടെ ദ്രുതമായ ചലനം, അമിതമായ ഇമവെട്ടൽ എന്നിങ്ങനെ. നുണയാണെന്ന് അറിയുന്നതിനാൽ അത് കണ്ടുപിടിക്കപ്പെടുമെന്ന ആശങ്കകൂടി കൊണ്ടായിരിക്കാം അനിച്ഛാപൂർവമായ ഇത്തരം പ്രതിഫലനങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇത് ഒഴിവാകണമെങ്കിൽ അസത്യമായി കരുതപ്പെടുന്ന ഒന്നിനെ, ഒരാൾ സ്വയം വിശ്വസിക്കേണ്ടതുണ്ട്, ആദ്യം. എങ്കിൽ മാത്രമേ ഈ വൈകാരികതകൾ ഫലപ്രദമായി മറച്ച് വയ്കപ്പെടുകയുള്ളു. മറ്റൊരാളെ വിശ്വസിപ്പിക്കണമെന്ന നുണയുടെ വിജയത്തിന് ഇത് അത്യന്താപേക്ഷിതമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നുണ പറയുമ്പോൾ ഒരാൾക്ക് മറ്റുള്ളവരെ മാത്രമല്ല കബളിപ്പിക്കേണ്ടി വരുന്നത്, അവരവരെപ്പോലുമാണ്. ഈ ആത്മവഞ്ചന (self- deception) മൂലമാണ് അസത്യമെന്ന് സ്വയം അറിയാവുന്ന വസ്തുതകളെപ്പോലും ഒരാൾ സൗകര്യപൂർവം ന്യായീകരിക്കുന്നത്.

മുച്ചീട്ടുകളി മറ്റുള്ളവരെ കബളിപ്പിക്കുകയും ഒപ്പം ആത്മവഞ്ചനയും നടത്തുന്നതിന്റെ ഉദാഹരണമാണ്. തന്റെ കയ്യിലുള്ളതിന്റെ മൂല്യം എത്രയാണെന്ന് ഊഹിക്കുന്നതിൽ നിന്നും എതിർ കളിക്കാരനെ കബളിപ്പിക്കുകയാണ് മുച്ചീട്ടുകളിയിൽ പരീക്ഷിക്കപ്പെടുന്നത്. സ്വയം വെളിപ്പെടാതിരിക്കുവാൻ ശ്രമിക്കുന്നതിനൊപ്പം എതിരാളിയുടെ ചലനങ്ങളും, ആംഗ്യവും, ഇരിപ്പും, ഭാവഭേദങ്ങളും മറ്റെയാൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്. ഒരാൾ കബളിപ്പിച്ചിരിക്കുന്ന ചീട്ടുകളുടെ യഥാർത്ഥ മൂല്യം എത്രയായിരിക്കാമെന്ന് മറ്റെയാൾ ഊഹിക്കാൻ ശ്രമിക്കുന്നു. ഇതിന് കഴിയുന്നത്, തന്റെ തന്നെ ഉള്ളിലെ അബോധ മനസ്സിനെ വിശകലനം ചെയ്യുവാൻ മനുഷ്യന് സാധ്യമാണ് എന്നത് കൊണ്ടാണ്. സ്വാർത്ഥ നേട്ടങ്ങൾക്കായി ഒളിപ്പിച്ചു വച്ചിട്ടുള്ള ഈ മാനസിക പരിമാണത്തിലൂടെ (Machiavellian module) തന്നെയാണ് എതിരാളിയുടെ മനസ്സിലേയ്കും എത്തി നോക്കുന്നത്. രണ്ടും ഒരുപോലെ തന്നെയാവും പ്രവർത്തിക്കുന്നത്. അതായത്, സ്വന്തം കള്ളത്തെ അറിയുന്നത് കൊണ്ടാണ് അന്യന്റെ കള്ളത്തെ ഊഹിക്കാനും കഴിയുന്നത്. ഈ കളിയിലെ ബോധവും അബോധവും, യാഥാർത്ഥ്യത്തെയും നുണയെയും വിശകലനം ചെയ്യുന്നത് പോലെയാണ് മനുഷ്യൻ മറ്റെല്ലാ സന്ദർഭങ്ങളിലും നിലപാടുകൾ ഒരുക്കുന്നതും.

