വീഞ്ഞും ചാരായവും
പുണ്യവാളനുള്ള വീഞ്ഞു സദാചാരപരവും ആരോഗ്യകരവും ആയിരിക്കുന്നു. മുത്തപ്പനുള്ള ചാരായം പക്ഷെ, അവിശുദ്ധവും വിലക്കപ്പെടേണ്ടതുമത്രേ. ഉൽപ്പാദനരീതിയിലെയും വീര്യത്തിന്റെയും വ്യത്യാസം ഒഴിച്ചാൽ സത്യത്തിൽ രണ്ടും ആൽക്കഹോൾ തന്നെ. ഒരു നൂറ്റാണ്ട് മുൻപു അമേരിക്കൻ ഐക്യനാടുകളെ ഇളക്കിമറിച്ച നിരോധനത്തിന്റെ കൊടുങ്കാറ്റിലും അനുഷ്ടാനങ്ങൾക്കുള്ള വീഞ്ഞു സംരക്ഷിക്കപ്പെട്ടിരുന്നു. കാരണം, അതു ഗ്രന്ഥങ്ങളിൽ പരിശുദ്ധമായി വാഴ്ത്തപ്പെട്ടിരിക്കുന്നു. ഇവിടെ ഗ്രന്ഥമില്ലെന്നത് പോകട്ടെ, മുത്തപ്പൻ തന്നെ വംശനാശ ഭീഷണിയിലാണ്. അമ്മമാരുടെ കൂട്ടകരച്ചിലുകളിലും വിഷമദ്യദുരന്തങ്ങളിലും നടുങ്ങിയ കേരളം ഏറെ പ്രതീക്ഷകളോടെയാണ് അന്നു ചാരായ നിരോധനത്തെ സ്വീകരിച്ചത്. 18 വർഷത്തിനു ശേഷം ഇന്നോ? ഇതര സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയ കേരളത്തിന് മദ്യപാനത്തിൽ ഒന്നാം സ്ഥാനമാണുള്ളത്. അവർണ്ണമായ ചാരായത്തിനു പകരം വർണ്ണ ശബളമായ വിദേശ മദ്യമായെന്നു മാത്രം. അപ്രതീക്ഷിതമായ ഈ തിരിച്ചടി എന്തുകൊണ്ടാണ് സംഭവിക്കുന്നത്?
അർദ്ധ രാത്രിക്കു ശേഷമുള്ള ആദ്യ നിമിഷം
ഒരു മണിക്കൂർ തികഞ്ഞിരുന്നില്ല. 1920 ജനുവരി 17 അർദ്ധരാത്രി മുതൽ മദ്യനിരോധനം അമേരിൻ ഐക്യ നാടുകളിൽ നിലവിൽ വന്നിട്ട്. അവസാന പെഗ്ഗും കഴിഞ്ഞു പുറത്തിറങ്ങുന്നവരെ സ്വീകരിക്കുന്നതിനായി റോഡിലുടനീളം ബാനറുകളും സന്ദേശങ്ങളുമാണ്. 59- മത്തെ മിനുട്ടിൽ ചിക്കാഗൊ നഗരത്തിലെ റോഡ് റെയിൽ ബസിനുള്ളിൽ ആറോളം തോക്കുധാരികൾ പ്രത്യക്ഷപ്പെട്ടു. അതിലെ ഒരു കമ്പാർട്ടുമെന്റിൽ ഫാർമസിയിലേക്കു കോണ്ട് പോകുന്ന `മെഡിസിനൽ മദ്യമാണ്’. ഒരു ലഷം ഡോളർ വില വരുന്ന മദ്യശേഖരം മുഴുവനും കവർന്നു അവർ ഇരുട്ടിലേക്കു മറഞ്ഞു. ചൂതും മോഷണവും പോലുള്ളവയെക്കാൾ ലാഭകരമായ അനധികൃത മദ്യവ്യാപാരത്തിലേക്ക് അധോലോകം തിരിയുന്നതിന്റെ ആദ്യ സൂചനയായിരുന്നു പിറ്റെ ദിവസത്തെ മാഞ്ചസ്റ്റർ ഗാർഡിയൻ പത്രത്തിലെ `അർദ്ധ രാത്രിക്കു ശേഷമുള്ള ആദ്യ നിമിഷം’ എന്ന ഈ വാർത്ത.
കണ്ണീരിന്റെ കാലം അവസാനിക്കുന്നു
വ്യാവസായിക വളർച്ചയോടെ പ്രകടമായ നഗര-ഗ്രാമ ജീവിതരീതികൾ തമ്മിലുള്ള സദാചാര മൂല്യ തർക്കമാണ് നിരോധനത്തിലേക്കു നയിച്ചതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ എൻലൈറ്റന്റ് മൂവെമെന്റിലെ പ്രധാനിയും ഡോക്ടറുമായിരുന്ന ബഞ്ചമിൻ റഷിന്റെ, അമിത മദ്യപാനം തലച്ചോറിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ ശാസ്ത്രീയമായി വിശദീകരിക്കുകയും ഒപ്പം മിതമായ മദ്യപാനത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ വലിയ പ്രചാരം നേടിയിരുന്നു.( the enquiry into the effects of ardent spirits upon human body and mind’- 1786). പിൽക്കാലത്തു മിതമദ്യപാനത്തെ സ്വീകരിക്കുന്ന `ടെമ്പ്രൻസ്’( temperance) എന്ന പ്രസ്ഥാനം ശക്തമാകുന്നതിൽ ഈ ആശയങ്ങൾക്കും സ്വാധീനമുണ്ടായിരുന്നു. എന്നാൽ മിക്ക മതപ്രസ്ഥാനങ്ങളും മദ്യശാലകൾ കുറ്റകരമാണെന്നും മദ്യപാനം പാപമാണെന്നും വിശ്വസിച്ചു.
ഒന്നാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാർക്കു കൂടുതൽ ധാന്യം മിച്ചം വയ്ക്കുന്നതിനായുള്ള താൽക്കാലിക മദ്യനിയന്ത്രണം മതപ്രസ്ഥാനങ്ങൾക്കു അനുകൂല സാഹചര്യമായി. ഇതോടൊപ്പം വെയ്നി വെയ് ലറുടെ നേതൃത്വത്തിൽ ശക്തിപ്പെട്ട `ആന്റി സലൂൺ ലീഗ്’ റിപ്പബ്ലിക്കനുകളിലെയും ഡെമോക്രാറ്റുകളിലെയും ഒരു വിഭാഗത്തോടൊപ്പം ചേർന്ന് നടത്തിയ സമ്മർദ്ദത്തെ തുടർന്നാണ് 1919 ൽ മദ്യനിരോധന നിയമം അവതരിപ്പിച്ചത്. എതിർ വാദമുണ്ടായിരുന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ് വൂഡ്രോ വിൽസൺ പക്ഷെ, വീറ്റോയിലൂടെ കോൺഗ്രസിന്റെ തീരുമാനം അസാധുവാക്കി. നിരോധനവാദികൾ അടങ്ങിയില്ല. അന്നു തന്നെ വീണ്ടും കോൺഗ്രസു ചേർന്നു. വീറ്റോയെ പ്രത്യേക അധികാരമുപയോഗിച്ച് മറികടന്നാണ് `വോൾസ്റ്റെഡ് ആക്ട്’ എന്നറിയപ്പെടുന്ന നിരോധനം പ്രാബല്യത്തിലാക്കുന്നത്.
`കണ്ണീരിന്റെ കാലം അവസാനിക്കുന്നു. ചേരികൾ നമുക്കിനി ഓർമ്മ മാത്രം. മദ്യപാനം അവസാനിക്കുന്നതോടെ കുറ്റകൃത്യങ്ങൾക്കും അന്ത്യമാവും. ജയിലുകളെ ഫാക്ടറികളും ധാന്യശേഖരണികളുമാക്കി മാറ്റിയെടുക്കാം..’. നിരോധനപ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന ബില്ലി സൺഡേ വിർജീനിയയിൽ ആവേശത്തോടെ അന്ന് പ്രസംഗിച്ചു.
കേരളത്തിലെ മദ്യനിരോധന നീക്കത്തിന്റെ സാഹചര്യവും വ്യത്യസ്ഥമല്ല. ചാരായ നിരോധനത്തിന്റെ പശ്ച്ചാതലവും മത- സമൂഹ്യസംഘടനകളുടെ സ്വാധീനവും രാഷ്രീയ പ്രമുഖരുടെ നിലപാടുകളും അമേരിക്കൻ നിരോധനത്തിലെ സമാനതകളോട് എളുപ്പം താരതമ്യം ചെയ്യാവുന്നതാണ്.
വോൾസ്റ്റെഡ് ആക്ട്
വോൾസ്റ്റെഡ് ആക്ടിലൂടെ മദ്യത്തിന്റെ ഉൽപ്പാദനവും വിതരണവും വില്പനയും ഇറക്കുമതിയും അമേരിക്കയിൽ നിരോധിച്ചു. മദ്യപിക്കുന്നതു കുറ്റകരമായിരുന്നില്ലെന്നതു ശ്രദ്ധേയമാണ്. സ്വകാര്യ ആവശ്യങ്ങൾക്കു പഴച്ചാറുകളിൽ നിന്നും വൈൻ നിർമ്മിക്കുന്നതും അനുവദനീയം. ധനികരിൽ പലരും സ്വകാര്യ ആവശ്യത്തിനായി നിരോധനം മുൻ കൂട്ടി കണ്ട് വൻതോതിൽ മദ്യം വാങ്ങി വെയർ ഹൗസുകൾ ഒഴിപ്പിച്ച് ശേഖരിച്ചു വച്ചു. പ്രമുഖ ചരിത്രകാരനായ എച്ച് എൽ. മെൻ കെൻ (H L Mencken) നിരോധനം സാധാരണക്കാരെ മാത്രം ബാധിക്കുന്നതായി എഴുതി. അമേരിക്കൻ പ്രസിഡന്റ് കാലാവധിയ്ക്ക് ശേഷം വൈറ്റ് ഹൗസിലെ മദ്യശേഖരം വാഷിങ്ടണിലെ സ്വന്തം വീട്ടിലേക്കു മാറ്റിയതും, അടുത്ത പ്രസിഡന്റായ വാറൻ ഹാർഡിങ്ങ്, വൈറ്റ് ഹൗസിലിരുന്നു മദ്യം ആസ്വദിക്കുകയും എന്നാൽ രാജ്യത്ത് നിരോധനം നടപ്പിലാക്കുവാൻ ശ്രമിക്കുന്നതും വിമർശിക്കപ്പെട്ടു.
