ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കോംഗോയുടെ (Congo)ചിത്രങ്ങൾ വൻതുകയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. അമേരിക്കയിൽ നിന്നുള്ള അതിപ്രശസ്ത ചിത്രകാരൻ ആൻഡി വാർഹോൾ (Andy Warhil), ഫ്രഞ്ച് ഇമ്പ്രഷനിഷനിസ്റ്റ് ചിത്രകാരനായ റെനോ (Renoir) എന്നിവരുടേത് ഒന്ന് പോലും വില്പന നേടിയില്ല. 2005 ൽ ലണ്ടനിലെ ബോൺഹംസിൽ (Bonhams) നടന്ന ലേലത്തിൽ കോംഗോയുടെ മൂന്ന് ചിത്രങ്ങൾക്ക് 25000 അമേരിക്കൻ ഡോളർ ലഭിച്ചു. 1964 ൽ അന്തരിച്ച കോംഗോ ജീവിച്ചിരിക്കവേ തന്നെ നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പ്രശസ്തിയുടെ കാര്യത്തിലും മോശക്കാരനല്ല. സ്പാനിഷ് ചിത്രകാരനായ പാബ്ലോ പികാസോയുടെ ചുവരുകളെ അലങ്കരിച്ചവയിൽ അദ്ദേഹത്തിന് സമ്മാനമായി ലഭിച്ച കോംഗോയുടെ ഒരു ചിത്രവും ഉൾപ്പെട്ടിരുന്നു.
കോംഗോ പക്ഷേ മനുഷ്യവിഭാഗത്തിൽപ്പെട്ട ചിത്രകാരനായിരുന്നില്ല. ഡെസ്‌മണ്ട് മോറിസ്സ് (Desmond Morris) എന്ന ജന്തുശാസ്ത്രജ്ഞന്റെ പരീക്ഷണശാലയിലെ ഒരു ചിമ്പാൻസിയാണ് കോംഗോ. ഡെസ്മ്ണ്ട് മോറിസ്സിന്റെ ‘നേക്കഡ് ഏപ്’ എന്ന പുസ്തകം വളരെ പ്രസിദ്ധമായ ഒന്നാണ്. ആഫ്രിക്കൻ കാടുകളിൽ നിന്നുമാണ് ഒരു വയസ്സ് പ്രായത്തിൽ കോംഗോയെ ലണ്ടനിലേക്ക് കൊണ്ടു വരുന്നത്. 1955 ൽ. അന്ന് ഒരു കൈയിൽ പെൻസിൽ കൂട്ടിക്കെട്ടി വച്ച് മോറിസ് കടലാസ്സുകൾ നൽകി. കോംഗോ പെൻസിൽ കടലാസ്സിലമർത്തി പ്രത്യേക രൂപമൊന്നുമില്ലാതെ കുനുകുനെ വരഞ്ഞു. അവന്റെ ആദ്യചിത്രം അങ്ങനെയാണുണ്ടായത്. ഘട്ടം ഘട്ടമായി അവൻ ബ്രഷുകളും നിറങ്ങളും കൊണ്ട് ക്യാൻവാസ് രചനകളിലേക്ക് കടന്നു. ഇതേ കാലത്ത് തന്നെ ബാൾട്ടിമോർ ബെറ്റ്സി (Baltimore Betsy) എന്ന പെൺചിമ്പാൻസി സമാനമായ വരകളിലൂടെ ടെലിവിഷൻ പ്രോഗ്രാമുകളിൽ പ്രത്യക്ഷപ്പെടുമായിരുന്നു. ഇരുവരും ചേർന്ന് രചിച്ച 20 ഓളം ചിത്രങ്ങൾ 1957 ൽ ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടമ്പററി ആർട്ടിൽ വിജയകരമായി പ്രദർശിപ്പിക്കപ്പെട്ടു.