നമ്മുടെ ചിന്താശേഷിയുടെ ഭൂരിഭാഗവും അബോധമായ (Unconscious) ഒന്നാണെന്ന് സ്മിത്ത് വിശദീകരിക്കുന്നു. ബോധമനസ്സിന്റെ (Conscious Mind) നിയമപരിമിതികളുടെ റഡാർ സ്കാന്നിംഗിന് കീഴെയാണ് അത് പ്രവർത്തിക്കുന്നത്. ഭൂരിഭാഗവും ബോധമസ്തിഷകം വിശകലനം ചെയ്യുമ്പോഴേക്കും ചിന്തകൾ രൂപപ്പെട്ടു കഴിഞ്ഞിരിക്കും. മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിൽ ആണെങ്കിൽ കൂടിയും. അബോധമായ ചിന്തയായത് കൊണ്ടാണ് കുട്ടികൾ പോലും സഹജമായി നുണകൾ പറഞ്ഞുപോകുന്നതിന്റെ കാരണം.

ചായക്കട

ഒരു ആക്രമണകാരിയായ ജീവിയുടെ വരവിനെ സൂചിപ്പിക്കുന്ന മിക്ക ജീവികളുടെയും വിളികൾ മുതൽ സങ്കീർണ്ണമായ മനുഷ്യഭാഷ വരെയുള്ള ആശയവിനിമയ രീതികളെല്ലാം പ്രതീകാത്മകമായ ഉപായങ്ങളാണ്. ഇവയുടെ കുറെക്കൂടി സമർത്ഥമായ വിപുലീകരണമാണ് പരദൂഷണങ്ങൾ (gossiping). മനുഷ്യഭാഷയുടെ ആദ്യ വികാസം തന്നെ പരദൂഷണങ്ങളിലൂടെയാണെന്ന സിദ്ധാന്തങ്ങളുണ്ട് (റോബിൻ ഡൻബർ). പ്രൈമറ്റുകൾ പേൻ നോക്കുന്നത് പോലുള്ള grooming ലൂടെയും, മനുഷ്യൻ പരദൂഷണത്തിലൂടെയും ബന്ധങ്ങൾ സുദൃഢമാക്കിയെടുക്കുന്നു. അസാന്നിധ്യമുള്ള വ്യക്തിയെയോ സന്ദർഭത്തെയോ ആയിരിക്കും പരദൂഷണത്തിൽ പരാമർശിക്കുന്നത്. ഇത് ഒരു തന്ത്രം മാത്രമാണ്. യഥാർത്ഥത്തിൽ, ആ വ്യക്തിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ കേൾക്കുന്നയാളിന്റെ പ്രതികരണം മനസ്സിലാക്കുക മാത്രമാണ് ഉദ്ദ്യേശിക്കുന്നത്. 