അനുഷ്ടാനങ്ങൾക്കുള്ള വീഞ്ഞിന്റെ വിശുദ്ധിയിൽ വോൾസ്റ്റെഡ് ആക്ട് കൈകടത്തിയില്ല. പുരോഹിതന്മാർക്കു പ്രത്യേകമായി ലൈസൻസ് അനുവദിച്ചു. പുരോഹിതരാവുന്നതിനുള്ള താല്പര്യവും, പള്ളികളിലും സിനഗോഗുകളിലും വീഞ്ഞു സൽക്കാരം പതിവായതിനാൽ വിശ്വാസികളുടെ അംഗത്വവും വർദ്ധിച്ചു. എന്നാൽ അനുഷ്ട്ഠാനങ്ങൾക്കായി കൊണ്ടുപോകുമായിരുന്ന മില്ല്യണുകളോളം ഗ്യാലൺ വീഞ്ഞിൽ നാലിലൊന്നു മാത്രമേ അൾത്താരയിൽ എത്തിച്ചേർന്നുള്ളു.
നിരോധനം അമേരിക്കയിൽ
1922 ൽ `toll of the sea’ എന്ന ഹോളിവൂഡിലെ ആദ്യ കളർ ചിത്രം അമേരിക്കയിൽ പ്രദർശിപ്പിക്കുമ്പോൾ വൈരുദ്ധ്യമെന്നു പറയാം, തകർച്ചയുടെ കറുത്ത അദ്ധ്യായങ്ങളിലായിരുന്നു അമേരിക്കൻ ജീവിതം. അന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ , മനുഷ്യരാശിയുടെ ഒരു പിന്നോട്ട് പോക്കായിരിക്കും നിരോധനമെന്നു പ്രതികരിച്ചു.
നിരോധനലക്ഷ്യത്തിനേറ്റ പ്രധാന തിരിച്ചടി മദ്യപാനം കുറഞ്ഞില്ല എന്നതു തന്നെ. തൊട്ടടുത്ത കാനഡ, മെക്സിക്കോ, കരീബിയൻ രാജ്യങ്ങളിൽ ഡിസ്റ്റില്ലറികൾ മുളച്ചു പൊന്തി. അമേരിക്കൻ ജനങ്ങൾ ഇവിടങ്ങളിലേക്കു യാത്ര ചെയ്യുകയോ നിയമവിരുദ്ധമായി അതിർത്തി കടന്നു ഒഴുകിയ മദ്യത്തെ ആശ്രയിക്കുകയോ ചെയ്തു. വീട്ടിൽ സ്വന്തമായി മദ്യം വാറ്റിയെടുക്കുന്നതും സർവസാധാരണമായി. കാലിഫോർണിയയിലെ മുന്തിരിത്തോട്ടങ്ങളുടെ എണ്ണം 700 ശതമാനമാണ് വർദ്ധിച്ചത്. തോട്ടങ്ങളില്ലാത്തവർക്കു പഴച്ചാറുകളുടെ പുതിയ ഇനം കോൺസെന്റ്രേറ്റുകൾ വിപണികളിൽ സജീവമായി. വൈൻ- ഗ്ലോ (Vine-Glo) എന്ന പേരിലെ കോൺസന്റ്രേറ്റുകൾ വീട്ടിലെത്തിച്ച് ദിവസങ്ങൾക്കുള്ളിൽ വൈൻ ആക്കിത്തീർക്കുന്നതിന് കഴിയും. ഡോക്ടർമാർക്കു `മെഡിക്കൽ വിസ്ക്കി’ രോഗികൾക്കു ശുപാർശ ചെയ്യുന്നതിനു തടസ്സമില്ല. ചെറിയ അസുഖങ്ങൾക്കു പോലും മെഡിക്കൽ വൈൻ മരുന്നായി കിട്ടുവാൻ തുടങ്ങി. ഇതുമൂലം ഫാർമസിയിലെ വൈനിന്റെ വീര്യം 12.5 ശതമാനത്തിൽ നിന്നും 22 % ലേക്കു ഉയർന്നു. കാലിഫോർണിയയിലെ ഫാർമസികളുടെ എണ്ണം മൂന്നു ഇരട്ടിയുമായി.
തുടക്കത്തിൽ വ്യാവസായികവും മെഡിക്കൽ ലബോറട്ടറി ആൽക്കഹോളുമാണ് അധോലോകം കടത്തിയിരുന്നതു. ഇതു ശ്രദ്ധയിൽ പെട്ടതോടെ മദ്യപിക്കാതിരിക്കുവാൻ സർക്കാർ ഇവയിൽ മാരകമായ മെഥനോൾ ചേർത്ത് പ്രതിരോധിച്ചു. നിർഭാഗ്യവശാൽ ഓരോ വർഷവും ആയിരത്തോളം പേരാണ് ഇങ്ങനെയുള്ള വിഷ മദ്യം കഴിച്ചു മരണമടഞ്ഞത്. ഒരു പക്ഷേ, മരണം ഉണ്ടാക്കുന്ന ഭീതിയെങ്കിലും ജനത്തെ മദ്യപാനത്തിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് അനുകൂലിച്ചവർ ഉറച്ചു വിശ്വസിച്ചു.
മൂൺ ഷൈനുകൾ
മദ്യത്തെപ്പോലെ ലഹരിദായകമായ, എന്നാൽ കൂടുതൽ അപകടകാരിയായ `സ്റ്റേർണോ’ (sterno) എന്ന വസ്തുവും മാർക്കറ്റിൽ സുലഭമായി. ഇതു കഴിച്ചു രോഗ ബാധിതരായവർ മദ്യനിരോധനം അവസാനിപ്പിക്കണമെന്നു സംഘടിതമായി ആവശ്യപ്പെട്ടു. ക്രമേണ ഡിസ്റ്റില്ലറികൾ തന്നെ ഉണ്ടാകാൻ തുടങ്ങി. 1921 ൽ 95,933 ഉം, 1925 ൽ 172,537 ഉം 1930 ൽ 282,122 ഉം വ്യാജ വാറ്റുകേന്ദ്രങ്ങളാണ് പ്രോഹിബിഷൻ ബ്യൂറോയുടെ കണക്കുകളിൽ കണ്ടെത്തിയത്. ഗുണനിലവാരം ഇല്ലാത്തതും വീര്യം കൂടിയ മദ്യം വിതരണം ചെയ്യുന്നതു കൂടുതൽ സൗകര്യവും ലാഭകരമായതിനാൽ സ്പിരിറ്റിന്റെ വീര്യം വർധിപ്പിച്ചു. മദ്യം പഴകുമ്പോൾ ഉണ്ടാകുന്ന മധുരം ലഭിക്കുന്നതുവരെ കാത്തിരിക്കാനും അധോലോകത്തിന് സാവകാശമുണ്ടായില്ല. പകരം അതിനായി ചത്ത എലികളെയും പഴകിയ ഇറച്ചിയും ചേരുവകളാക്കി.
വീടുകളിൽ വാറ്റിയെടുക്കുന്ന `മൂൺ ഷൈൻ’ മദ്യം വിതരണം ചെയ്യുന്നതിനു കാറുകളിൽ പലതരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും പ്രത്യേക ശേഷിയുള്ള എഞ്ചിനുകൾ ഘടിപ്പിക്കുകയും ചെയ്തു. അതിവേഗമേറിയ `മൂൺ ഷൈൻ കാറു’കളുടെ പരക്കം പാച്ചിലുകൾ പോലീസിന് തലവേദനയായിത്തീർന്നു. പിന്നീട്,1958 ൽ നിർമ്മിച്ച `thunder road’ എന്ന സിനിമ,` മൂൺ ഷൈൻ’ മദ്യവില്പനയുടെയും ഇതിനായി തീർത്ത പ്രത്യേക റോഡുകളുടെയും പശ്ചാത്തലത്തിലുള്ള കഥയാണ്.
സ്പീക്ക് ഈസി
ഏറ്റവും അപ്രതീക്ഷിതമായത് സ്ത്രീകളിൽ വർധിച്ചുവന്ന മദ്യപാനശീലമാണ്. ഇക്കാലത്തു പ്രസിദ്ധമായിത്തീർന്ന ജാസ് സംഗീതത്തിൽ ഇഴചേർന്നിരുന്ന മദ്യത്തിന്റെ ലഹരി പുറത്തെ ക്ലബ്ബുകളിലേക്കു ജനങ്ങളെ ആകർഷിച്ചു.`സ്പീക് ഈസി‘ എന്ന പേരിൽ രാജ്യത്തുടനീളം ക്ലബുകൾ മുളച്ചു പൊന്തി. ഇവിടെയെല്ലാം മദ്യം പ്രധാന വിഭവവുമായി. ന്യൂയോർക്കു നഗരത്തിൽ മാത്രം ഒരു ലക്ഷത്തിനടുത്തു ഇത്തരം അനധികൃത കേന്ദ്രങ്ങളാണ് ഉണ്ടായത്.
പൊതു സാമ്പത്തിക സ്ഥിതി മന്ദീഭവിക്കുകയും സമാന്തര മാഫിയയുടെ അനധികൃത സമ്പത്തു കുതിച്ചുയരുകയും ചെയ്തു. ടാക്സ് ഇനത്തിൽ സർക്കാരിനു 11 ബില്യൺ ഡോളർ നഷ്ടമായി. നിരോധനം നടപ്പിലാക്കുന്നതിനു 300 മില്ല്യൺ ഡോളർ അമിതഭാരമാവുകയും ചെയ്തു. ബില്ലി സൺഡേയും നിരോധന വാദികളും ആഗ്രഹിച്ചതുപോലെ കുറ്റകൃത്യങ്ങൾ കുറയുകയുണ്ടായില്ല. മറിച്ചു, അവ 24 % ളം വർദ്ധിച്ചു. കൊലപാതകം 12.7% വും മയക്കു മരുന്നുകളുടെ ഉപയോഗം 44.6 % വർദ്ധിച്ചു. മദ്യാസക്തിയിൽ ഉണ്ടാകുമായിരുന്ന ഒറ്റപ്പെട്ട കുറ്റകൃത്യങ്ങൾക്കു പകരം ഭയാനകമായ സംഘടിത ക്രൈമുകൾ പ്രത്യ്ക്ഷപ്പെട്ടു. ആദ്യ മൂന്നു വർഷത്തിനുള്ളിൽ മദ്യനിരോധനം നടപ്പിലാകാൻ നിയോഗിക്കപ്പെട്ട 30 ഉദ്യോഗസ്ഥന്മാർ കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെട്ടു.