കുട്ടികൾക്കായുള്ള ഒരു കസേരയിലിരുന്നാണ് കോംഗോയുടെ ചിത്രമെഴുത്ത്. ചെമ്മണ്ണിന്റേതിന് തുല്യമായ ഒരു ബ്രൗൺ നിറത്തിനോടാണ് ഏറെ പ്രിയം. പല നിറങ്ങൾ ചേർത്ത ബ്രഷുകൾ നൽകിയാൽ കോംഗോ അവയെ മിശ്രണം ചെയ്ത് ബ്രൗൺ നിറത്തിലേക്ക് എത്തിക്കും. ചിത്രരചനയ്ക്കിടയിൽ വളരെ ഗൗരവമാണ്. വര പൂർത്തിയാകുന്നത് വരെ ശല്യപ്പെടുത്തുന്നത് ഇഷ്ടമല്ല. ബ്രഷോ നിറമോ നൽകാതിരിക്കുകയോ അവ പിൻവലിക്കുകയോചെയ്താൽ അവയ്ക്ക് വേണ്ടി വാശി പിടിക്കും. ചിത്രം പൂർത്തിയായെന്ന് തോന്നിയാൽ പെൻസിലും ചോക്കും ബ്രഷുമെല്ലാം സഹായിക്ക് മടക്കി നൽകും. അല്ലെങ്കിൽ അവ ഉപേക്ഷിച്ചിട്ട് കളിക്കുവാനോ ആഹാരം കഴിക്കുവാനോ നീങ്ങും. ഏതാണ്ട് 15 മുതൽ 30 മിനുട്ട് വരെയാണ് ഒരു സിറ്റിംഗ്. ചിലപ്പോൾ വരയ്ക്കിടയിൽ മടുപ്പോ അരിശമോ തോന്നാം. ഒരിക്കൽ ചിത്രത്തിൽ തന്നെ മൂത്രമൊഴിച്ച് അത് നിറവുമായി കൂട്ടിക്കലർത്തുന്ന ‘കലാപരിപാടി’യും ഉണ്ടായത്രേ!
ഇങ്ങനെയൊക്കെയാണെങ്കിലും മോറിസ്സിന്റെ പരിശീലനം അപൂർവമായ ചിത്രരചനാ സിദ്ധി വളർത്തിയെടുക്കുന്നതിൽ നിർണ്ണായകമായിരുന്നു. തുടക്കത്തിൽ പെൻസിൽ കടിച്ചുപറിക്കുക ഒടിച്ചുകളയുക തുടങ്ങിയ രീതികൾ ഒഴിവാക്കുന്നതിനായി ചെറിയ ശാസനകളോ ശിക്ഷകളോ നൽകേണ്ടി വന്നിരുന്നു. ചില നല്ല പെരുമാറ്റങ്ങൾക്കോ ഉണക്കമുന്തിരി സമ്മാനവും. പത്ത് വർഷം ജീവിച്ചിരുന്ന കോംഗോ നാനൂറിലധികം ഡ്രോയിംഗുകളും പെയിന്റിംഗുകളുമാണ് രചിച്ചത്.
