മിൻസ്റ്റ്രേൽസ്
പി എസ് ജയമോൾ- പെർഫോമിങ് ആർട്ട്
ദലിത് ചെറുപ്പക്കാരൻ രോഹിത് വെമുല പ്രതിഷേധപൂർവം ജീവനോടുക്കിയ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ജയമോളിന്റെ പ്രദർശനത്തെക്കുറിച്ച് വൈഖരി ആര്യാട്ട് എഴുതുന്നു: ‘അവർണ്ണ ശരീരമുള്ള ഏതൊരു വ്യക്തിക്കും ഓർമ്മ വച്ച കാലം മുതലുള്ള പരിഹാസങ്ങളും വിവേചനങ്ങളും പങ്കിടാൻ കാണും. ഇന്ത്യന് സമൂഹത്തിന്റെ സൗന്ദര്യബോധം ഏതാണ്ട് പൂർണ്ണമായും നിറത്തെ ആസ്പദമാക്കിയാണ് എന്നതിനാൽ അത് ഒഴിവാക്കാൻ ആവാത്ത വിധം നമ്മളുടെ ദൈനംദിന ഇടപെടലുകളിൽ കലർന്നിരിക്കും. അതു തന്നെയാണ് ‘ഫെയർ ആന്റ് ലവ്‌ലി’ ആണെന്നും ‘ഡാർക്ക് ബട്ട് ബ്യൂട്ടിഫുൾ’ ആണെന്നും നമ്മളെക്കൊണ്ട് പറയിക്കുന്നത്. ആ ഒരു ‘പക്ഷേ’യിൽ എല്ലാം ഉണ്ട്. ‘കറുത്തിട്ടാണ് പക്ഷെ സുന്ദരി/സുന്ദരനാണ്’ എന്ന് കേൾക്കാത്തവർ വിരളമാവും. കറുത്തവർക്ക് സുന്ദരിയോ സുന്ദരനോ ആവാൻ കഴിയില്ല എന്നും അഥവാ അങ്ങനെ സംഭവിച്ചാൽ അതെന്തോ വിചിത്രമായ സംഗതിയാണെന്നും ഉള്ള ഉത്തമബോധ്യം അങ്ങനെ വെളിപ്പെടുന്നു. ജനിച്ച നാള് മുതല് ഊട്ടിയുറപ്പിക്കുന്ന ഈ ബോധ്യം മറികടക്കൽ ഒരു വലിയ സമരമാണ്. ഒരു കാലയളവിന് ശേഷം ഈ വർണ്ണ വെറിക്കെതിരെ ഒരു തരം പ്രതിരോധം അവർണ്ണ ശരീരങ്ങൾ സ്വയം ആർജ്ജിച്ചെടുക്കും. ആ പ്രതിരോധം പലപ്പോഴും നിറത്തെ ചൊല്ലി ഒരു പ്രത്യഭിമാനം നിർമ്മിച്ചു കൊണ്ടാവും, അല്ലെങ്കിൽ നിറം എന്നത് തന്റെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകമല്ല എന്ന ബോധം സൃഷ്ടിച്ചു കൊണ്ടാവും. ഈ പ്രതിരോധത്തെ മൊത്തമായി ആക്രമിച്ച് കറുത്ത ശരീരങ്ങളെ അവരുടെ ശരീരങ്ങളിൽ തന്നെ കെട്ടിയിടാൻ മുതിരുന്ന ഇമ്മാതിരി പ്രോജക്റ്റുകൾ ആത്യന്തികമായി പറഞ്ഞു വയ്ക്കുന്നത് കറുത്ത ശരീരങ്ങൾ അപമാനകരം എന്ന് തന്നെയാണ്.’
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അടിമകളായ “കറുത്ത വംശജരുടെ” പല തനത് കലാപ്രകടനങ്ങളും വടക്കേ അമേരിക്കയിൽ കൗതുകമായിരുന്നു. എന്നാൽ അത് പരസ്യമായി അവതരിപ്പിക്കുന്നതിന് അവർക്ക് അവകാശമില്ല. പകരം “വെളുത്ത വംശജർ” ദേഹത്ത് കറുത്ത നിറമടിച്ചും കറുത്ത മുഖം മൂടികൾ വച്ചും അടിമകളുടെ കലാരൂപങ്ങൾ അനുകരിച്ച് അവതരിപ്പിക്കും. മിൻസ്റ്റ്രെൽസ് പോലുള്ള ഇത്തരം ദൃശ്യാവതരണ സംഘങ്ങൾ ഇരുണ്ട നിറമുള്ളവരെ ഒന്ന് കളിയാക്കുക കൂടിയായപ്പോൾ പരിപാടികൾക്ക് ലഹരിയും കാഴ്ചക്കാരും കൂടി. വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ ഈ കലാപ്രകടനം തഴച്ച് വളർന്നു. തങ്ങളുടെ കല മറ്റുള്ളവർ വില്പന ചെയ്യുമ്പോഴും ആസ്വദിക്കുമ്പോഴും അത് സ്വയം പ്രദർശിപ്പിക്കുവാൻ പോലും അസാധ്യമായ ദുർവിധിയായിരുന്നു യഥാർത്ഥ ബൗദ്ധിക അവകാശികളായ ഇരുണ്ട നിറമുള്ള അടിമകൾക്കുണ്ടായിരുന്നത്. കൊക്കിന് കാക്കയായി അഭിനയിക്കുവാനെങ്കിലും സാധ്യമാണ്. കാക്ക കുളിച്ചാൽ പക്ഷേ കൊക്കാകുമോ എന്ന പഴഞ്ചൊല്ലുകൾ വെറുതെയല്ല.
സാംസ്കാരികനിഷേധം
നവീന ശിലായുഗം മുതൽ റോമാ സാമ്രാജ്യത്തിന്റെ അന്ത്യം വരെ മെഡിറ്ററേനിയൻ പ്രദേശത്ത് വ്യത്യസ്ത സമൂഹങ്ങൾ പരസ്പരം ഇടപഴകുകയോ യുദ്ധം ചെയ്യുന്നതോ നിരന്തരമായിരുന്നു. ത്വക്കിന്റെ നിറം ഇക്കാലത്ത് നിരീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും രൂപത്തിന്റെയോ നിറത്തിന്റെയോ പേരിൽ സാമൂഹ്യപദവികളോ വിവാഹബന്ധങ്ങളോ തടസ്സപ്പെട്ടിരുന്നതായി സൂചനകളില്ല. ഈജിപ്ത്, ഗ്രീസ്, റോം ഉൾപ്പെടെ മിക്ക സംസ്കാരഭൂമികകളിലും നിറവ്യത്യാസങ്ങളോടുള്ള സഹിഷ്ണുത തുടർന്നു പോന്നു.