വിവാദമായ ഒരു രാഷ്ട്രീയ-സാമൂഹ്യപ്രശ്നമായിരിക്കാം ചർച്ച ചെയ്യുന്നത്. അമൂർത്തമായ ഒരു പ്രതീകത്തിന്റെ സ്ഥാനമേ ഇതിനുള്ളു. കേൾക്കുന്ന വ്യക്തി ശരിവയ്കുകയോ എതിർക്കുകയോ ചെയ്യുന്ന സൂചനയിൽ നിന്നും പരസ്പരം അംഗീകരിക്കാവുന്ന മേഖലകൾ ഇരുവരും കണ്ടെത്തുന്നു. ആത്യന്തികമായി മറ്റൊരാളെ തന്റെ മിത്രമായി പരിഗണിക്കാനാവുമോയെന്ന അന്വേഷണം മാത്രമാണിത്.  ഇങ്ങനെ ഒരു വക്രവഴി തിരഞ്ഞെടുക്കുന്നതിന് കാരണം നേരെയുള്ള ഒരു ചോദ്യത്തിന് വിശ്വസിക്കാവുന്ന ഉത്തരം സഹജമായ നുണകളുമാകാമെന്ന സന്ദേഹമാണ്. പകരം വ്യംഗ്യമായ (indirect) സൂചനകളിലൂടെ മറ്റൊരാളുടെ മനോഭാവം ക്രമാനുഗതമായി പരദൂഷണങ്ങളോടുള്ള പ്രതികരണങ്ങളിൽ പ്രത്യക്ഷമാകും. ചായക്കടകൾ പോലെ ആളുകൾ കൂടുന്നിടത്ത് പരദൂഷണങ്ങളുടെ കൂമ്പാരമായ പത്രവാർത്തകൾ സംസാരവിഷയമാകുന്നത് മറ്റൊരാളുടെ മനസ്സ് വായിക്കുന്നതിനുള്ള ആർത്തി കൊണ്ടാണ്. കാരണം ഒരേ സമയം നിരവധി പേരുടെ ഉള്ളിലിരുപ്പ് അറിയാനുള്ള എളുപ്പമാർഗ്ഗമാണ് ചായക്കട ചർച്ചകൾ. തങ്ങൾക്ക് നേരിട്ട് ബന്ധമില്ലാത്ത സംഭവങ്ങളെക്കുറിച്ച് ഒന്നിലധികം പേരുടെ അഭിപ്രായങ്ങൾ അന്വേഷിക്കുന്ന ടെലിവിഷൻ ചർച്ചകളിൽ കൗതുകമുണ്ടാകുന്നതും പരദൂഷണത്തോടുള്ള ആഭിമുഖ്യമാണ്. ടെലിവിഷൻ സീരിയലുകളും ഗോസിപ്പുകൾ നിറഞ്ഞ പത്ര വാർത്തകളോടുമുള്ള മനുഷ്യന്റെ അമിതമായ അഭിനിവേശത്തിന് കാരണവും മറ്റൊന്നല്ല. സമൂഹമായി ജീവിക്കുമ്പോൾ ആഹാരത്തിനും പ്രത്യുല്പാദനപരവുമായ പ്രതിസന്ധികളിലും ചതിക്കില്ലെന്ന്  ഉറപ്പുള്ളവരെ മുൻ കൂട്ടി മനസ്സിലാക്കേണ്ടതുണ്ട്. ഈ കണ്ടെത്തലുകൾ കുറ്റമറ്റതാക്കുന്നതിനാണ് പരദൂഷണമെന്ന അമൂർത്തതയെ മനുഷ്യൻ ഉപയോഗിച്ച് പോരുന്നത്. മറ്റുള്ളവർ ഒളിപ്പിച്ചിരിക്കുന്ന ശരിയായ വ്യക്തിത്വം ഇതിലൂടെ കത്തുന്നു. വീണ്ടും വീണ്ടും ഇത് തുടരുന്നതിന് കാരണം സന്ദർഭങ്ങൾ മാറുന്നതിനനുസരിച്ച് മിത്രം ശത്രുവാകുകയും ശത്രുവായിരുന്നയാൾ പൊതുശത്രുവിനെതിരെ യോജിക്കുകയും പ്രത്യുല്പാദനബന്ധങ്ങളിലെ താല്പര്യങ്ങളിൽ മാറ്റമുണ്ടാവുകയും ചെയ്യുന്നത് കൊണ്ടാണ്.

പോളിഗ്രാഫ്

ആത്മവഞ്ചനയുടെ (self- deception) മുഖമുദ്ര എന്നത് കബളിപ്പിക്കൽ നിഷേധിക്കുന്നു എന്നതാണ്. ഏറ്റവും സ്വകാര്യമായ ചിന്തകൾ മുതൽ വലിയ പരസ്പര സംഘട്ടനങ്ങൾ വരെയുള്ള ജീവിതഘട്ടങ്ങളിലെല്ലാം ആത്മവഞ്ചനയുടെ അനുരണനങ്ങളുണ്ട്. നൈസർഗ്ഗികവും നിരന്തരവുമായി നേരു പറയുന്നവരോ മറിച്ച് നുണ പറയുന്നവരോ ആയി രണ്ട് അവാന്തരങ്ങളില്ല. പ്രഖ്യാപിതനായ ധർമ്മിഷ്ഠനുമില്ല, വഞ്ചകനും ഇല്ല. ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ ചില സന്ദർഭങ്ങളിൽ ചിലതും മറ്റ് ചിലപ്പോൾ എതിർധ്രുവവും എല്ലാവരിലും തെളിയുന്നു എന്ന് മാത്രം. സാഹചര്യം മാറുന്നതിനനുസരിച്ച് നുണകൾ താരതമ്യേന നിർദ്ദോഷകരവും മറ്റൊരിക്കൽ ഹാനികരവും ആയിത്തീരുന്നു.