എന്ത് തരത്തിലുള്ള പ്രതിഫലമാണ് ഒരു കലാസൃഷ്ടി ഉണ്ടാക്കുന്നതിന് മനുഷ്യരെ പ്രേരിപ്പിക്കുന്നത് എന്നത് കാലങ്ങളോളം ആവർത്തിക്കപ്പെട്ട ചോദ്യമാണ്. കലാകാരരും കലാനിരൂപകരും തത്വചിന്തകരും സയന്റിസ്റ്റികളുമെല്ലാം ഇതിന് പല വീക്ഷണങ്ങളിലൂടെ ഉത്തരം നൽകാൻ ശ്രമിച്ചുവരുന്നു. എങ്കിലും ചിത്രങ്ങൾ അടക്കമുള്ള കലാനിർമ്മാണത്തിന് പ്രേരണയാകുന്നത് ചിത്രം രചിക്കുമ്പോൾ തന്നെ അനുഭവിക്കുന്ന ആനന്ദമാണ് എന്നത് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ഒരു നാടകമോ സിനിമയോ അവതരിക്കുമ്പോൾ കലാകാർ അനുഭവിക്കുന്ന ആനന്ദം അവയിൽ നിന്നും വരുമാനമുണ്ടാകുന്ന സന്ദർഭത്തിനേക്കാൾ മികച്ചതാണെന്ന് കരുതപ്പെടുന്നു. ഇത് സത്യമാണെങ്കിൽ കോംഗോ എന്ന ചിമ്പാൻസീയുടെ പ്രവർത്തനത്തെ കലാവിഷ്ക്കാരമായി കണക്കാക്കേണ്ടി വരുമെന്നാണ് ഡെസ്‌മണ്ട് മോറിസ്സിനെപ്പൊലുള്ളവരുടെ അഭിപ്രായം. കോംഗോ തന്റെ ചിത്രരചനയെ ആഘോഷിക്കുകയും അതിൽ സന്തോഷപൂർവം അഭിരമിക്കുകയും ചെയ്യുന്നു. അതു പോലെ തന്നെ ഒരു പ്രത്യേക മുഹൂർത്തത്തിൽ ചിത്രം പൂർത്തിയാക്കിയതായി കണക്കാക്കുന്നു. എത്ര തന്നെ നിർബന്ധിച്ചാലും അത്തരം പെയിന്റിംഗിന് മേൽ വീണ്ടും നിറം പിടിപ്പിക്കാൻ കോംഗോ വിസമ്മതിക്കും.
ചിമ്പാൻസി പോലുള്ള പ്രൈമേറ്റുകളിൽ ഇത്തരം പഠനം നടത്തുന്നതിൽ ചില സവിശേഷ താല്പര്യങ്ങളുണ്ട്. ജൈവ പരിണാമത്തിൽ ഹോമോ സാപിയൻ എന്ന ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരുമായി 98 ശതമാനം ജനിതകസാമ്യം ഇവരുടെ ജനിതക ഘടനയ്ക്കുണ്ട്. അതിനാൽ ഇവയെക്കുറിച്ചുള്ള പഠനങ്ങൾ വഴി ഇന്ന് ജീവിച്ചിരിപ്പില്ലാത്ത നമ്മുടെ മനുഷ്യപൂർവികരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായേക്കാം. ചിമ്പാൻസികൾക്കൊപ്പം ബൊണോബോകൾ, ഗറില്ലകൾ, ഓറാംഗുട്ടന്മാർ തുടങ്ങിയ പ്രൈമേറ്റുകളിലും കല, ഭാഷ, സംസ്കാരം തുടങ്ങിയ മനുഷ്യന്റെ സവിശേഷതകളുടെ ആദിമ വേരുകൾ അന്വേഷിക്കുന്നുണ്ട്.