ആൽ കപോണിനെ (Al Capone) പോലുള്ള മാഫിയ തലവന്മാർ കള്ളപ്പണം സാധാരണക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു നൽകിയും തൊഴിലില്ലാത്തവർക്ക് ജോലി നൽകിയും ആരാധ്യരായി. സാധാരണക്കാരിൽ റോബ്ബിൻ ഹുഡിന് സമമായ വീരാരാധാന നേടിയെടുത്ത കപോൺ ഒരിക്കൽ പറഞ്ഞു. `ഞാൻ പണമുണ്ടാക്കുന്നതു ജനങ്ങൾ ആവശ്യപ്പെടുന്നവ വിതരണം ചെയ്ത് മാത്രമാണ്. എന്റേത് കുറ്റകൃത്യമാണെങ്കിൽ ചിക്കാഗോയിലെ ഏറ്റവും മാന്യന്മാരായ നൂറുകണക്കിന് പേരും അങ്ങനെ തന്നെ. ഞാൻ വിൽക്കുന്നു, അവർ വാങ്ങുന്നു എന്ന ഒറ്റ വ്യ്ത്യാസമേയുള്ളു’.
നിരോധനം മറ്റൊരു രീതിയിൽ ബാധിച്ചതു അമിത മദ്യപാനികളെയാണ്. മദ്യ നിയന്ത്രണം അവർക്കു അസാധ്യമായിരുന്നു.1935 ൽ ഗ്ലാസിലെ അവസാന തുള്ളി മദ്യം കഴിച്ചുകൊണ്ട് സ്വയം മദ്യപാനം അവസാനിപ്പിച്ച ബിൽ വിൽസൺ, ഡോ. ബോബ് സ്മിത്ത് എന്നീ രണ്ട് സുഹൃത്തുക്കൾ ചേർന്ന് തുടക്കമിട്ട ആൽക്കഹോളിൿ അനോണിമസ് ലോകമെമ്പാടും അംഗങ്ങളുള്ള പ്രസ്ഥാനമാണ്. പരസ്പരസഹായത്തിൽ പ്രവർത്തിക്കുന്ന ആൽക്കഹോളിൿ അനോണിമസ് അമിതാസക്തിയിലകപ്പെട്ടവർക്കു ഇന്നും ആശ്വാസമാണ്.
ജെയ്ക് ലെഗ് ബ്ലൂസ്
1930 ലാണ് എറ്റവും വലിയ മദ്യദുരന്തമുണ്ടാകുന്നത്. ചുമ പോലുള്ള അസുഖങ്ങൾക്ക് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ലഭിക്കുന്ന ജെയ്ക്ക് എന്നറിയപ്പെട്ടിരുന്ന ഒരു ജമൈക്കൻ മരുന്നായിരുന്നു കാരണം. ഇതിൽ മായം ചേർത്തതിലൂടെ, നാഡീകോശങ്ങളെ ബാധിച്ച രോഗം ആദ്യം കാൽപാദങ്ങളെ പൂർണ്ണമായി തളർത്തുന്നു. പിന്നീട് ഇഴയേണ്ടി വരുന്ന അവസ്ഥയും. ഏതാണ്ട് അരലക്ഷം പേർക്കാണു` ജെയ്ക്കു ലെഗ്’ എന്നറിയപ്പെടുന്ന ഗുരുതരമായ ഈ രോഗമുണ്ടായത്. കുടിയേറ്റക്കാരായ പാവപ്പെട്ടവരായിരുന്നു ഇവരിൽ ഭൂരിപക്ഷവും. ഇതിനെ ഓർമ്മിപ്പിക്കുന്ന “Jake Leg Blues” എന്ന സംഗീതം വളരെ ശ്രദ്ധേയമാണ്.
1930 ൽ മദ്യമാഫിയകളിൽ പ്രധാനിയായിരുന്ന ജോർജ്ജ് കാസ്സിഡേ(George Cassiday), വാഷിങ്ടൺ പോസ്റ്റിൽ ഒരു ദീർഘലേഖനത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ പത്തു വർഷമായി അമേരിക്കൻ കോൺഗ്രസ്സിലെ പ്രധാനികൾക്കു താൻ മദ്യം വിതരണം ചെയ്യുന്നുണ്ടെന്നു കാസ്സിഡേ തുറന്നു പറഞ്ഞു. നിരോധനത്തിനു വാദിച്ചവരുൾപ്പെടെ 80 % സെനറ്റർമാരും മദ്യപിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.
സാമ്പ്തിക മാന്ദ്യവും അനിയന്ത്രിത കുറ്റക്രത്യങ്ങളും കാരണം അമർഷം നിറഞ്ഞു നിന്ന ജനങ്ങൾക്കു ഈ വാർത്ത പുനിർവിചിന്തനത്തിനുള്ള അവസരമായിരുന്നു. തെരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കുകൾ പരാജയപ്പെട്ടു. 13 വർഷത്തിനു ശേഷം 1933 മാർച്ച് 22 ന് ഡെമോക്രാറ്റുകളിലെ പുതിയ പ്രസിഡന്റ് ഫ്രാൻക്ക്ലിൻ ഡി റൂസ് വെൽറ്റ് വാഗ്ദാനം പാലിച്ചുകൊണ്ട് നിരോധനം അവസാനിപ്പിച്ചു.
നിരോധനം ഇതര രാജ്യങ്ങളിൽ
സോവിയറ്റ് റഷ്യയിൽ പെരസ്ട്രോയിക്കയോടൊപ്പം, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും മാനവശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് 1985 ൽ മിഖായേൽ ഗോർബച്ചേവ് മദ്യനിയന്ത്രണം നടപ്പാക്കിയത്. മൂൺ ഷൈനിനു സമമായുള്ള ` സമോഗോൺ’ ( samogon) എന്ന വ്യാജ മദ്യം പെരുകുന്നതിനാണു ഇതു വഴിവച്ചത്. പതിനായിരക്കണക്കിനാളുകൾ സമോഗോണിലെയും ആഫ്റ്റർ ഷേവിലെയും ബ്രേക്ക് ഫ്ലൂയിഡിലെയും വിഷദുരന്തത്താൽ ഓരോ വർഷവും കൊല്ലപ്പെട്ടു. രണ്ട് വർഷത്തിനു ശേഷം നിയന്ത്രണം പിൻവലിക്കാൻ അദ്ദേഹം നിർബന്ധിതനായി. തുഛമായ കാലയളവുകളിൽ കാനഡ, ഐസ്ലാന്റ്, സ്വീഡൻ, ഫിൻലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ പരീക്ഷണങ്ങളും ഫലവത്തായില്ല.
നിലവിൽ മതവിശ്ശ്വാസങ്ങളുടെ ഭാഗമായി സൗദി അറെബ്യ, ലിബിയ, ബ്രൂണൈ, യമൻ, കുവൈറ്റ് എന്നിവിടങ്ങളിലാണ് നിരോധനമുള്ളത്. വധശിഷപോലുള്ള കർശന ശിക്ഷകളാണു സൗദി അറേബിയയിൽ. എങ്കിലും അവിടെ മദ്യം സുലഭമാണു എന്നു ഏതു വിദേശ മലയാളിയും സാക്ഷ്യപ്പെടുത്തും. മാലി ദ്വീപ്, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നിയന്ത്രണം പക്ഷെ വിദേശികൾക്കോ മുസ്ലീം മതവിശ്വാസമില്ലാത്തവർക്കോ ബാധകമല്ല.
നിരോധനം ഇൻഡ്യയിൽ
ഇൻഡ്യയിൽ ആർട്ടിക്കിൾ- 47 അനുസരിച്ചു മെഡിക്കൽ ആവശ്യങ്ങൾക്കൊഴികെയുള്ള ലഹരി പദാർത്ഥങ്ങളുടെ നിരോധനം സംസ്ഥാനങ്ങളുടെ അധികാത്തിൽ പെടുന്നു. വൈവിധ്യമാർന്ന ഭക്ഷണ- ജീവിത രീതികളുള്ള ഇൻഡ്യയിൽ ഈ അവകാശം വളരെ പ്രാധാന്യമർഹിക്കുന്നു. 1948 മുതൽ വിവിധ ഭാഗങ്ങളിൽ നിലനിന്ന ഒറ്റപ്പെട്ട നിരോധനങ്ങളെ ഏകോപിപ്പിച്ചു ദേശീയ അടിസ്ഥാനത്തിലാക്കുവാൻ 1971 ൽ മൊറാർജി ദേശായി സർക്കാർ പരിശ്രമിച്ചെങ്കിലും പിന്തിരിഞ്ഞു. ഏറ്റവും അടുത്തു ഡോ. അൻപുമണി രാമദാസ് ആരോഗ്യമന്ത്രിയായിരിക്കവേ ഇതേ ആവശ്യം ഉയർത്തിയിരുന്നു.
ഗാന്ധിയൻ പെർമിറ്റ്
1948 മുതൽ ഗുജറാത്തിൽ സമ്പൂർണ്ണ നിരോധനമാണു. മദ്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ച മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലത്തു ഇതു ഏർപ്പെടുത്തിയത്. അനധികൃത മദ്യത്തിനു വധശിക്ഷ വരെ ലഭിക്കാവുന്ന നിയമമുണ്ടെങ്കിലും സ്ഥിതി ആശാവഹമല്ല. അടുത്തിടെ ഗുജറാത്ത് സന്ദർശിച്ച അണ്ണാ ഹസാരെ `പാലിനെക്കാളും സുലഭമായി ഗുജറാത്തിൽ മദ്യം ലഭിക്കു’മെന്നു പറഞ്ഞതു ശ്രദ്ധേയം. ഓരോ വർഷവും നൂറു കണക്കിനു കോടി രൂപയുടെ മദ്യം പോലീസ് പിടിച്ചെടുക്കുന്നു. 126 പേരാണു 2009 ലെ വിഷമദ്യ ദുരന്തത്തിൽ ഇവിടെ മരണമടഞ്ഞത്. വില കുറഞ്ഞ മദ്യം തേടിയെത്തിയ സാധാരണക്കാരായിരുന്നു ഇവരിൽ അധികവും. ഇപ്പോൾ സ്പെഷ്യൽ എക്കണോമിക് നഗരങ്ങളിൽ ടൂറിസ്റ്റുകളെ `പെർമിറ്റുകളിലൂടെ’ ആകർഷിച്ചുകൊണ്ട് നിരോധനത്തിൽ ഇളവു വരുത്തിക്കഴിഞ്ഞു. തദ്ദേശിയർക്കും പെർമിറ്റ് എടുക്കാം. ഡൊക്ടർമാർ രോഗികൾക്കു വിസ്കി പ്രിസ്ക്രൈബ് ചെയ്യുന്നതിലും തടസ്സമില്ല. നിരോധനം നീക്കണമെന്ന ആവശ്യവും ഗുജറാത്തിൽ പ്രബലമായിട്ടുണ്ട്.