അമേരിക്കൻ വിമാനമായ Air florida flight 90 അപകടത്തിൽ പെട്ട് വൻ ദുരന്തത്തിന് കാരണമാകുന്നത് പൈലറ്റുകൾ സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കാത്തത് കൊണ്ടായിരുന്നു. മസ്തിഷ്കം രൂപപ്പെടുത്തിയ ആത്മ വഞ്ചനയുടെ ഇരകളായത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് Robert Trivers and Huey P. Newton എന്നിവർ പിന്നീട് ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടുണ്ട്. അപകടത്തിന് ശേഷം ലഭിച്ച ബ്ലാക്ക് ബോക്സിൽ നിന്നും രണ്ട് പൈലറ്റുകളുടെയും സംഭാഷണത്തെയാണ് പഠനവിധേയമാക്കിയത്. മാറി മാറി ഇരുവരും അബോധമായ ആത്മവിശ്വാസത്തിന്റെയോ സ്വയം ഇകഴ് ത്തലിന്റെയോ ആത്മവഞ്ചനയിൽ അടിപെട്ടു പോവുകയായിരുന്നു. സ്വന്തം മസ്തിഷ്കത്താൽ പറ്റിക്കപ്പെടുകയായിരുന്നു എന്ന് അവരുടെ ബോധമനസ്സ് തിരിച്ചറിയുമ്പോഴേയ്കും അനിവാര്യമായ ദുരന്തം വിമാനത്തെ തേടിയെത്തിക്കഴിഞ്ഞിരുന്നു. രണ്ട് പൈലറ്റുമാരുമുൾപ്പെടെ എഴുപതോളം പേരും കൊല്ലപ്പെട്ടു. 

മറ്റുള്ളവരെ കബളിപ്പിക്കുന്നത് കൊണ്ട് ഗോത്രപരമായ അനുകൂലനങ്ങൾ ഉണ്ട്. മറ്റൊരു ഗ്രൂപ്പിലുള്ളവരാൽ കബളിക്കപ്പെടാതിരിക്കാൻ നുണയും ആത്മവഞ്ചനയും ഗുണകരമാണ്. എന്നാൽ ഒരു ഗ്രൂപ്പിനുള്ളിൽ ഒരു പരിധി കടന്നുള്ള ആത്മവഞ്ചന അപകടകരവുമാണ്. ആത്മവഞ്ചന പ്രോൽസാഹിക്കപ്പെടുന്നത് ഗ്രൂപ്പിനുള്ളിൽ അനാവശ്യമായ വിശ്വാസക്കുറവ് ഉണ്ടാകുന്നതിനെ മാത്രമേ സഹായിക്കുകയുള്ളു. അങ്ങനെ അനുനിമിഷവും നിർബാധവും വഞ്ചന തുടർന്നിരുന്നെങ്കിൽ സമൂഹങ്ങൾ താറുമാകുമായിരുന്നു (chaotic) എന്നതിൽ സംശയമില്ല. ഇന്ന് കാണുന്നത്ര വിപുലവും സങ്കീർണ്ണവുമായ മനുഷ്യസമൂഹം വികസിച്ച് വരുക അസാധ്യമാണ്. അതായത്, ഒരു പരിധി കടന്നുള്ള വഞ്ചനകളോട് അവഗണനാപരമായ സമീപനം സമൂഹങ്ങൾ കൈക്കൊണ്ടിരുന്നില്ല എന്ന് വേണം കരുതുവാൻ. രണ്ട് കാരണങ്ങൾ ഇതിന്റെ അടിസ്ഥാനങ്ങളായി പ്രവർത്തിച്ചിരിക്കണം. ഒരുമിച്ച് നിൽക്കേണ്ടതിനാൽ ഓരോരുത്തരുടെയും താല്പര്യങ്ങളിൽ കൂടുതൽ സമാനതകൾ പ്രകടമാകാൻ തുടങ്ങും. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കൂടി സത്യമെന്ന നിലയിൽ പരിഗണിക്കുന്നതിന് ഇത് ഫലപ്രദമാണ്. മറ്റൊന്ന്, ആത്മവഞ്ചനയുടെ ബോധപൂർവമായ ശുദ്ധീകരണമാണ്. ധാർമ്മികതയുടെ (morality) ഭാഗമായി ചുമത്തപ്പെടുന്ന സ്വയം പ്രതിരോധവും നിയമപരമായ ശിക്ഷകളും ആണിത്. മനുഷ്യനെ കൂടാതെ കൂട്ടമായി ജീവിക്കുന്ന പല ജീവി വർഗ്ഗങ്ങളിലും പൊതുവായ വിശ്വാസം തെറ്റിക്കുന്നവരെ (cheat) ഒറ്റപ്പെടുത്താറുള്ളതായി കാണാം. 