സഞ്ച്
ആദ്യ ജൂത ചരിത്രത്തിലും അതിൽ നിന്ന് വേർപിരിഞ്ഞ ക്രിസ്തുമതത്തിലും വർണ്ണ വിവേചനം പരാമർശിക്കപ്പെട്ടിട്ടില്ല. ആറാം നൂറ്റാണ്ടിൽ രൂപപ്പെട്ട ഇസ്ലാം മതത്തിലെ വർണ്ണത്തെക്കുറിച്ചുള്ള സൂചനകൾക്കും സാമൂഹികശ്രേണിയുമായി ബന്ധമില്ല. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിക് സൈനിക അധിനിവേശം ആഫ്രിക്കൻ- യൂറോപ്യൻ ജനതയുമായി ഇടപെടുകയും അവരെ തടവിലാക്കുകയും ചെയ്തത് ‘കറുത്ത വംശം’ എന്ന വേർതിരിവ് ഉണ്ടാകുന്നതിൽ പങ്ക് വഹിച്ചുവെന്ന് നിനാ ജബ്‌ലോൻസ്കി അനുമാനിക്കുന്നു. അധിനിവേശത്തിനെതിരെ തദ്ദേശീയർ നടത്തിയ വിമോചനപ്രക്ഷോഭമാണ് ഇതിന് പ്രേരകം. അടിമയാക്കപ്പെട്ടവർ മാത്രമല്ല, ആഫ്രിക്കയിലെ ആ പ്രദേശത്തുള്ള ഇരുണ്ട നിറക്കാർ മുഴുവനായി ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തു. ആ പ്രദേശത്തിന് കറുപ്പ് എന്നർത്ഥമുള്ള ‘zanj’ എന്ന അറബിക് പദം ലഭിക്കുന്നത് അങ്ങനെയാണ്. നിറങ്ങളിൽ, കറുത്ത നിറം ഏറ്റവും ഇരുണ്ട നിറമാണ്. കലഹിച്ചതിനാൽ അറബിക് ഭരണകർത്താക്കൾ നിഷേധാർത്ഥം നൽകിയതോടെ ഇരുണ്ട നിറം പൂർണ്ണമായ `കറുപ്പ്’ എന്നതിലേക്ക് സാമാന്യവൽക്കരിക്കപ്പെട്ടു തുടങ്ങുന്നു.
പിന്നീട് മധ്യകാല അറബ് എഴുത്തുകാരൻ അൽ- മുഖ്വദസ്സി (Al- Muquaddasi) Kitab al-Bad’ wah-tarikh ൽ ഇരുണ്ട നിറത്തേയും ബുദ്ധിയേയും പരോക്ഷമായി താരതമ്യം ചെയ്യുന്നത് കാണാം. `As for the Zanj, they are people of black color, flat noses, kinky hair, and little understanding or intelligence.’
ഒൻപതാം നൂറ്റാണ്ടോടെ ഇസ്ലാമിക പണ്ഡിതനായിരുന്ന അവിസെന്ന ഇത് കുറെക്കൂടി തത്വവൽക്കരിക്കുന്നുണ്ട്. കടുത്ത ചൂടോ അല്ലെങ്കിൽ കടുത്ത തണുപ്പോ അടിമകളായിത്തീരുന്നതിനുള്ള സ്വാഭാവിക ദൗർബല്യത്തോടെ ജനിക്കുന്നതിന് ഇടയാക്കും. സൂര്യനിൽ നിന്ന് വളരെ അകന്ന് കഴിയുകയെന്നാൽ ബൗദ്ധികമായ ഇരുട്ട് കൂടിയാണ്. കൂടുതൽ താപമേറ്റാലും മന്ദബുദ്ധികളായിത്തീരും. തണുപ്പ് കൂടിയ പ്രദേശത്തുള്ള യൂറോപ്പിയരും ചൂട് കൂടിയ പ്രദേശത്തുള്ള ആഫ്രിക്കക്കാരും അറേബ്യൻ അടിമകളാകാൻ വിധിക്കപ്പെട്ടവരാണെന്ന് അവിസെന്ന അങ്ങനെയാണ് സമർത്ഥിക്കാൻ ശ്രമിച്ചത്. കറുപ്പായിത്തീർന്ന ഇരുണ്ട നിറം ഇവിടെയെത്തുമ്പോൾ വിധേയത്വത്തിന്റെ സൂചിക കൂടിയായി.
മധ്യകാലഘട്ടത്തിൽ പിശാചിനെ മനുഷ്യരൂപത്തിൽ ആലേഖനം ചെയ്യപ്പെടുന്ന ചിത്രങ്ങൾ കാണാം. കറുത്ത ശരീരമോ രോമം കൊണ്ടോ ആണ് പിശാചിനെ മനുഷ്യരിൽ നിന്ന് വ്യതിരിക്തമാക്കുന്നത്. അർദ്ധരാത്രികളിൽ പിശാച് ഒരു കറുത്ത മൃഗത്തോടൊപ്പം ഇറങ്ങി നടക്കുമെന്നാണ് വ്യാപകമായി വിശ്വസിച്ചിരുന്നത്. പിശാചിനെ തളയ്കാനോ പുറത്ത് വിടാനോ കഴിയുന്ന ദുർമന്ത്രവാദികളും ഇത്തരം കറുത്ത ജീവികൾക്കൊപ്പമാണ് സഹവാസം. ഇരുട്ടിൽ അവ്യക്തമായി സഞ്ചരിക്കുവാൻ കഴിയുന്ന പിശാചിന്റെയും ദുർമന്ത്രവാദിയുടെയും നിറവും കറുപ്പ് തന്നെ ആകുന്നതിനേ നിവൃത്തിയുള്ളു. കറുത്ത പൂച്ചകൾ, മറ്റ് കറുത്ത മൃഗങ്ങൾ തുടങ്ങിയവയോടുള്ള സമീപനം ഈ അന്ധവിശ്വാസത്തോടെയാകാം തീവ്രമാകുന്നത്. ഇരുട്ടിനോടുള്ള ഭയവും ഇരുട്ടിൽ ഒളിഞ്ഞു സഞ്ചരിക്കാവുന്ന കറുത്ത നിറമുള്ളവയുടെ തിന്മഭാവവും ഇരുണ്ട നിറമുള്ളവയോടുമുള്ള അകൽച്ച കൽപ്പിക്കുന്നതിന് കാരണമാകും. നന്മ വെളുപ്പും തിന്മ കറുപ്പുമായി ഇവിടെ വിപരീതപ്പെടുന്നു.
I295 ൽ മാർക്കോ പോളോ കിഴക്കൻ ആഫ്രിക്കയിൽ കണ്ടെത്തിയത് ഇങ്ങനെയായിരുന്നു വിവരിച്ചത്. ‘The people are all idolaters..…they are quite black and go entirely naked except that they cover their private parts. Their hair is curly that it can scarcely be straightened out with the aid of water. They have big mouths and their noses are so flattened and their lips and eyes are so big that they are horrible to look at. Any one who saw them in another country would say that they were devils.’ തനിക്ക് അപരിചിതമായ ശരീരപ്രകൃതിയെ മനുഷ്യനായി പരിഗണിക്കുവാൻ മാർക്കോ പോളോയ്ക് കഴിഞ്ഞില്ല. തന്റെ ഭാവനയിലെ പിശാചുമായി സമരസപ്പെടുത്താനാണ് പകരം അദ്ദേഹം ഇവിടെ ശ്രമിക്കുന്നത്. ഇരുണ്ട നിറമുള്ള മനുഷ്യരും പിശാചിനെപ്പോലെ വെറുക്കപ്പെടേണ്ടവർ തന്നെ.