1996 ൽ ഹരിയാനയിൽ, ഹരിയാന വികാസ് പാർട്ടി നേതാവായ ബൻസിലാൽ അധികാരത്തിൽ എത്തിയപ്പോഴാണ് മദ്യം നിരോധിച്ചതു. മദ്യം കൈവശം വച്ചതിനോ ലഹരിയിലോ ആയി ഒരു ലക്ഷം കേസുകളാണ് ഹരിയാന പോലീസ് രജിസ്റ്റർ ചെയ്തത്. ഒന്നര കോടിയോളം കുപ്പി മദ്യവും 7000 ളം വാഹനങ്ങളും ഇങ്ങനെ പിടിച്ചെടുത്തു. മദ്യസംബന്ധമായ കേസുകളുടെ ബാഹുല്യം കോടതിയുടെ സാധാരണ പ്രവർത്തനങ്ങൾ ഇതു താറുമാറാകി. നഷ്ടം നികത്താനായി വൈദ്യുതി നിരക്കും പെട്രോൾ നികുതിയും യാത്രാനിരക്കും ഒറ്റയടിക്കു വർദ്ധിപ്പിക്കേണ്ടി വന്നു. തിരിച്ചടിയായി 1998 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു ലഭിച്ച് സീറ്റ് ഒന്നു മാത്രമായി ചുരുങ്ങി. 1998 ലെ പുതിയ സർക്കാർ നിരോധനം പിൻ വലിച്ചത് സ്വാഭാവികം.
തമിഴ് നാട്ടിൽ 1953 മുതലുണ്ടായിരുന്ന നിരോധനം 72 ൽ കരുണാനിധി സർക്കാർ നീക്കി. അടുത്ത വർഷം വീണ്ടും നിരോധിച്ചു. 77 ൽ എം ജി ആർ സർക്കാർ നിരോധനം ഉപേക്ഷിച്ച് പകരം കടുത്ത നിയന്ത്രണം പരീക്ഷിച്ചു. 89 ൽ നിയന്ത്രണവും ഉപേക്ഷിച്ചു. 1991 ൽ ജയലളിത മുഖ്യമന്ത്രിയായപ്പോൾ ആദ്യം ഒപ്പിട്ട ഫയൽ ചാരായ നിരോധനമായിരുന്നു. ഇന്നു വിദേശ നിർമ്മിത മദ്യം അനുവദനീയം. ആന്ധ്രാപ്രദേശിൽ 1994 ൽ എൻ ടി രാമറാവു ഏർപ്പെടുത്തിയ നിരോധനം പിന്നീട് അതിർസംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യം നിയന്ത്രിക്കാനാവാത്തതു കാരണം 1997 ൽ അതേ പാർട്ടിയിലെ ചന്ദ്രബാബു നായിഡു സർക്കാർ ഉപേക്ഷിച്ചു. മണിപൂരിലും ലക്ഷദീപിലും ഭാഗികമായ നിരോധനം ഇപ്പോഴുമുണ്ട്. നാഗാലാന്റിൽ നിരോധനം പിൻ വലിക്കുന്നതിനു ഭരണകക്ഷി തന്നെ ശ്രമം തുടങ്ങിക്കഴിഞ്ഞു. ദിമപൂർ സിറ്റിയിൽ 500 ലധികം അനധികൃത മദ്യശാലകൾ പ്രവർത്തിക്കുന്നു. ഏറ്റവും അടുത്തായി, ക്രൈസ്തവസഭകളുടെ കർശന നിലപാടുകൾ കാരണം നിരോധനം ഉണ്ടായിരുന്ന മിസൊറം, 17 വർഷത്തിനു ശേഷം ഇതു പരാജയമാണെന്ന തിരിച്ചറിവോടെ പിൻ വലിച്ചതു ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ്.
ഡയനൈസസ്
കൃഷി ആരംഭിച്ച്, ഏതാണ്ട് 8000 വർഷം മുൻപു തന്നെ മനുഷ്യൻ ബിയർ, വൈൻ എന്നിവ ഉപയോഗിച്ചിരുന്നു. മെസോപോട്ടാമിയയിലെ കളിമൺ എഴുത്തുകളിലും ചിത്രങ്ങളിലും ഇതിന്റെ സൂചനകൾ ഉണ്ട്. ഇക്കാലങ്ങളിലേതായി കണ്ടെടുത്ത പാത്രങ്ങളിലെ ഫെർമന്റൈസ് ചെയ്യപ്പെട്ട പാനീയങ്ങളുടെ സാന്നിധ്യവും ഇതു സ്ഥിരീകരിക്കുന്നു. പുരാണ ഇൻഡ്യൻ ഗ്രന്ഥങ്ങളിലും, സുമേറിയൻ, ഗ്രീക്ക്, ഈജിപ്ഷ്യൻ രേഖകളിലും ബൈബിളിലും ഖുറാനിലും മദ്യത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. വിശ്വാസികൾക്കായി ഒരുക്കിയിട്ടുള്ള മനോഹരലോകത്തിൽ മുന്തിരിത്തോപ്പുകളെയും പരാമർശിക്കുന്നുണ്ട്. മദ്യത്തിന്റെ ലഹരിക്കു കാരണം `ഡയനൈസസ്’ എന്ന വൈൻ ദേവന്റെയോ അല്ലെങ്കിൽ മറ്റേതോ ദിവ്യത്തമോ ആയിരുന്നെന്നാണു വിശ്വസിക്കപ്പെട്ടിരുന്നത്. പുരാതന ഗ്രീസിൽ സൈനികരുടെ വൈൻ കഴിച്ചതിനു ശേഷം സത്യവാങ്മൂലങ്ങൾ കൂടുതൽ വിശസനീയമായി കരുതിയിരുന്നു. ഏതാണ്ട് 3000 വർഷത്തോടെ എല്ലാ സമൂഹങ്ങളിലും ഇതു സാർവത്രികമായി. ഹോങ്കോങ്നിൽ വിവിധയിനം പാമ്പുകളിൽ നിന്നും `yao jiu’ എന്ന പേരിലുള്ള വൈൻ പ്രസിദ്ധമാണ്. 12- ം നൂറ്റാണ്ടോടെയാണ് ഇന്നു കാണുന്ന തരത്തിലുള്ള ഡിസ്റ്റില്ലറികളിലൂടെ സ്പിരിറ്റ് രൂപത്തിലെ മദ്യനിർമ്മാണം വ്യാപകമാകുന്നത്.
മദ്യത്തിനു മനുഷ്യസമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ചു എന്നും നിരന്തരമായ ചർച്ചകളും തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും ഭക്ഷണമായും, മരുന്നായും, ലഹരിയായും, വിശുദ്ധപാനീയമായും അധിവസിച്ചിരുന്ന എല്ലാ മനുഷ്യസമൂഹങ്ങളിലും കാലങ്ങളോളമായി അത് തുടരുകയും ചെയ്യുന്നു.
എഥനോൾ
ശുദ്ധമായ അവസ്ഥയിൽ എഥനോൾ നിറമില്ലാത്ത തീപിടിക്കുന്ന ദ്രാവകമാണ്. 19-ം നൂറ്റാണ്ടിലെ ഫ്രഞ്ച് കലാപത്തിൽ വധിക്കപ്പെട്ട രസതന്ത്രജ്ഞനായ ലാവോയ് സിയറാണ് പഴവർഗ്ഗങ്ങൾ പുളിക്കുമ്പോൾ അതിലെ പഞ്ചസാര വിഘടിച്ച് ആൽക്കഹോളും( എഥനോൾ) കാർബൺ ഡയോക്സൈഡും വെള്ളവും ഉണ്ടാകുന്നതിനെക്കുറിച്ച് മനസ്സിലാക്കിയത്. ഇതിന്റെ തുടർച്ചയായി 1879 ൽ ലൂയി പാസ്റ്റർ ` studies on fermentation’ എന്ന പുസ്തകത്തിൽ ഇതിനു കാരണമാകുന്നത് യീസ്റ്റിന്റെ സാനിധ്യമാണെന്ന് തെളിയിച്ചു. മനുഷ്യനു പുറമേ, പ്രാണികൾ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങിയ നിരവധി ജീവികൾ മദ്യലഹരി ആസ്വദിക്കുന്നവയിൽ പെടുന്നു
ശരീരത്തിൽ എത്തുന്ന എഥനോൾ കരളിലെത്തി വിഘടിക്കുന്നതോടെ ഉണ്ടാകുന്ന അസെറ്റാൾഡിഹൈഡ്, അസെറ്റിക് ആസിഡ് എന്നിവയാണ് പ്രധാനമായും അപകടകാരികൾ. (മദ്യം എന്നതുകോണ്ട് സാധാരണയായി എഥനോൾ എന്ന പ്രാഥമിക ആൽക്കഹോൾ ഗ്രൂപ്പിനെയാണ് ഉദ്ദേശിക്കുന്നത്. മറ്റിനം ആൽക്കഹോളുകൾ, ഉദാഹരണത്തിനു മെഥനോൾ കൂടുതൽ അപകടമുള്ള ഫോർമാൽഡിഹൈഡ്, ഫോർമിൿ ആസിഡ് എന്നീ വസ്തുക്കളിലേക്കാണു മാറുന്നതു. അന്ധതയ്ക്കും മരണത്തിനും വരെ ഇതു കാരണമാകും. വ്യാജ മദ്യദുരന്തങ്ങളിൽ മിക്കതും മെഥനോൾ കലർന്ന മദ്യം കൊണ്ടാണ് സംഭവിക്കുന്നത്). ചെറിയ അളവിൽ എഥനോൾ നാഡീവ്യൂഹത്തെ താരതമ്യേന ഉദ്ദീപിപ്പിച്ചു (due to inhibition of inhibitory neurons) ആദ്യ ഘട്ടത്തിൽ സൃഷ്ടിക്കുന്ന ഉന്മാദാവസ്ഥയാണ് പ്രധാനമായും മദ്യത്തെ സ്വീകാര്യമാക്കുന്നതു. എന്നാൽ വലിയ അളവിലും തുടർന്നുള്ള ഘട്ടത്തിലും കൂടുതൽ സ്ഥായിയായ (sustainable) വിപരീതമായ മന്ദീകരണവും( inhibition) അബോധാവസ്ഥയുമാണ് ഫലം. ഒറ്റത്തവണ കൊണ്ട് തന്നെ അമിതമായി ശരീരത്തിലെത്തിയാൽ മരണം വരെ സംഭവിക്കാവുന്നത്ര വിനാശകാരി കൂടിയാണ് എഥനോൾ.
അമിത മദ്യപാനം ഉണ്ടാകുന്നതെങ്ങനെ
ഒരു വ്യക്തി നിയന്ത്രണാതീതമായി മദ്യം ഉപയോഗിക്കുകയും അയാളുടെ വ്യക്തി- സാമൂഹ്യ ബന്ധങ്ങൾ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയെയാണ് അമിത മദ്യപാനം (alcoholism) എന്നതു കൊണ്ട് അർത്ഥമാക്കുന്നതു.