എന്നാൽ സത്യ- അസത്യങ്ങളെ വാക്കുകളിൽ നിന്നും കണ്ടെത്തുക പ്രയാസകരമായ ഒന്നാണ്. പല പ്രാചീനസമൂഹങ്ങളും കള്ളം പറയുന്നത് കണ്ടെത്തുന്നതിന് അതിനിഷ്ഠൂരമായ മാർഗ്ഗങ്ങളാണ് അവലംബിച്ചിരുന്നത്. നിരപരാധികളായവർ ഒരു പക്ഷേ പീഡനങ്ങൾ സഹിക്കാനാവാതെ കുറ്റം ഏറ്റുപറയേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ടാവാം. ലോക്കപ്പ് പീഡനവും കസ്റ്റഡി മരണങ്ങളുമെല്ലാം കള്ളം തെളിയിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും ഉണ്ടായിട്ടുണ്ട്. ഇന്ന് ഇത്തരം പീഡനങ്ങൾ ഒരു ആധുനിക സമൂഹവും അനുവർത്തിക്കുന്നില്ല. പകരം `പോളിഗ്രാഫ്’ പോലുള്ള ടെസ്റ്റുകളാണ് ഇന്ന് സാധാരണയായി മറ്റ് തെളിവുകൾക്കൊപ്പം പരിഗണിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥിയായിരിക്കേ 1921ൽ ജോൺ അഗസ്റ്റസ് ലാർസൺ ആണ് ഇത്തരം ഒരു സാധ്യത അവതരിപ്പിക്കുന്നത്. നുണ പറയുന്ന സന്ദർഭങ്ങളിൽ ഉപബോധപ്രവർത്തനങ്ങളായ (involuntary) ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, രക്ത സമ്മർദ്ദം, പേശികളുടെ ചലനങ്ങൾ എന്നിവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ് ഇതിൽ കണക്കിലെടുക്കുന്നത്. ഇൻഡ്യയിൽ `ബ്രെയിൻ മാപ്പിംഗ്’,  മരുന്നുകൾ ഉപയോഗിച്ചുള്ള `നാർകോ അനാലിസിസ്’ എന്നിവ അംഗീകരിക്കുന്നില്ലെങ്കിലും പോളിഗ്രാഫ് പരിശോധന നിയമവിധേയമാണ്.

നുണകൾ പറയുമ്പോൾ, ഒപ്പം ആത്മവഞ്ചനയ്ക് കൂടി കഴിയുന്നില്ലെങ്കിൽ ഈ അബോധ വ്യത്യാസങ്ങൾ രേഖപ്പെടുന്നാവുന്ന തരത്തിൽ പ്രകടമാകും. ആത്മവഞ്ചന അനുഭവങ്ങളിലൂടെ പരിശീലിച്ചെടുക്കാവുന്നതാണ് എന്ന ഒരു വാദമുണ്ട്. അങ്ങനെയാണെങ്കിൽ ഈ പരിശോധനകൾ പോലും കബളിപ്പിക്കപ്പെട്ടേയ്കാം. മാത്രമല്ല, `compulsive lying’ എന്ന, മനപൂർവമല്ലാത്ത ഉൾപ്രേരണയാൽ അനുനിമിഷം നുണ പറയുന്ന ചില മനോരോഗങ്ങളുണ്ട്. വളരെ സങ്കീർണ്ണമായ ഇത്തരം രോഗമുള്ളവരെയോ മനോവിഭ്രാന്തിയിലുള്ളവരുടെയോ നുണകൾക്കും ഈ പരിശോധനകളെ അതിജീവിക്കാനാവും. അതിനാൽ ഇവയുടെ വിശ്വാസ്യതയും ശാസ്ത്രീയതയും തർക്കരഹിതമായ ഒന്നല്ല. 