ഇൻഡ്യൻ ഭൂപ്രദേശത്ത് ഏതാണ്ട് 1500 വർഷം മുൻപെങ്കിലും ത്വക്കിലെ വർണ്ണ വ്യത്യാസം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ മതവിശ്വാസം, ഭാഷ എന്നിവയും സമൂഹത്തിൽ ഉണ്ടാകുന്ന വർഗ്ഗീകരണത്തെ (arya- non arya) സ്വാധീനിച്ചിരിക്കണം. ഏതായാലും ആദ്യ വേദമായ (1500 BCE) ഋഗ്‌വേദത്തിൽ Dasa- Dasuya- krsna തുടങ്ങിയ പദങ്ങൾ ത്വക്കുമായി ബന്ധപ്പെടുത്തിയും അത് അധികാരത്തിലുണ്ടായിരുന്ന ആര്യവിഭാഗം നിഷേധാർത്ഥത്തിൽ വ്യാഖ്യാനിച്ചിരുന്നതായും സൂചനകളുണ്ട്. (An Introduction to the Study of Indian History. D D Kosambi. 1975). ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യയിൽ ഇങ്ങനെ നിലനിന്നിരുന്ന വിവേചന ധാരണകൾ യൂറോപ്യരുടേതുൾപ്പെടെയുള്ള അധിനിവേശത്തോടെയാവണം ഇന്നത്തെ നിലയിൽ വ്യവസ്ഥാപിതമായിത്തീരുന്നത്.
അറ്റാഹ്യുൾപ Vs പിസാറോ
ഇൻഡ്യയിൽ മാത്രമല്ല, ലോകത്ത് സാർവത്രികമായി നിലനിൽക്കുന്ന വർണ്ണ വംശീയതയുടെ ‘ആധുനിക’ ഉറവിടവും ഇതര ഭൂവിഭാഗങ്ങളിലേക്ക് യൂറോപ്പീയർ നടത്തിയ യാത്രകൾ തന്നെയാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ സ്പെയിനിൽ നിന്നുള്ള ഗവർണർ ഫ്രാൻസിസ്കോ പിസാറോയുടെ നേതൃത്വത്തിൽ 168 പേരാണ് പതിനായിരക്കണക്കിന് മൈലുകൾക്ക് അപ്പുറമുള്ള അമേരിക്കൻ ഭൂഖണ്ഡത്തിലെത്തുന്നത്. ഈ ചുരുങ്ങിയ അംഗബലത്തിന്, തദ്ദേശീയരുടെ അനുഭവക്കുറവിനെ ചൂഷണം ചെയ്യുന്ന ചതിയേ വേണ്ടി വന്നുള്ളു അവിടത്തെ ദൈവതുല്യനായ രാജാവ് അറ്റാഹ്യുല്പയേയും ഒപ്പമുള്ള 80000 ഓളം വരുന്ന അമേരിക്കൻ- ഇൻഡ്യൻ സൈന്യത്തെയും പിടിച്ചെടുക്കുവാൻ. സംഘടിതരായിരുന്നെങ്കിലും തദ്ദേശീയ സൈന്യത്തിന് അപരിചിതമായിരുന്നു യൂറോപ്പീയരുടെ ഉരുക്കിൽ തീർത്ത കൂടുതൽ മൂർച്ചയും ദൃഢതയുമുള്ള ആയുധങ്ങളും തുച്ഛമായ എണ്ണമാണെങ്കിൽ പോലും ഉണ്ടായിരുന്ന തോക്കുകളും കുതിരപ്പടയും. അവയുടെ കണിശതയ്കും വേഗത്തിനും മുന്നിൽ കാലാൾ സൈന്യത്തിനും പിച്ചള ആയുധങ്ങൾക്കും ചിന്നഭിന്നമാവുകയും കീഴടങ്ങുകയുമേ നിവൃത്തിയുൻടായിരുന്നുള്ളു. തൊട്ടു പിന്നാലെ ഇൻഡ്യൻ പ്രദേശവും ആസ്ട്രേലിയയും ആഫ്രിക്കൻ ഭൂവിഭാഗവും ഉൾപ്പെടെ ലോകവ്യാപകമായി യൂറോപ്പീയർ നടത്തിയ എല്ലാ കൈയ്യേറ്റങ്ങളും അറ്റാഹ്യുൾപയും പിസാറോയും തമ്മിലുള്ള അഭിമുഖത്തിന്റെ തനിയാവർത്തനങ്ങൾ തന്നെയാണ് .
അധിനിവേശത്തോടെ സ്വാതന്ത്ര്യവും അവകാശങ്ങളും യൂറോപ്പീയർക്ക് സ്വന്തമായി. തദ്ദേശീയർ വിധേയരുമായിത്തീർന്നു. അധികാരമുള്ള യൂറോപ്പീയർ പ്രകടമായി തെളിഞ്ഞ നിറമുള്ളവരും ആഫ്രിക്കയിലും ആസ്റ്റ്രേലിയയിലും അമേരിക്കയിലും തദ്ദേശീയരാകട്ടെ ഇരുണ്ട നിറമുള്ളവരുമായിരുന്നു. ഇരുണ്ട നിറമുള്ളവർ അധികാരത്തിൽ നിന്ന് പുറത്തായതോടെ കോളനികളിലെ പുകയില, പഞ്ചസാര, പരുത്തി എന്നിവയുടെ കൃഷിയ്ക് ആവശ്യമായ മനുഷ്യാധ്വാനം അവരിൽ നിഷ്കർഷിക്കപ്പെട്ടു. ഉല്പാദനം ലാഭകരമാക്കുന്നതിനുള്ള ഉപാധി തൊഴിലാളികളുടെ സമയവും അദ്ധ്വാനവും കൂടുതൽ നിർബന്ധിതമാക്കുക എന്നതായിരുന്നു. അടിമകൾ എന്ന സമ്പ്രദായത്തിന്റെ തുടക്കം ഉല്പാദനം വർദ്ധിപ്പിക്കേണ്ട ഈ ആവശ്യകതയിൽ നിന്നു കൂടിയാണ്. തൊഴിലാളികളായ ഇരുണ്ട നിറമുള്ളവരെ അടിമകളെപ്പോലെ നിലനിർത്തുന്നതിന്, അഥവാ അതിനെ ന്യായീകരിക്കുന്നതിന് നിർമ്മിക്കപ്പെട്ട ആശയമാണ് കറുത്ത വംശം എന്ന വർഗ്ഗീകരണം. അധികാരം തങ്ങൾ പിടിച്ചെടുത്തതല്ല, തങ്ങളുടെ വർഗ്ഗപരമായ, അല്ലെങ്കിൽ ജൈവീകമായ അവകാശമാണ് എന്ന് സ്ഥാപിക്കേണ്ടത് ഒരു രാഷ്ട്രീയ അനിവാര്യതയായിരുന്നു.