ഭാഷയെക്കുറിച്ച് ഇത്തരത്തിൽ ഏറെ പഠനം നടത്തിയത് ക്യാൻസി (Kanzi) എന്ന പേരുള്ള ബൊണോബോയിലൂടെയാണ്. ഭാഷ പഠിക്കുന്നതിൽ അനന്യമായ നൈപുണ്യമാണ് ക്യാൻസി കാഴ്ച വച്ചത്. 1980 ൽ അറ്റ്ലാന്റയിലെ ഒരു ഗവേഷണകേന്ദ്രത്തിലാണ് ക്യാൻസി ജനിച്ചത്. വാംഗ്‌മൊഴികൾക്ക് ഉപയോഗിക്കുന്ന കീബോർഡ് ചിഹ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മികച്ച ഭാഷാപഠനം ക്യാൻസി പ്രകടിപ്പിച്ചു. നൂറുകണക്കിന് വാക്കുകൾ മനസ്സിലാക്കുവാൻ ക്യാൻസിക്ക് കഴിയും. ഹോമോ സാപിയൻസിനുമായി താരതമ്യം ചെയ്താൽ മൂന്ന് വയസ്സായ ഒരു കുട്ടിക്ക് സമമായ ഭാഷ വൈദഗ്ദ്ധ്യം ഇത് പ്രകടിപ്പിച്ചു. 2023 ൽ മൈൻ ക്രാഫ്റ്റ് എന്നതിന്റെ ഒരു പരിഷ്കരിച്ച ഗെയിം കളിക്കുന്ന ക്യാൻസിയുടെ വീഡിയോ യുട്യൂബിൽ വന്നത് ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഈ ബൊണോബോയ്ക്ക് മനുഷ്യപൂർവികരായ ഹോമോ ഹാബിലിസ് നിർമ്മിച്ചിരുന്ന പോലുള്ള കല്ലുളികൾ ഉണ്ടാക്കിയെടുക്കുന്നതും പഠിച്ചെടുക്കാൻ കഴിഞ്ഞു. അതായത്, ആദ്യ കല്ലുളികൾ നിർമ്മിച്ച മനുഷ്യ പൂർവികർക്ക് ബൊണോബോകൾക്ക് സമമായ മസ്തിഷ്ക സാമർത്ഥ്യം ഉണ്ടായിരുന്നതായി കരുതാം.
അമേരിക്കയിൽ അഭ്യസിപ്പിച്ച കോകോ എന്ന ഒരു പെൺ ഗറില്ലയും ക്യാൻസിയെപ്പോലെ ഭാഷാ നൈപുണ്യം പ്രദർശിപ്പിച്ച പ്രൈമേറ്റുകളിൽപ്പെടുന്നു. സ്വന്തം പഠനം കൂടാതെ മൈക്കിൾ എന്ന പേരിലെ ആൺഗറില്ലയെ താൻ പരിശീലിച്ച ആംഗ്യ ഭാഷ പഠിപ്പിക്കുന്നതിനും കോകോയ്ക്ക് കഴിഞ്ഞു. ഇരുവരും ഈ ഭാഷയിലൂടെ ‘നല്ലതും വ്യാജവും’ എന്നത് പോലുള്ള അമൂർത്ത ആശയങ്ങൾ പോലും വിനിമയം നടത്തിയിരുന്നു.
ഇത്തരം ഉദാഹരണങ്ങളിൽ നിന്നും നമുക്ക് ചില സംശയങ്ങൾ ഉണ്ടായേക്കാം. മനുഷ്യരെപ്പോലെ മറ്റ് ജീവികൾക്കും കലാപരമായ കഴിവുകൾ പഠിക്കുവാൻ കഴിയുമോ? അവ ചെയ്യുന്ന ചിത്രങ്ങൾക്ക് എന്തെങ്കിലും അർത്ഥമോ ഉദ്ദേശ്യമോ ഉണ്ടോ? അവർ കലാപരമായ സൃഷ്ടികളോട് പ്രതികരിക്കാറുണ്ടോ? പ്രൈമെറ്റുകളെപ്പോലുള്ള ഈ ജീവികൾക്ക് മനുഷ്യർക്ക് സമാനമായ മനസ്സ് അഥവാ ബുദ്ധി ആർജ്ജിച്ചെടുക്കാനാവുമോ? അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങൾ. കൃത്യമായ ഉത്തരങ്ങളില്ല.