തുടർച്ചയായ മദ്യപാനശീലം, തലച്ചോറിലെ നാഡികോശങ്ങളുടെ ( GABA 1 receptors) പ്രതികരണ ശേഷി ക്രമേണ കുറയ്ക്കുകയും, മുൻപു ലഭ്യമായിരുന്ന ഉന്മാദാവ്സ്ഥയ്ക്കു കൂടുതൽ അളവിൽ ആൽക്കഹോൾ വേണ്ടിവരുന്ന അവസ്ഥയിലേക്ക് ( tolerence) മാറ്റുകയും ചെയ്യുന്നതാണ് അമിത മദ്യപാനത്തിലേക്ക് ഒരാളെ നയിക്കുന്നത്. നിലവിലുള്ള വിവരങ്ങളിൽ നിന്നും 50 മുതൽ 60 ശതമാനം പേരിലും ഇതിന്റെ കാരണം ജനിതകമാണ്. വിവിധ സമൂഹങ്ങളിൽ മദ്യാസക്തിക്ക് (addiction) വ്യക്തമായ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിനു ആഫ്രിക്കൻ വംശജരിലും നേറ്റിവ് അമേരിക്കൻ വംശജരിലും കരളിൽ എഥനോൾ വിഘടിപ്പിക്കുന്ന എൻസൈമുമായി ബന്ധപ്പെട്ട ADH1 B* 3 എന്ന താരതമ്യേന മദ്യാസക്തിയെ കുറയ്ക്കുന്ന ജീനുകൾ ഇതര വംശജരേക്കാൾ പ്രകടമാണ്. 40 മുതൽ 50 ശതമാനം വരെ, ജീവിത- സാമൂഹ്യ സാഹചര്യങ്ങളാണ് അമിതമദ്യപാനത്തിന് കാരണമെന്നു കരുതുന്നു. താഴ്ന്ന സമൂഹ്യ സാമ്പത്തിക സാഹചര്യം അമിത മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ പ്രധാനമായത്, അമിത മദ്യപാനികളാകുന്നവരിലെ ഭൂരിഭാഗം പേരും കൗമാരപ്രായത്തിൽ മദ്യപാനം ശീലിച്ചു തുടങ്ങിയവരാണെന്നതാണ്.
ആന്റബ്യൂസ്
ആൽക്കഹോളിന്റെ ദൂഷ്യങ്ങളെ തിരിച്ചറിഞ്ഞ് 1951 ൽ ലോകാരോഗ്യ സംഘടന അമിത മദ്യപാനത്തെ രോഗമായി തരം തിരിച്ചു. പിന്നീട് ആന്റബ്യൂസ് (ANTABUSE) എന്ന പേരിലുള്ള മരുന്ന് ചികിൽസയായി ലഭിച്ചു തുടങ്ങുകയും ചെയ്തു. ലോകത്താകമാനം 14 കോടി അമിത മദ്യപാനികൾ ഉള്ളതായി ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. 2010 ലെ കണക്കുകൾ പ്രകാരം 15 വയസ്സിനു മുകളിലുള്ളവർ ശരാശരി 6 ലിറ്റർ pure ethanol ( ദിവസേന 13.5 ഗ്രാം) ഉപയോഗിക്കുന്നു. റഷ്യയിൽ ഇതു ഇരട്ടിയോളമാണ് 13 ലിറ്റർ. The Alcohol and Drug Information Centre-India (ADIC-India) കണക്കുകളിൽ കേരളത്തിൽ ഇതു 8.3 ലിറ്ററാണ്. ഇവരിൽ 16 ശതമാനത്തോളം ആളുകൾക്കാണ് മദ്യാസക്തി ( addiction) എന്ന രോഗാവസ്ഥയുണ്ടാകുന്നത്.
മദ്യാസക്തിക്കു പുറമേ, കരളിൽ ഉണ്ടാകുന്ന സിറോസിസ്, ക്യാൻസറുകൾ, അപകടങ്ങൾ, ആത്മഹത്യ, ലൈംഗിക ശേഷിക്കുറവ് എന്നിങ്ങനെ ഇരുന്നൂറോളം രോഗങ്ങൾക്ക് അമിത മദ്യപാനം കാരണമാകുന്നു. 2012 ൽ ഏതാണ്ട് 33 ലക്ഷം പേരാണ് അമിതമദ്യപാനം മൂലമുള്ള രോഗങ്ങളാൽ മരണമടഞ്ഞത്. വ്യക്തിപരമായ ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല, വിവാഹമോചനമുൾപ്പെടെയുള്ള കുടുംബപ്രശ്നങ്ങളിലും ഇതിന്റെ സ്വാധീനം ഗൗരവമുള്ളതാണ്. കൊലപാതകം, ചൈൽഡ് അബ്യൂസ്, ബലാൽസംഘമുൾപ്പെടെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ, വാഹന അപകടങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ മദ്യത്തിന്റെ അമിത ഉപയോഗം പ്രധാന ഘടകമാണ്.
ഫ്രഞ്ചു പാരഡോക്സ്
മദ്യവർജ്ജനത്തെ പിന്തുണക്കുന്ന വാദങ്ങൾക്കൊപ്പം തന്നെ വിവാദപരമായതും അപൂർണ്ണമായ തെളിവുകൾ ഉള്ളതുമായ എതിർ വാദങ്ങളുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിൽ ബയോളജിസ്റ്റ് ആയിരുന്ന റെയ് മണ്ട് പേൾ, ജോൺ ഹോപ്കിൻസ് സർവകലാശാലയിലും പിന്നീട് ബാൾട്ടിമൂറിലെ തൊഴിലാളികളിലും നടത്തിയ പഠനം പ്രാധാന്യമർഹിക്കുന്നു. 1926 ൽ ` alcohol and longivity’ എന്ന പുസ്തകത്തിൽ `സമാനരായ തൊഴിലാളികളെ നിരീക്ഷിച്ചതിൽ നിന്നും നിയന്ത്രിതമായ മദ്യപാനം ആയുസ്സു കുറക്കുന്നില്ല, പകരം അമിത മദ്യപാനികളെക്കാളും മദ്യപിക്കാത്തവരെക്കാളും കൂടുതൽ ആയുർദൈർഘ്യം ഉണ്ടാകുന്നു’ വെന്നു വിശദീകരിച്ചു.
പിന്നീട് സർജ് റെനോഡ് ( serge renaud) കിഴക്കൻ ഫ്രാൻസിലെ 34000 ളം ജനങ്ങളിലെ പഠന വിവരങ്ങളെ ആധാരമാക്കി ഫ്രെഞ്ച് വൈൻ ഹൃദയസംബന്ധമായ രോഗസാധ്യതകൾ കുറക്കുന്നുവെന്ന് നിരീക്ഷിച്ചു.`മറ്റുള്ളവരെകാൾ 30 % കോഴുപ്പ് അധികം കഴിക്കുന്ന ഫ്രെഞ്ചുകാർക്കു പക്ഷെ കുറഞ്ഞ അളവിൽ മാത്രമേ ഹൃദയാഘാതങ്ങൾ കണ്ടുവരുന്നുള്ളു. എന്തുകൊണ്ടാണത്?’ 1991ൽ` 60 minutes’ എന്ന ടെലിവിഷൻ പരിപാടിയിലെ `ഫ്രഞ്ച് പാരഡോക്സ്’ എപിസോഡിലെ ഈ ചോദ്യത്തിനു ഉത്തരമായി ഡോ. സെർജ്ജ് റെനോഡ് ( serge renaud) കൈയ്യിലുണ്ടായിരുന്ന റെഡ് വൈനിന്റെ ഗ്ലാസ് പ്രതീകാത്മകമായി ക്യാമറക്കു മുന്നിലേക്കു നീട്ടിപ്പിടിച്ചു. 30 ദശലക്ഷം അമേരിക്കൻ പ്രേക്ഷകരാണ് ഈ പരിപാടി കാണുന്നുണ്ടായിരുന്നതു. ഫ്രഞ്ച് വൈനിന്റെ സ്വീകാര്യത പൊടുന്നനെ വർദ്ധിച്ചു. ഒറ്റ മാസത്തിനുള്ളിൽ റെഡ് വൈനിന്റെ വിപണനം 44 ശതമാനം വർദ്ധിച്ചു. ഈ കണ്ടെത്തലുകളൊന്നും ശാസ്ത്രലോകം പൂർണ്ണമായി അംഗീകരിച്ചിട്ടില്ല.
നിയന്ത്രിത മദ്യപാനവും അത് നൽകുമെന്ന് കരുതപ്പെടുന്ന ആരോഗ്യകരമായ ഗുണങ്ങളും തമ്മിൽ വളരെ സങ്കീർണ്ണമായ ബന്ധമാണുള്ളത്. എല്ലാവർക്കും ഇത്തരം ഗുണങ്ങൾ ഉണ്ടായിക്കൊള്ളണമെന്നു നിർബന്ധവുമില്ല. അതിനാൽ അതിനോടുള്ള സമീപനത്തിൽ കൂടുതൽ കരുതലും ആവശ്യമാണ്. `ഒന്നുകിൽ ആശാന്റെ നെഞ്ചത്തു അല്ലെങ്കിൽ കളരിക്കു പുറത്തു’ എന്ന നിലയിൽ കാര്യങ്ങളെക്കാണുന്ന സമൂഹത്തിൽ ഇതു വിളംബരം ചെയ്യുന്നതു തിരിച്ചടികൾക്കു കാരണമാകുമെന്നതിലും സംശയമില്ല. നിയന്ത്രിതമായ അളവിലെ മദ്യത്തിന്, ഹൃദ്രോഗങ്ങൾ, മസ്തിഷ്കാഘാതം പ്രമേഹരോഗം എന്നിവയുടെ നിരക്കു കുറഞ്ഞിരിക്കുന്നതുമായി ബന്ധമുണ്ടാകാമെന്ന് The National Institute on Alcohol Abuse and Alcoholism ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ ഏജൻസികൾ അംഗീകരിക്കുന്നു.