കൊളോണിയൽ കാലഘട്ടത്തിൽ യൂറോപ്പിലെ രാജ്യങ്ങൾ തമ്മിലുണ്ടാക്കിയ ഒരു കരാർ വിചിത്രമാണ്. യൂറോപ്പിലെ ഏതു രാജ്യത്തുള്ളവരാണോ പുറത്തുള്ള ഒരു പ്രദേശത്ത് ആദ്യം കാലുകുത്തുന്നത് ആ പ്രദേശം അവരുടേതാകുമെന്നതാണ് ഈ കരാർ. പ്രദേശങ്ങളിലുള്ള അധികാരം മാത്രമല്ല, അവിടെയുള്ള തദ്ദേശീയരെ വിധേയരും അടിമകളും ആക്കിത്തീർക്കുന്നതിനുള്ള ഉടമസ്ഥാവകാശവും ചോദ്യം ചെയ്യപ്പെടേണ്ടതില്ല. അധിനിവേശത്തിന്റെ ആദ്യ കഥ വിസ്മൃതമായിക്കഴിയുന്നതോടെ തെളിഞ്ഞ നിറമുള്ളവർ സാമൂഹ്യശ്രേണിയിൽ ഉന്നതരും ഇരുണ്ട നിറമുള്ളവർ അധമരും എന്നത് പ്രകടമായി വർഗ്ഗീകരിക്കപ്പെട്ട് കഴിയും. അധികാരം അവസാനിച്ചാൽ പോലും അത് പിൻതുടരേണ്ട കീഴ്‌വഴക്കങ്ങളായോ നിർബന്ധപൂർവം അനുസരിക്കേണ്ട നിയമങ്ങളായോ തലമുറകളിലൂടെ കൈമാറ്റവും ചെയ്യുന്നു. അതിലെ ശരി തെറ്റുകളെ ചോദ്യം ചെയ്യുന്നതോ ലംഘിക്കുന്നതോ അത്ര എളുപ്പമായിരിക്കില്ല. ഈ വിവേചനങ്ങളെ സാധൂകരിക്കുവാൻ മതവിശ്വാസത്തെയും അന്നത്തെ വൈജ്ഞാനിക- തത്വചിന്തകളെയുമാണ് യൂറോപ്പീയർ പ്രയോജനപ്പെടുത്തുന്നത്.
ബൈബിൾ കഥയിൽ നോഹയുടെ പുത്രന്മാരിൽ ഒരാളായ `ഹാമിനെ’ അടിമയാക്കി പുറന്തള്ളിയ കഥയുടെ വ്യാഖ്യാനങ്ങൾ യൂറോപ്പീയർ പ്രചരിപ്പിച്ചിരുന്നു. ആഫ്രിക്കയിലേതുൾപ്പെടെ ഇരുണ്ട നിറമുള്ളവർ `ഹാമിന്റെ’ സന്തതി പരമ്പരയാണ്. അതിനാൽ അവർ ദൈവഹിതത്താൽത്തന്നെ അടിമകളാകാൻ വിധിക്കപ്പെട്ടവരാണ്. അമേരിക്കയിലും ആഫ്രിക്കയിലും ഇൻഡ്യയിലും ആസ്റ്റ്രേലിയയിലേക്കുമുള്ള യൂറോപ്പീയരുടെ അധിനിവേശം ഇതോടെ ന്യായീകരിക്കപ്പെട്ടു. ഇൻഡ്യയിൽ മനുസ്മൃതിയിലും മനുഷ്യന്റെ ഉല്പത്തി, അവരെ വർഗ്ഗങ്ങളായി വിഭജിച്ചുകൊണ്ടാണ് എന്ന് തന്നെ സൂചിപ്പിക്കുന്നു. വിധിയും വിശ്വാസവും പ്രബലമായിരുന്ന കാലത്ത് ഇത് അംഗീകരിക്കുന്നതിന് വിധേയർക്ക് പോലും മടിയുണ്ടാകണമെന്നില്ല.
‘സ്വാഭാവികമായി നിർമ്മിക്കപ്പെട്ട, ഉറഞ്ഞ ഒന്നാണ് വംശം. അതത് വംശത്തിന്റെ സ്വഭാവങ്ങൾ അതിന്റെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. അവ തിരിച്ചറിഞ്ഞ് ഇടകലരാതെ ശ്രദ്ധിക്കേണ്ടതുണ്ട്’: ആധുനിക തത്വ ചിന്തകനായ ഇമ്മാനുവൽ കാന്റിന്റെ വാക്കുകൾക്ക് വ്യത്യസ്താഭിപ്രായം പറഞ്ഞ Thomas Clarkson നെക്കാൾ അംഗീകാരമുണ്ടായിരുന്നു. 1771 ൽ പ്രസിദ്ധീകരിച്ച എൻസൈക്ലോപ്പീഡിയ ബ്രിട്ടാണിക്കയിൽ അനാകർഷത, താഴ്ന്ന ബൗദ്ധിക നില തുടങ്ങിയയ്കൊപ്പം പ്രതികാരബുദ്ധി, ക്രൂരത, മോഷണം, കളവ്, സദാചാര വിരുദ്ധമായ വിശേഷണങ്ങളും നീഗ്രോവംശജരിൽ പൊതുവായി കാണപ്പെടുന്നതായി പ്രഖ്യാപിക്കുന്നു.
അടുത്ത നൂറ്റാണ്ടിൽ, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിനും വർണ്ണവ്യത്യാസങ്ങളെ വേണ്ടത്ര ആഴത്തിൽ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. മനുഷ്യവംശത്തിന്റെ ഉത്ഭവം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നാണെന്ന പരിണാമ സിദ്ധാന്ത വസ്തുതയെ പിന്നീട് വളച്ചൊടിക്കുന്നത് പലപ്പോഴും കാണാം. ആഫ്രിക്കയിൽ നിന്നും പുറത്തേയ്ക് കടന്നവരാണ് പിന്നീട് ആഫ്രിക്കൻ തദ്ദേശീയരെക്കാൾ മനുഷ്യന്റെ ‘യഥാർത്ഥ’ ബൗദ്ധികനിലവാരത്തിലേക്ക് പരിണമിച്ചവർ. അതിനാൽ ആഫ്രിക്കൻ പ്രാദേശീയരും അവരുടെ ഇരുണ്ട നിറത്തിന് സമമായ നിറമുള്ള മറ്റ് പ്രദേശങ്ങളിലുള്ളവരും പ്രാകൃതരും, പിന്നീട് കൂടുതൽ ശാരീരിക- ബൗദ്ധിക ക്ഷമത നേടിയവർ വിപരീതമായി തെളിഞ്ഞ നിറവുമായി പരിണമിക്കുന്നു എന്ന വ്യാഖ്യാനമാണിത്. ഇരുണ്ട നിറമുള്ളവർ തെളിഞ്ഞ നിറമുള്ളവരുടെ വിധേയരായി വർഷങ്ങളോളം കഴിയേണ്ടി വന്നുവെന്ന ചരിത്രം കൂടി ചേർത്ത് വയ്കുമ്പോൾ ഈ വർണ്ണസിദ്ധാന്തം അടിസ്ഥാന സത്യമാണെന്ന് കരുതുന്നവരും കുറവല്ല.
ഇരുണ്ട നിറമുള്ളവരെ മനുഷ്യനെക്കാൾ അധമമോ, പലപ്പോഴും പരിണാമപരമായി താഴ്ന്നതെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ആൾക്കുരങ്ങ് വർഗ്ഗത്തോട് സാമ്യത കല്പിക്കുന്ന Human Zoo പോലുള്ള പ്രദർശനങ്ങൾക്കും മിൻസ്റ്റ്രേൽസ് പോലുള്ള ആക്ഷേപഹാസ്യങ്ങൾക്കും പിന്നീടുണ്ടായ വിവിധ കലാസൃഷ്ടികൾക്കും വംശീയത പ്രചരിപ്പിക്കുന്നതിൽ പരോക്ഷമായ സ്വാധീനമുണ്ട്. ഇരുണ്ട നിറമുള്ളവർ മനുഷ്യരെന്ന രൂപത്തിലേക്ക് ജന്മനാ പൂർണ്ണരല്ല. അതിനാൽ തന്നെ ഉയർന്ന വർഗ്ഗമായ തെളിഞ്ഞ നിറമുള്ളവരാൽ കീഴ്പ്പെടുത്തുന്നതിനോ, അടിമയാക്കുന്നതിനോ, കച്ചവടം ചെയ്യുന്നതിനോ മാത്രമല്ല കറുത്ത വർഗ്ഗക്കാരോടുള്ള ക്രൂരതകൾക്കും ഇത്തരം മത- തത്വശാസ്ത്രങ്ങളും ശാസ്ത്ര ദുർവ്യാഖ്യാനങ്ങളും കലാരൂപങ്ങളും സാധൂകരണം നൽകുന്നു.