കോടതികൾ പോലെ സത്യവാങ്മൂലം (oath) സമർപ്പിക്കുന്ന സ്ഥാപനങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് പലപ്പോഴും പരിഗണിക്കപ്പെടുന്ന വിഷയത്തിന്റെ അന്തിമ തീരുമാനങ്ങളെ മാറ്റിമറിച്ചേയ്കാം. അതുകൊണ്ട് വ്യക്തിപരമായ കബളിപ്പിക്കലുകൾക്കതീതമായ സാമൂഹിക മാനം ഇവയ്ക് കല്പിക്കുന്നു. മിക്ക രാഷ്ട്രങ്ങളും ജനാധിപത്യ സഭയിലും ജുഡീഷ്യറിയിലും നുണ പറയുന്നത് കഠിനമായ ശിക്ഷാ നിയമങ്ങളാൽ (perjury) പ്രതിരോധിച്ചിരിക്കുന്നു. കാനഡയിൽ പതിനാലും ബ്രിട്ടണിൽ ഏഴും വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഒന്നാണ് ഇത്തരം നുണ പറച്ചിലുകൾ. എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായിരുന്ന ജെഫ്രി ആർച്ചർ കോടതിയിൽ മുൻപ് നടത്തിയ ഒരു കള്ള സത്യവാങ്മൂലത്തിന് 2001 ൽ നാലുവർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. അതോടെ രാഷ്ട്രീയത്തിലേയ്കുള്ള മടങ്ങി വരവും അസാധ്യമായി. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റനെ അമേരിക്കൻ പാർലമെന്റിൽ ഇംപീച്ച് ചെയ്തതും ഒരു അസത്യ പ്രഖ്യാപനത്തിന്റെ പേരിലായിരുന്നു. പല രാജ്യങ്ങളിലും കുറ്റകൃത്യങ്ങൾക്ക് മാത്രമല്ല, കുറ്റകൃത്യം കോടതിയിൽ തുടക്കത്തിൽ നിഷേധിച്ച് കള്ളം പറയുന്നതിനും അധികശിക്ഷ ലഭിച്ചേയ്കാം. ഇൻഡ്യയിൽ ഒരു കേസു പോലും കള്ളസത്യത്തിന്റെ പേരിൽ ശിക്ഷിച്ചതായി അറിവില്ല. നുണകളുടെ ബഹുലതകൾക്ക് പിന്നാലെ സമൂഹം ഒന്നടങ്കം വലിച്ചിഴയ്കപ്പടുന്ന സമകാലീന അവസ്ഥകൾക്ക് ഈ നിയമങ്ങൾ കർശനമാകുന്നത് ഒരു പ്രതിവിധിയായേക്കാം.

മനുഷ്യനുയുൾപ്പെടെ എല്ലാ ജീവിവർഗ്ഗത്തിന്റെയും നിലനില്പിനെ സഹായകരമാക്കുന്നതിനാൽ കബളിപ്പിക്കൽ അടച്ചാക്ഷേപിക്കപ്പെടേണ്ട ഒരു തെറ്റല്ല എന്ന് മാത്രമല്ല, സ്വാഭാവികവും സാമൂഹികവുമായ ചുറ്റുപാടുകളോട് മൽസരിച്ച് മുന്നോട്ട് പോകുവാൻ ഒരു ജീവിയെ പ്രാപ്തമാക്കുക കൂടി ചെയ്യുന്നുണ്ട്. ഈ ജൈവരീതിയുടെ ഭാഷാപരമായ വിപുലീകരണമാണ് നുണ പറയുക എന്നതും. നുണ പറയുന്നത് പ്രകൃതി നിർദ്ധാരണത്തിലൂടെ നമ്മളിൽ നിക്ഷേപിക്കപ്പെട്ട സുദൃഢമായ ഒരു അനുകൂലനമാണ്. മനുഷ്യരിൽ മാത്രം സാംസ്കാരികമായി രൂപപ്പെട്ട വിഭിന്നതയല്ല എന്ന തിരിച്ചറിവ് നുണകളെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ പരിഗണിക്കുന്നതിന് സഹായകരമാവും. കാരണം പതുങ്ങിയിരിക്കുന്ന വഞ്ചകരുടെയും ആത്മവഞ്ചകരുടെയും കൂമ്പാരം തന്നെയാണ് എല്ലാ മനുഷ്യസമൂഹങ്ങളും. ഇത്ര സർവസാധാരണമായ സഹജവാസന തെറ്റായി കരുതപ്പെടുന്നത് പിന്നെ എന്തുകൊണ്ടാണ്? 