ജനിതക പരിണാമം
1973 ൽ കെന്നെത്ത് ലയോൺ ജോൺസ്, ഡേവിഡ് സ്മിത്ത് എന്നിവരാണ് മദ്യപാനശീലമുള്ള അമ്മമാരുടെ എട്ട് കുട്ടികളിൽ ഒരേ തരത്തിലുള്ള വൈകല്യങ്ങൾ കണ്ടെത്തിയത്. ഫീറ്റൽ ആൽക്കഹോളിൿ സിൻഡ്രോം (( fetal alcohol syndrome ) (FAS) എന്ന ഈ രോഗം പിന്നീട് മദ്യത്തെക്കുറിച്ചുള്ള നടുക്കുന്ന വാർത്തയായി. മദ്യം ഗർഭാവസ്ഥയിലുള്ള കുട്ടികളിൽ അംഗ വൈകല്യങ്ങൾ ഉണ്ടാക്കുന്നതായി പിന്നീട് തെളിയിക്കപ്പെട്ടു. നേറ്റിവ് അമേരിക്കൻ വംശജരിൽ ഫീറ്റൽ ആൽക്കഹോളിൿ സിൻഡ്രോമിനു കാരണമായ ജീനുകൾ ഇന്നു യൂറൊപ്പിലുള്ളവെരെക്കാൾ മുപ്പതു ഇരട്ടിയോളമാണു. അപകടകരമായ ഈ ജീനുകളുടെ പ്രവർത്തനം കാലക്രമേണ കുറഞ്ഞു വരികയാണെന്നു ഇതിൽ നിന്നും മനസ്സിലാക്കാം. കാർഷിക സംസ്ക്കാരത്തിന്റെ (അഗ്രികൾച്ചർ) ഭാഗമായാണ് കാർബോഹൈഡ്രേറ്റ് കൂടുതൽ കലർന്ന ഭക്ഷണം സ്ഥിരമായ ശീലമാകുന്നത്. ഇതുമൂലം കടന്നു വന്നതായി കരുതുന്ന പ്രമേഹ രോഗത്തിനു ഹേതുവായ ജീനുകളിലും ഈ പരിണാമം ഉണ്ടാകുന്നുണ്ട്. തുടക്കത്തിലേ ഈ ശീലമുണ്ടായ യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോൾ പ്രമേഹബാധിതരുടെ എണ്ണം കുറയുന്നതായി കാണാം. ഈ ജനിതക മാറ്റം വന്നിട്ടില്ലാത്തതിനാൽ ആയിരിക്കാം താരതമ്യേന പിന്നീട് കൃഷിയെ ആശ്രയിച്ച ഏഷ്യൻ രാജ്യങ്ങളിലെ വർദ്ധിച്ച പ്രമേഹരോഗത്തിനു കാരണമെന്നും അനുമാനിക്കുന്നു.
ബാക്ടീരിയകളെ നശിപ്പിക്കുവാൻ ശേഷിയുള്ള ചെറിയ അളവിലെ ആൽക്കഹോൽ ജലജന്യ രോഗങ്ങൾ പോലുള്ള ഹാനികരമായ അവസ്ഥകളെ അതിജീവിക്കുന്നതിനു ആദിമ നിവാസികളെ സഹായിച്ചിരിക്കാം. കാലക്രമേണ അമിത മദ്യപാനം സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങളും നേരിടാൻ തുടങ്ങി. ഇത് മദ്യത്തെ അസ്വീകാര്യമാക്കുന്നതിനു പകരം ദൂഷ്യവശങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ജനിതക രൂപാന്തരത്തിനാണ് മനുഷ്യനിൽ പ്രേരണയായത്. ഗ്രിഗറി കൊഹ്രാൻ, ഹാരി ഹാർപെൻഡിങ്ങ് എന്നിവർ ചേർന്നു, മനുഷ്യനിൽ ഇന്നും തുടരുന്ന വിവിധ ജനിതകപരിണാമങ്ങളെ കുറിച്ചു എഴുതിയ `the 10000 year explosion’ എന്ന പുസ്തകത്തിൽ ഇതു പ്രതിപാദിക്കുന്നു.
ആബ്സിന്ത്
എഡ്വേർഡ് മാനെ ( Edward Manet) യുടെ അവസാന കാല മാസ്റ്റർപീസായ `Bar at the Folies-Bergère (1882)’ എന്ന പെയിന്റിങ്ങിൽ സവിശേഷമായ മുഖഭാവത്തോടെ നിൽക്കുന്ന യുവതിയായ `ബാർ മെയിഡി’നെയാണ് പ്രാധാന്യത്തോടെ ചിത്രീകരിക്കുന്നത്. അവൾക്കു ചുറ്റും ഓറഞ്ചുകളും ഷാമ്പയിനുകളും. പിന്നിൽ ഒരു വലിയ കണ്ണാടിയുണ്ട്. കണ്ണാടിയിലെ അയഥാർത്ഥ ബിംബം മുന്നിലുള്ള ദീപാലംകൃതമായ വിശാലമായ ബാറിൽ ഇരിക്കുന്നവരുടെ പ്രതിഫലനമാണ്. ചിത്രകാരൻ തന്നെ എന്ന കരുതാവുന്ന ഒരാളും ബാറിലെ ഒരു കോണിൽ ഇരിക്കുന്നുണ്ട്. കാഴ്ച്ചക്കാരനെയും ചിത്രകാരനെയും ചിത്രത്തിന്റെ വിഷയത്തെയും നൂതനമായ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുന്നു ഇതിൽ. മാനെയുടെ മറ്റ് പല ചിത്രങ്ങളിലും ബാറുകളും ബിയറും മദ്യപാനവുമെല്ലാം പ്രിയ വിഷയങ്ങളാണ്. `മാനെ’യുൾപ്പെടെയുള്ള ഫ്രഞ്ചു കലാകാരന്മാരുടെ `ആബ്സിന്ത്’ (Absinthe) യെന്ന വീര്യമേറിയ മദ്യത്തോടുള്ള പ്രണയവും വിഖ്യാതം.
സെവൻ ഡേ ഡ്രങ്ക്
ഒരു ശാസ്ത്ര പരീക്ഷണം പോലെയാണ് ഷോ ആരംഭിക്കുന്നത്. 2011 ൽ ലണ്ടനിലെ ബെഥ്നൽ ഗ്രീൻ റോഡിലെ ഒരു സ്റ്റുഡിയോയിൽ മദ്യം ക്രമേണ വർധിപ്പിച്ചുകോണ്ട് ബ്രയോണി കിമ്മിങ്സ് ( bryonny kimmings) ഒരു പെർഫൊർമൻസ് ആർട്ട് അവതരിപ്പിച്ചു. ഡോക്ടറും ന്യൂറോ സയന്റിസ്റ്റും സൈക്കോളജിസ്റ്റുമെല്ലാം നിരീക്ഷിക്കുന്നതിനായി ഒപ്പമുണ്ട്. ഏഴു ദിവസം നീണ്ട പരീക്ഷണത്തിന്റെ ലക്ഷ്യം ആവിഷ്ക്കാരത്തിന് (creativity) മദ്യവുമായുള്ള ബന്ധം അന്വേഷിക്കുകയാണ്. മദ്യത്തിന്റെ അളവു ക്രമേണ വർദ്ധിപ്പിച്ചുകൊണ്ട് നടത്തുന്ന ഓരോ പെർഫോമൻസിനും കാഴ്ച്ചക്കാർ ഇടുന്ന മാർക്കിന്റെ അളവു വച്ചാണ് സ്വാധീനത്തെ പരിശോധിച്ചത്. ഡോക്യുമെന്ററിയിലൂടെ പ്രസിദ്ധമായ പരീക്ഷണത്തിൽ ക്രിയേറ്റിവിറ്റിയെ അമിത മദ്യപാനം സ്വാധീനിക്കുന്നതായി തെളിയിക്കാനായില്ല. ഇത്തരം പരീക്ഷണങ്ങൾക്കു ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെങ്കിലും ലഹരികളുടെ അനിശ്ചിതത്വത്തെ കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണ താല്പര്യത്തെ സൂചിപ്പിക്കുന്നു.
റിവാർഡ് സർക്യൂട്ട്
കലാകാരൻ അയുക്തിക ഭാവനയിലൂടെയും ശാസ്ത്രകാരൻ അനസ്യൂതമായ പരീക്ഷണങ്ങളിലൂടെയും നിയന്ത്രിത ബോധത്തിന്റെയും നിയതമായ അറിവിന്റെയും പരിമിതികൾക്കപ്പുറത്തേയ്ക്കുള്ള അസാധ്യതകളെയാണ് സ്വപ്നം കാണുന്നത്. അവയിൽ മദ്യമുൾപ്പെടെയുള്ള ലഹരികളുടെ സാന്നിദ്ധ്യം ചരിത്രത്തിലുടനീളം കാണാം. തലച്ചോറിലെ പ്രത്യേക ഉപബോധഭാഗങ്ങളെ ബന്ധിപ്പിക്കുന്ന `റിവാർഡ് സർക്യൂട്ടിലെ ( reward circuit) നാഡികളുടെ ഉദ്ദീപനമാണ് മദ്യത്തിന്റെ അനുഭൂതിയ്ക്ക് പിന്നിൽ. ഡോപമിൻ (dopamine) എന്ന രസതന്ത്രുക്കളുടെ( chemical mediators) പ്രേക്ഷണമാണ് ഉദ്ദീപനം സാധ്യമാക്കുന്നത്. മദ്യം മാത്രമല്ല, പ്രണയവും സെക്സുമുൾപ്പെടെ എല്ലാ ആനന്ദകരമായ ( pleasurable) അനുഭവങ്ങളും ഈ റിവാർഡ് സിസ്റ്റത്തിലുണ്ടാകുന്ന ഉദ്ദീപനത്തിന്റെ പരിണതിയാണ്. വീണ്ടും വീണ്ടും അതേ അനുഭവങ്ങൾക്കായി തിരയുന്നതിനും കാരണം മറ്റൊന്നല്ല. ജീവിതാനുഭവങ്ങളിലൂടെ തരം തിരിഞ്ഞ സാമൂഹ്യമൂല്യങ്ങളുടെ ( moral values) തടസ്സവാദത്താൽ ബോധമസ്തിഷ്കത്തിലെ `prefrontal cortex’ അമിതാഗ്രഹങ്ങളിൽ ഇടപെടുന്നുമുണ്ട്. അണമുറിഞ്ഞ ആഗ്രഹങ്ങളെല്ലാം അവനെ മാത്രമല്ല, ഒരു പരിധി കഴിഞ്ഞാൽ സമൂഹത്തിനും വിനാശകരമാകും. മദ്യത്തിലും മയക്കുമരുന്നിലും പ്രണയത്തിലും സെക്സിലും എല്ലാം ഈ ഭവിഷ്യത്തുകൾ കാണാവുന്നതാണ്.
എങ്ങനെ നേരിടണം
1. നിയന്ത്രണവും ചികിൽസയും
വിവേചനത്തെ സഹായിക്കുന്ന തലച്ചോറിലെ prefrontal cortex ഏതാണ്ട് ഇരുപത്തിമൂന്നിനും ഇരുപത്തിഅഞ്ചും വയസ്സു എത്തുന്നതോടെ മാത്രമാണ് പൂർണ്ണ വളർച്ച പ്രാപിക്കുന്നത്. മുൻ കൂട്ടി ആലോചിക്കുന്നതും, സ്വയം ചർച്ച ചെയ്യുന്നതും, തീരുമാനങ്ങളെ വിലയിരുത്തുന്നതും പ്രീ ഫ്രോണ്ടൽ കോർട്ടക്സിന്റെ സവിശേഷതയാണ്. അതുകൊണ്ട് മദ്യപാനത്തെ ബോധപൂർവം നിയന്ത്രിക്കുന്നതിനുള്ള ശേഷി കൗമാരപ്രായത്തിൽ ഉണ്ടായിരിക്കില്ല. ഇത് അനിയന്ത്രിതമായ ശീലത്തിനും തുടർന്ന് മദ്യാസക്തിയുൾപ്പെടെയുള്ള രോഗങ്ങളിലേക്കും നയിക്കുന്നു. പ്രായപരിധിയിൽ താഴെയുള്ളവർക്കുള്ള മദ്യനിയന്ത്രണം മിക്ക രാജ്യങ്ങളിലും ഏറെ ഫലപ്രദമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവും മദ്യ വിതരണം പ്രായം പരിശോധിച്ചതിനു ശേഷമാണെന്ന് ഉറപ്പുവരുത്തുകയും വേണം.