ഈ ചരിത്രവായന സൂചിപ്പിക്കുന്നത് സൗന്ദര്യം, ബൗദ്ധികനിലവാരം, പെരുമാറ്റം, മൂല്യബോധം എന്നീ ശ്രേഷ്ടമായ വിശേഷതകൾ ഒരു പ്രത്യേക വിഭാഗത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു, അല്ലെങ്കിൽ അവ കൂട്ടമായി ഒരു വംശത്തിൽ ഇല്ലാതിരിക്കുന്നു എന്നതാണ്. ഇവയുടെ സാന്നിധ്യമോ അഭാവമോ ത്വക്കിലെ വർണ്ണം കൊണ്ട് മാത്രം തിരിച്ചറിയാം. അതായത് ഒറ്റനോട്ടം മതിയാവും അയാൾ ഏത് തരം സ്വഭാവഗുണങ്ങളുടെ ഉടമയാണെന്നറിയാൻ. അതിൽ ഇരുണ്ട നിറം എല്ലാ യോഗ്യതകളുടെയും എതിർ അടയാളമാണ്. തെളിഞ്ഞ നിറമുണ്ടാകുന്നതാകട്ടെ ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്ത ശ്രേഷ്ഠതയുടെ സൂചികയും. ഇത്തരം ദ്വന്ദ്വഘടനയിലുള്ള പാക്കേജുകളാണ് വംശീയതയുടെ അടിസ്ഥാനം. അത് സാമൂഹികമായി നിർമ്മിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.
ജൈവീകമായഅർത്ഥം
ഫോളിക്ആസിഡ്
ത്വക്ക് ഭൗതികമായ ഒരാളുടെ അതിർത്തിയാണ്. ബാഹ്യലോകവുമായി ഒരു വ്യക്തിയുടെ സമ്പർക്കവുമാണ്. ഒരു മില്ലിമീറ്റർ ആഴമുള്ള ത്വക്കിന്റെ ഉപരിതലം ചത്തുപോയ ആയിരക്കണക്കിന് കോശങ്ങളാണ്. അത് പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു, അനുനിമിഷം. അതിനടിയിലായുള്ള ആരോഗ്യപൂർണ്ണമായ കോശങ്ങൾ ബാഹ്യലോകത്തെ രാസതന്മാത്രകളിൽ നിന്നും ശരീരത്തെ പ്രതിരോധിച്ച് നിലനിർത്തുന്നു. ത്വക്കിന്റെ നിറവും പ്രതിരോധശേഷിയും എപിഡെർമിസെന്ന ഈ ഉപരിതലഭാഗമായത്തിന്റെ ഗുണങ്ങളാണ്.
1980 കളിലാണ് പഴങ്ങളിലും ഇലകളിലും ധാന്യങ്ങളിലുമുള്ള ഫോളിക് ആസിഡ് എന്ന വിറ്റാമിനും ഡി എൻ എ യുടെ പുനരുല്പാദനവും തമ്മിലുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. 1990 കളിൽ ഫോളേറ്റ് അഭാവം ന്യൂറൽ ട്യൂബ് ഡിഫക്ടുകൾ (NTD) ഉൾപ്പെടെയുള്ള ജന്മവൈകല്യങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തി. ആരോഗ്യകരമായ അണ്ഠത്തിനും, ഭ്രൂണം ഗർഭാശയഭിത്തിയിൽ സുരക്ഷിതമായി ഒട്ടിച്ചേരുന്നതിനും, പ്ലാസെന്റയുടെ വികാസത്തിനുമുൾപ്പെടെ ഭ്രൂണവളർച്ചയുടെ എല്ലാ മുഖ്യ ഘട്ടങ്ങളിലും ഫോളേറ്റ് അത്യന്താപേക്ഷിതമാണ്. ഇത് തടയുന്നതിനാണ് ഇന്ന് മിക്ക ഗർഭിണികൾക്ക് ഫോളിക് ആസിഡ് ഗുളികകൾ നൽകുന്നത്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ബീജോല്പാദനത്തിനും ഇത് പ്രധാനമാണ്. പുരുഷ വന്ധ്യതയ്ക്കുള്ള കാരണമെന്ന നിലയിൽ ഫോളേറ്റിനെക്കുറിച്ചുള്ള പഠങ്ങൾ തുടരുന്നു.
കൃത്രിമ മോഡലുകളിൽ, അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ഫോളേറ്റ് വിഘടിക്കുന്നതായി കാണാം, പ്രത്യേകിച്ച് UVA രശ്മികൾ. പരിണാമപരമായി, ത്വക്കിലെ ഇരുണ്ട നിറം അൾട്രാവയലറ്റ് രശ്മികൾ മൂലം ഫോളേറ്റിന്റെ അപചയം തടയുന്നതിനെ ലക്ഷ്യമിടുന്നു എന്നാണ് നിനാ ജബ്‌ലോൻസ്കി എന്ന അമേരിക്കൻ ഗവേഷക തന്റെ `Living Colour: The Biological and Social Meaning of Skin Color’ എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നത്.
മെലാനിൻ
മുഖ്യമായും എപിഡെർമിസിലുള്ള മെലാനിൻ എന്ന രാസതന്മാത്രയാണ് ത്വക്കിന് നിറം നൽകുന്നത്. അഥവാ മെലാനിന്റെ നിറമാണ് ത്വക്കിന്റെ ഇരുണ്ട നിറമായി നാം കാണുന്നത്. സൗരോർജ്ജത്തിലെ ശരീരകോശങ്ങൾക്ക് ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളെ മെലാനിൻ ആഗിരണം ചെയ്യുന്നു. ത്വക്കിൽ മാത്രമല്ല, നിരന്തരമായി പ്രകാശരശ്മികളെ സ്വീകരിക്കുന്ന കണ്ണിന്റെ ഏറ്റവും പിന്നിലായുള്ള റെറ്റിനയിലും മെലാനിൻ വിന്യസിച്ചിട്ടുണ്ട്. മനുഷ്യന്റെ നഗ്നമായ ശരീരത്തിന് ത്വക്കിലെ മെലാനിൻ ആവരണം ഒരു സൺസ്ക്രീനായി പ്രയോജനപ്പെട്ടു. മെലാനിൻ കുറഞ്ഞവർക്ക് സൂര്യതാപത്തിലൂടെ ഫോളേറ്റ് അപചയപ്പെട്ട് നഷ്ടപ്പെടുകയും അത് പ്രത്യുല്പാദന വിജയത്തിന് തിരിച്ചടിയാവുകയും ചെയ്യുന്നു.