ഒരുമിച്ചല്ലാതെ ജീവിക്കുക മനുഷ്യന് അസാധ്യമായിരിക്കും. കൂട്ടമായി ജീവിക്കുന്നതിന്റെ അനിവാര്യത പരസ്പര വിശ്വാസമാണ്. അനിയന്ത്രിതമായ നുണകൾ ഈ വിശ്വാസത്തെ സാരമായി വൃണപ്പെടുത്തും. ശക്തമായ നൈസർഗ്ഗിക പിന്തുണയുള്ള കബളിപ്പിക്കൽ തടയുക എളുപ്പവുമല്ല. നുണയുടെ ആധിക്യത്തെ പ്രതിരോധിക്കുവാൻ മനുഷ്യസമൂഹങ്ങൾ ആശ്രയിക്കുന്നത് ധാർമ്മികത എന്ന ഒരു അമൂർത്ത പ്രതീകത്തെ മാത്രമാണ്. നുണകൾക്കുമുണ്ട് ആപേക്ഷികമായ പരിശുദ്ധിയും കപടതയും. ചിലത് ധാർമ്മികവും മറ്റ് ചിലത് അധാർമ്മികവും ആയി വേർതിരിയുന്നു, അസ്പഷ്ടമാണെങ്കിൽ പോലും. ഇവിടെ ധാർമ്മിക മൂല്യം വ്യക്തികൾക്ക് സ്വയം നിശ്ചയിക്കാവുന്ന ഒന്നല്ല. പകരം, അതിന് വിപരീതമായി, എല്ലാ വ്യക്തികൾക്കും മേൽ സമൂഹം കർക്കശമാക്കുന്ന പൊതുസമ്മതമായ വ്യവസ്ഥയാണ്. നിർദ്ദോഷമായവ നിലനിർത്തുമ്പോഴും ഗൗരവമേറിയ നുണകളെ ഒറ്റപ്പെടുത്തലുകളിലൂടെയും ശിക്ഷകളിലൂടെയും അത് തിരസ്കരിക്കുന്നു. പ്രത്യേക സാഹചര്യങ്ങളിൽ സ്വന്തം താല്പര്യങ്ങൾ ഉപേക്ഷിക്കുന്നതിന് ഇത് വ്യക്തികൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. അതിലൂടെയാണ് പരസ്പര സഹകരണവും സ്വാസ്ഥ്യവും സമൂഹത്തിൽ ഉറപ്പുവരുത്തുന്നത്. അയഥാർത്ഥമാണെങ്കിൽ പോലും, ധാർമ്മികത ഉയർത്തിപ്പിടിക്കുന്നതിന് എല്ലാ സംസ്കാരങ്ങളും അതിനാൽ നിർബന്ധിതമാകുന്നു. നുണകൾ നിലനിൽക്കുമ്പോഴുള്ള കാലുഷ്യവും പരോക്ഷമായി നിഴലിക്കുന്നുണ്ടെങ്കിലും ബുദ്ധന്റെ വാക്കുകൾ ആശ്വാസദായകമാണ്. `മൂന്ന് കാര്യങ്ങൾ അനേക കാലയളവുകളോളം മറഞ്ഞിരിക്കുകയില്ല. സൂര്യൻ, ചന്ദ്രൻ, പിന്നെ സത്യവും’.

അജിത് കുമാർ ജി

Blogs