മെരുക്കിയ ആനകളുടെ തുമ്പിക്കൈയിൽ പിടിപ്പിച്ച് ചിത്രങ്ങൾ കോറിയിടുന്നത് പല വിനോദസഞ്ചാരകേന്ദ്രങ്ങളിലും നമുക്ക് കാണാം. ഇവയൊക്കെ അനുകരിപ്പിക്കലോ അനുസരിപ്പിക്കലോ എന്നതിനപ്പുറത്തേക്ക് കലാതാല്പര്യത്തോടെയാണ് അവ ചെയ്യുന്നതെന്ന് കരുതപ്പെടുന്നില്ല. ഏതെങ്കിലും വസ്തുക്കളെക്കുറിച്ചുള്ള രൂപസാദൃശ്യമോ ഓർമ്മകളോ ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ കോംഗോ ആഗ്രഹിക്കുന്നുണ്ടോ എന്നതും അജ്ഞമാണ്. ഒരു പക്ഷേ ചില നിറങ്ങളുടെ സമ്മേളനം തരുന്ന ക്രമമോ, പാറ്റേണുകളോ അവനെ ആനന്ദിപ്പിക്കുന്നുണ്ടാവാം. അതുമല്ലെങ്കിൽ തന്റെ ജന്മവാസനായാൽ സാധ്യമല്ലാത്ത ഒരു പാടവം കൈവിരലുകൾക്ക് സാധ്യമാകുമ്പോൾ ലഭിക്കുന്ന അനുഭൂതി മാത്രമാകാം. എങ്കിലും മനുഷ്യ നിർമ്മിതമായ ദൃശ്യകലകളോട് ചില ജീവികൾക്ക് താല്പര്യം തോന്നാറുള്ളതായാണ് ‘evolution of beauty’ എന്ന പുസ്തകത്തിൽ റിച്ചാർഡ് പ്രം വിവരിക്കുന്നത്. പക്ഷേ, അത്തരം സന്ദർഭങ്ങളിൽ അവയുടെ മസ്തിഷ്കത്തിൽ എന്തു തരം പ്രതിപ്രവർത്തനമാണെന്ന് നമുക്ക് വ്യക്തതയില്ല.
പിക്കാസോയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, പിഗ് കാസോ (Pigcasso) പേരിട്ട ദക്ഷിണാഫ്രിക്കയിലെ ചിത്രകാരനായ പന്നിക്കുട്ടി അടുത്ത കാലത്ത് അന്തരിച്ചു. 700 കിലോഗ്രാം തൂക്കമുള്ള ഈ പന്നിക്കുട്ടിയെ അഭ്യസിപ്പിച്ച് വരച്ച ചിത്രങ്ങൾ ദശലക്ഷക്കണക്കിന് വിലയ്ക്കാണ് വിറ്റുപോയത്. തന്റെ കൂടിനുള്ളിലുള്ള ചായബ്രഷുകളൊഴികെ എല്ലാം കടിച്ചുകീറി നശിപ്പിക്കുന്ന പ്രകൃതമായിരുന്നു പിഗ്‌കാസോയുടേത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മൃഗശാല നടത്തിപ്പുകാരിയായ ലെഫ്സൺ (Joanne Lefson) പിഗ്‌കാസോയുടെ വായിൽ ബ്രഷ് കടിപ്പിച്ച് ക്യാൻവാസ്സിൽ വരയ്ക്കാൻ അഭ്യസിപ്പിച്ചത്. പൂർത്തിയായ ചിത്രത്തിൽ ബീറ്റ്റൂട്ട് നിറം ചാലിച്ച് അതിന്റെ ഒപ്പും വയ്പ്പിക്കും. കോംഗോയെപ്പോലെ തന്നെ മനുഷ്യരുടെ അബ്സ്ട്രാക്ട് ചിത്രങ്ങളെ ഓർമ്മിക്കുന്ന തരത്തിലുള്ള വർണ്ണചിത്രങ്ങളാണ് പിഗ് കാസ്സോ വരച്ചത്.