നഗ്നമായഉടൽ
ഏകദേശം 60 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഇക്വറ്റോറിയൽ ആഫ്രിക്കയിൽ ചിമ്പാൻസിയുമായി വേർപിരിഞ്ഞതിനുശേഷമാണ് മനുഷ്യവംശം പരിണമിക്കുന്നത്. ചിമ്പസികളിലും പ്രൈമേറ്റുകളിലും അവയുടെ രോമാവരണത്തിനുള്ളിൽ തെളിച്ചമുള്ള ത്വക്കാണെന്ന് കാണാം. ഈ അവസ്ഥ തന്നെയായിരുന്നിരിക്കണം മനുഷ്യപൂർവികനും എന്നാണ് അനുമാനിക്കുന്നത്. അതായത് മനുഷ്യപൂർവികരുടെ ത്വക്കിന്റെ നിറം കറുപ്പോ ഇരുണ്ടതോ ആയിരുന്നില്ല, മറിച്ച് തെളിഞ്ഞ നിറത്തിലുള്ളതായിരുന്നു. അതിനെ ആവരണം ചെയ്തിരിക്കുന്ന രോമം ക്രമേണ നഷ്ടപ്പെടുന്നു എന്നതാണ് മനുഷ്യന്റെ വേർപിരിയലിലെ ഒരു പ്രത്യേകതയെന്നത്. തലയും കക്ഷവും നാഭിപ്രദേശവും ഒഴികെ മുഴുവനും രോമമില്ലാതെ നഗ്നമായിത്തീരുന്നു. ഇരുണ്ട ത്വക്ക് രൂപപ്പെടുന്നതിൽ ഈ നഗ്നതയ്ക് കാര്യമായ സ്വാധീനമുണ്ട്.
ആന്തരികാവയവങ്ങളെ സംരക്ഷിക്കുന്നത് കൂടാതെ ശരീരത്തിന്റെ താപനില സ്ഥിരമായി നിലനിർത്തുന്നതിലും ത്വക്കിന് മുഖ്യപങ്കുണ്ട്. ഒരു വ്യക്തിയുടെ സാധാരണ കോർ ശരീര താപനില 37 ഡിഗ്രി (98.6°F) ആണ്. അത് 40 ഡിഗ്രി (104° F) യെക്കാൾ കൂടുതലായാൽ കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങൾ തകരും. 41ഡിഗ്രി (106° F) കവിയുമ്പോൾ സൂര്യാഘാതം പോലുള്ള അപകടങ്ങൾ സംഭവിക്കാം. ഇത്തരം താപവ്യതിയാനം നാഡീകോശങ്ങളെ ബാധിക്കുന്നത് തടയുവാൻ രക്തചംക്രമണത്തെ പുനർവിന്യസിച്ച് മസ്തിഷ്കത്തെ തണുപ്പിക്കുകയാണ് ജീവികൾ ചെയ്യുന്നത്. ത്വക്കിൽ കാണപ്പെടുന്ന സ്വേദഗ്രന്ഥികളാണ് മനുഷ്യരിൽ ഈ ധർമ്മം നിറവേറ്റുന്നത്. സ്വേദ ഗ്രന്ഥികൾ വഴി വിയർപ്പ് ബാഷ്പീകരിക്കപ്പെടുന്നതോടെ ത്വക്കും അതിനോട് ചേർന്നുള്ള രക്തക്കുഴലുകളും തണുക്കും. ഇങ്ങനെ തണുത്ത രക്തമാവും തിരികെ ഹൃദയത്തിലേക്കും മസ്തിഷ്കം ഉൾപ്പെടെയുള്ള ആന്തരാവയവങ്ങളിലേക്കും ഒഴുകുന്നത്. ആദിമ മനുഷ്യവംശം പൂർവികരിൽ നിന്നും വേർതിരിയുന്നതിലെ, ജനിതകവ്യത്യാസങ്ങളിൽ ഒന്ന് ഈ സ്വേദഗ്രന്ഥിയുടെ വിപുലീകരണമാണ്. സ്വേദഗ്രന്ഥികൾ വർദ്ധിച്ചതിനുസൃതമായാണ് മനുഷ്യന് രോമം നഷ്ടപ്പെടേണ്ടതായി വരുന്നത്.
രോമം നഷ്ടമായതോടെ നഗ്നമായ ഉടൽ വളരെ അപായസാധ്യതയുള്ളതായി മാറി. കടുത്ത സൂര്യതാപത്തിൽ നിന്നും സസ്യങ്ങൾ പോലുള്ളവയുടെ രാസപദാർത്ഥങ്ങളിൽ (irritants) നിന്നും മുറിവുകളിലൂടെയും ശരീരം അപായപ്പെടാൻ തുടങ്ങി. ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായ സൂര്യവികിരണമാണ് അന്ന് ഉണ്ടായിരുന്നത് എന്നതും മനുഷ്യർ ഇന്നത്തെപ്പോലുള്ള വീടുകൾക്ക് പകരം പുറത്താണ് കഴിയേണ്ടി വരുന്നത് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ത്വക്ക് ദൃഢപ്പെടുന്നതിലൂടെ പകുതി പ്രശ്നങ്ങളും ഒഴിവാക്കാനായെങ്കിലും സൗരതാപത്തിലൂടെ ഫോളേറ്റിന്റെ അപചയം തടയുന്നതിന് മറ്റൊരു ഉപായമാണ് രൂപപ്പെട്ടത്. സൗരോർജ്ജം ആഗിരണം ചെയ്യുന്ന മെലാനിൻ ഇതിന്റെ പ്രതിവിധിയായിരുന്നു. MC1R (melanocortin 1 receptor) എന്ന ജീനിന്റെ സഹായത്തോടെ ഇത്തരമൊരു പ്രകൃതി നിർദ്ധാരണം ഏതാണ്ട് പന്ത്രണ്ട് ലക്ഷം വർഷം മുൻപെങ്കിലും ഉണ്ടായതായാണ് കരുതപ്പെടുന്നത്. ഈ ജീനുള്ളവർ സ്വാഭാവികമായും പ്രത്യുല്പാദന വിജയം നേടി മറ്റുള്ളവരെ എണ്ണത്തിൽ മറികടന്നു. ഇരുണ്ട മെലാനിന്റെ നിറം ഈ അതിജീവനത്തിന്റെ അടയാളവുമായി.