ഏതൊരു വസ്തുവിന്റെയും വില വർദ്ധന അതിന്റെ ആവശ്യ്കതയെ കുറക്കുന്നു. മദ്യത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങളെ അപേക്ഷിച്ച് കൂടുതൽ കാര്യ്പ്രാപ്തിയോടെ നടപ്പിലാകാൻ കഴിയുന്ന ഒന്നും ഇതു തന്നെയാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരുടെ അമിത ഉപയോഗത്തെ ഗണ്യമായി സ്വാധീനിക്കാൻ ഇതിനു കഴിയും. ഇതിനൊപ്പം ലഭ്യതയിൽ സമയത്തിന്റെയും സ്ഥലങ്ങളുടെയും നിയന്ത്രണവും ഉപയോഗിക്കുന്നതിൽ ജോലി സ്ഥലങ്ങൾ പൊതുസ്ഥലങ്ങൾ ഇന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും അസാധ്യമല്ല.
മദ്യാസക്തിയിൽപ്പെടുന്നത് മറ്റേതൊരു രോഗവും പോലെ തന്നെ ചികിൽസ ആവശ്യപ്പെടുന്ന ഒന്നാണു. വിഷാദമുൾപ്പെടെയുള്ള മാനസിക ആരോഗ്യപ്രശ്നങ്ങളും ഇതിന്റെ കാരണങ്ങളാണ്. അതുകോണ്ട് ശാസ്ത്രീയമായ ഇടപെടലോടുകൂടിയ നയരൂപീകരണങ്ങളാണ് ആവശ്യം. (ഡെങ്കിപ്പനിയിലും എയിഡ്സിലും പക്ഷിപ്പനിയിലും എബോളയിലും ഈ മാർഗ്ഗമാണ് അവലംബിക്കുന്നത്). Dr. Thomas F. Babor വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയ മദ്യനയങ്ങളെ സംബന്ധിച്ചു 25 വർഷക്കാലമായി നടത്തിയ ഗവേഷണത്തിൽ ഒരു രാജ്യം പോലും ശാസ്ത്രസത്യങ്ങളെ ചേർത്തുകൊണ്ട് നയരൂപീകരണങ്ങൾക്കു ശ്രമിച്ചിരുന്നില്ല എന്നതാണ് പരാജയകാരണമായതെന്ന് നിരീക്ഷിക്കുന്നു. കേരളത്തിലെ മദ്യനയത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.
2. മാഡ്
വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്ക് മദ്യപാനവുമായി വലിയ ബന്ധമുണ്ടെന്നതു തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. വഴിയാത്രക്കാരായ കുട്ടികളുടെ പോലും മരണത്തിനു കാരണമായ അനവധി ഉദാഹരണങ്ങളുണ്ട്. ഓരോരുത്തരുടെയും ജീവിതാവകാശം അംഗീകരിക്കപ്പെടേണ്ട ഈ കാലഘട്ടത്തിൽ മദ്യം ഉപയോഗിക്കുന്നവർ തങ്ങളൂടെ പ്രവർത്തി മറ്റുള്ളവർക്ക് അപകടമായി മാറാതിരിക്കുന്നതിനുള്ള ജാഗ്രത പുലർത്തേണ്ടതുണ്ട്. ലൈസൻസ് അടക്കം നഷ്ടമാകുമെന്ന് ഉറപ്പു വരുന്ന രീതിയിലുള്ള നിയമനിർമ്മാണവും കർശനമായ നടപ്പിലാക്കലും ഇതിനു ആവശ്യമാണ്. കൗമാരപ്രായത്തിലുള്ളവർ മദ്യ്പിച്ച് വാഹനമോടിച്ച് കൂടുതൽ അപകടത്തിൽ പെടുന്നതിൽ നേരത്തെ സൂചിപ്പിച്ച pre frontal cortex ന്റെ വളർച്ചക്കുറവ് നിർണ്ണായകമാണ്. കൗമാരപ്രായത്തോടെ പുരുഷന്മാരിൽ കുത്തനെ ഉയരുന്ന ടെസ്റ്റോസ്റ്റീറോൺ (testosterone) ഹോർമോണും അതിസാഹസികതകളിൽ പങ്കു വഹിക്കുന്നു. 1980 ൽ Mothers Against Drunk Driving (MADD) രൂപികരിക്കുന്നതു കാലിഫോർണിയയിലെ Candy Lightner, തന്റെ 13 വയസ്സുള്ളമകൾ ഒരു മദ്യപന്റെ വാഹനം തട്ടി മരിച്ചതിനെത്തുടർന്നാണ്. 1982 ൽ 25000 ൽപ്പരം പേരാൺ മദ്യപാനം മൂലമുള്ള റോഡപകടങ്ങളിൽ അമേരിക്കയിൽ കൊല്ലപ്പെട്ടത്. മദ്യനയരൂപീകരണത്തിൽ ഒരു വലിയ രാഷ്ട്രീയ സമ്മർദ്ദമായി ഈ സംഘടന മാറി.
3. മൂന്ന് യൂണിറ്റുകൾ
ആൽക്കഹോൾ തീരെ കുറഞ്ഞ അളവിൽപ്പോലും ഒരു കാർസിനോജൻ( ക്യാൻസറിന് കാരണമാകുന്ന വസ്തു) എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആൽക്കഹോൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കുറയുന്ന അളവിലാണ് ആവശ്യമുള്ളവർ മദ്യപിച്ചു ശീലിക്കേണ്ടത്. കുട്ടികളിലും ഗർഭിണികളിലും ഏതളവിലും മദ്യപാനം ആരോഗ്യകരമല്ല. അപകടരഹിതമായ മദ്യപാനം എന്നത് സുരക്ഷിതം എന്ന അർത്ഥത്തിലല്ല ഉദ്ദേശിക്കുന്നത്. ആൽക്കഹോൾ മൂലം ശരീരത്തിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ അപകട സാധ്യത കുറവാണെന്നു മാത്രം.
The National Institute on Alcohol Abuse and Alcoholism (NIAAA) ന്റെ പഠനങ്ങൾ അനുസരിച്ചു സ്ത്രീകളിൽ ഒരു ദിവസവും മൂന്ന് യൂണിറ്റിനും മുകളിലോ ആഴ്ചയിൽ ഏഴു യൂണിറ്റിനു മുകളിലോ അപകടമാണ്. പുരുഷന്മാരിൽ ഇത് ഒരു ദിവസം നാലു യൂണിറ്റിലും ആഴ്ചയിൽ 14 യൂണിറ്റുമാണ്. ഈ അളവിൽ പോലും 2 % ആളുകൾക്കു മദ്യസംബന്ധമായ രോഗസാധ്യതകൾ ഉണ്ടാകാം. യൂണിറ്റെന്നത് ഒരു പെഗ്ഗായി കണക്കാക്കുവാൻ പാടില്ല. യൂണിറ്റിന്റെ വിവരണം താഴെ ചേർക്കുന്നു.
75 mL- ബ്രാൻഡി, വിസ്കി, റം, വോഡ്ക, ജിൻ തുടങ്ങിയവ- 3 യൂണിറ്റ് ; 500 mL- ബിയർ- 3 യൂണിറ്റ് ; 250 mL- വൈൻ- 3.3 യ്യൂണിറ്റ്. ഈ അളവുകൾക്കു മുകളിൽ `ഇനിയില്ല’ എന്നു പറയാൻ മദ്യപിക്കുന്നവർ ശീലിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനൊപ്പം ആരോഗ്യവും നിലനിർത്തും.
നിരോധനം കേരളത്തിൽ
കാസർകോട് എൻഡോസൽഫാൻ ദുരിതങ്ങൾ ഭയാനകാം വിധം കുട്ടികളുൾപ്പെടെയുള്ളവരെ ബാധിക്കുന്നതു ചൂണ്ടിക്കാട്ടി വർഷങ്ങളായി ജനങ്ങൾ സമരത്തിലായിരുന്നു. അപകടമാംവിധം കീടനാശിനികളുടെ അളവു കണ്ടെത്തിയ പെപ്സി പോലുള്ള പാനീയങ്ങൾ കുട്ടികളുൾപ്പെടെയുള്ളവർക്കു ലഭ്യമാകുന്നുണ്ട്. ഇതിനെതിരായ സമരവും അവഗണനയിൽ തന്നെ. എൻഡോസൽഫാൻ അപകടമാണെന്നതിനു ശാസ്ത്രീയമായ തെളിവുകൾ പോരെന്നു പോലും വാദിക്കുവാൻ തയ്യാറായവരുണ്ട്. സുപ്രീം കോടതി വരെ പോകേണ്ടി വന്നു ഇടപെടുവാൻ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാലിലും പച്ചക്കറികളിലും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിലെ മായം മാരക രോഗങ്ങൾക്ക് ഇടയാക്കുന്നവയാണ്. ക്യാൻസറിനു കാരണമാകുന്ന മറ്റ് വസ്തുക്കൾ നൂറു കണക്കിനുണ്ട്. International Agency for Research on Cancer (IARC) പുറപ്പെടുവിച്ച ഇത്തരം വസ്തുക്കളുടെ ലിസ്റ്റ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
രോഗങ്ങൾക്കു മദ്യത്തെക്കാൾ കൂടുതൽ കാരണമായ പുകവലിയും നിരോധിതമല്ല, ഒരു അസാന്മാർഗ്ഗികപ്രവൃത്തിയായി കണക്കാക്കുന്നുമില്ല. മാത്രമല്ല, പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്കു അപകടമാകാത്ത തരത്തിലുള്ള `smoking zone’ കൾ ഒരുക്കുകയും ചെയ്തു. നിരോധനത്തിനു പകരം കർശനനിയന്ത്രണങ്ങൾ കൊണ്ടുവന്നതും ബോധവൽക്കരണവും പുകവലിയുടെ ഉപയോഗം ഗണ്യമായി കുറയുന്നതിനും സഹായിച്ചിട്ടുണ്ട്.