മനുഷ്യർ പരിശീലിപ്പിച്ചെടുക്കാതെ തന്നെ സൗന്ദര്യാത്മകമായ പ്രകടനങ്ങൾ ചെയ്യുന്ന ചില ജീവികളുമുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ പ്രചാരത്തിലായ പെർഫോമൻസ് ആർട്ട് എന്ന കലാവിഭാഗത്തെക്കുറിച്ച് ഓർത്തുകൊണ്ട് നോക്കിയാൽ ഇത് ഏറെ രസകരമായി തോന്നും. ആഴക്കടിലേക്ക് ഡൈവ് ചെയ്തുപോയ ഒരു സംഘമാണ് സമുദ്രത്തിന്റെ അടിത്തട്ടിലെ മണലിൽ വൃത്താകൃതിയിലുള്ള ചില പാറ്റേണുകൾ കണ്ടത്. വൃത്താകൃതിയ്ക്കുള്ളിൽ ചെറിയ ചെറിയ കൂനകളും കുഴികളുമുണ്ട്. അവ കൃത്യമായ അകലത്തിൽ ആവർത്തിക്കുന്നു. ഏതാണ്ട് രണ്ട് മീറ്റർ വരെ വ്യാസമുള്ള ഈ വൃത്തം വെള്ളത്തിന്റെയോ മണലിന്റെയോ സ്വാഭാവികമായ ചലനത്തിലൂടെ സൃഷ്ടിക്കപ്പെടാവുന്ന ഒന്നല്ല. അത്ര കണിശമായ അടുക്കും ചിട്ടയുമാണവയ്ക്ക്. അങ്ങനെയെങ്കിൽ ആരാവും ഇത് സൃഷ്ടിച്ചത്? 1995 ൽ ആദ്യമായി കണ്ട ഈ രൂപങ്ങളെക്കുറിച്ച് ഇരുപത് വർഷത്തോളം വ്യക്തതയുണ്ടായില്ല. 2011 ലാണ് സയൻസ് ലോകം ഇതൊരു പ്രത്യേക വർഗ്ഗത്തിലെ മൽസ്യമാണ് രൂപപ്പെടുത്തുന്നതെന്ന് മനസ്സിലാക്കിയത്. Torquigener pufferfish വിഭാഗത്തിലെ ആൺ പഫർ ഫിഷാണ് കലാകാരൻ. തന്റെ ചിറകുകൾ ഉപയോഗിച്ച് കടൽത്തട്ടിലെ മണൽ നീക്കി നീക്കി നീന്തിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. കുന്നും കുഴികളും രൂപപ്പെട്ട് കഴിഞ്ഞ് നേരിയ മണൽ കൊണ്ട് അതിന് നിറവും മിഴിവും നൽകും. ഈ കൂനകളെ കടൽച്ചിപ്പികൾ കൊണ്ട് അലങ്കരിക്കുന്നതാണ് അവസാന ഘട്ടം. വളരെ ശ്രമകരവും സമയമെടുക്കുന്നതുമായ ഒന്നാണിതെന്ന് ഈ ‘ഇൻസ്റ്റലേഷൻ’ കണ്ടാൽ മനസ്സിലാക്കാം. ഏതാണ്ട് ഒൻപത് ദിവസത്തെ തുടർച്ചയായ അധ്വാനമാണ് ആൺ മൽസ്യം ചെലവിടുന്നത്. അല്പ സമയം കാത്തിരുന്നാൽ ഈ കലാപ്രകടനത്തിന്റെ പൊരുൾ നമുക്ക് പിടികിട്ടും. അതാ ഒരു പെൺ മൽസ്യം വരുന്നുണ്ട്. ഇൻസ്റ്റലേഷന്റെ എല്ലാ വശങ്ങളിലുമെത്തി അത് സൂക്ഷ്മ പരിശോധന നടത്തുകയാണ്. കൊള്ളാം. മനോഹരമായിരിക്കുന്നു. അവൾ വൃത്താകൃതിയുടെ മധ്യത്തിലെത്തി മുട്ടകൾ വിക്ഷേപിക്കുന്നു. ഈ മുട്ടകളെയാണ് നമ്മുടെ ആൺ മൽസ്യം പ്രജനനം ചെയ്ത് വിരിയിപ്പിക്കേണ്ടത്. ഈ ആകൃതി ആകർഷകമായില്ലെങ്കിൽ പെൺ മൽസ്യം മുട്ടയിടാതെ മടങ്ങിപ്പോകുമെന്നതാണ് ആൺ മൽസ്യത്തിന്റെ കഠിനാധ്വാനത്തിന്റെ പ്രേരണ. എത്ര മനോഹരമായ ആചാരങ്ങൾ!!