പലായനം
കാലാകാലങ്ങളിലുള്ള മൃഗങ്ങളുടെ പലായനങ്ങൾക്കൊപ്പം ആദിമ മനുഷ്യവംശവും സഞ്ചരിച്ചതായി J. Desmond Clark അഭിപ്രായപ്പെടുന്നു. മൃഗവർഗ്ഗങ്ങളുടെ ആഹാരത്തിനായുള്ള പ്രയാണത്തിനൊപ്പം, അവയെ വേട്ടയാടുന്നതിന്റെ സ്വൗകര്യത്തിനായി മനുഷ്യനും പിൻതുടരുകയായിരുന്നു. കിഴക്കൻ ആഫ്രിക്കയിൽ നിന്നും ഹോമോ സാപ്പിയൻസ് എന്ന ആധുനിക മനുഷ്യൻ പടിഞ്ഞാറൻ ആഫ്രിക്കയിലേക്കും തെക്കൻ ആഫ്രിക്കയിലേക്കും വടക്കൻ ആഫ്രിക്കയിലേയ്കും ചിതറുന്നത് അങ്ങനെയാണ്. അവയിലെ ഒരു ശതമാനം ആളുകളാണ് വടക്കേ ആഫ്രിക്കയിലൂടെ പുറത്തേക്കുള്ള ഏഷ്യൻ പ്രദേശങ്ങളിലേയ്കും യൂറോപ്പിലേക്കും സഞ്ചരിക്കുന്നത്. വലിയ ശതമാനവും ആഫ്രിക്കയിൽ തന്നെ തുടർന്നതേയുള്ളു. അതായത് പുറത്തേയ്ക് സഞ്ചരിക്കുന്നവർ അതിജീവനശേഷി കൂടിയവരാണെന്നും അവിടെത്തന്നെ തുടർന്നവർ പ്രാകൃതരും ദുർബലരും ആണെന്നുമുള്ള ഒരു ജൈവീക വേർതിരിവ് ഈ പലായനത്തിൽ കണ്ടെത്താനാവില്ല. ഒരു ഭൂഖണ്ഡമാണ് വിട്ട് പോകുന്നതെന്ന മുൻധാരണ പോലും അവർക്ക് ഉണ്ടാവുക അസാധ്യമായിരിക്കണം. ആഫ്രിക്കയുടെ വടക്ക് കിഴക്ക് പ്രദേശത്തേയ്ക് എത്തിച്ചേർന്നവരുടെ ഒരു സാന്ദർഭിക സാധ്യത മാത്രമായിരുന്നു അവിടെ നിന്നും പുറത്തേയ്കുള്ള ഈ പുറപ്പെടൽ.
ഹോമോ സാപ്പിയൻസ് ഏതാണ്ട് 65000 വർഷത്തോടെയാണ് യൂറേഷ്യയിലേക്ക് കുടിയേറുന്നത്. ഇവരിൽ പടിഞ്ഞാറൻ യൂറോപ്പിലേക്കും വടക്കൻ യൂറോപ്പിലേക്കും പ്രകടമായ തെളിഞ്ഞ ചർമ്മം ഉണ്ടാകുന്നു. വടക്കേ ഏഷ്യൻ വിഭാഗവും തെളിഞ്ഞ ചർമ്മമുള്ളവരായി. ആസ്റ്റ്രേലിയയിലേക്ക് 50000 വർഷം മുൻപ് എത്തിയവർക്ക് മിശ്രിത നിറമാണ്. പിന്നീട് 15,000 വർഷം മുൻപ് അമേരിക്കൻ ഭൂഖണ്ഠത്തിലേക്കുള്ള യാത്ര ഇരുണ്ടതും തെളിച്ചമുള്ളതിന്റെയും മിശ്രിതമായവരായിരുന്നു. അതിൽ തന്നെ പിന്നീട് ഉഷ്ണമേഖലാ പ്രദേശത്തെത്തിയവർ കൂടുതൽ ഇരുണ്ട വർണ്ണം സ്വീകരിച്ചു. ഏറ്റവും ഒടുവിലെ 10000 വർഷം മുൻപുള്ള ഓഷ്യാനയിലേക്കുള്ള കുടിയേറ്റത്തിലും തെളിഞ്ഞ വർണ്ണം ഇടനിറമുള്ള ചർമ്മമായി പരിണമിക്കുന്നത് കാണാം. അതായത് ആഫ്രിക്കയിൽ നിന്നും അകന്ന് പോകുന്ന കാലത്തിനനുസരിച്ച് `പ്രാകൃതമായി’ വ്യാഖ്യാനിക്കപ്പെട്ട ഇരുണ്ട നിറം ക്രമേണ മാറി മാറി `അതിജീവന രഹസ്യമായ’ തെളിഞ്ഞ നിറമാകുന്നതല്ല സംഭവിക്കുന്നത്. സൂര്യാതാപം ശക്തമായിരുന്നിടത്ത് തുടരുകയോ മാറിപ്പോവുകയോ ചെയ്തവർ ഇരുണ്ട നിറം സ്വീകരിക്കുന്നു. എവിടെ വാർഷിക സൂര്യപ്രകാശം ദുർബലം ആയിരുന്നുവോ, അവിടങ്ങളിൽ ത്വക്കിന്റെ നിറം മങ്ങുന്നത് സംഭവിച്ചു, പ്രത്യേകിച്ച്, വടക്കൻ പ്രദേശങ്ങളിൽ.
വിറ്റാമിൻഡി
ഭൂമധ്യരേഖാപ്രദേശത്തുള്ള ആഫ്രിക്കയിൽ നിന്നും ചിതറി പുതിയ ഭൗമ സാഹചര്യങ്ങളിലെത്തിയതോടെയാണ് ഈ നിറവൈവിധ്യം നിർബന്ധിതമായത്. ഭൂമധ്യമേഖലാപ്രദേശത്തുള്ളവർക്ക് ഇരുണ്ട നിറവും ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്തോറും തെളിച്ചമുള്ള നിറവും ഇവയ്ക്കിടയിലുള്ളവർക്ക് ഈ രണ്ട് വർണ്ണങ്ങളുടെ ക്രമേണയുള്ള മിശ്രിതങ്ങളും ഉണ്ടാകുന്നു. അതത് പ്രദേശങ്ങളിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ തോതും അതിനനുസൃതമായുള്ള ത്വക്കിന്റെ പരിണാമവുമായാണ് ഇത് ബന്ധം. അൾട്രാവയലറ്റ് വികിരണത്തിന്റെ ഏറ്റക്കുറച്ചിലും മനുഷ്യരുടെ ത്വക്കിന്റെ നിറവിന്യാസവും തമ്മിൽ കൃത്യമായ അനുപാതമുള്ളതായി ഇന്ന് സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള പഠനങ്ങളിലും വെളിപ്പെട്ടിട്ടുണ്ട്.