നിരോധനം ആവശ്യപ്പെടുന്നവരുടെ സദുദ്ദേശ്യം മാനിക്കേണ്ടതു തന്നെ. എന്നാൽ, മദ്യത്തിൽ നിന്നും ടൂറിസത്തിൽ നിന്നുമായി 50 % വരുമാനം സ്വീകരിക്കുന്ന കേരളത്തിൽ നിരോധനം വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നത് തീർച്ചയാണ്. സംസ്ഥാനത്തിന്റെ അധികാര പരിമിതിയിൽ അതിർത്തികളിൽ നിന്നുള്ള അനധികൃത മദ്യവും ദീർഘകാലത്തേക്കു തടയാനാവില്ലെന്നതും കാണേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നു ഇവിടെ ജോലിക്കെത്തുന്നവരുടെ വലിയ സാന്നിധ്യവും ആശങ്കയുളവാക്കുന്നു. അബ് കാരി ലോബ്ബികളുടെ നിയന്ത്രണത്തിലാണ് ഇപ്പോഴത്തെ രാഷ്ട്രീയമെന്നു തുറന്നു സമ്മതിക്കുമ്പോൾ നിരോധന ശേഷം സമാന്തരമായി വളരുവാനിടയുള്ള അധോലോക ഭീഷണി നേരിടാനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുവാനും എത്രത്തോളം സാധ്യമാകുമെന്നത് സംശയകരമാണ്.
നിങ്ങൾ ക്യൂവിലാണ്
അമിത മദ്യപാനം നേരിടുന്നതിനായി 1996 ൽ കൊണ്ടുവന്ന ചാരായ നിരോധനത്തിന്റെ ഫലം ഈ അവസരത്തിൽ പരിശോധിക്കേണ്ടതാണ്. കള്ള് ഷോപ്പുകളെ നിരോധനത്തിൽ അന്നു ഉൾപ്പെടുത്തിയില്ല. മൂന്നര ലക്ഷം ചെത്തുന്ന തെങ്ങുകളിൽ നിന്നും പരമാവധി അഞ്ച് ലക്ഷത്തോളം കള്ളാണ് ദിവസവും ഉൽപ്പാദിപ്പിക്കാവുന്നത്. കണക്കുകളിലാകട്ടെ, ദിവസവും ഏഴര ലക്ഷം ലിറ്റർ വിൽപ്പനയും നടക്കുന്നു. ഇറക്കുമതിയില്ലാത്ത കള്ളിന്റെ ബാക്കി വിൽപ്പന എങ്ങനെ സംഭവിക്കുന്നു? അത് കള്ളു തന്നെയായിരിക്കുമോ? സംശയങ്ങൾക്കു ഉത്തരമില്ല. യഥാർത്ഥത്തിൽ ചാരായനിരോധനം മദ്യപാനത്തെ ഒരു അസാന്മാർഗ്ഗിക പ്രവർത്തിയായി കാണുന്നതിനല്ലേ സഹായിച്ചത്? തീർച്ചയായും. സദാചാരത്തെ കുറിച്ചുള്ള ഈ സംശയമാണു ഇന്ന് കടലാസ്സിൽ പൊതിഞ്ഞു മദ്യം ഇടുപ്പിൽ ഒളിപ്പിക്കുകയും ഇരുട്ടിൽ പതുങ്ങിയിരുന്ന് കുടിക്കുന്നതിനും കാരണം. ബിവറേജസ് ഷോപ്പുകളിൽ നിന്നുള്ള വരുമാനം നമ്മുടെ വികസനത്തിൽ നിർണ്ണായകമാണ്. എന്നിട്ടും മദ്യം വിതരണം ചെയ്യുന്നിടത്ത് മാന്യമായ സൗകര്യം നൽകുന്നില്ല. മുഖം മറച്ചും കുറ്റബോധത്തോടെയും റോഡിലേക്ക് നീണ്ടു കിടക്കുന്ന ക്യൂ സാംസ്കാരിക കേരളത്തിന് അപമാനം തന്നെ. അതേ സമയം മിലിട്ടറി ക്യാന്റീനുകളിലും ഉദ്യോഗസ്ഥന്മാരുടെയും സമ്പന്നരുടേയും ക്ലബ്ബുകളിലും മുന്തിയ ഹോട്ടലുകളിലും മദ്യം പ്രൗഢിയായി സ്വീകരിക്കപ്പെടുന്നുണ്ട്. ഈ കപട സദാചാരതയുടെ ചേരി തിരിവു കൂടുതൽ രൂക്ഷമാകുന്നതിനാണ് ചാരായ നിരോധനം വഴിവച്ചത്.
ഉൾപ്പെടുത്തുന്ന സമൂഹം
പല രാജ്യങ്ങളിലും മുക്കിന് മുക്കിന് മദ്യം ലഭിക്കുന്ന കടകളും ബാറുകളുമുണ്ട്. കുറഞ്ഞ ശതമാനം ആൽക്കഹോൾ അടങ്ങുന്ന പാനീയങ്ങൾ സാധാരണ കടകളിലും മാർക്കറ്റിലും ലഭ്യമാണ്. ബ്രിട്ടണിൽ ചില ആശുപത്രി ക്യാന്റീനിൽ പോലും ഭക്ഷണത്തിനൊപ്പം ബിയർ പോലുള്ളവ നിയന്ത്രിതമായി അനുവദനീയമാണ്. എന്നാൽ അവിടെയൊന്നും കേരളത്തിലേതുപോലെ മദ്യപിച്ച് ലക്കുകെട്ട് വഴിയരികിൽ കിടക്കുന്നവരെ കാണാനാവില്ല. നിരുത്തരവാദപരമായ ഈ ദുശീലമാണ് കേരളത്തിന്റെ പ്രശ്നം. ദുശീലവും അസാന്മാർഗ്ഗികതയും ഒന്നല്ല. അനാരോഗ്യകരമായ ഈ ശീലം മാറ്റിയെടുക്കുക എന്നതാണ് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ- രാഷ്ട്രീയ ഇടപെടലുകളിലൂടെ നിർവഹിക്കേണ്ടത്.
ഇൻഡ്യയിൽ ആദ്യമായി,1986 ൽ ചെന്നൈയിലെ ലൈംഗിക തൊഴിലാളികളിൽ എയിഡ്സ് രോഗം സ്ഥിരീകരിച്ചത് വളരെ ആശങ്കാപരമായ ഒന്നായിരുന്നു. കാരണം മനുഷ്യന്റെ സഹജവാസനയായ ലൈംഗികവേഴ്ച്ചയിലൂടെയാണ് അത് വ്യാപിക്കുന്നത്. അതിനെ സദാചാരപ്രശ്നമായി വ്യാഖ്യാനിച്ചു ലൈംഗിക തൊഴിലും വിവാഹേതര ബന്ധങ്ങളും നിരോധിക്കുകയല്ല ചെയ്തതെന്നത് ഓർക്കാവുന്നതാണ്. ചികിൽസയില്ലാത്ത മാരകരോഗത്തെക്കുറിച്ചുള്ള ഭീതി പോലും ഇത്തരം ലൈംഗിക വേഴ്ച്ചകളിൽ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കില്ലെന്നും രോഗം അനിയന്ത്രിതമായി പടരുമെന്നും മനസ്സിലാക്കിയിരുന്നു. പകരം നിരോധന ഉറകൾ ഉപയോഗിച്ചുള്ള സുരക്ഷിതമായ ലൈംഗികരീതിയാണ് പ്രചരിപ്പിച്ചതു. പുതിയ ശീലമായിരുന്നു ഇത്. ലൈംഗികതൊഴിലാളികൾക്കിടയിൽ മെഡിക്കൽ പരിശോധനകളും ബോധവൽക്കരണവും നടത്തി. രോഗബാധിതരെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചു. ചികിൽസയും തൊഴിലും നൽകി പുനരധിവസിപ്പിച്ചു. യഥാർഥത്തിൽ ഇതാണ് ഫലപ്രദമായിത്തീർന്നതും.
അമിത മദ്യപാനം കേരളത്തിലെ ഒരു വലിയ സാമൂഹ്യവിപത്താണ് എന്നതിൽ തർക്കമില്ല. അതേ സമയം, ലോകത്താകമാനം എല്ലാ നിരോധന പരീക്ഷണങ്ങളും പരാജയപ്പെട്ടതായും തെളിയിക്കുന്നു. മറിച്ച് ഒരു അനുഭവം പോലും ചൂണ്ടിക്കാണിക്കാനാവില്ല. അമിതമദ്യപാനം സദാചാരവിരുദ്ധതയായി തെറ്റിദ്ധരിക്കാതെ ഗൗരവമായ ആരോഗ്യപ്രശ്നമായി മനസ്സിലാക്കണം. ഏതൊരു രോഗവും പോലെ പ്രായോഗികമായ നിയന്ത്രണവും ശാസ്ത്രീയമായ ചികിൽസയും ബോധവൽക്കരണവുമാണ് ഫലപ്രദമായ പരിഹാരം. മദ്യപിക്കുന്നവരും ഈ സമൂഹത്തിന്റെ (inclusive society) ഭാഗം തന്നെയാണ്. അവരെക്കൂടി ഉൾക്കൊള്ളുന്ന നിലപാടുകളാണു അഭികാമ്യം. മറിച്ച് ചെയ്തപ്പോഴെല്ലാം സങ്കീർണ്ണമായിത്തീർന്ന മുൻ അനുഭവങ്ങളെ തയ്യാറെടുപ്പുകളില്ലാതെ നിസ്സാരവൽക്കരിക്കുന്നതല്ലേ കൂടുതൽ അപകടം?
- അജിത്കുമാർജി
References
- Drink- a cultural history of alcohol, Ian Gaitely, 2008.
- Harrisons’ Principles of Internal Medicine, 17 edition.
- Global Status Report on Alcohol and Health, World Health Organisation, 2014.
- The 10000 year Explosion, Gregory Cochran & hardy Harpending,
- We are Our brains, Dick Swaab, 2014.
- Alcohol Prohibition and Addictive Consumption in India, Lupin Rahman, 2003
- Neuro Science of Psycho active Substances, World Health Organisation, 2004
- Your Drinking and You, National Health Services, U K
- Alcohol foe or friend? Diane M Blackhurst, A David Marais, South American Medical Journal
- Analysis of patients admitted with alcohol dependence syndrome in a tertiary care hospital in a calendar year, Nishanth J H, Harish M Tharayil, Praveen Kuttichchira, Dept of psychiatry, Kozhikkode Medical College.- 2012.
- Alcoholism and Alcohol Abuse, DSM- IV
- Linking Science to policy, The Role of International Collaborative Research, Thomas F Babor
- USSR s new Alcoholic Policy, N N Ivanets, M L Lukomskaya
- Alcohol , facts and Statistics, National Institute for Alcohol Abuse and Alcoholism
- liquor is the life blood of Indias keraa state, mark magnier, los angeles times, july 11, 2013
- booze is the secret of keralas fiscal energy, Joe A Scaria, Economic Times, 19 Aug, 2010
ajitkumarg
Proudly powered by WordPress