പഫർ മൽസ്യവർഗ്ഗത്തിന്റെ പ്രകടനങ്ങൾ ഒറ്റപ്പെട്ടവയല്ല. 1872 ൽ ഇറ്റാലിയൻ സസ്യശാസ്ത്രജ്ഞനായ ഒദാർദോ ബെക്കരി (Odoardo Beccari) ശാന്തസമുദ്രത്തിൽ ഓസ്റ്റ്രേലിയക്കടുത്തുള്ള ന്യൂ ഗ്വിനിയ എന്ന ദ്വീപിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അവിടെയുള്ള വലിയ പർവതനിരകളിലെ കാടുകളിൽ അലങ്കരിക്കപ്പെട്ട ചില ചെറിയ കുടിലുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. കമ്പും ചുള്ളികളും കൊണ്ടുണ്ടാക്കിയ കുടിലുകൾക്ക് ചുറ്റും നൂറുകണക്കിന് പഴങ്ങളും പൂക്കളും കുമിളുകളുമൊക്കെ നിരത്തി അലങ്കരിച്ച ഒരു തോട്ടവും. ഉൾക്കാടുകളാണെങ്കിലും അടുത്തുള്ള ഗോത്രമനുഷ്യർ ഉണ്ടാക്കിയതാവുമെന്നേ ആദ്യം അദ്ദേഹം കരുതിയുള്ളു. എന്നാൽ സങ്കീർണ്ണവും മനോഹരവുമായ ഈ സൃഷ്ടി അവിടെയുള്ള ബോവർ വർഗ്ഗത്തിൽപ്പെട്ട പക്ഷിയുടേതാണ്. പഫർ മീനുകളെപ്പോലെ തന്നെ ആൺ പക്ഷിയാണ് കലാകാരൻ! ലക്ഷ്യവും മറ്റൊന്നല്ല. പെൺപക്ഷിയെ ആകർഷിക്കുക എന്നത് തന്നെ! വർഷങ്ങൾക്ക് ശേഷം പക്ഷി അലങ്കാരങ്ങളിൽ ചെറിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. കാലത്തിനൊത്ത് അപ്ഡേറ്റഡ് ആവേണ്ടേ! അലങ്കാരവസ്തുക്കളുടെ പട്ടികയിൽ പ്ലാസ്റ്റിക്കുകൾ, സ്ട്രോകൾ, കുപ്പികൾ എന്നിവ കൂടി ചേർത്ത് ഇൻസ്റ്റലേഷനെ സമകാലികമാക്കിയിരിക്കുന്നത് കാണാം!