ഫോളേറ്റ് സൂര്യപ്രകാശമേറ്റാൽ നശിപ്പിക്കപ്പെടുമെങ്കിൽ, മറ്റൊരു വിറ്റാമിൻ ആയ, വിറ്റാമിൻ ഡി (കാൽസ്യവുമായി ചേർന്ന് അസ്ഥികളുടെയും മറ്റും ബലത്തിന് കാരണമാകുന്ന വിറ്റാമിൻ) യുടെ നിർമ്മാണത്തിന് സൗരോർജ്ജത്തിലെ അൾട്രാവയലറ്റ് (UVB, UVC) രശ്മികൾ അത്യാവശ്യമാണ്. അതായത്, ഇരുണ്ട ത്വക്ക് ഫോളേറ്റിനെ സംരക്ഷിക്കുമെങ്കിൽ അത് വിറ്റാമിൻ ഡി യ്ക് ഹാനികരമാണ്. ഭൂമധ്യരേഖാപ്രദേശത്തുള്ളവർക്ക് വർഷം മുഴുവനും ആവശ്യാനുസരണം സൂര്യപ്രകാശമുള്ളതിനാൽ വിറ്റാമിൻ ഡിയുടെ ഉല്പാദനം സാധിക്കുന്നു. എന്നാൽ ധ്രുവങ്ങളോട് അടുക്കുന്തോറും വാർഷിക സൂര്യപ്രകാശം കുറയുകയും അവിടെ ചെരിഞ്ഞ് എത്തിച്ചേരുന്ന അൾട്രാ വയലറ്റ് രശ്മികൾ ആവശ്യത്തിലും താഴെയായിരിക്കും. ഒപ്പം അൾട്രാ വയലറ്റ് ആഗിരണം ചെയ്യുന്ന ഇരുണ്ട നിറമുള്ള മെലാനിൻ ഇവിടെയുള്ളവർക്ക് കൂടുതൽ പ്രതികൂലമായിത്തീരും. ഈ പ്രതികൂലതയുടെ പരിഹാരമായിരുന്നു മെലാനിൻ കുറയ്കേണ്ടതിനായുള്ള ജനിതക മാറ്റം. ഫോളേറ്റിന്റെ അപചയം തടയുക, വിറ്റാമിൻ ഡി യുടെ നിർമ്മാണം സഹായകരമാവുക എന്നീ അതിജീവനശേഷികളെ നിലനിർത്തുന്നതിന് ഓരോ ഭൗമ സാഹചര്യങ്ങൾക്കും ആനുപാതികമായി ഉണ്ടായ ജനിതകമാറ്റമാണിത്. എന്നാൽ നിറവൈവിദ്ധ്യത്തിനുള്ള ജീനുകളുമായി മനുഷ്യന്റെ രൂപഘടനയോ, സ്വഭാവവൈശിഷ്ട്യമോ പെരുമാറ്റമോ പോലുള്ള സവിശേഷതകൾ ബന്ധിപ്പിക്കപ്പെട്ടതായി കാണാനാവില്ല.
SLC24A5 എന്ന ജീൻ മനുഷ്യ ത്വക്കിന്റെ ഈ നിറഭേദങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിച്ച ഒന്നാണ്. മനുഷ്യ പരിണാമത്തിൽ കുറഞ്ഞത് മൂന്നു തവണ Neanderthals, ആധുനിക യൂറോപ്യന്മാർ, ആധുനിക ഈസ്റ്റ് ഏഷ്യക്കാർ എന്നിവർക്ക് വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ തെളിഞ്ഞ ചർമ്മം ഉണ്ടാവുകയായിരുന്നു. അങ്ങനെ ഇരുണ്ട നിറം മുതൽ തെളിഞ്ഞ നിറം വരെയുള്ള വിവിധ ഛായാഭേദങ്ങളോടെയാണ് പതിനായിരക്കണക്കിന് വർഷങ്ങളോളം മനുഷ്യ വംശം വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നത്. എങ്കിലും ഓരോ ഇടങ്ങളിലെയും മനുഷ്യർ മറ്റിടങ്ങളുമായി ഇടപഴകുന്നതിനോ യാത്ര ചെയ്യുന്നതിനോ അവസരം ഉണ്ടാകാതിരുന്നതിനാൽ ഈ വ്യത്യാസം പരസ്പരം തിരിച്ചറിയുന്നുമില്ല.
ഇന്ന് ഭൂമധ്യാരേഖാപ്രദേശത്ത് തെളിച്ചമുള്ള ത്വക്കുള്ളവരേയും ധ്രുവങ്ങളിൽ ഇരുണ്ട നിറമുള്ളവരേയും കണ്ടെത്താം. 11000 വർഷങ്ങൾക്കെങ്കിലും ശേഷം കാർഷിക സംസ്കാരത്തോടെ വികസിച്ച യാത്രാ ബന്ധങ്ങളിലൂടെ മനുഷ്യർ പരസ്പരം നടത്തിയ യാത്രകളും തുടർന്നുള്ള കുടിയേറ്റങ്ങളും അധിനിവേശങ്ങളുമാണ് ഇതിന് കാരണം. ഒരു പ്രദേശത്ത് ജീവിച്ചുവരുന്ന മനുഷ്യന് മറ്റൊരു പ്രദേശത്തുള്ളവരുമായി നിറവ്യത്യാസമുണ്ടന്ന് തിരിച്ചറിയുന്നത് പോലും അങ്ങനെയായിരിക്കണം. ത്വക്കിന്റെ നിറം അടിസ്ഥാനപ്പെടുത്തുന്ന വർഗ്ഗീകരണം നടത്തുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന മുഖ്യഘടകങ്ങളിലൊന്ന് വാസ്തവത്തിൽ ഇങ്ങനെയുണ്ടായ സമ്മിശ്രാവസ്ഥയാണ്.
ത്വക്കിന്റെ നിറം അതിന്റെ ഏറ്റവും ബാഹ്യമായ എപിഡെർമിസിലെ ഒരു യാഥാർത്ഥ്യമാണ്. ഒരു നിറവും മനുഷ്യന്റെ സ്വഭാവവിശേഷതകളുടെ പാക്കേജിന്റെ ഭാഗമാണെന്ന് ഊഹിക്കുന്ന വംശീയത ഒരു ജൈവീക യാഥാർത്ഥ്യമല്ല. അതിൽത്തന്നെ ഇരുണ്ട നിറം അയോഗ്യതയായല്ല, അതിജീവനശേഷിയുടെ സൗന്ദര്യമായാണ് മനസ്സിലാക്കേണ്ടത്. അധിനിവേശം ചെയ്ത പ്രദേശങ്ങളിലുള്ളവരെ അന്യരായി വർഗ്ഗീകരിക്കുന്നതോടെയാണ് ഇരുണ്ട ചർമ്മമുള്ളവർക്ക് കറുപ്പിന്റെ നിഷേധാർത്ഥം നൽകുന്ന മനോനില ഉണ്ടാകുന്നത്. തെളിച്ചമുള്ള നിറമുള്ളവർ സംഘബലത്താലും ആയുധബലത്താലും നൂറ്റാണ്ടുകളോളം നിലനിർത്തിയ അധികാരം അവരുടെ മാത്രം വീക്ഷണങ്ങളെ ഫലപ്രദമായി സ്ഥാപിച്ചെടുക്കുവാൻ സഹായിക്കുന്നു. ദൗർഭാഗ്യകരമായ വിധേയത്വത്തിന്റെ ഓർമ്മകൾ ഇരുണ്ട നിറമുള്ളവർക്ക് ലോകമെമ്പാടും ഉണ്ടാകുന്നത് ഇങ്ങനെ സ്ഥാപനവൽക്കരിക്കപ്പെട്ട ചരിത്രബോധത്തിന്റെ പശ്ചാത്തലം കൊണ്ട് കൂടിയാണ്. സഹസ്രാബ്ദങ്ങളോളം നീണ്ട അതിന്റെ ആലസ്യത്തിൽ നിന്ന് പുറത്ത് വരാൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ അനുരണനങ്ങളാണ് ഇന്നും സംഘടിതമായും ഒറ്റപ്പെട്ടും, പ്രത്യക്ഷമായും പരോക്ഷമായും, പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും, സ്കൂളുകളിലും കോളേജുകളിലും, അവസരത്തിലും അനവസരത്തിലും തികട്ടിവരുന്ന വിവേചനപ്രയോഗങ്ങൾ.
അജിത് കുമാർ ജി
References
- Living Colour: The biological and social and of skin colour, Nina Jablonski, University of California Press, 2012
- Gun, Germs and Steel. Jared Diamond
- www.angelicadass.com
- http://humanae.tumblr.com
- www.azhimukham.com
ajitkumarg
Proudly powered by WordPress