മനുഷ്യസഹജമായ കലാഭിരുചികൾ പ്രൈമേറ്റുകളിൽ ഒളിഞ്ഞിരിക്കുന്നുവോ എന്ന് സംശയം തോന്നുന്ന ചില സന്ദർഭങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മെങ് എന്ന പേരുള്ള ഗറില്ലയെ പാർപ്പിച്ചിരുന്ന ലണ്ടനിലെ ഒരു മൃഗശാലാ പാർക്കിലാണ് സംഭവം. വളരെ തീവൃമായ വെളിച്ചമുള്ള ഒരൊറ്റ ബൾബാണ് മെങോയുടെ കൂടിൽ. തറ പാകിയിരുന്നത് വെളുത്ത ടൈലും. ചില പ്രത്യേക സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ മെങിന്റെ നിഴൽ ഈ ടൈലുകളിൽ പതിക്കും. ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ മെങ് തന്റെ ചൂണ്ടുവിരൽ കൊണ്ട് ടൈലിൽ വീണ തന്റെ നിഴലിന്റെ അതിരുകൾ വരയുന്നത് കണ്ടതായി ബ്രിട്ടീഷ് സയന്റിസ്റ്റായ ജൂലിയൻ ഹക്സ്‌ലി സൂചിപ്പിക്കുന്നു. ഒന്നല്ല മൂന്ന് തവണയെങ്കിലും മെങ് ഇത് ആവർത്തിച്ചു. എന്നാൽ വളർന്ന ശേഷം ഇതാവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുമില്ല. ഗുഹാഭിത്തികളിൽ വീണ നിഴലുകളെ ട്രേസ് ചെയ്യുന്നതിലൂടെയാണ് ആദ്യമായി ആധുനിക മനുഷ്യർക്ക് ചിത്രണ താല്പര്യമുണ്ടായത് എന്ന ഒരു വാദം ഇപ്പോഴുമുണ്ട്. ഇന്ന് ചിത്രരചനയുൾപ്പെടെ എല്ലാ കലകളിലും പരിശീലിപ്പിക്കപ്പെട്ട കരവിരുത് മാത്രമല്ല കാണാനാവുന്നത്. അവയ്ക്ക് പ്രേരകമായ വ്യക്തിപരമായ കാരണങ്ങളും സാമൂഹികമായ സ്വാധീനങ്ങളും ഉണ്ടാകും. അർത്ഥവും വ്യാഖ്യാനങ്ങളുമുണ്ടാകാം. സൗന്ദര്യദായകമോ സൗന്ദര്യനിഷേധമോ ആകാം. കല ആത്യന്തികമായി മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനമായാണ് നാം ഇന്ന് മനസ്സിലാക്കുന്നത്.
മനുഷ്യർ നിർമ്മിക്കുന്ന കലാവസ്തുക്കൾ, അവ നിർമ്മിച്ച് എത്ര നാൾ കഴിഞ്ഞാലും അവയോടുള്ള ആകർഷണം കലാകാർക്കും കാണികൾക്കും അവസാനിക്കുന്നില്ല. സ്റ്റുഡിയോയിലും ഗ്യാലറികളിലും മ്യൂസിയങ്ങളിലുമൊക്കെ അവ നിരന്തരമായി ഏവരേയും പ്രചോദിപ്പിച്ച് നിലനിൽക്കുന്നു. അതേ സമയം പഫർ ഫിഷിലും ബോവർ പക്ഷിയിലുമെല്ലാം തങ്ങളുടെ ഇണയെ ആകർഷിച്ചു കഴിഞ്ഞാൽ അവ തീർത്ത മണൽക്കൂനയും കൂടുമെല്ലാം നിർദ്ദാക്ഷിണ്യം ഉപേക്ഷിക്കപ്പെടുന്നു. ഒരു പക്ഷേ, മറ്റ് കഴിവുകളും സവിശേഷതകളും പോലെ കലയുടേയും ആദിമമായ വേരുകൾ പല ജീവിവർഗ്ഗങ്ങളിലും ശേഷിക്കുന്നുണ്ടാവാം. വരാനിരിക്കുന്ന സായൻസിക പഠനങ്ങളിലൂടെ ഇവയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾക്ക് സാധ്യതയുണ്ട്. എന്തുതന്നെയായാലും അവയുടെ സൗന്ദര്യാഭിരുചിയും നൈപുണ്യവും ശ്രദ്ധേയവും വിസ്മയാവഹവും തന്നെ.
അജിത് കുമാർ ജി
22/8/2024
ajitkumarg
Proudly powered by WordPress